ലേഖനം: വിശ്വസിക്കുന്ന നിങ്ങൾക്ക്‌ ആ മാന്യത ഉണ്ടോ ? | ബ്ലെസ്സൺ ജോൺ

ജീവിച്ചിരിക്കുന്ന തലമുറ കാണാത്തതും അനുഭവിക്കാത്തതുമായ പല കാര്യങ്ങൾ സമീപകാലങ്ങളിൽ നമ്മുക്ക് ചുറ്റും നടന്നു, നടന്നുകൊണ്ടിരിക്കുന്നു.പ്രകൃതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശാസ്ത്രലോകത്തെ പോലും പരിഭ്രാന്തരാക്കുമ്പോൾ.ദൈവവചനം വ്യക്തതയോടു നടന്നതും നടക്കാനിരിക്കുന്നതും ആയ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.ശാസ്ത്രലോകം വളരെ പണിപ്പെട്ടതിനു ശേഷം ഇതിൽ പലതും ശരി വയ്ക്കുക മാത്രമാണ് ചെയ്തത്.
എന്നാൽ ദൈവവചനത്തിൽ എഴുതിയിരിക്കുന്ന
പല കാര്യങ്ങളെയും സമീപ കാല ലോക സംഭവങ്ങളുമായി കൂട്ടി വായിക്കുമ്പോൾ ലോക അവസാനവുമായി ബന്ധപെട്ടു കിടക്കുന്നു എന്നുള്ളതും ശ്രേദ്ധേയമാണ്.
മനുഷ്യന്റെ കഴിവുകളും മികവുകളും പരാജയപെടുന്നതും , നിസ്സഹായ അവസ്ഥയിൽ ലോക നേതാക്കൾ നിലവിളിക്കുന്നതും എല്ലാം ഈ നാളുകളിൽ കണ്മുൻപിൽ നാം കാണുകയാണ്. നാം ദൈവവചനത്തിൽ തിരയേണ്ടതും ,തിരിയേണ്ടതും ആയ കാലമാണ് ഇത്. തിരയേണ്ടതും ,തിരിയേണ്ടതും എന്നുള്ളത് ഒരു പിശക് അല്ല മറിച്ചു ഒരു വാസ്തവികതയാണു. തിരിഞ്ഞവർ തിരയേണ്ടിയിരിക്കുന്നു
ഇനിയും തിരിയാത്തവർ തിരിയേണ്ടിയിരിക്കുന്നു. വിശ്വസിക്കുന്ന നിങ്ങൾക്ക് ആ മാന്യതയുണ്ട്, എന്ന് 1 പത്രോസ് 2 അധ്യായത്തിൽ പറയുന്നു.

വിശ്വസിക്കുന്നവരാണ് ഇന്ന് പലരും എങ്കിലും വിശ്വാസത്തെ കുറിച്ച് അറിവില്ലാത്തവരാണ് ഇന്ന് പലരും എന്ന് കൂടെ എഴുതേണ്ടിയിരിക്കുന്നു.
കാരണം വിശ്വാസം എന്നത് കേവലം ഒരു പരിശീലനം മാത്രമാണ് പലരുടെയും ജീവിതത്തിൽ എന്നാൽ വിശ്വാസം എന്നതിന് വചന അടിസ്ഥാനത്തിൽ അർത്ഥം വളരെയുള്ളതാകുന്നു. വിശ്വാസം എന്നത് അടിസ്ഥാന ഘട്ടമാണ് എന്നിരിക്കെ അടിസ്ഥാനമില്ലാതെ ആരും മുൻപോട്ടു പോകരുത്. പ്രത്യേകാൽ ഈ
അന്ത്യ കാലഘട്ടത്തിൽ അതിന്റെ ആവശ്യകതയേറുന്നു.

സങ്കീർത്തനങ്ങൾ 34:5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

വിശ്വസിക്കുന്ന നമ്മുക്ക് ആ മാന്യതയുണ്ടോ ?

വിശ്വസിക്കുന്ന നാം ലജ്ജിച്ചു പോകുന്നുണ്ടോ ചില സാഹചര്യങ്ങളിൽ. എങ്കിൽ
നാം വചനത്തിൽ തിരഞ്ഞു നോക്കേണ്ടിയിരിക്കുന്നു.

1 പത്രൊസ്
2:6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
2:7 വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു;
ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇട്ടിരിക്കുന്നു.

വിശ്വാസം അർത്ഥത്തിൽ പടുത്തുയർത്താൻ
ക്രിസ്തു എന്നൊരു മൂലക്കല്ലിൽ നാം പണിയപ്പെടേണ്ടിയിരിക്കുന്നു, ഉറയ്ക്കേണ്ടിയിരിക്കുന്നു ആദ്യമായി.

1 പത്രൊസ് 2:5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.

ക്രിസ്തുവിൽ പണിയപ്പെടുന്ന ആത്മീയഗ്രഹം ഉറപ്പുള്ളതാകുന്നു. അപ്രകാരം വിശ്വാസം എന്നത് പരിശീലനം അല്ല ക്രിസ്തുവിൽ ഉറച്ചതും ക്രിസ്തുവിനോട് ചേർന്ന് പണിയപ്പെടുന്നതും ആകേണം.അപ്രകാരം പണിയപ്പെടുന്നു എങ്കിൽ വിശ്വാസത്തിൽ നാം ലജ്ജിച്ചു പോകയില്ല.യേശുക്രിസ്തുവിന്റെ നാമത്തിൽ എന്തെങ്കിലും ചോദിച്ചാൽ നമ്മുക്ക് ലഭിക്കും എന്നുള്ള വചനം ഒക്കെയും ഉണ്ട്. എന്നാൽ നാമം അല്ല യേശു ക്രിസ്തു തന്നെ വേണം ചോദിക്കാൻ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഒരു കടയിൽ പോയി ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് പറഞ്ഞു ബ്രഡ് ചോദിച്ചാൽ ആട്ടി പായിക്കും. എന്നാൽ വാസ്തവത്തിൽ നാം പ്രധാനമന്ത്രിയുടെ മകനോ മകളോ ആണെങ്കിൽ ബ്രഡ് വീട്ടിലെത്തും. അവിടെയും വാസ്തവത്തിൽ പേര് തന്നെയാണ് കാരണമായത് എന്നാൽ അതിനെ ഉറപ്പിക്കുന്ന ഒരു ബന്ധം കൂടെ ഉണ്ടായപ്പോൾ സാഹചര്യം മാറുന്നതായി കാണാം. ഇന്ന് പലരുടെയും വിശ്വാസം പേരിൽ മാത്രമാണ് ബന്ധം ഉണ്ടാക്കിയെടുക്കുവാൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല എങ്കിൽ നാം ലജ്ജിച്ചു പോകുന്ന അവസരങ്ങൾ ഉണ്ടാകും. വിശ്വാസം എന്നത് ക്രിസ്തുവിൽ ഉറപ്പിച്ചതും ക്രിസ്തുവിനോട് കൂടെ പണിയപ്പെടേണ്ടതും ആകുന്നു.

നാം കടന്നു പോകുന്ന സാഹചര്യങ്ങളിൽ ഈ ചിന്തയ്ക്കു എന്ത് കാര്യം എന്ന് ഒരു പക്ഷെ ചിന്തിക്കുമായിരിക്കും.എന്നാൽ കാര്യമുണ്ട്. ഇന്ന് അനേക വിശ്വാസികളുടെ പോലും അവസ്ഥ ഇതാണ് വിശ്വസിക്കുന്നു എന്നാൽ ചിലതു ഉറപ്പിച്ചിട്ടില്ല ചിലതു പണിയപ്പെടുന്നില്ല. മാർത്തയുടെയും മറിയയുടെയും ഭവനം കർത്താവിനു വളരെ പ്രിയപ്പെട്ടതായിരുന്നു.അവന്റെ പാദപീഠത്തിങ്കൽ ഇരിക്കുവാൻ അവർ ആഗ്രഹിച്ചു. ഒരു അനര്ത്ഥം ആ ഭവനത്തിനു കടന്നു വരുന്നു. അതറിഞ്ഞ കർത്താവ് രണ്ടു ദിവസം കൂടെ താനായിരുന്നിടത്തു തന്നെ തങ്ങി.തന്നിൽ ഉറച്ചു പണിയപ്പെട്ടിരുന്ന ആ ഭവനത്തെ കർത്താവിനറിയാമായിരുന്നു അല്ലെങ്കിൽ അവരുടെ വിശ്വാസം കർത്താവിനു ബോധ്യപ്പെട്ടതായിരുന്നതിനാൽ പരീക്ഷ അവരുടെ വിശ്വാസത്തിന്റെ വളർച്ചയ്ക്കും, ദൈവ മഹത്വത്തിനും കാരണമായി തീരുന്നു.
ക്രിസ്തുവിൽ ഉറച്ചതും പണിയപ്പെടുന്നതുമായ ഓരോ വ്യക്തിയും വിശ്വാസത്തിൽ ഉറപ്പുള്ളവരും അവർക്കുള്ള ശോധനകൾ ആത്മീക ഉന്നമനത്തിനു കാരണവുമായി തീരുന്നു.
വിശ്വസിക്കുന്ന നമ്മുക്കൊരു മാന്യതയുണ്ട് .അതപ്രകാരം തന്നെയോ എന്ന് ഈ ദിവസങ്ങളിൽ അധികമായി നമ്മുക്ക് ശോധന കഴിക്കാം

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.