ശുഭദിന സന്ദേശം : പഥ്യമോ അപഥ്യമോ? | ഡോ.സാബു പോൾ

”എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക”(2തിമൊ.1:13).

അമിതവണ്ണവും രോഗങ്ങളും കുറയ്ക്കാൻ ഡോക്ടർമാർ ഭക്ഷണ നിയന്ത്രണം(ഡയറ്റിംഗ്) നിർദ്ദേശിക്കാറുണ്ട്. നിർബ്ബന്ധത്താൽ ഡയറ്റിംഗ് പിന്തുടരേണ്ടി വരുന്നവരാകട്ടെ പല ഒഴികഴിവുകൾ കണ്ടെത്താൻ ശ്രമിക്കും……

അവയിൽ ചിലത്….

…പ്രിയങ്കരമായ ഭക്ഷണം കഴിക്കുന്നത് ആരും കാണുന്നില്ലെങ്കിൽ അതിന് കലോറിയില്ല!

…ഡയറ്റ് സോഡയുടെ കൂടെ ഒരു കാൻഡി ബാർ കഴിച്ചാൽ അവ പരസ്പരം കലോറി ഇല്ലാതാക്കുമത്രെ!

…മരുന്നിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തെ ഇതിൽ ഉൾപ്പെടുത്തേണ്ടതേയില്ല. ബട്ടേർഡ് ടോസ്റ്റ്, ചീസ് സാൻഡ് വിച്ച്, ചോക്ളേറ്റ് ജാം എന്നിവ ഇതിൽ ഉൾപ്പെടുന്നു!

…വിനോദ കാര്യങ്ങൾ കാണുമ്പോൾ കഴിക്കുന്നത് ഒട്ടും കാര്യമാക്കേണ്ടതില്ല. കാരണം, അത് എന്റർടെയിൻമെന്റിന്റെ ഭാഗമായ ഭക്ഷണമാണ്!

പഥ്യവചനത്തെ സംബന്ധിച്ചും ഇതുപോലെ ഒഴികഴിവുകൾ കണ്ടെത്തുന്ന വിശ്വാസികളുണ്ട്. വചനം അത്ര കർശനമായി പാലിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അൽപ്പം വിട്ടുവീഴ്ചയൊക്കെയാകാം എന്നാണവരുടെ ലൈൻ.

*പഥ്യ വചനം*

ആയുർവ്വേദ ചികിത്സയെക്കുറിച്ച് അറിയാവുന്ന മലയാളിക്ക് പഥ്യത്തെക്കുറിച്ചും നല്ല അറിവുണ്ട്. ഔഷധത്തിനും രോഗത്തിനും യോജിച്ച ഭക്ഷണം, ദിനചര്യ എന്നിവയ്ക്കാണ് പഥ്യം എന്നു പറയുന്നത്. രോഗിക്കത് അത്ര പഥ്യമായി തോന്നണമെന്നില്ല, പക്ഷേ, രോഗശാന്തിക്ക് പഥ്യം അനിവാര്യമാണ് താനും.

നിജപുത്രനായ തിമോഥെയോസിന് എഴുതുമ്പോൾ പഥ്യ വചനം, പഥ്യോപദേശം എന്നീ വാക്കുകൾ പൗലോസ് ആവർത്തിക്കുന്നുണ്ട്. കാരണം, അപ്പോഴേക്കും അന്യഥാ ഉപദേശങ്ങളും തർക്കങ്ങളുമൊക്കെ അവിടവിടെയായി തലപൊക്കിത്തുടങ്ങിയിരുന്നു.

എഫെസോസിൽ തിമൊഥെയോസിനെ ചുമതലകൾ ഭരമേൽപ്പിച്ചു നിർത്തിയതു തന്നെ തെറ്റായ ഉപദേശങ്ങളെ കർശനമായി എതിർക്കേണ്ടതിനായിരുന്നു.

*അത്തരം ഉപദേശങ്ങളിൽ….*

…തർക്കത്തിനുതകുന്ന കെട്ടുകഥകളുണ്ടായിരുന്നു.
…വാദങ്ങൾ ഉയർത്തുന്ന വംശാവലികളുണ്ടായിരുന്നു.
…അസൂയ, ശണ്ഠ, ദൂഷണം, ദു:സംശയം, ദ്രവ്യാഗ്രഹം എന്നിവ ഉളവാക്കും.
…വിവാഹത്തിനും നല്ല ഭക്ഷണത്തിനും വിലക്കുകൾ ഉണ്ടാകും.
… ജ്ഞാനം എന്ന പേരിലുള്ള തർക്കസൂത്രങ്ങളുണ്ടാകും.

*അത്തരം ഉപദേശങ്ങളുടെ പിന്നിൽ….*

…വൃഥാവാദം കൊണ്ട് ധർമ്മോപദേഷ്ടാക്കൻമാരായിരിപ്പാൻ ഇച്ഛിക്കുന്നവരുണ്ട്.
…നല്ല മന:സാക്ഷി തള്ളിക്കളഞ്ഞവരുണ്ട്.
…വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിക്കുന്നവരുണ്ട്.

എന്നാൽ പഥ്യോപദേശം പഠിപ്പിക്കുന്നവൻ തന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിക്കും. കേൾവിക്കാർ വിശ്വാസത്തിൽ ഉറയ്ക്കുകയും വർദ്ധിക്കയും ചെയ്യും.

പഥ്യ വചനം പഠിക്കാം…
പാവന ജീവിതം നയിക്കാം…..
പരിശുദ്ധൻ്റെ വരവിനായി ഒരുങ്ങാം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.