ചെറു ചിന്ത: അവൻ വന്നു, ഞാൻ എഴുതിക്കൊണ്ടേയിരുന്നു | മിനി എം തോമസ്‌

ഒരാശയം ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. വെറുതെ അത് എഴുതി വെച്ചു. ആ വാക്കുകൾ എന്റെ വിശ്വാസത്തെ ഉറപ്പിക്കുന്നതോടൊപ്പം പലർക്കും ആത്മീക പ്രചോദനത്തിന് കാരണമാകും എന്നൊരു തോന്നൽ. പതിയെ, ഫേസ്ബുക്കിലും വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ എഴുതി ഇട്ടു. എഴുത്തിനെ ഇഷ്ടപ്പെടുന്നവർ പ്രോത്സാഹനങ്ങൾ നൽകി. വേദനകളിലൂടെ കടന്നുപോയവർക്ക് ആ വാക്കുകൾ ആശ്വാസമേകി. ഒരുപാട് പേർ ആമേൻ പറഞ്ഞ് എന്റെ ചെറിയ ചിന്തയെ ഏറ്റെടുത്തു. മനസ്സിനൊരു സന്തോഷം. ദൈവത്തിന് നന്ദി പറഞ്ഞു ഉറങ്ങാൻ കിടന്നു.

പിറ്റേ ദിവസം ഉണരുന്നത് അലാറം കേട്ടിട്ടാണ്. അലാറം അടിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. സ്‌നൂസ് ബട്ടൺ ഞെക്കി എനിക്കും മടുത്തു. അതിന് ജീവനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ വന്ന് തല്ലിയേനെ. പതിവുപോലെ ഫോൺ എടുത്തു നെറ്റ് ഓണാക്കി. കട്ടിൽ വിടുന്നതിനു മുൻപ് ദൂരത്തുള്ളതൊക്കെ അറിയാനാണെല്ലോ നമ്മുടെ ത്വര!!! സാധാരണ ചറപറ മെസ്സേജസ് വരുന്നതാണ്. 100 മെസ്സേജ് വരുന്നയിടത്ത് ഇന്ന് കഷ്ടിച്ചു 50. ആത്മീക പ്രചോദനം നല്കുന്ന പാട്ടുകളും ചിന്തകളും പ്രസംഗങ്ങളും രാവിലെ വാട്ട്സാപ്പ് തുറന്നാൽ കിട്ടുന്നതാണ്. ഇന്ന് എന്താണാവോ ഇങ്ങനെ!!! ഇനി വാട്‌സ്ആപ്പ് സെർവർ അടിച്ചുപോയതാണോ!!! പതിവ് തെറ്റിക്കാതെ മെസ്സേജുകൾ അയക്കുന്ന കുറച്ചധികം പേരുണ്ട്. അവരുടെയൊന്നും അനക്കമേയില്ല. പരിചയമുള്ള ചിലർക്കൊക്കെ
ഗുഡ്മോർണിങ് അയച്ചു. ആരൊക്കെയോ തിരിച്ചയച്ചു. ദിവസവും വചന ചിന്തകൾ പങ്കുവയ്ക്കുന്ന അച്ചായനെ ഓൺലൈനിൽ തപ്പി. ഒരനക്കോമില്ല. ഇവർക്കൊക്കെ എന്താണാവോ പറ്റിയത്.

ആരോ ഇങ്ങോട്ട് വിളിക്കുന്നുണ്ട്. ഫോൺ എടുത്തു. അങ്ങേ തലയ്ക്കൽ നിന്ന് സുഹൃത്തിന്റെ പതറിയ ശബ്ദം
“അമ്മച്ചിയെ കാണാനില്ലെടാ”.
“ഏഹ്, ഓർമക്കുറവുണ്ടായി എവിടെങ്കിലും ഇറങ്ങി പോയതായിരിക്കുമോ?”
“ഒന്ന് പോടാ, എന്നെക്കാൾ ഓർമയാണ് അമ്മച്ചിക്ക്”
“അപ്പച്ചനുണ്ടോ അവിടെ?”
“അപ്പച്ചൻ ഇവിടൊക്കെ വെപ്രാളപ്പെട്ട് നടക്കുന്നുണ്ട്.”

ഫോൺ വിളി നിർത്തി വെറുതെ ടീവി വെച്ചു. ന്യൂസ് ചാനലുകാരും “ആരെയൊക്കെയോ കാണ്മാനില്ല” എന്ന് പറഞ്ഞു ന്യൂസുകൾ പുറത്തുവിടുന്നു. ഇതെന്ത് മറിമായം!! ഇനിയെങ്ങാനം കർത്താവ് വന്നോ!!! ഏയ് അങ്ങനെ വരില്ല. ഞാൻ പോകേണ്ടതല്ലേ!!!

പക്ഷെ, കർത്താവ് വന്നിരുന്നു. ഞാൻ പോയില്ല. ഞാൻ മാത്രമല്ല, പോകുമെന്ന് കരുതിയ പലരും ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു.

രാവിലെ ഏതോ ഗ്രൂപ്പിൽ വന്ന ഓഡിയോ മെസ്സേജ് പ്ലേ ചെയ്തു. നാമിന്ന് ചിന്തിക്കുവാൻ പോകുന്ന വിഷയം ‘ക്രിസ്തുവിൽ വളരുക’ എന്നതാണ്. അതേ, വളരുവാൻ ആഹ്വാനം ചെയ്തവരും പോയില്ല എന്നത് യാഥാർഥ്യം.

ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുവാൻ വെച്ചിരുന്ന ലേഖനം എടുത്ത് വായിച്ചു നോക്കി, “നാം എന്തൊക്കെ നേടിയാലും ക്രിസ്തുവിന്റെ വരവിന് വേണ്ടി വിശുദ്ധിയോടെ ഒരുങ്ങി കാത്തിരിക്കേണം”

ഫേസ്ബുക്കിൽ ആരംഭിക്കുവാൻ പോകുന്ന ലൈവിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ മിന്നിമറഞ്ഞു, ‘ഇന്ന് ലൈവിൽ ദൈവവചനം സംസാരിക്കുന്നത് അനുഗ്രഹീത ദൈവദാസൻ ജോസഫ്’

യേശു വന്നു, ചിലർ പോയി, പക്ഷെ, മറ്റു ചിലർ….

എഴുതി തീർക്കുന്ന ആശയങ്ങളുടെയോ, പാടി തീർക്കുന്ന പാട്ടുകളുടെയോ, പ്രസംഗിച്ചു തകർക്കുന്ന വേദികളുടെയോ എണ്ണമല്ല ദൈവം തൂക്കി നോക്കുന്നത്. നമ്മുടെ ജീവിതമാണ്. ക്രിസ്തുവിനോടൊപ്പം ചിലവാക്കുന്ന ഓരോ ദിനങ്ങളാണ്. ദൈവം തരുന്ന താലന്തുകളും അവസരങ്ങളും ദൈവനാമ മഹത്വത്തിനായി വ്യാപാരം ചെയ്യണം. പക്ഷെ, അതിനിടയിൽ ക്രിസ്തുവിനെപ്പോലെ ജീവിക്കാനും, ക്രിസ്തുവിനൊപ്പം വളരുവാനും മറക്കരുത്.

ജീവിക്കാം നാഥനോട് ചേർന്ന്..
വളരാം നാഥനെപ്പോലെ..
പറക്കാം നാഥനോടൊത്ത്..

മിനി എം തോമസ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.