- Advertisement -

ലേഖനം: ട്രോളിന്റെ ദൈവശാസ്ത്രം | സുവി. ജിനു തങ്കച്ചൻ, കട്ടപ്പന

പ്രതികരണം അതു പലവിധത്തിലാകാം. വിപ്ലവം, ഹിംസ,അഹിംസ,ചെറുത്തുനിൽപ്പ്. പക്ഷെ പ്രതികരണം അല്പം നർമ്മം ചാലിച്ചതായാലോ ?. ആക്ഷേപഹാസ്യം മധുരമുള്ള പ്രതികരണരീതി ആണ്. ചിരിയും ചിന്തയും ഒരു പോലെ സമ്മാനിക്കുകയാണത്.
മലയാള മനസ്സിൽ ആക്ഷേപഹാസ്യത്തിന്റെ വേരുകൾ ആഴത്തിൽ ഇറക്കിയത് പ്രശസ്ത കവി കുഞ്ചൻ നമ്പ്യാരാണ്. ആ വഴിത്താരയിൽ തന്നെയാണ് ഇന്നുകൾ.
മലയാള യുവത്വം അതിനെ ആലിംഗനം ചെയ്തിരിക്കുകയാണ്. ഫ്രീക്കന്മാരായ ട്രോളന്മാർ മണ്ടന്മാരല്ല എന്ന് ഇടയ്ക്കിടെ ട്രോളുകൾ വിളിച്ചു പറയാറുണ്ട്. സമൂഹത്തിലെ അതിപ്രധാനമായ എല്ലാ സംഭവങ്ങളിലും അവരുടെ യഥാസ്ഥിതികമായ പ്രതികരണം പ്രശംസാർഹമാണ്.
തല ഉയർത്തി പിടിച്ചു നിന്ന മനുഷ്യൻ ഇന്ന് സമൂഹമാധ്യമങ്ങളിലേക്ക് തല താഴ്ത്തിയപ്പോൾ അവന്റെ ദിനചര്യകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും നവമാധ്യമങ്ങളിലാണ്. അയൽപക്കത്തെ സൗഹൃദത്തിലധികം അകലത്തെ സൗഹൃദത്തിനിത് വഴിയൊരുക്കി. ഒരു മേശക്ക് ചുറ്റുമിരുന്ന് കളിചിരി പറഞ്ഞു പൊട്ടിചിരിച്ച അനുഭൂതി തന്നെ അവർ ആസ്വദിക്കുന്നു എന്നതാണ് വലിയ കാര്യം. ട്രോളുകൾ ഇത്രയധികം സ്വാധീനം ചെലുത്തുമ്പോൾ ഒരു വചന വിശദീകരണം ആവശ്യമാണ്.

Download Our Android App | iOS App

പഴയനിയമം
പഴയനിയമത്തിൽ ആക്ഷേപഹാസ്യം തേടിയാൽ കണ്ണുടക്കുന്നത് ചരിത്രാതീത പ്രവാചകനായ ഏലീയാവിലാണ്.
ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു. (1 രാജാക്കന്മാർ 18:27). ബാലിന്റെ പ്രവാചകന്മാരെ ട്രോളിയത് ബാലിനെ കളിയാക്കി കൊണ്ടാണ്. ആത്മീയതയെ തച്ചുടക്കാൻ ശ്രമിക്കുന്ന പ്രവണതകളെ അങ്ങനെ തന്നെ നേരിടണം എന്നാണ് ഏലീയാവ് നൽകുന്ന പാഠം. പ്രവാചക പുസ്തകങ്ങളിൽ ഏറെ ആസ്വദിക്കാൻ കഴിയുന്ന ട്രോളുകൾ ഏറെയുണ്ട്.

post watermark60x60

പുതിയനിയമം
സാക്ഷാൽ ക്രിസ്തുവാണ് പുതിയ നിയമത്തിൽ ഈ ദൗത്യം നിറവേറ്റിയത്. തന്നെ കുടുക്കുവാൻ വന്ന പരീശസംഘത്തിന് അതേ നാണയത്തിൽ തന്നെയാണ് ക്രിസ്തു മറുപടി നൽകിയത്. ട്രോളൻ ക്രിസ്തു എന്നത് അസഹനീയമായ ഒരു പദമാണെങ്കിലും അതൊരു സത്യം മാത്രമാണ്.
അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും. (ലൂക്കോസ് 13:32)
ഭരണാധികാരിയെ കുറുക്കൻ എന്നാണ് ക്രിസ്തു വിശേഷിപ്പിച്ചത്. ഒരു സാമൂഹ്യ വിപ്ലവകാരി എന്ന നിലയിലും ചിരിയും ചിന്തയും ഉണർത്തുന്ന മറുപടി നൽകുന്നതിലും ക്രിസ്തു മടി കാണിച്ചിട്ടില്ല.

അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ? (മത്തായി 7:4). ഇനിയും ഇങ്ങനെ ധാരാളം ചൂണ്ടിക്കാണിക്കുവാൻ കഴിയും.
പരിമിതമായ സാഹചര്യങ്ങളെ തിരുവെഴുത്തിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയുന്നുള്ളൂ എങ്കിലും ട്രോളന്മാരോട് പുസ്തകം അനുകൂലിക്കുന്നു എന്നാണ് പ്രഥമദൃഷ്ട്യ വ്യക്തമാകുന്നത്.
പെന്തക്കോസ്ത് സമൂഹത്തിലും യഥാസ്ഥിതിക മനോഭാവമുള്ള യുവത്വമുണ്ട് എന്നുള്ളത് ശുഭസൂചനയാണ്. അടുത്ത തലമുറയിലെ സഭ ഒരു ചോദ്യചിഹ്നമായി മനസ്സിനെ അലട്ടുമ്പോൾ യുവജനത്തിന്റെ ഈ പ്രതികരണ മനോഭാവം ഭാവി പ്രതീക്ഷയാണ്. സഭയിലെ എല്ലാ പുഴുക്കുത്തുകളും അർഹിക്കുന്ന അവജ്ഞയും പരിഹാസവും ലഭിക്കുന്നുണ്ട്. പാരമ്പര്യ പെന്തക്കോസ്തിന്റെ ഫ്യൂസ് അവർ ഊരും എന്ന കാര്യത്തിൽ സംശയമില്ല. അവർക്ക് സോളാർ മതി. ഇവിടുത്തെ മനുഷ്യ നിർമിത ആത്മീയതയെക്കാൾ യുവത്വത്തിനിഷ്ടം ഉയരത്തിൽ നിന്ന് ലഭിക്കുന്നതാണ്. വിമർശകരും നിരൂപകരും ഉള്ളിടത്തെ വളർച്ചയും സാധ്യമാകു. ആവോളം ആ മധു ആസ്വദിക്കാം..

സുവി. ജിനു തങ്കച്ചൻ, കട്ടപ്പന

-ADVERTISEMENT-

You might also like
Comments
Loading...