ശുഭദിന സന്ദേശം : പരീക്ഷകൾ പോക്കുവഴികൾ | ഡോ.സാബു പോൾ

”നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും”(1കൊരി.10:13).

“മമ്മീ, ഞാൻ തോൽക്കാൻ കാരണം ചോദ്യങ്ങൾ മുഴുവൻ സിലബസിന് പുറത്ത് നിന്നായതുകൊണ്ടാണ്…….!”

ഇതുവരെ ഒരു കുട്ടിയും ഇത്തരം ഒരു പരാതി ഉന്നയിച്ചിട്ടില്ല…….

അഞ്ചാം ക്ലാസ്സിലെ പരീക്ഷയ്ക്ക് ഇന്നേവരെ പത്താം ക്ലാസ്സിലെ പുസ്തകത്തിൽ നിന്ന് ചോദ്യം ചോദിച്ചിട്ടില്ല…!

പൗലോസ് ശ്ളീഹ പറഞ്ഞു വരുന്നതും അതുതന്നെയാണ്.
▪️മനുഷ്യർക്ക് നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്ക് ദൈവം അനുവദിച്ചിട്ടില്ല.
▪️എല്ലാ പരീക്ഷകളുടെ നടുവിലും വിസ്മരിക്കരുത് – ദൈവം വിശ്വസ്തനാണ്.
▪️സഹിപ്പാൻ കഴിയുന്നതിനപ്പുറമായ പരീക്ഷ ദൈവം അനുവദിക്കില്ല.
▪️പരീക്ഷയോടു കൂടി പോക്കുവഴി അവിടുന്ന് ഉണ്ടാക്കും.

ഭാരതത്തിൻ്റെ രാഷ്ട്രീയ സാഹചര്യം ദൈവമക്കൾക്കു മുന്നിൽ ഒരു പരീക്ഷയായി നിൽക്കുന്നു. ഐ ക്യതയോടെ നിലവിളിക്കാൻ ദൈവജനം തയ്യാറായാൽ പോക്കുവഴികൾ വെളിപ്പെടും. ഹാമാൻ എന്ന പരീക്ഷയുടെ പോക്കുവഴിയായിരുന്നു എസ്ഥേർ. പരീക്ഷ പാസ്സായവർക്ക് സ്വന്തം ജീവനും കൊള്ള മുതലും അനുഗ്രഹമായി ലഭിച്ചു.

വാഗ്ദത്ത ദേശത്തിലേക്കുള്ള പ്രയാണം തുടക്കത്തിൽ തന്നെ അവസാനിപ്പിച്ചെന്ന ഗർവ്വോടെ നിന്ന ചെങ്കടൽ എന്ന പരീക്ഷയിലെ പോക്കുവഴിയായിരുന്നു മഹാശക്തിയുള്ള കൊടുങ്കാറ്റ്. പരീക്ഷ പാസ്സായവർക്കുള്ള അനുഗ്രഹമായിരുന്നു പിൻതുടരുന്ന ശത്രുവിൻ മേൽ സമ്പൂർണ്ണ ജയം.

സ്വന്തമകനെ കുരുതി കൊടുക്കുന്ന അബ്രഹാമിൻ്റെ പരീക്ഷയ്ക്കുള്ള പോക്കുവഴിയായിരുന്നു ആട്ടുകൊറ്റൻ. പാസ്സായ അബ്രഹാമിന് ഐശ്വര്യമായ അനുഗ്രഹം സമ്മാനമായി ലഭിച്ചു.

പ്രവാസികൾ നേരിടുന്നത് ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ. പോക്കുവഴിയുണ്ടാക്കാൻ ശക്തനായ ദൈവത്തിൽ ആശ്രയിക്കാം.

പ്രിയമുള്ളവരേ,
പോക്കുവഴികളുടെ എത്രയെത്ര ഉദാഹരണങ്ങളാണ് തിരുവചനത്തിലും നമ്മുടെ ജീവിതത്തിലും ദൈവം നൽകിയിരിക്കുന്നത്. ദൈവത്തിൽ ആശ്രയിക്കാം. അവൻ സർവ്വശക്തനും വിശ്വസ്തനുമാണ്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.