മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിംഗ് ഡിപ്ലോമ/ പരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്‍സിങ് നഴ്സിംഗ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് ഉണ്ടാവണം.

ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവര്‍ക്കും/ ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം വീണ്ടും അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

http://www.minoritywelfare.kerala.gov.in

ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ 28 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2302090.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.