പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ഖത്തറിലേക്ക് യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നാട്ടിലുള്ള ഖത്തര്‍ പ്രവാസികളുടെ ഐഡി കാലാവധി തീര്‍ന്നാലും യാത്രാ വിലക്ക് നീങ്ങുന്ന മുറക്ക്‌ രാജ്യത്തേക്ക്‌ തിരികെ പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഖത്തറിനു പുറത്ത്‌ ആറുമാസത്തിലധികം താമസിക്കേണ്ടി വരുന്ന പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പായി അവധിക്കായി നാട്ടില്‍ പോയവര്‍ക്കും ഐഡി കാലാവധി തീര്‍ന്ന് ആശങ്കയിലായവര്‍ക്കും തീരുമാനം വലിയ ആശ്വാസമാകും. ഖത്തറിലെ വിസാനിയമപ്രകാരം കാലാവധി അവസാനിച്ച ഐഡിയുമായി ഖത്തറിലേക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, വിവാഹ കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവ അടച്ചിടാന്‍ ഉത്തരവ്. മാളുകളിലും ഹോട്ടലുകളിലുമുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. ഇതിന് പുറമെ ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ചടങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതോടൊപ്പം രാജ്യത്തെ മുഴുവന്‍ തൊഴിലാളി താമസ കേന്ദ്രങ്ങളിലും തൊഴില്‍ വികസന കാര്യ മന്ത്രാലയം പരിശോധന നടത്തും. രോഗം തടയുന്നതിനാവശ്യമായ ശുചീകരണ പ്രവര്‍ത്തങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.