ലേഖനം: പകൽ യോഗങ്ങളെ വിടുവിക്കും രാത്രിയാക്കുന്ന പ്രസംഗകരും, നിരന്തരം കരങ്ങൾ ഉയർത്തിപ്പിച്ച് വിരസമാക്കുന്നവരും

പാസ്റ്റർ ബൈജു സാം നിലമ്പൂർ

രു പ്രസംഗകൻ ഒരു പകൽ യോഗത്തിൽ സ്റ്റേജിൽ കൂടി ഓടി നടന്നു പ്രസംഗിക്കുകയാണ് വിടുതൽ, വിടുതൽ എന്നാണ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് .കൂട്ടത്തിൽ അറിയാതെ പറഞ്ഞു ഇന്ന് നീ വിശ്വസിക്കുകയാണെങ്കിൽ ഈ പകലിനെ ദൈവം വിടുവിക്കുന്ന രാത്രിയാക്കാൻ പോകുകയാണ്.;ഇന്നത്തെ ഉണർവ് പ്രസംഗകർ എന്നഭിമാനിക്കുന്ന മിക്ക ആളുകളും ഇതു പോലെയാണ് പ്രസംഗ രീതി നടപ്പാക്കുന്നത്.. പ്രസംഗം തുടങ്ങുന്ന സമയം മുതൽ വെടിവെപ്പാണ് ( ഇന്ന് വിടുതൽ) ചിലർ ചെയ്യുന്നത്.. ഒരു മിനിട്ട് ഒരു കാര്യം പറഞ്ഞാൽ ഒരു നാലഞ്ച് വട്ടം കൈ ഉയർത്തിക്കുകയാണ് മിക്കവാറും എല്ലാവരും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.. ദൈവത്തിന് മഹത്വം കൊടുക്കാനുളള കരം ഉയർത്തലല്ല മറിച്ച് പ്രസംഗകൻ എന്തോ ഒരു സംഗതി കിട്ടാൻ പോകുകയാണെന്ന് പറഞ്ഞു അതിനു വേണ്ടി കരം നിരന്തരം ഉയർത്തി കൊണ്ടിരിക്കുക.. ഈ ലോകത്തിൽ എല്ലാവരെക്കാട്ടിലും മെച്ചയമായി ജീവിക്കേണ്ടതിന് ദൈവം ചിലതൊക്കെ തരാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ കരം ഉയർത്തുന്നവരാണ് കൂടുതൽ പേരും.. പ്രസംഗ സമയങ്ങളിൽ ഇടക്ക് കരങ്ങൾ ഉയർത്തി ദൈവത്തെ സ്തുതിക്കുന്നത് തെറ്റൊന്നുമല്ല, പക്ഷേ മനസ്സിലെ ആശയ്ക്കനുസൃതമായി പ്രസംഗകൻ പ്രസംഗം തൊടുത്തുവിടുമ്പോൾ ആവേശത്താൽ കൈ ഉയർത്തുന്നത് ദൈവത്തെ സ്തുതിക്കല്ലല്ല ചെയ്യുന്നത്, മറിച്ച് ആഗ്രഹ നിവൃതി ഉടൻ പൂവണിയും എന്ന മാനസിക പ്രതിഫലനത്താൽ അംഗപ്രത്യയങ്ങളിലൂടെ പ്രതികരിക്കുന്നുവെന്ന്മാത്രം.

ഒരു മണിക്കൂർ ദൈർഘ്യം ഉള്ള സന്ദേശങ്ങളിൽ സ്തുതിയുടെ അടിസ്ഥാനം സിംഹഭാഗവും ഇവിടുത്തെ വിഷയങ്ങളിൽ കേന്ദ്രീകൃതമാക്കുമ്പോൾ പ്രസംഗകരേ നിങ്ങൾ ജനങ്ങളെ ലോക മോഹികളാക്കി മാറ്റുകയാണ്.. കന്നട്ടയ്ക്ക് തരിക തരിക എന്ന മക്കളുണ്ടെന്ന് പറഞ്ഞ മാതിരി (പ്രയോഗം) എപ്പോഴും ഒരോന്ന് കിട്ടാനും എത്ര കിട്ടിയാലും മതിവരാത്തതുമായ ആത്മീയ വൈകല്യം പിടിച്ച കുറെ ആളുകളെ സൃഷ്ട്ടിക്കലാണ് മിക്ക പ്രസംഗകരും ചെയ്തുകൊണ്ടിരിക്കുന്നത്.. സ്റ്റേജിൽ ഒരു ദിവസം മൂന്ന് പേർ പ്രസംഗിക്കാൻ ഉണ്ടെങ്കിൽ ഒരു നൂറിലധികം പ്രാവശ്യം കൈ ഉയർത്തി സ്തുതിപ്പിക്കും.. നല്ല സന്ദേശം കേൾക്കുമ്പോൾ അതിനാൽ സ്പർശിക്കപ്പെടുന്നവർ സ്തുതിക്കുക ഒക്കെ ചെയ്യട്ടെ. ആദ്യത്തെ ആളുടെ മെസേജിന് ജനങ്ങൾ നന്നായി കൈ ഉയർത്തി ശബ്ദം ഉണ്ടാക്കി, എന്റെതും മോശമാകരുതെന്ന ചിന്തയിലാണ് മിക്ക പ്രസംഗ വിരുതൻമാരും സ്റ്റേജിൽ കയറുന്നത് അതുകൊണ്ട് തന്നെ കാതലായ, ജനങ്ങളുടെ ആത്മീയ ജീവിതത്തെ പരിപോക്ഷിപ്പിക്കുന്നതൊന്നും പറയാൻ കഴിയാതെ കുറെ ബഹളം ഉണ്ടാക്കി ഒരു നാല്പത് വട്ടം കൈ ഉയർത്തിപ്പിച്ച് കഥാനായകൻ സന്ദേശം അവസാനിപ്പിച്ച് ഏതോ കാര്യം സാധിച്ചു എന്ന മൂഢചാരിതാർത്ഥ്യത്തിൽ വീണ്ടും ഉപവിഷ്ട്ടനാകുന്നു..

പഴയ കാല പ്രസംഗങ്ങൾ ഒന്ന് കേൾക്കൂ.. ലഭിക്കപ്പെട്ട സമയം മുഴുവനും വളരെ ആധികാരികമായി വചനം സംസാരിക്കുകയായിരുന്നു ദൈവ ദാസന്മാർ ചെയ്തിരുന്നത്. അവസാനം ജനങ്ങൾ ദൈവത്തെ ആത്മാവിൽ ആരാധിച്ച് പ്രത്യാശയോട് ഭവനങ്ങളിലേക്ക് മടങ്ങും. എത്ര സുന്ദരവും മനോഹരവുമായിരുന്നു. അന്ന് കാണാൻ ഒന്നും ഇല്ലായിരുന്നെങ്കിലും കേൾക്കാനും അനുഭവിക്കാനു ഉണ്ടായിരുന്നു പക്ഷേ ഇന്നത്തെ മെഗാ സംഗമങ്ങൾ കണാനുണ്ട് പക്ഷേ കാര്യമായി ഒന്നും കേൾക്കാനും അനുഭവിക്കാനു ഇല്ല എന്നുള്ളതാണ് സത്യം. വചനം ആധികാരികമായി ആത്മ നിറവിൽ സംസാരിക്കാൻ ദൈവ ദാസന്മാർ തയ്യാറാകണം.ആത്മ നിറവ് എന്ന് കേൾക്കുമ്പോൾ ആകെ ബഹളം മയം ആക്കണം എന്ന മിഥ്യധാരണയാണ് പലരെയും കഴമ്പില്ലാത്ത പ്രസംഗം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

ആത്മാവിന്റെ രക്ഷ (വിടുതൽ)കിട്ടിയവന് അതിൽ കൂടുതൽ എന്ത് വിടുതൽ പറഞ്ഞാണ് ദൈവത്തെ സ്തുതിപ്പിക്കുന്നത്.ഇനിയും ആത്മാവിന്റെ വിടുതൽ ലഭ്യമായിട്ടുളള ഒരു വിശ്വാസിക്ക് ഇവിടുത്തെ കാര്യങ്ങൾക്കും ദൈവം തുണയായിട്ട് ഉണ്ടാകും എന്ന് വിശ്വസിക്കുന്നതിൽ ഒരു സംശയം ഉണ്ടാകേണ്ട കാര്യം ഇല്ല. ഏറ്റവും വലിയ വിടുതൽ ആത്മാവിന്റെ രക്ഷയല്ലേ. അത് ലഭ്യമായവന് താൽക്കാലിക വിഷയങ്ങളിൽ ദൈവം പ്രവർത്തിക്കും എന്ന് ഒരു മണിക്കൂർ പറഞ്ഞ് സ്തുതിപ്പിക്കണോ.? ദൈവം ആരാണ് എന്നും ദൈവീക പ്രവർത്തന വിധവും ഒക്കെ വിവരിച്ചു ദൈവീക പരിജ്ഞാനത്തിലേക്ക് ജനങ്ങളെ നടത്തുമ്പോളാണ് അവർ ആത്മീയ പക്വതയുളളവരും, ഏത് വിഷയങ്ങളെയും വിവേകപൂർവ്വം കൈകാര്യംചെയ്യാൻ ക്ഷമതയുളളവരുമായി മാറുന്നത്.

ശരിയായ രക്ഷാ നിർണ്ണയം പ്രാപിക്കാത്തിന്റെ പ്രശ്നം ഇവിടെയെല്ലാം ദർശിക്കാൻ സാധിക്കും.എല്ലാം യോഗങ്ങളും വിടുവിക്കലാണ് .ദൈവ മക്കൾ കൂടുന്ന ഇടത്ത് ഒരു മാസം മുഴുവനും യോഗം നടത്തിയാലും ഇതുതന്നെയാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു അന്ധമായ വൈകാരിക കപട ആത്മീയതയാണ് ഇതിലൂടെ ഉണ്ടാകുന്നത്.ഇത് ജനങ്ങളെ ഒരിക്കലും മറാത്ത ആത്മീയ രോഗങ്ങൾക്ക് അടിമകളാക്കി മാറ്റുന്നു. തന്നിമിത്തം അവർ എപ്പോഴും താൽക്കാലികമായ എന്തൊക്കെയോ കാര്യങ്ങളുടെ നിവൃത്തികരണത്തിനായി പരക്കം പായുകയും, സന്ദേശങ്ങളെ പോലും ഇവിടെ വല്ലതും കിട്ടാനുള്ള വകയായി കാണുകയും ആ നില തുടരുകയും ചെയ്യുന്നു.

സന്ദേശങ്ങൾ ഭൂരിഭാഗവും ഇവിടെ കൊട്ടാരം പണിയുന്നതും സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നതുമായഒരു പത്ത് ഡസൻ കാര്യങ്ങളുടെ പ്രേഹേളികയാണ്. എന്റെ സന്ദേശ വാഹകരെ നിങ്ങൾ യേശുവിന്റെയും അപ്പോസ്തോലന്മാരുടെയും സന്ദേശങ്ങൾ മനസ്സിരുത്തി ഗ്രഹിക്കൂ. ആത്മീയ പരിപോക്ഷണത്തിനുതകുന്നതും മനുഷ്യനെ ദൈവോന്മുഖമായി നിറുത്തുന്നതിനും നിത്യതയിലേക്കുളള വാതായനങ്ങളുടെ ചവിട്ടുപടികളുമാണ് അവരുടെ സന്ദേശത്തിന്റെ അന്തസത്ത. അതും ക്രിസ്തു കേന്ദ്രീകൃതവും.ജനങ്ങളെ വെറുതെ വികാരവേശം കയറ്റി കുറെ ബഹളം ഉണ്ടാക്കിക്കുമ്പോൾ ദൈവം ഏൽപ്പിച്ച കാതലായ സന്ദേശം ആരവാരങ്ങൾക്കിടയിൽ തമസ്ക്കരിക്കപ്പെടുന്നു.വചനം ശക്തമായി പറയൂ പരിശുദ്ധാത്മാവ് അങ്ങനെ പ്രവർത്തിക്കട്ടെ .പ്രസംഗകന്റെ പെർഫോമൻസിലൂടെ ആത്മാവിനെ വരുത്താൻ നോക്കാതെ ഏൽപ്പിച്ചത് വിശ്വസ്തയോട് വചനത്തോട് നീതി പുലർത്തി പറയുമ്പോൾ പരിശുദ്ധാത്മാവ് ജന ജീവിതങ്ങളോട് ഇടപ്പെടും. അങ്ങനെ യഥാർത്ഥ്യമായ വിടുതൽ വെളിപ്പെടട്ടേ.അല്ലാതെ സ്റ്റേജിൽ നിന്ന് നാഴികക്കു നാൽപ്പതു വട്ടം ഇന്ന് വിടുവിക്കുന്ന രാത്രി ആണെന്ന് പറഞ്ഞാൽ വിടുതൽ ഉണ്ടാകില്ല ,പിന്നെ ഒരു പഞ്ചിന് വേണമെങ്കിൽ പറയാം ആരും വിടുവിക്കപ്പെടാനും പോകുന്നില്ല.

വചന നിശ്ചയം ഇല്ലാത്ത ജനങ്ങൾ എല്ലാം വർഷവും വിടുവിക്കുന്ന രാത്രി കേൾക്കാൻ വരുന്നു. ഫലമോ നാസ്തി. ദൈവ വചനത്തിന്റെ അനുസരണത്തിലൂടെയല്ലാതെ എന്ത് വിടുതൽ. ദൈവ വചനത്തിന്റെ അനുസരണത്തിന് സമാനമായ സന്ദേശം വരുമ്പോൾ, അവിടെ, തിരുത്തലുകൾ, ശാസനകൾ, ഗുണീകരണത്തിന് ഉള്ളത്,ക്രമീകരണം വരുത്തപ്പെടേണ്ടത്, നിത്യതയോട് അടുപ്പിക്കുന്നത് ഉണ്ടാകും. ഇത്തരം തോതിൽ വചനം വരികയും ജനങ്ങൾ സമർപ്പിക്കപ്പെടുകയും ചെയ്യാതെ വിടുതൽ വാഗ്ദാനം ചെയ്യുന്നവർ തോണി കരയിലെ കുറ്റിയിൽ കെട്ടിയിട്ടിട്ട് ആഞ്ഞു തുഴയുന്നവർക്ക് തുല്ല്യമാണ്. അങ്ങനെയാകുമ്പോൾ പകലും വിടുവിക്കുന്ന രാത്രിയായി മാറിയില്ലെങ്കിലാണ് അതിശയിക്കേണ്ടുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.