ലേഖനം: നഷ്ടപ്പെട്ടവയെ തിരിച്ചു പിടിക്കാം | ഡെല്ല ജോൺ

ഷ്ടങ്ങൾ എന്നും വേദനയുളവാക്കുന്ന താണ് .അത് വസ്തുവായാലും ബന്ധങ്ങൾ ആയാലും. നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് അത് നമുക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്നു നാം തിരിച്ചറിയുക.പിന്നെ തിരിച്ചു പിടിക്കാനുള്ള പാച്ചിലാണ്. ഒരുപക്ഷെ തിരിച്ചുപിടിക്കാൻ കഴിയാത്ത അകലത്തിൽ അത്  എത്തിക്കാണും.നഷ്ടപ്പെടുത്തിയതിനേക്കാൾ ശ്രമകരമായ ഒന്നാണ് ഈ യത്നങ്ങൾ എന്നു അപ്പോഴാണ് ചിലർക്ക് പിടികിട്ടുക.

ലൂക്കോസ് സുവിശേഷം പതിനഞ്ചാം അദ്ധ്യായം മൂന്നു നഷ്ടങ്ങളുടെ കഥ നമ്മോട് വിവരിക്കുന്നുണ്ട്…
നൂറാടുകളിൽ ഒന്നു നഷ്ടപ്പെട്ട ഇടയൻ. പത്തു ദ്രഹ്മയിൽ ഒന്നു നഷ്ടപ്പെട്ട സ്ത്രീ
രണ്ടു പുത്രന്മാരിൽ ഒരാൾ നഷ്ടപ്പെട്ട പിതാവ്. നഷ്ടപ്പെടുവാനുള്ള കാരണം പലതാകാം… അശ്രദ്ധ, അജ്ഞത, അഹങ്കാരം അങ്ങനെ എന്തെങ്കിലുമൊക്കെ… നഷ്ടപ്പെട്ട സ്ഥലം പലതാകാം.. മരുഭൂമിയോ കാടോ വീടോ എവിടെയെങ്കിലുമാകും. എന്നാൽ കാട്ടിലോ വഴി മദ്ധ്യേയോ നഷ്ടപ്പെട്ട ആ ഒരു കുഞ്ഞാടിനെ തേടി ഇടയൻ അലഞ്ഞതു ഒരു പ്രത്യേക ഇടം മാത്രം ആയിരിക്കില്ല, കാടും മേടും കാട്ടു ചോലയുമൊക്കെ ദാഹവും ക്ഷീണവും വകവെയ്ക്കാതെ നല്ല ഇടയൻ അലഞ്ഞുകാണും. ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. മുറിയിൽ എവിടെയോ നഷ്ടപ്പെട്ട ദ്രഹ്മയ്ക്കു വേണ്ടി വിളക്കു കത്തിച്ചു വീടു മുഴുവൻ അരിച്ചു പെറുക്കി നോക്കി അടിച്ചു വാരി വൃത്തിയാക്കേണ്ടി വന്നു. എത്ര നേരത്തെ തിരച്ചിൽ, അധ്വാനം… നഷ്ടപ്പെടുത്തിയവർ തന്നെ തിരികെ കണ്ടെത്തിയപ്പോൾ അവർക്കുണ്ടായ സന്തോഷം അതിരില്ലാത്തതായിരുന്നു..

മൂന്നാമത്തെ സംഭവത്തിൽ സ്വന്തം സ്വാതന്ത്ര്യം ആഗ്രഹിച്ചു ഇറങ്ങിപോയ മകന് ആദ്യം നഷ്ടമായതു സ്വന്തം മാതാപിതാക്കളുടെയും രക്തബന്ധങ്ങളുടെയും സ്നേഹവലയം ആയിരുന്നു. പിന്നീട് കൂട്ടുകാർ കൈവിട്ടു.. അപരിചിതലോകത്തിൽ എത്തപ്പെട്ടു.വിശപ്പിന്റെ കാഠിന്യം വലച്ചു.. ഒടുവിൽ പന്നിയെ മേയ്ക്കുന്നതു വരെ ചെയ്യേണ്ടി വന്നു.. ഈ സഹനങ്ങളിലൂടെ കടന്നു പോയപ്പോഴാണ് ഒരു മടക്കയാത്രയെപ്പറ്റി അവൻ ചിന്തിച്ചത്.. പിതാവിന്റെ സ്നേഹഭവനം അവന്റെ ഓർമയിൽ തെളിഞ്ഞത്….

സ്നേഹിതാ.. ചില മടക്കയാത്രകൾക്ക് ചില സഹനങ്ങൾ കൂടിയേ തീരൂ…

നാം പ്രാർത്ഥന , ഉപവാസം എല്ലാം നടത്തുമ്പോൾ ആത്മ പരിശോധന കൂടി നടത്തണം .. ഇഷ്ടവസ്തുക്കളോടുള്ള വർജ്ജനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാകരുത് നമ്മുടെ ഉപവാസം, കാര്യം നേടിയെടുക്കാനുള്ള യജ്ഞം മാത്രമാകരുത് പ്രാർത്ഥന .ദൈവത്തോട് ചേർന്നിരിക്കാനുള്ള സമയങ്ങൾ ഒരു മടങ്ങി വരവിനുള്ള തയ്യാറെടുപ്പ് കൂടിയാകണം !!!!

നഷ്ടപ്പെട്ട മാനുഷിക മൂല്യങ്ങളിലേയ്ക്ക്
ആർദ്ര ഭാവങ്ങളിലേയ്ക്ക്,
കനിവിന്റെ കൈത്താങ്ങുകളിലേയ്ക്ക് എല്ലാമെല്ലാം നാം തിരികെ നടക്കണം….

നഷ്ടപ്പെട്ടത് എന്തുമാകട്ടെ, എവിടെയുമാകട്ടെ, തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമം ഉള്ളിലുയർന്നാൽ നാം ജയിച്ചു. ദൈവത്തോടുള്ള ആദ്യസ്നേഹം,
സഹജീവികളോടുള്ള കരുണ, ബന്ധങ്ങളിലെ ഊഷ്മളത.. ഇതെല്ലാം എവിടെയോ എങ്ങനെയോ കൈമോശം വന്നിട്ടില്ലേ???
ഇത്തിരിയെങ്കിലും??

ഒരു മടക്കയാത്രയ്ക്കു വേണ്ടി മനസ്സൊരുക്കാം..
തിരിച്ചു പിടിക്കാം കൈവിട്ടു പോയ ആ നല്ല മനസാക്ഷിയും നന്മയുടെ മനോഭാവങ്ങളും..

നമ്മുടെ മടങ്ങിവരവും നോക്കി പ്രതീക്ഷയോടെ ഉറക്കിളച്ചു വഴിക്കണ്ണുമായി കാത്തിരിക്കുന്ന സ്വർഗീയപിതാവിന്റെ സ്നേഹാർദ്രചിത്രം ഉള്ളിൽ തെളിയട്ടെ !!!!!

കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത്…
ഈ ക്രിസ്തുവചനം ഉൾത്തടത്തെ ഉണർത്തട്ടെ !!!

– ഡെല്ല ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.