ശുഭദിന സന്ദേശം : കാണുന്നവരും കാണാത്തവരും | ഡോ.സാബു പോൾ

”…അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു”(മത്താ.15:14).

കുരുടൻ കുരുടനെ വഴി കാണിക്കുന്നതിനെക്കുറിച്ചുള്ള യേശുക്രിസ്തുവിൻ്റെ ഈ പരാമർശം വിശ്വ പ്രസിദ്ധമായിത്തീർന്ന ഒന്നാണ്. വഴി അറിയാത്ത ഒരുവൻ മറ്റൊരാൾക്ക് വഴി പറഞ്ഞു കൊടുക്കുന്നു എന്ന അർത്ഥമാണിവിടെ ദ്യോതിപ്പിക്കുന്നത്.

യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി അറിയാവുന്ന എത്ര പേർ ലോകത്തിൽ വന്നിട്ടുണ്ട്….?
സുവിശേഷം പങ്കുവെയ്ക്കുമ്പോൾ ചിലപ്പോഴൊക്കെ അഭിമുഖീകരിച്ചിട്ടുള്ള ചോദ്യമാണ്:
”നിങ്ങൾ സ്വർഗ്ഗത്തെക്കുറിച്ച് പറയുന്നു. നിങ്ങൾ കണ്ടിട്ടുണ്ടോ? മരിച്ചിട്ട് ആരെങ്കിലും മടങ്ങി വന്നിട്ടുണ്ടോ? ഇതൊക്കെ വെറും ഊഹാപോഹങ്ങളല്ലേ…?”

ഈ ചോദ്യത്തിന് ഉത്തരം പറയാൻ ക്രിസ്ത്യാനിക്ക് മാത്രമേ ധൈര്യമുണ്ടാവൂ. കാരണം സംശയലേശമെന്യേ മരണാനന്തര ലോകത്തെക്കുറിച്ച് സംസാരിച്ചവനും മരിച്ചിട്ട് മടങ്ങി വന്നവനും ക്രിസ്തു മാത്രം…!

ഇനി അന്ധതയെക്കുറിച്ച് അൽപ്പം ആഴമായി ചിന്തിക്കാം.
നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും വിശ്വസനീയമായത് കണ്ണാണ്. അതു കൊണ്ട് കോടതികൾ തെളിവിനായി നോക്കുന്നത് ദൃക്സാക്ഷികളെയാണ്. കേൾവിയെയും സ്പർശത്തെയും കബളിപ്പിക്കാമെന്നതിൻ്റെ തെളിവാണ് യാക്കോബ് പിതാവിനെ കബളിപ്പിച്ച് അനുഗ്രഹം നേടിയെടുത്ത സംഭവം.

ഞങ്ങൾ നിർമ്മിത കഥകൾ കേട്ടവരല്ല, മഹിമ _കണ്ട_ സാക്ഷികളാണെന്ന് പത്രോസ് പറയുമ്പോൾ തങ്ങൾ പ്രഘോഷിക്കുന്ന കാര്യങ്ങളിലെ വാസ്തവികതയും വിശ്വാസീയതയുമാണ് ചൂണ്ടിക്കാണിക്കുന്നത്.

കാഴ്ചയില്ലാത്തതിൻ്റെ പ്രധാന പ്രശ്നമെന്താണ്….?
കേൾവിയെയും സ്പർശനത്തെയും ആശ്രയിക്കേണ്ടി വരുന്നു. അത് സമഗ്രമായ അറിവായിരിക്കില്ല. ആനയെ ‘കാണാൻ’ പോയ അന്ധൻമാർക്ക് സംഭവിച്ചതതാണ്. അവർ തപ്പി നോക്കിയാണ് നിഗമനങ്ങളിലെത്തിയത്. അതാകട്ടെ ഭാഗികവും അബദ്ധജഡിലവുമായ അറിവായിരുന്നു.

പരീശന്മാരും ശാസ്ത്രിമാരും ന്യായപ്രമാണം ‘തപ്പി'(പരിശോധിച്ച്) പലതും കണ്ടെത്തുകയായിരുന്നു. അതുകൊണ്ട് ന്യായപ്രമാണത്തിൻ്റെ സമഗ്രതയായ ക്രിസ്തുവിനെ അവർ കണ്ടില്ല, തിരിച്ചറിഞ്ഞില്ല.

എന്നാൽ ദൈവ പൈതലിൻ്റെ പ്രത്യേകതയെന്താണ്…?
”എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു”വെന്ന് (യോഹ.14:9) യേശു പറഞ്ഞു. ക്രിസ്തുവിനെ കണ്ടെത്തിയ ഒരുവൻ്റെ കണ്ണു തുറന്നു. കാണേണ്ട ദൈവത്തെ അവൻ കണ്ടുകഴിഞ്ഞു. അതു കൊണ്ട് ദൈവത്തെ കണ്ടെത്താൻ പലയിടത്തും അലഞ്ഞു നടക്കേണ്ട ആവശ്യമില്ല.

പ്രിയമുള്ളവരേ,
കാഴ്ച ലഭിച്ചവൻ്റെ ഉത്തരവാദിത്തമാണ് കുരുടരെ നേർവഴിക്ക് നടക്കാൻ സഹായിക്കുക എന്നത്.

കാഴ്ചയ്ക്കായി ദൈവത്തിന് നന്ദി പറയാം…..!
കാഴ്ചയില്ലാത്തവരെ ശരിയായ വഴിയിലേക്കും കാഴ്ചയിലേക്കും കൈപിടിച്ച് നടത്താം….!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.