ലേഖനം: ഭയപ്പെടരുത് | ഷാജി ജോൺ, നെല്ലാട്

ഒരു സഭയിൽ ഏഴ് ദിവസം ഉപവാസ പ്രാർത്ഥന നടക്കുന്ന സമയം. സഭയിൽ കൂടുന്ന ഒരു കുടുംബത്തിലെ  യുവാവ് താൻ വീട്  പൂട്ടിട്ട് ഉപവാസ പ്രാർത്ഥന യ്ക്ക് ഇറങ്ങാൻ നേരം സിറ്റ് ഔട്ടിൽ വീട്ടിലെ ഒരു കോഴി മുട്ടയിട്ടിട്ടു ഇറങ്ങിപ്പോകുന്നത് കണ്ടു.യുവാവ് മുട്ടയിൽ നോക്കിയപ്പോൾ  ടൈൽ ഇട്ട തറയിൽ വീണത് കൊണ്ട് മുട്ട ചെറുതായി പൊട്ടിയതായി കണ്ടു. വീണ്ടും വീട് തുറന്ന് അകത്തു കയറി മുട്ട വെക്കാൻ സമയം ഇല്ലാഞ്ഞതുകൊണ്ടു യുവാവ് മുട്ട അവിടെ വെച്ചിരിക്കുന്ന ചെടിചട്ടിയിൽ മുട്ടയുടെ  പൊട്ടിയ ഭാഗം താഴെ വരാത്തപോലെ സുരക്ഷിതമായി വെച്ചിട്ട് പ്രാർത്ഥനയ്ക്കു പോയി.  എന്നാൽ പ്രാർത്ഥന കഴിഞ്ഞു വീടിന്റ മുറ്റത്തു എത്തിയ യുവാവ് കണ്ടത്  ജോലിക്ക് പോയിട്ട് ഉച്ചയ്ക്കത്തെ ഭക്ഷണം കഴിക്കാൻ വന്ന പിതാവ് ചെടിചട്ടിക്ക് ഉള്ളിൽ ഇരിക്കുന്ന മുട്ട കണ്ടു പേടിച്ചു  ബൈബിളിലെ വാക്യങ്ങൾ പറഞ്ഞുകൊണ്ട് കുത്തിയിരുന്നു  പ്രാർത്ഥിക്കുന്നതായിട്ടാണ്. എന്നിട്ട് തന്റെ മകനോട് പറഞ്ഞു ആരോ കൂടോത്രം ചെയ്ത് വെച്ചേക്കുവാ ഞാൻ പാസ്റ്ററിനെ വിളിച്ച് പറഞ്ഞു പാസ്റ്റർ വരും എന്ന്.

യഥാർത്ഥത്തിൽ നടന്ന സംഭവം യുവാവ് വിവരിച്ചപ്പോൾ ആണ് തനിക്ക് പറ്റിയ അമളി പിതാവിന്  മനസിലായത്. ഇതിനിടയിൽ (യുവാവ് വരുന്നതിന് മുൻപ് )വിശപ്പിന്റെ ആധിക്യം മൂലം മുൻവശത്ത് കൂടി വീട്ടിൽ പിതാവ് കയറുവാൻ പേടിച്ചിട്ട് അടുക്കള ഭാഗത്തെ കതക് കുത്തി തുറന്ന് ഭക്ഷണം കഴിച്ചു. അടുത്ത ദിവസം ആശാരിയെ വിളിച്ചു കൂലി കൊടുത്ത് പുതിയ ലോക്ക് കതകിന്  മേടിച്ചു വെക്കേണ്ടി വന്നു.
ആദ്യമേ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്തു മകനെ വിളിച്ചിരുന്നെങ്കിൽ വീടിന്റെ പുറകു വശത്തുള്ള വാതിൽ കുത്തി തുറക്കേണ്ടി വരുകയും വെറുതെ കാശ് കൊടുത്ത് പുതിയ ലോക്കും ആശാരിക്ക് കൂലിയും കൊടുക്കേണ്ട ആവശ്യം വരുകയില്ലായിരുന്നു. തന്റെ വീട്ടിനുള്ളിൽ ആരോ കൂടോത്രം ചെയ്തു എന്നുള്ള ഉള്ളിലെ അനാവശ്യ ഭയമായിരുന്നു ഇങ്ങനെ ഒരു രംഗം തന്റെ ജീവിതത്തിൽ  സൃഷ്ടിച്ചത്  ഇതുപോലെ ആണ് നമ്മളിൽ പലരും.

നിസ്സാരമായ കാര്യങ്ങൾക്കു പോലും അമിതമായ ഭയം മൂലം വലിയ നഷ്ടങ്ങൾ വരുത്തി വയ്ക്കാറുണ്ട്. . നിസാരം പാറ്റയെ പോലും പേടിക്കുന്ന കുട്ടികളും പ്രായമായവരും ഇപ്പോഴും  നമ്മുടെ സമൂഹത്തിൽ ഉണ്ട്. ചെറിയ ഒരു കാര്യത്തിന് പോലും വലിയ ഭയം ഉള്ളിൽ കൊണ്ട് നടക്കുന്നവർ ഉണ്ട്.  ഭയം നിങ്ങളുടെ മനസ്സിന്റെ കരുത്തിനെ നശിപ്പിക്കുവാൻ ഇടയാകും.  പിശാചിന്റെ വലിയ തന്ത്രം ആണ് നമ്മുടെ ഉള്ളിൽ ചെറിയ കാര്യത്തിനുപോലും വലിയ ഭയം കൊണ്ട് ഇടുക എന്നുള്ളത്.  ഭയം ഉള്ളിൽ കയറിയാൽ നമ്മുടെ കരുത്ത് നഷ്ടമാകുകയും നമ്മൾ പ്രശ്നങ്ങളെ അതിജിവിക്കാൻ കരുത്തില്ലാവർ ആയി തീരും എന്ന് പിശാചിന് വ്യകതമായി അറിയാം.  ദൈവ വചനത്തിൽ ഇപ്രകാരം  പറയുന്നു തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു(1 യോഹന്നാൻ 4:18).  അതായത് ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്ക് ജിവിതത്തിൽ ഒന്നിനെയും ഭയപ്പെടേണ്ട കാര്യം ഇല്ല .കാരണം അവന്റെ ഉള്ളിൽ ദൈവം വസിക്കുന്നു.   നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും (യെശയ്യാ 41:10).

ഒരു ദൈവപൈതലിന്റെ  ജിവിതത്തിൽ ദൈവം തന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം ആണ് ഭയത്ത് പുറത്താക്കുന്നത്.  യേശുവും ശിക്ഷ്യൻമാരും പടകിൽ യാത്ര ചെയ്തപ്പോൾ പ്രത്യക്ഷമായ ചുഴലിക്കാറ്റിനെയും തിരമാലയേയും കണ്ടു ഭയന്ന തന്റെ ശിക്ഷ്യന്മാരോട് യേശു ചോദിച്ചത് നിങ്ങൾ ഭീരുക്കൾ ആകുന്നത് എന്തിന് എന്നാണ്. ദൈവവും നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത് ധൈര്യശാലികൾ ആകണമെന്നാണ്. ഈ ഭൂമിയിൽ ജിവിക്കുന്ന കാലമത്രയും ദൈവത്തെ  ആത്മാർത്ഥമായി സ്നേഹിച്ച്‌, പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജിവിക്കുവാൻ കരുത്തുള്ളവരായി മാറുവാൻ ദൈവം നമ്മളെ  എല്ലാവരെയും സഹായിക്കട്ടെ.

ഷാജി ജോൺ, നെല്ലാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.