ലേഖനം: ഒരു കൊറോണപ്പാടകലെ… | ബിനു ആലഞ്ചേരി

ഇതാ ഒരു പുതിയ അകലം!! അറിയില്ല ഇതിൻറെ ദൂരമെത്രയെന്നു. ഒരു വള്ളപ്പാടകലെ, ഒരമ്പിൻപാട് ദൂരത്തിൽ, കയ്യെത്തും ദൂരത്തു, വിളിപ്പാടകലെ എന്നൊക്കെ കേട്ടാൽ ഏകദേശ അകലം അറിയാം. ഇക്കാര്യത്തിൽ രണ്ടു മീറ്ററും മൂന്നു മീറ്ററുമൊക്കെ പറയുന്നുണ്ടെങ്കിലും അകൽച്ചയുടെ നീളമോ ആഴമോ തീക്ഷ്ണതയോ അളക്കുവാനൊരു പൊതുമാപിനി ഇല്ല എന്നത് സത്യമാണ്. സാമൂഹിക അകലം (Social Distancing) എന്ന ഓമനപ്പേരിൽ ഇത് അനുവർത്തിക്കുവാൻ എല്ലാവരും ബാധ്യസ്ഥരായിരിക്കുന്നു. വ്യക്തികൾ തമ്മിലും വ്യക്തികളും സമൂഹവും തമ്മിലും സമൂഹങ്ങളും ദേശങ്ങളും തമ്മിലും ദേശങ്ങളും രാജ്യങ്ങളും തമ്മിലും അകലം വന്നിരിക്കുന്നു. സാമൂഹിക മാധ്യമം (Social Media) എന്ന ‘മഹാമാരി’യിലൂടെ ഒരു പരിധി വരെ മനുഷ്യൻ അവരവരിലേക്കു ചുരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അങ്ങനെ മാനുഷിക അകൽച്ചയുടെ ഒരു തലം ഒട്ടുമിക്കവർക്കും പരിചിതമായിരിക്കാം. അതിൽ പക്ഷെ ഭയാശങ്കകൾക്കു സ്ഥാനമില്ലായിരുന്നു എന്ന് മാത്രമല്ല മിക്കപേരും അത് ആസ്വദിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ കൊറോണ എന്ന മഹാമാരിയിലൂടെ അകൽച്ചയുടെ വ്യാപ്തി വർദ്ധിച്ചു, അകന്നു നിന്നില്ലായെങ്കിൽ അപകടമാണെന്ന അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു! അകൽച്ച എന്ന അനിഷ്ടപദത്തിൻറെ പ്രായോഗികത ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമായിരിക്കുന്നു. ഒറ്റപ്പെടലിൻറെ “സുഖം’ അനുഭവിച്ചിരുന്നവർ ഇന്ന് അതിൻറെ ഭീകരതയിൽ വെന്തുരുകുന്നു എന്ന് വേണം കരുതാൻ. മുൻപ് ഒരമ്മ പെറ്റ മക്കൾ പോലും ഭൗതീക കാര്യങ്ങളെ ചൊല്ലി കലഹിച്ചു അകന്നു ഇരുന്നിരുന്നു എങ്കിൽ ഇന്നത്തെ അകലച്ചയ്ക്കു അതൊന്നും ഒരു കാരണമല്ലാതായിരിക്കുന്നു. ഒന്നടുത്തിരിക്കുവാനോ മുഖാമുഖം കാണുവാനോ കഴിയാതെ അക്ഷരാർത്ഥത്തിൽ ‘അകൽച്ച’യിൽ ആയിരിക്കുന്ന അവസ്ഥ!!.
ലോകത്തെ ഏതോ ഒരു ഭാഗത്തു നിന്നും പൊട്ടി മുളച്ചു പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന അദൃശ്യ അണുവിന്‌ ലോകമാകമാനം ഒറ്റപെടുത്തലിൻറെ അവസ്ഥ സമ്മാനിച്ചു എന്നത് ഭയാനകമാണ് എന്നിരിക്കെ അതിനെ ചെറുക്കുവാൻ ആധുനിക സാങ്കേതികതയ്ക്കു താമസം നേരിടുന്നു എന്നതു അതിലേറെ ഭയാനകതയാണ്.

ദൈവവിശ്വാസികൾ ഇതിനു ദൈവത്തിൻറെ ഒരിടപെടലിൻറെ മാനം നൽകുന്നുണ്ട്. നിരീശ്വരവാദികൾ ദൈവം ഇല്ല എന്ന് സ്ഥാപിക്കുവാൻ ഈ അവസ്ഥയെ ഉപയോഗിക്കുന്നു .. ഏതായാലും ദൈവം എന്നത് ഇന്നത്തെ മാനുഷിക സങ്കല്പങ്ങൾക്കും ആചാരങ്ങൾക്കും അതീതമാണെന്നു തെളിയിക്കുന്ന ഒരു സാഹചര്യമാണിത്. അതെ സമയം ഏതു ആധുനിക സാങ്കേതിക വിദ്യയും ഒരു നിമിഷമെങ്കിലും പകച്ചു നിൽക്കത്തക്കവണ്ണം ലോകത്തിൽ ചിലതു സംഭവിച്ചേക്കാം എന്നതിൻറെ തെളിവാണ് ഇപ്പോഴത്തെ ഈ സാഹചര്യം. ലോകം തൻറെ വിരൽത്തുമ്പിൽ നിയന്ത്രിച്ചുകൊണ്ടു എല്ലാം കൈപ്പിടിയിൽ ഒതുക്കാമെന്ന മിഥ്യാബോധത്തിൽ പായുന്ന മനുഷ്യനു മുന്നിൽ വന്നുവീണ വിലങ്ങുതടിയാണ് ഇത് എന്നകാര്യത്തിൽ സംശയമില്ല. എന്നാൽ ഇതും അനായാസേന ചാടിക്കടുക്കുവാൻ തനിക്കാകും എന്ന ആത്മവിശാസം വീണ്ടും അഹങ്കാരത്തിലേക്കു നയിക്കാതിരുന്നാൽ മതിയായിരുന്നു. ദൈവത്തിൻറെ കൈപ്പണിയായ മനുഷ്യൻ തങ്ങൾ ചിതറിപ്പോകാതിരിക്കാൻ പട്ടണവും ആകാശത്തോളം എത്തുന്ന ഗോപുരവും പണിതപ്പോൾ അതിലൊക്കെ അതീതനായ ഒരു ദൈവത്തെ മറന്നുപോയി. ആകാശത്തോളം അഥവാ സർഗത്തോളം എത്തുന്ന മനുഷ്യനിർമ്മിത ഗോപുരം കാണാൻ ദൈവത്തിനു താഴേക്ക് “ഇറങ്ങി” വരേണ്ടിവന്നു എന്നത് മനുഷ്യൻ അംഗീകരിച്ചേ മതിയാകൂ. മാത്രമല്ല പട്ടണം പണിയുക എന്ന ലക്ഷ്യത്തിൽ നിന്നും പിന്മാറാത്തക്കവണ്ണം അവരെ ചിതറിച്ചതും ആ ദൈവമാണ് (ഉല്പത്തി 11:8).

സർവശക്തനായ ദൈവത്തെ അവഗണിച്ചുകൊണ്ടും ദൈവഹിതത്തിനും അവിടുത്തെ ആലോചനയ്ക്കും എതിരായും ഉയർത്തിക്കൊണ്ടു വരുന്നതൊന്നും പണിയപ്പെടുന്നില്ല എന്ന് മാത്രമല്ല ഒരു ചിതറലിൻറെ അനുഭവം ഉണ്ടാവുകയും ചെയ്തേക്കാം.
കൂട്ടായ്മ ബന്ധങ്ങളുടെ മൂല്യങ്ങളും ഊഷ്മളതയും തൃണവല്ഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ അതിൻറെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ചിന്തിക്കുവാൻ ഈ കൊറോണ കാലഘട്ടം മുഖാന്തിരമാകുമോ ആവൊ.. അകൽച്ച അസഹിഷ്ണുതയിലേക്കു കടന്നത് കൊണ്ടാകാം സാങ്കേതികവിദ്യയുടെ സഹായത്താൽ സാങ്കല്പിക കൂടിവരവുകൾ (Online Virtual Meetings) നടത്തുവാൻ ഒട്ടുമിക്ക പള്ളികളും മുൻകൈ എടുക്കുന്നത്. സഥലത്തിനോ സ്ഥാനത്തിനോ ദിശക്കോ ആചാരങ്ങൾക്കോ വിഗ്രഹങ്ങൾക്കോ പ്രാധാന്യം നൽകാത്തത്കൊണ്ടു പെന്തക്കോസ്തു സഭകൾക്ക് ഇത് വളരെ എളുപ്പത്തിൽ നടത്താവുന്നതാണ്. ഏതായാലും ഈയൊരു സാങ്കേതിക വിദ്യ വിവിധ സഭകൾ പ്രത്യേകിച്ച് പെന്തക്കോസ്തു സഭകൾ അവരുടെ കൺവൻഷനുകളിലും ആരാധനകളിലും ലൈവ്സ്ട്രീം (live stream) ആയി, അത്യന്താപേക്ഷികമല്ലെന്നിരിക്കെ ഭാഗികമായിട്ടാണെങ്കിലും, ഉപയോഗിച്ചു വരികയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം മീറ്റിംഗുകളിൽ ആളുകൾ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ചില സഭായോഗങ്ങളിലേക്കും അത് കടന്നു കയറിയപ്പോൾ തെല്ലൊരു ആശങ്ക ഈ കാര്യത്തിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകണം. ഏതായാലും ഈ പരിപാടി ഇപ്പോൾ അനിവാര്യമായി വന്നിരിക്കുന്നു. ഇത്ര വേഗം ഈ സാങ്കേതികവിദ്യ ഇക്കാര്യത്തിൽ ഉപയോഗിക്കേണ്ടിവരുമെന്ന് കരുതിയില്ല. ഈ കൊറോണ കാലം എത്രയും വേഗം കടന്നു പോകുമെന്ന് പ്രത്യാശിക്കാം. പക്ഷെ അപ്പോഴും ഒരു ആശങ്ക നിലനിൽക്കുന്നു. ഈ സംവിധാനം അതിനു ശേഷവും അനസ്യൂതം തുടരുമോ എന്ന സംശയം. കാരണം ഇത് പല കാര്യത്തിലും സൗകര്യപ്രദമാണ് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സഭായോഗങ്ങളിൽ പങ്കെടുക്കാം, യാത്ര ചെയ്യേണ്ട, സമയത്തു എത്തണമെന്നുള്ള ചിന്തയിൽ തത്രപ്പെട്ട് പോകേണ്ട കാര്യമില്ല, പാർക്കിംഗ് കിട്ടുമോ എന്ന ആശങ്ക വേണ്ട, എന്ന് വേണ്ട സൗകര്യങ്ങൾ ഏറെയാണ്. മാത്രമല്ല ഏറ്റവും പ്രത്യകതയുള്ളതു ലോകത്തിൻറെ ഏതു ഭാഗത്തിരുന്നും ഇതിൽ പങ്കാളികൾ ആകാം എന്നുള്ളതാണ്
കർത്തൃമേശയുടെ അപ്പവീഞ്ഞുകൾ വരുമ്പോൾ തല കുമ്പിട്ടിരുന്നവരും സ്നേഹ ചുംബന സമയത്തു ഇറങ്ങിപോയവരും ഈ അവസരം ഒരു ആശ്വാസമായി കാണുന്നുണ്ടാകാം.

അതോടൊപ്പം തന്നെ കൂട്ടായ്മ ബന്ധത്തെ അവഗണിച്ചു കൊണ്ട്, തനിക്കു ദൈവവുമായാണ് ബന്ധം അത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല എന്ന് കരുതുന്നവർക്കും ഈ അവസ്ഥ ആശ്വാസം നൽകും എന്നത് ഉറപ്പാണ്. അല്ലെങ്കിൽ ഒരു പക്ഷെ മറിച്ചൊരു തീരുമാനത്തിനു ഇത് കാരണമായേക്കാം. മനസ്സ് തുറന്നുന്നൊണ് ചിരിക്കുകയോ സ്നേഹാന്വേഷണം നടത്തുകയോ കൈകൾ ഇറുക്കിപിടിച്ചു ഒരു ഹസ്തദാനം ചെയ്യുകയോ ചെയ്‍വാൻ തലപര്യമില്ലാതിരുന്നവർക്ക് ഇപ്പോഴത്തെ അവസ്ഥ പ്രശ്നമില്ലായിരിക്കാം… ഒരു പക്ഷെ അകൽച്ചയുടെ കാഠിന്യം സഹിക്കാവതല്ല എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് ഊഷ്മളമായ കൂട്ടായ്മയുടെ ബന്ധത്തിലേക്ക് ഇനിമുതൽ എല്ലാവരും കടന്നു വന്നേക്കാം.
ഏതായാലും ഒറ്റപ്പെടൽ വീർപ്പുമുട്ടലാണ് പക്ഷെ ഏതു സാഹചര്യത്തിലും ദൈവം കൂടെയുണ്ട് എന്നുള്ള ഉറപ്പാണ് നമ്മുടെ ധൈര്യവും സന്തോഷവും. കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോട് കൂടെയിരിക്കുന്നുവല്ലോ (സങ്കീ:23:4)
ഒറ്റപ്പെടലിനെ ഓർത്തു നെടുവീർപ്പിടാതെ ദൈവസാനിധ്യം മൂലമുണ്ടാകൂന്ന സന്തോഷത്തിൻറെ പരിപൂർണ്ണത അനുഭവിക്കുവാൻ ഈ സാഹചര്യത്തിൽ കഴിയുമോ. അറയിൽ കയറി വാതിലിൽ അടച്ചു പ്രാർത്ഥിക്കണമെന്ന ആഹ്വാനം നിത്യജീവിതത്തിൻറെ ബദ്ധപ്പാടിൽ പ്രാവർത്തികമാക്കുവാൻ കഴിയാതിരുന്നവർക്കു ഇതൊരു സുവർണാവസരമാണ്.

ദൈവത്തെ ആരാധിക്കുവാനും കൂട്ടായ്മയുടെ സ്നേഹബന്ധങ്ങൾ പ്രകടിപ്പിക്കാനും ഉള്ള ഉദ്ദേശ്യത്തോടെ സ്ഥാപിതമായ കൂടിവരവുകൾ സംഘടനാ ബലം കാണിക്കുവാനും കച്ചവട, സ്ഥാപിത താല്പര്യങ്ങൾക്കും ആത്മികമല്ലാത്ത വിഷയങ്ങളെ ചൊല്ലിയുള്ള വടം വലികൾക്കും വേണ്ടിയുള്ള വേദികളായി മാറിയപ്പോയിരുന്നു. “എൻറെ ആലയം പ്രാർത്ഥനാലയം എന്ന് വിളക്കപ്പെടും, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി” എന്ന് പറഞ്ഞുകൊണ്ട് ചാട്ടവാർ എടുക്കാൻ യേശു ഇവിടെയില്ല എന്ന ചിന്തിച്ചുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ ചെയ്തു വന്നത്. പക്ഷെ ഇപ്പോൾ ഈ വക കാര്യങ്ങളിലൊന്നും ആർക്കും താല്പര്യമില്ല എന്ന് കേൾക്കുന്നു. അപ്പോൾ തന്നെ ഒരു പറ്റം ദൈവ വിശ്വാസികളും ഭക്തന്മാരും എത്രയും വേഗം കൂട്ടായ്മ സന്തോഷത്തിലേക്കു മടങ്ങി വരാമെന്ന പ്രതീക്ഷയോടെ ദൈവ സനീധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ടു. യഹോവയുടെ ആലയത്തിലേക്കു നമുക്ക് പോകാം എന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു (സങ്കീ 122.1)
അതിലുപരി കർത്താവിൻറെ വരവിനെ നോക്കിപ്പാർത്തുകൊണ്ടു അധികം പ്രത്യാശയോടെ ഇവർ ജീവിക്കുന്നു. അക്കൂട്ടത്തിൽ നാമെല്ലാവരും ഉൾപ്പെടുന്നു എന്ന് ഉറപ്പുവരുത്താം. പത്മോസിൽ ഒറ്റപ്പെട്ടുപോയ യോഹന്നാൻ ആ സാഹചര്യത്തെ യേശുക്രിസ്തുവിൻറെ വെളിപ്പാട് ലഭിക്കത്തക്കവണ്ണം ഉപയോഗപ്രദമാക്കിയെങ്കിൽ, ആ യേശുക്രിസ്തുവിൻറെ സാന്നിധ്യം അനുഭവിക്കത്തക്കവണ്ണം നമുക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ബിനു ആലഞ്ചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.