കവിത: വൃദ്ധന്റെ ഗദ്ഗദം | സജി പീച്ചി

ഈ വാർദ്ധക്യമെന്നെ നയിക്കുന്നതെങ്ങോട്ട്….!
ശൈശവത്തിൻ്റെ ,
ബാല്ല്യത്തിൻ്റെ,
കൗമാരത്തിൻ്റെ ,
യൗവ്വനത്തിൻ്റെ കടമ്പകളെല്ലാം കടന്ന് ഈ വാർദ്ധക്യമെന്നെ നയിക്കുന്നതെങ്ങോട്ട്…..?

പട്ടടയിലേക്കോ ,
പട്ടുമെത്തയിലേക്കോ
ചിത്തഭ്രമത്തിലോ അഗാധമാം ചിന്തകളിലേക്കോഅടക്കാനാവാത്ത ദുഃഖചര്യകളിലേക്കോ
ഈ വാർദ്ധക്യമെന്നെ നയിക്കുന്നതെങ്ങോട്ട്…..?

കുട്ടികളും പേരക്കുട്ടികളുമൊത്ത് മുട്ടിയുരുമ്മിയിരിക്കാൻ മോഹം
തട്ടിവീഴുമോ ഞാനീ പാന്ഥാവിൽ തട്ടിയുടയുമോ സ്വപ്നങ്ങളെല്ലാം
മുതുക്കൻ്റെ മുതുകിനു ഭാരങ്ങളേറുമോ എൻ്റെ ജന്മാന്തരങ്ങൾക്കു പേറ്റുനോവാകുമോ……
ഈസ്വന്തബന്ധങ്ങൾ പിരിയുന്ന നാൾവഴിയിൽ ഈറനണിയുവാനശ്രൂ പിറക്കുമോ
ഈ വാർദ്ധക്യമെന്നെ നയിക്കുന്നതെങ്ങോട്ട്……

ഇടനാഴിയിൽ വച്ചു ഇണയായി ചേർത്ത ഇഴകൾ പൊട്ടി ജീർണ്ണിക്കുമോ….?
ഊടും പാവുമായ് വേർ പിരിഞ്ഞാൽപ്പിന്നെ ചേലയായ് മേനിയിൽ ചുറ്റാനാവുമോ….?
അറിയില്ലെനിക്കൊന്നും അറിയുകയില്ലെന്നുറക്കെപ്പറഞ്ഞെൻ്റെഅരുമ സന്താനങ്ങളൊറ്റപ്പെടുത്തുമ്പോൾ അറിയില്ലെനിക്ക് വരുവാനുള്ളൊരു നാളുകളറിയില്ല
നാഴികയറിയില്ല വീഥിയിലോ വൃദ്ധസദനത്തിലൊ എൻ്റെ വിലാപഗീതമാരു ചൊല്ലുമെന്നറിയില്ല….
ഈ വാർദ്ധക്യമെന്നെ നയിക്കുന്നതെങ്ങോട്ട്….

നാക്കിന്റെ രുചികളും നാസാരന്ധ്രങ്ങളും
കണ്ണിൻ്റെ കാഴ്ചയും ശ്രവണ മാധുര്യവും ത്വക്കിൻ്റെ ഭംഗിയും വർണ്ണവും പോയ് ഉടയാടകളണിയുന്ന ത്വരയും പോയ്
ഉപജീവനം ചെയ്യുവാനാവതില്ലാതായ്
ജരയും നരയും പടർന്നൂ സിരകളിൽ
ഉരയ്ക്കാൻ വാക്കുകളില്ലാതായ് അസ്ഥികൾക്കുള്ളിലെ മജ്ജവരണ്ടു
സ്വപ്നസുഷുപ്തിയും പൊയ്പോയി….
ഈ വാർദ്ധക്യമെന്നെ നയിക്കുന്നതെങ്ങോട്ട്….?

എൻ്റെ ത്വക്കു നശിച്ചാലും മിഴികൾ തൻ ശോഭയസ്തമിച്ചാലും അസ്ഥിയും മാംസവുംജീർണ്ണിച്ചെന്നാലും വാക്കുകൾക്കർത്ഥ വ്യാപ്തിയില്ലെങ്കിലും പാർക്കുവാനിപ്പാരിലിടമില്ലെങ്കിലും പാരിലെനിക്കാരും

തുണയില്ലെങ്കിലും മർത്യമല്ലാത്ത ദ്രവത്വമേശാത്ത
മാംസചക്ഷകങ്ങൾക്കുമപ്പുറത്തുള്ളൊരു നിത്യഗേഹം സ്വർഗ്ഗേയെനിക്കുണ്ടെന്നോർത്തിടുമ്പോൾ
ഇപ്പാരിലെ വേപഥുയേതുമില്ല.
അന്തഃരംഗത്തിൽ ഒരു പ്രത്യാശയുണ്ട്
മണ്ണിലൊതുങ്ങാത്ത പ്രത്യാശ.. വിണ്ണിൻ-പ്രത്യാശയാണെൻ്റെ പ്രത്യയശാസ്ത്രം.

സജി പീച്ചി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.