ലേഖനം: വാളുകൾ സൂക്ഷിക്കുന്നവർ | സജോ തോണിക്കുഴിയിൽ

ഞാൻ ഈ ലേഖനം എഴുതുവാനുള്ളകാരണം 13.04.2020 ൽ മലയാള മനോരമയിൽ വന്ന ഒരു വാർത്തയാണ്.
ലോക്ക് ഡൌൺ പ്രമാണിച്ച് പഞ്ചാബിലെ പാട്യാല ജില്ലയിൽ
യാത്രപാസ് ചോദിച്ച ഒരു ASI യുടെ കൈ വെട്ടി മാറ്റിയ സംഭവമാണത്.

അതിന്റെ പിന്നിൽ നിഹാങ് എന്ന സിഖ് വിഭാഗത്തിൽപ്പെട്ടവരാണെന്നും അവരുടെ പാരമ്പരാഗത ആയുധം കൊണ്ടാണ് ആ അക്രമം നടത്തിയതെന്നും റിപ്പോർട്ട്ചെയ്യപ്പെട്ടു.

സിഖ്മതത്തെ കുറിച്ച് അൽപ്പമായി ഇവിടെ പ്രസ്താവിക്കട്ടെ;
സിഖ് മതത്തിന്റെ ആചാരത്തിന്റെ ഭാഗമായി അഞ്ചു കെ കൾ ഉണ്ട്
1:കേശ്, മുറിക്കാത്ത മുടി

2:കങ്ക,മുടിഒതുക്കുവാനുള്ള മരം കൊണ്ടുള്ള ബ്രഷ്

3:കര, ലോഹം കൊണ്ടുള്ള വള

4:കച്ചേറ, പരുത്തികൊണ്ടുള്ള ഒരുതരംഅടിവസ്ത്രം

5: കൃപാൺ, ചെറിയവാൾ എന്നിവയാണത്.
ഈ നിയമം പ്രാബല്യത്തിൽ കൊണ്ടു വന്നത് 1699 ൽ പത്താമത്തെ സിഖ്
ഗുരുവായ ഗോവിന്ദ സിംഗ് ആയിരുന്നു.
ഈ അഞ്ചു കാര്യങ്ങൾ പ്രതീക്കാത്മങ്ങളായ വെറുംചിഹ്നങ്ങൾ അല്ല, അവരുടെ മത വിശ്വാസത്തോട് കൂറ് കാണിക്കുവാനുള്ള ജീവിത രീതിയാണ്.

ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥയിലെ മൗലിക അവകാശത്തിൽപ്പെട്ട ഒരു കാര്യമാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം.
ഇഷ്ട്ടപ്പെട്ട മതം വിശ്വസിക്കുവാനും അതനുസരിച്ചു ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമാണ് മത സ്വാതന്ത്ര്യത്തിലെ അവകാശങ്ങൾ.
നോക്കൂ.. വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ആയുധം മറ്റൊരുവന്റെമുറിവിനു കാരണമായിതീർന്നു.

സമാനമായ ഒരു സംഭവം വി. ബൈബിളിലുണ്ട്,
യേശു ക്രിസ്തുവിന്റെ മരണത്തോട് അടുത്തുവരുന്ന സമയം ക്രിസ്തു ഗത്സമന തോട്ടത്തിലേക്ക് പ്രാർത്ഥനക്കായി പോകും മുൻപ് തന്റെ ശിഷ്യഗണത്തിനോടായി ഇങ്ങനെ പറഞ്ഞു മടിശീലയും പൊക്കണവും ഇല്ലാത്തവൻ വസ്ത്രം വിറ്റു വാൾവാങ്ങട്ടെഎന്ന്,
ചില കാര്യങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.
1. ഗത്സമന തോട്ടത്തിലെ ക്ഷുദ്രജീവികളിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗ്ഗത്തിന്.
2. പാലസ്തീനിൽ ധാരാളം പഴവർഗ്ഗങ്ങൾ ലഭ്യമാണ് അത് ഭക്ഷിക്കുന്നതിനായി ചെറുവാൾ പോലെയുള്ള ആയുധം സൂക്ഷിച്ചിരുന്നു.
3.വിപ്ലവകാരികളായ യഹൂദർ സികാരി എന്നുപറയുന്ന ചെറുതും അല്പംവളഞ്ഞതുമായ കഠാരകൾ വസ്ത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നു.,
ഇത് അവരുടെ ജീവിത രീതിയുടെ ഭാഗമായിരുന്നു, ഇതുപോലെ ഏതോ ആവശ്യത്തിനായി കയ്യിൽ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ചാണ് പത്രോസ് മൽക്കോസിന്റെ കാതറുത്തത്.,

യിസ്രായേലിന്റെ പ്രഥമ രാജാവായിരുന്ന ശൗൽ ഗിൽബോവ പർവ്വതത്തിൽ വച്ചു ലോകത്തോട് വിടപറഞ്ഞത് സ്വയരക്ഷയുടെയും അധികാരത്തിന്റെയും ആയോധനപാടവത്തിന്റെയും ചിഹ്നംആയി കയ്യിൽ സൂക്ഷിച്ചിരുന്ന സ്വന്തം ഉടവാളിൽ ആയിരുന്നു.

ലോക ചരിത്രത്തിൽ ജർമ്മനിയുടെ സ്വേച്ഛാധിപതി ആയിരുന്ന അഡോൾഫ് ഹിറ്റ്ലറും സ്വന്തം സുരക്ഷക്കായി കരുതിയിരുന്ന ആയുധം നിമിത്തമാണ് പൊലിഞ്ഞു പോയത്.

പഴയ നിയമത്തിൽ വാളിന്റെ ഉപയോഗവും അർത്ഥവും പലതാണ്. മനുഷ്യനെയും,മൃഗങ്ങളെയും കൊല്ലുവാനും അധികാരത്തിന്റെയും, ന്യായവിധിയുടെയും ,ദൈവജനത്തിന്റെ മഹിമആയ ദൈവത്തിന്റെയും, ദുഷ്ടന്മാരുടെ നാവിന്റെയുമൊക്കെ അടയാളമായിരുന്നു. (ലേവ്യ-26:25-
ആവർത്തനം-32:41-
യിരമ്യാ-12:12-
സങ്കീർത്തനം-17:13)
എന്നാൽ പുതിയ നിയമത്തിൽ വാൾ എന്ന ഉദ്ദേശത്തിന്റെ ആശയം ദൈവവചനം,മനപീഡ,
നിയമപരമായ അധികാരം,നാവ് തുടങ്ങിയവയാണ്‌
(എബ്രായർ4:12
ലൂക്കോസ് -2:35-
റോമ-13:4 )

ആയുധം കയ്യിൽ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ആത്മസംയമനം പാലിക്കുക എന്നത് പക്വത യുടെ ലക്ഷണമാണ്. മുന്നിൽ നിന്ന്എതിരാളി ആയുധങ്ങളുടെ ശീൽക്കാര അകമ്പടിയോടെ വെല്ലുവിളി നടത്തുമ്പോൾ ആത്മ സംയമനത്തോടെ സധൈര്യം അതിനെ നേരിടുന്നിടത്തോളം മികവുറ്റ നീക്കംമറ്റൊന്നില്ല.

മറ്റുള്ളവരെ നിലംപരിചാക്കാൻ ഉള്ള ആയുധങ്ങൾ അനവധി ഉണ്ടാകാംഎന്നാൽ
അനവധി ആയുധങ്ങൾ ഉപയോഗിക്കുന്നതിലല്ല ഉപയോഗിക്കുന്ന ആയുധത്തെ കുറിച്ചുള്ള അറിവും ആ ആയുധം ഉപയോഗിക്കുവാൻ ഉള്ള പ്രാവണ്യവും ഉപയോഗിക്കേണ്ട സമയത്തെ കുറിച്ചുള്ള തിരിച്ചറിവുമാണ് വിജയത്തിൽ എത്തിക്കുന്നത്.

എന്നെ ദൈവവചനം അഭ്യാസിപ്പിച്ച പാസ്റ്റർ എം സി മാത്യു പറഞ്ഞു പഠിപ്പിച്ച ഒരു വാചകം ഞാൻ ഇപ്പോൾ ഓർത്തു പോകുന്നു. “ആയുധം എത്ര മെച്ചം ആയിരുന്നാലും ആയോധനം ചെയ്യുവാനുള്ള വ്യവസ്ഥ ലംഘിച്ചാൽ പരാജയം സുനിശ്ചിതം”.
കാലങ്ങൾ കടന്നു പോയപ്പോൾ അതിന്റെ അർത്ഥം എത്രയോ മഹത്തരമാണെന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നു.

ഈ ആനുകാലിക ചരിത്ര സംഭവങ്ങൾ ഇവിടെ ഓർമിപ്പിക്കുവാൻ കാരണം ആത്മീക ലോകത്തിൽ ചിലർ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്ന ഒരു ആയുധമുണ്ട് അത് തെറ്റായി ഉപയോഗിച്ചത് നിമിത്തം സ്വയം ഇല്ലാതെ ആയത് നിരവധിപേരാണ്.ആ ആയുധം കൊണ്ടാണ് മനുഷ്യൻ ചിലകാര്യങ്ങളിൽ നിൽക്കുന്നതുംപലതും നേടുന്നതും.
എന്താണ് മനുഷ്യന്റെ ഉള്ളിലുള്ള ആ വലിയ ആയുധം? !!
” അത് നാവ് തന്നെ,”
നാവ് ചെറിയ അവയവം എങ്കിലും വലിയ കാട് കത്തിക്കുന്നു അത് ജീവചക്രത്തിന് തീ കൊടുക്കുന്നുഎന്നും, നാവ് ഒരുവാൾതന്നെയെന്നും ദൈവവചനം പറയുന്നു ..(യാക്കോബ് -3:6)(സദൃശ-12:18)

നാവെന്ന വാൾകൊണ്ട് തെറ്റായഉപയോഗംനടത്തിയവരൊക്കെ അതേ ആയുധത്താൽ മരിച്ചുവീഴുകയോ,ഗുരുതരപരിക്കേറ്റുവീഴുകയോ ചെയ്തിട്ടുണ്ട്,

താത്കാലിക നിലനില്പിനുവേണ്ടിയും
സ്വയരക്ഷക്കുവേണ്ടിയും ചെയ്തുകൂട്ടിയതൊക്കെ ഉള്ളിലൊളിപ്പിച്ചിട്ടു അന്യന്റെ കണ്ണിലെ കരടിനുനേരെ ആക്രോശവും,ആക്രമണവും നടത്തിയാൽ നാളയുടെ ദിവസത്തിൽ ഉള്ളിലൊളിപ്പിച്ചതൊക്കെ സ്വയനാശത്തിനു കാരണമായി വെളിപ്പെടുമെന്നു ഓർത്തു മാനസാന്തരപ്പെടുകയല്ലേ നല്ലത്?.,….

നമ്മുക്ക് സംസാരിക്കാൻ ലഭിച്ചിട്ടുള്ള കഴിവുകൾ സ്വന്തമനസാക്ഷിയെ വഞ്ചിച്ച് സ്വന്തതെറ്റിനെ മറച്ചുകൊണ്ടു മറ്റുള്ളവരെ മുറിവേൽപ്പിക്കുവാനാണ് ഉപയോഗിക്കുന്നതെങ്കിൽ മുറിവേറ്റവനോ അവരുടെ ആളുകളോഒരു അവസരത്തിനായി കാത്തുനിൽപ്പുണ്ടാകുമെന്നുമറന്നുപോകരുത്,

മനുഷ്യരെ നാം സൂക്ഷിക്കേണ്ടതുണ്ട്
കാര്യസാധ്യത്തിനായി ഉപായം പ്രയോഗിക്കുന്നവർ നുണപ്പറയുന്നവർ ,ചതിക്കുന്നവർ ,സത്യംസംസാരിക്കാതെ നാവിനെ പരിശീലിപ്പിച്ചിട്ടുള്ളവരൊക്കെയാണ് ചുറ്റുമുള്ളത്, , അത്ചിലപ്പോൾ നാം നമ്മുടെ ഉറ്റകൂട്ടുകാരനെന്ന് കരുതുന്നവർ വരെയാകാം.,
നാം ശുദ്ധിയില്ലാത്ത അധരങ്ങളുള്ളവരുടെ നടുവിലാണ് വസിക്കുന്നതെന്നു ഒരിക്കലും വിസ്മരിക്കരുത്. (യിരെമ്യാ-9:4,5,യെശയ്യാ-6:5)

പൗലോസ് പഠിപ്പിക്കുന്നത് നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡീകങ്ങളല്ല കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവയാണ് എന്നാണ്(2-കൊരി-10:4)

മാത്രമല്ലനമ്മുടെ പോരാട്ടം ജഡരക്തങ്ങളോടുമല്ല ദുഷ്ട്ടാത്മ സേനയോടാണല്ലോ(എഫസ്യർ-6:10).

ആത്മരക്ഷയുടെ പ്രതീകമായ
വചനമെന്ന വാളിന്റെ തെറ്റായഉപയോഗം ഒരിക്കലും ശരിയായ യുദ്ധത്തിലേക്കും വിജയത്തിലേക്കും നയിക്കുകയില്ല.
ഫലം കായ്ക്കണം എന്ന സദുദ്ദേശമാണ്ഉള്ളിലെങ്കിൽ ചെത്തുന്നതിൽ തെറ്റില്ല അതല്ലഒരുപ്രതികാരമോ,അധികാരത്തിന്റെയും അറിവിന്റെയും ,അഹങ്കാരത്തിന്റെയും അതിരുവിട്ട കടന്നുകയറ്റമോ ആണെങ്കിൽ സ്വയനാശത്തിനു അധികം താമസമുണ്ടാകില്ലഎന്നത് സത്യമാണ്…

വിശ്വാസത്തിന്റെ പേരിലോ, സ്വയരക്ഷയുടെ പേരിലോ ഒക്കെ കൊണ്ടുനടക്കുന്ന നമ്മിൽ തന്നെയുള്ള നാവെന്ന വാൾ പക്വതയുടെയും,ആത്മ സംയമനത്തിന്റെയും,
വാക്കുകളുടെ ശരിയായ പ്രയോഗത്തിന്റെയും അടയാളമായി സൂക്ഷിക്കാം.അല്ലായെങ്കിൽ വാളെടുക്കുന്നവൻ വാളാൽ എന്ന പ്രവചനം നിവർത്തികരിക്കപ്പടും.

സജോ തോണിക്കുഴിയിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.