ലേഖനം: കലഹിക്കുന്നവരുടെ ദൈവം

ജോസ്ഫിൻ രാജ് എസ്. ബി

ലഹിക്കുന്നവർ പ്രവാചകന്മാരാണ്, കലഹിക്കുക എന്നത് പ്രവാചക ദൗത്യവും.
മേഴാള വർഗത്തിന്റെ അനീതികളോട് സമരസപ്പെടാത്തവരാണ് കലഹിക്കുന്നവർ. അതിന് തങ്ങളുടേതായ കാരണമുണ്ട്. തങ്ങളുടെ അതിരുകളെ പൊളിക്കുകയും, അസ്തിത്വത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്നതിനെതിരെയുള്ള പ്രധിരോധമാണത്. ഗാന്ധി കാട്ടിയ നിസഹകരണങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ കലഹിക്കുന്നവന്റെ കൈയിലെ ചെറിയൊരു ആയുധമാണ്. തങ്ങളുടെ സ്വത്വത്തെ ഹിoസിക്കുന്ന ചൂഷിതർക്ക് നേരെയുള്ള തിരിച്ചറിവും വിവേകവുമാണത്. തങ്ങളെ നീതിയോടെ നയിക്കേണ്ടവർ കൈത്താങ്ങേണ്ടവർ തച്ചുടയ്ക്കുവാനും തകർത്തുകളവാനും തളർത്തുവാനും അധികാരം കൈയടക്കാനും കയ്യാളാനും ശ്രമിക്കുമ്പോൾ അരിയപ്പെടുന്നത് പറക്കാൻ വെമ്പുന്ന ചിറകുകളാണെന്ന് തിരിച്ചറിയാറില്ല. ഈ തിരിച്ചറിവ് അവരെ ബോധ്യപ്പെടുത്തുകയാണ് കലഹക്കാരുടെ ദൗത്യവും.

പുതിയ നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് മേൽക്കോയ്മ എല്ലായിടവും ആഴ്ത്തിയിറക്കുവാൻ സാമ്രാജ്യത്വ ശക്തികൾ ശ്രമിക്കുമ്പോൾ ആവുന്നിടത്തോളം അവർക്ക് കലഹിക്കാനല്ലാതെ മറ്റെന്ത് ചെയ്യാൻ? തെരുവുകളിലും, കലാലയങ്ങളിലും തങ്ങളുടെ ഉൺമ വെളിപ്പെടുത്താൻ കഴിവുള്ളിടത്തോളം മരണ വെപ്രാളപ്പെടുമ്പോൾ, പോലീസിന്റെയും പട്ടാളത്തിന്റെയും കൂട്ട് പിടിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് കടൂരമായ പൈശാചികത്വമാണ്. ദൈവീകത്വം ഒട്ടും തന്നെ ഈ അടിച്ചമർത്തലുകൾക്ക് ഇല്ല.

ദൈവം ഇങ്ങനെ കലഹിക്കുന്നവന്റെ ദൈവമാണ്. ഒരു ആവേശഭരിത വാക്യമാണ് ഇതെന്ന് എനിക്കറിയാം. തെറ്റായ രീതിയിലുള്ള കലഹമല്ല. മേഴാള വർഗ്ഗത്തിന്റെ ചിന്തയിലാണ് കലഹമെന്നും രേഖപ്പെടുത്താറുള്ളത്. “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി” എന്ന് അപ്പൊ. പ്രവൃത്തികൾ 17:6ൽ രേഖപ്പെടുത്തിയതും അതേ പശ്ചാത്തലത്തിലാണ്. എന്നിരുന്നാലും ദൈവo ആരുടെ വശത്താണ് എന്ന ചോദ്യത്തിന് പെറുവിയൻ ദൈവശാസ്ത്രജ്ഞനായ ഗുസ്താവോ ഗൂട്ടെരീസുo കറുത്ത വർഗ ദൈവശാസ്ത്ര ഉപജ്ഞാതാവ് ജെയിംസ് കോണും സമർഥിക്കുന്നത് “മർദ്ദിതരുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും ദൈവമെന്നാണ്”. അതെ ദൈവം, പാർശ്വവൽക്കരിക്കപ്പെട്ട കലഹിക്കുന്നവരുടെ ദൈവമാണ്. അതിനാൽ കലഹിക്കുവരുടെ പക്ഷത്ത് നിന്നുകൊണ്ട് ചിന്തിക്കുക എന്ന ഒരാഹ്വാനവും മാറ്റി നിർത്താനാവില്ല. ഉൺമയെയും ഉയിരിനെയും ഹനിക്കുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് അനുവദിക്കില്ല എന്നു തന്നെ.

തിരുവചനത്തിലെ പ്രവാചകന്മാരെ എല്ലായ്പ്പോഴും കലഹിക്കുന്നരായാണ് രേഖപ്പെടുത്തുന്നത്. രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും പൊള്ളത്തരങ്ങളെയും തെറ്റായ നയങ്ങൾക്കെതിരെ എന്നും കലഹിക്കുകയാണ് പ്രവാചകർ ചെയ്തിട്ടുള്ളത്… കള്ള പ്രവാചകന്മാരല്ലാതാനും! ക്രിസ്തുവിന്റെ പ്രവാചക ദൗത്യം ഇതിൽ നിന്നും വ്യത്യസ്തമല്ലായിരുന്നു. ശാസ്ത്രിമാരോടും പരീശ മതക്കാരോടും കലഹിച്ച ക്രിസ്തു, യെരുശലേം ദേവാലയത്തിലെ കൊള്ളരുതായ്മയോട് സമരസപ്പെടാതെ കലഹിച്ചപ്പോൾ പ്രവചന കൊടുമുടിയുടെ രൗദ്രഭാവമായിരുന്നു അത്.

പ്രവാചകർക്ക് ലഭിച്ചത് കൈയടികളായിരുന്നില്ല, കാരണം അവരുടെ പ്രസംഗങ്ങളും നിലപാടുകളും കരഘോഷത്തിനു വേണ്ടിയുള്ളതല്ലായിരുന്നു, മറിച്ച് നീതിയോടെയുള്ള സമൂഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ളവയായിരുന്നു. പ്രവാചകർക്ക് ലഭിച്ചത് കല്ലുകളും വാളുകളുമായിരുന്നു. ക്രൂശ് കലഹിക്കുന്നവന്റെ പരമോന്നത ബഹുമതിയാണ്.
ചിലപ്പോഴെങ്കിലും നമ്മുടെ ദൈവശാസ്ത്രങ്ങൾക്ക് ഒരധിനിവേശ പ്രസരിപ്പും ചുവയുമുണ്ട്. അതിനൊരു പൊളിച്ചെഴുത്തും അറുതിയും വരുത്തേണ്ടതുണ്ട്. ഈ ലേഖനമെഴുതുമ്പോൾ തുലികയുടെ മുനമ്പ് ഇടയ്ക്കിടെ ഒടിഞ്ഞു പോകാറുണ്ടായിരുന്നു. പ്രവാചക ദൗത്യം ഏറ്റെടുത്തിട്ടുള്ളവർ നൽകപ്പെട്ട ഉത്തരവാദിത്തങ്ങൾ മുഖം നോക്കാതെ നടപ്പാക്കുമ്പോൾ തുലികയുടെ മുനമ്പിന് ദൃഢത കൈവരും.
കേട്ടു തഴമ്പിച്ച ഒരു കഥയോടു കൂടെ ഇത് അവസാനിപ്പിക്കാം. രാജാവിന്റെ സകല പ്രവൃത്തിക്കും സ്തുതിപാടുന്ന പ്രജകൾ. ഒരു നാൾ രാജാവ് വസ്ത്ര വിഹീനനായി നിന്നിട്ട് പ്രജകളോട് ചോദിച്ചു തന്റെ വസ്ത്രം എങ്ങനെയുണ്ടെന്ന്? വസ്ത്രത്തിന്റെ മനോഹാരിത വർണ്ണിക്കാൻ പ്രജകൾ മത്സരിച്ചു. എന്നാൽ ജനത്തിനിടയിലെ ഒരു ബാലൻ കൈ കൊണ്ട് വാ പൊത്തി വിളിച്ചു പറഞ്ഞു “അയ്യേ … നമ്മുടെ രാജാവ് നഗ്നനാണ്”. നാട് നടുങ്ങി! ബാലകാ … നീയാണ് കാത്തിരുന്ന പ്രവാചകൻ .

റവ. ജോസ്ഫിൻ രാജ് എസ്. ബി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.