ലേഖനം: പ്രവാചക പ്രഹസനങ്ങൾ

ഇവാ. ജിനു തങ്കച്ചൻ, കട്ടപ്പന

രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് പ്രവചനം ഒരു ലഹരിയാണ്. ജ്യോതിഷികളും കണിയാനും മൊല്ലാക്കയുമൊക്കെ ഉള്ള ഒരു സംസ്കാരത്തിന്റെ ഓരം ചേർന്നു വളർന്നതിന്റെ സൗരഭ്യമാകാം. കൈനോട്ടം, മഷിനോട്ടം, പക്ഷിശാസ്ത്രം ഇത്യാദിയും ഈ ഗണത്തിലുണ്ട്. പ്രധാന കായികമത്സരങ്ങൾ നടക്കുമ്പോൾ പത്ര മാധ്യമങ്ങൾ വരെ പ്രവചന മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അങ്ങനെ പ്രവാചക ലോകത്തിന്റെ ഒരു മായാവലയത്തിലാണ് ആളുകൾ.
ആത്മീയരെന്നു അഭിനയിക്കുന്നവരുടെ ഇടയിലും ഈ ലഹരി അധികമാണ്. ഭക്തി ആദായസൂത്രം എന്ന് കരുതുന്ന ഒരു കൂട്ടം പ്രവാചകന്മാർ ആവോളം ആ ലഹരി കുത്തിനിറയ്ച്ച് ആ മട്ടു വലിച്ചു കുടിക്കുകയും ചെയ്യുന്നു.

. വർത്തമാനകാല പ്രവചനങ്ങൾ

ഈ കാലത്തിലെ പ്രവചന ആലോചനകളെ മൂന്നായി തിരിച്ചു പഠിക്കുകയാണ്. അനുഗ്രഹം, പോരാട്ടം, അതിശയം.

1.അനുഗ്രഹം

പാസ്പോർട്ട്, വിസ,വിമാനയാത്ര, വിദേശജോലി തുടങ്ങിയ സജ്ജീകരണങ്ങളാണ് ഇവയിൽ മുന്തിയ ഇനം. ചുവന്നകാർ, വെള്ളകാർ തുടങ്ങി വിവിധ നിറത്തിലുള്ള വിവിധ മോഡൽ വാഹനങ്ങൾ. ഇരുനില വീട്, സർക്കാർ ജോലി
ഇവയെല്ലാം ഈ ഗണത്തിൽ വരും. ദൈവീക അനുഗ്രഹങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഈ ചൂണ്ടയിൽ മീനുകളെ കുരുക്കുന്നത്. ക്രിസ്തുവിനെ അനുഗമിക്കുന്ന ഈ ആളുകളുടെ ലക്ഷ്യം നിത്യതയല്ല മാഞ്ഞുപോകുന്ന നിറം ചാർത്തിയ ഒരുപിടി ഭൗതിക നന്മകളാണ്.
സമൂഹത്തിൽ മാന്യമായ വിദ്യാഭ്യാസവും തൊഴിലും ഉള്ള ഏതൊരാൾക്കും ഇതൊക്കെ സ്വായത്തമാക്കുവാൻ കഴിയും. അങ്ങനെ ആണ് ഇവിടെ സംഭവിക്കുന്നതും. പെന്തക്കോസ്തർ മാത്രമല്ല ഇതര മതസ്ഥർ ആയ നിരവധി ആളുകൾ ദിനംപ്രതി വിദേശരാജ്യങ്ങളിലേക്ക് ഉപജീവനത്തിനായി ചേക്കേറുന്നുണ്ട്. ഇതായിരുന്നു അനുഗ്രഹം എങ്കിൽ ഒരോ ക്രിസ്ത്യാനിയും ഓരോ അമ്പാനിയായെനേ.

2.പോരാട്ടം
ബന്ധനം, കെട്ട്, കുരുക്ക്, പോര് ഈ പദസഞ്ചയങ്ങളുടെ പ്രയോഗമാണ് ഈ വിഭാഗത്തിൽ പ്രധാനം. സഹശൂശ്രൂഷകർ, സഹവിശ്വാസികൾ, രക്തബന്ധ സഹോദരങ്ങൾ, അയൽക്കാർ തുടങ്ങിയവരാണ് പ്രധാന ഇരകൾ. പിന്നീടൊരിക്കലും ഈ ആളുകൾ തമ്മിൽ അടുക്കാനാവാത്ത വിധം അകറ്റിക്കളയും ഈ പ്രവചനങ്ങൾ. വല്ലാത്ത പക മനുഷ്യ മനസ്സിൽ കുത്തി നിറയ്ക്കുകയാണ് ഈ പഹയന്മാർ. മനുഷ്യനെ തമ്മിൽ ഭിന്നിപ്പിക്കുന്ന ഈ പ്രവചനങ്ങൾ ഏതാത്മാവിനാലാണ്. ശാപം എന്നൊരു ഉപവിഭാഗം കൂടെ ഇവിടെ ഉണ്ട്. ക്രിസ്തുവിന്റെ ക്രൂശിൽ വിശ്വാസിച്ച ആളുകൾക്ക് യാതൊരു ശാപവും ഇല്ല. സ്വന്ത ഛർദ്ദിക്കു തിരിയുന്ന ശ്വാനന്മാർ എന്ന പ്രയോഗമാണ് ഉചിതം. കിണറിന്റെ സ്ഥാനം, വീടിന്റെ സ്ഥാനം, വീടിന്റെ ദർശനം ഇവയെല്ലാം ഈ കൂട്ടത്തിൽ ചെലവു കൊടുത്ത് മാറ്റേണ്ടിയും വരും.

3.അതിശയം
അതിശയകരമായ പ്രവചനങ്ങളാണ് അടുത്ത വിഭാഗത്തിൽ. പേരു വിളിച്ചു പറയുക, വാഹന രജിസ്ട്രേഷൻ നമ്പർ പറയുക, ഡേറ്റ് പറഞ്ഞു പ്രവചിക്കുക. ഇതിലെ പൊള്ളത്തരങ്ങൾ സാമാന്യ വിവരം ഉള്ള ഏതൊരാൾക്കും മനസ്സിലാവും. ഡേറ്റ് പറയുമ്പോൾ, വർഷത്തിന്റെ ആദ്യ സമയങ്ങളിൽ ഈ വർഷം ആറാം മാസം മുമ്പ് വിടുതലെന്നും വർഷത്തിന്റെ മധ്യഭാഗത്താണെങ്കിൽ ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് വിടുതലെന്നും വർഷത്തിന്റെ ഒടുവിൽ ആണെങ്കിൽ അടുത്ത വർഷത്തിന്റെ പ്രാരംഭ സമയങ്ങളിൽ വിടുതലെന്നും ആണ് യഥോചിതം ഇവരുടെ സമയക്രമം. വീടിന്റെ നിറം, പ്ലാൻ, വൃക്ഷലതാദികളുടെ നില്പ് ഇവയെല്ലാം കൃത്യമായി പറയും. അതൊരു മന്ത്രവാദിക്കും പറയുവാൻ കഴിയും. ആ വക പറഞ്ഞതു കൊണ്ട് എന്തു ഗുണം.? എന്തു മാറ്റം?

ഈ മൂന്നു വിഭാഗങ്ങൾ കൂടാതെ രസകരമായ ഒറ്റപ്പെട്ട വ്യത്യസ്തമായ അനേക കുതന്ത്രങ്ങളും ഉണ്ട്. വിരക്തി ഒഴിവാക്കുന്നു.

ഇതിൽ ചില ആശങ്കകൾ ഉണ്ട് എന്നതു യഥാർത്ഥ്യം. ഭൂതങ്ങൾ കൃത്യമായി പ്രവചനം നടത്തിയതായി തിരുവെഴുത്തിൽ നിരവധി തെളിവുകൾ ഉണ്ട്. ഈ വക പ്രവചനങ്ങൾ ഏത് ആത്മാവിൽ എന്ന് ശോധന ചെയ്യുക അനിവാര്യമാണ്.

തിരുവെഴുത്തും പ്രവചനവും:
ഭാവികാല സംഭവങ്ങൾ മുൻകൂട്ടി പ്രസ്താവിക്കുന്നതാണ് പ്രവചനം എന്നാണ് സാധാരണ ധാരണ. എന്നാൽ അതു മാത്രമല്ല പ്രവചനം. പഴയനിയമ പ്രവചനങ്ങളിൽ അധികവും അന്നത്തെ ജനത്തിന്റെ പാപങ്ങൾക്കെതിരെയുള്ള ശാസനകളും മാനസാന്തരത്തിനുള്ള ആഹ്വാനവും മാനസാന്തരപ്പെടാതിരുന്നാലുള്ള ന്യായവിധികളെപ്പറ്റിയുള്ള മുന്നറിയിപ്പുകളും ആയിരുന്നു. ഇത്തരത്തിലുള്ള ശുശ്രൂഷകൾ ഇന്ന് വിരളമാണ്.
1കൊരിന്ത്യ ലേഖനം 14 അധ്യായം പ്രവചനത്തിന് വ്യക്തമായ വിശദീകരണം നൽകുന്നു.
പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു. എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. ( 1കൊരിന്ത്യർ 14:3-4,24). ആത്മികവർദ്ധന, പ്രബോധനം, ആശ്വാസം, പാപബോധം എന്നിവ പ്രവചനം മൂലം ഉണ്ടാകുന്നു എന്ന് പരിശുദ്ധാത്മാവ് പൗലോസിലൂടെ പറയുന്നു. ഈ വക ഫലങ്ങൾ ഒന്നും തന്നെ വർത്തമാന കാല പ്രവചനങ്ങളുടെ വരിധിയിൽ ഇല്ല എന്നതു പരമാർത്ഥം. തിരുവെഴുത്തുമായി അവയ്ക്ക് പുലബന്ധം പോലുമില്ല.
വസ്തുതകൾ ഇപ്രകാരമായിരിക്കെ ഇതിനെ കുറിച്ച് ബോധമില്ലാത്ത ആളുകൾ ചിക്കനും ചോറും കവറും കൊടുത്ത് ഒരു വിഭാഗം കണിയാന്മാരെ സൃഷ്ടിക്കുകയാണ്. നിയോഗം നൽകി വഴി നടത്തുന്ന ദൈവത്മാവിനെ അനുസരിക്കാൻ തയ്യാറായാൽ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാകും. മോഹത്തിലേയ്ക്ക് നയിക്കുന്നവനല്ല പ്രവാചകൻ ദൈവത്തിലേക്കു നയിക്കുന്നവനാണ്. തെറ്റിനു കൂട്ടു നിൽക്കുകയല്ല മടങ്ങിവരാൻ പറയുന്നവൻ. ന്യായവിധികളുടെ ആലോചന പറയുന്നവൻ. ശമുവേൽ പ്രവാചകൻ വന്നപ്പോൾ വരവ് ശുഭം തന്നെയോ എന്ന് ഭയത്തോട് പറഞ്ഞ യിശ്ശായിയും, ഉള്ളതു വെളിപ്പെടുത്തിയപ്പോൾ നീ പ്രവാചകനാണ് എന്ന് ക്രിസ്തുവിനോടു പറഞ്ഞ ശമര്യസ്ത്രീയും നമുക്ക് മുന്നിൽ ഉണ്ട്.

പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.(1യോഹന്നാൻ 4:1) ഒരു വിവേചന വരത്തിനായി പുതു തലമുറ പ്രാർത്ഥിക്കട്ടെ.

ഇവാ. ജിനു തങ്കച്ചൻ, കട്ടപ്പന

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.