ലേഖനം: വിരുത് പ്രാപിക്കാത്ത വിരുതന്മാർ

സിനീഷ് സെബാസ്റ്റ്യൻ, അടിമാലി

സ്ഥാപിത താല്പര്യങ്ങളുടെ സ്വയനിർമിത പാതകളിലൂടെ ഉലകത്തിന്റെ മായക്കാഴ്ച കൺനിറയെ കാണാനിറങ്ങി തിരികെ വരാനാവാതെ വഴിത്തലക്കൽ ഒടുങ്ങിയവരെയും ഏറിയ നഷ്ടങ്ങളോടെ വല്ല വിധേനയും മടങ്ങി വന്നവരെയും വിശുദ്ധഗ്രന്ഥത്തിന്റെ വരികൾക്കിടയിൽ വായിച്ചെടുക്കാൻ കഴിയുന്നു. നവോമിയും യോനയും യെരീഹോവിലേക്ക് പോയ വഴിയാത്രക്കാരനും പിതൃഭവനം വിട്ടുപോയ ഇളയമകനുമൊക്കെ ഇവരിൽ ചിലർ മാത്രം. സമകാലിക ലോകത്തിൽ സമാനതയുള്ള സമാന്തര പാതകളിലൂടെ സഞ്ചരിക്കുന്ന യുവതലമുറയെ കാണുമ്പോൾ അപകട മുന്നറിയിപ്പുകൾ ഗണ്യമാക്കുന്നില്ലേ ഇവർ എന്ന് തോന്നിപ്പോകുന്നു. ചരിത്രത്തിന്റെ താളുകളിൽ രസകരമായ അനുഭവങ്ങൾ കോറിയിട്ട തൂലികയല്ല വേദപുസ്തക രചയിതാക്കളുടേത്. ആത്മനിയോഗത്തോടെ അപകടമുന്നറിയിപ്പുകൾ നൽകുകയായിരുന്നു അവർ ഈ സംഭവങ്ങളിലൂടെ. ലക്ഷ്യം തെറ്റി യാത്ര ചെയ്തവർക്ക് എന്ത് സംഭവിച്ചു എന്ന് അറിഞ്ഞിരിക്കുന്നത് അങ്ങനെയൊന്നു സംഭവിക്കാതെ സൂക്ഷിക്കാൻ സഹായിക്കും.
1.തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങൾ
പിതൃഭവനം വിട്ടുപോയ മകനെ സംബന്ധിച്ചിടത്തോളം ലഭിച്ച സ്വത്തിൽ നിന്ന് കുറച്ചൊക്കെ ചെലവഴിക്കാമെന്ന് കരുതിയായിരുന്നു അവന്റെ യാത്ര. പക്ഷെ കയ്യിലുണ്ടായിരുന്നത് മുഴുവൻ തീർന്നുപോകുകയും പിന്നീടത് നേടാൻ കഴിയാതെ പോകുകയും ചെയ്തു. അഭിമാനബോധം പോലും പണയപ്പെടുത്തി പലരുടെയും ആശ്രിതനായി കഴിയേണ്ടിവന്നു. നവോമിക്ക് സംഭവിച്ചതും വ്യത്യസ്തമായിരുന്നില്ല. കുറച്ചു കാലം മോവാബിൽ പാർത്തു ക്ഷാമം മാറുമ്പോൾ മടങ്ങിവരാമെന്ന കണക്കുകൂട്ടലുകൾ പിഴച്ചു. ഭർത്താവും രണ്ടാണ്മക്കളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. യെരീഹോവിലേക്കുള്ള വഴിയിൽ കള്ളന്മാർ അപഹരിച്ചതും യോനയുടെ യാത്രയിൽ കടലിൽ തള്ളിയ ചരക്കുകളും പിന്നീടൊരിക്കലും തിരികെ കിട്ടിയില്ല. ആത്മീയവെളിച്ചം അകത്തുണ്ടായിട്ടും അതിനെയവഗണിച്ചു ഇരുട്ടിലേക്ക് തുഴയുന്നവരെ, നേരിടാൻ പോകുന്ന നഷ്ടങ്ങൾ തിരിച്ചെടുക്കാനാവാത്തതാണെന്നു നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
2.സങ്കല്പിക്കാനാവാത്ത അശുദ്ധി
പത്താം തലമുറ പോലും തിരുസന്നിധി കാണരുതെന്ന് തമ്പുരാൻ കല്പിച്ച മോവാബ്യരുടെ നാട്ടിലേക്കായിരുന്നു നവോമിയുടെ യാത്ര. മ്ലേച്ഛതകളുടെയും അന്യദൈവാരാധനയുടെയും ഈറ്റില്ലങ്ങളിൽ വിശുദ്ധിക്ക് കോട്ടം തട്ടാതെ എങ്ങനെ ജീവിക്കാൻ കഴിയും? സോദോമിലെ പാപപ്രവൃത്തി കണ്ടും കേട്ടും വലഞ്ഞുപോയ ലോത്തിനെപ്പോലെ പ്രതീക്ഷിക്കാത്ത അശുദ്ധിയുടെ അഴുക്കുചാലിൽ വീണുപോയവർ എത്രയോ. യഹൂദന് ഏറ്റവും അശുദ്ധമായ മൃഗങ്ങളിലൊന്നിന്റെ സംരക്ഷകനാകേണ്ടി വന്ന ഗതികേട് യാത്രയുടെ ആരംഭത്തിൽ പ്രതീക്ഷിച്ചിരുന്നില്ലല്ലോ. അതിരുകവിഞ്ഞ അശുദ്ധിയിലേക്ക് ആദ്യചുവട് വെക്കുമ്പോഴേ വിലക്കിന്റെ വാക്കുകൾ മനസ്സിലുണരട്ടെ.
3.തിരികെ വരാൻ കഴിയാത്തത്ര ദൂരം
ഇഷ്ടമുള്ളപ്പോൾ മടങ്ങിവരാമെന്ന കണക്കുകൂട്ടലിൽ പലരും ആയിരിക്കുന്നു. പാപസ്വഭാവങ്ങൾക്ക് പലതിനും പ്രാരംഭ ചുവട് വെക്കുമ്പോൾ എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാൻ കഴിയും എന്ന കപടമായ ഒരു ആത്മവിശ്വാസം ഉള്ളിലുണ്ടാകും. എന്നാൽ അഡിക്ഷനുകൾ പലതും അവസാനിപ്പിക്കാൻ പെടാപ്പാട് പെടുന്നവരെ കാണുമ്പോൾ തിരിച്ചുനടക്കൽ അത്ര എളുപ്പമല്ലെന്ന് മനസിലാക്കാം. അർദ്ധപ്രാണനായി, വസ്ത്രം പോലും അപഹരിക്കപ്പെട്ട് വഴിയോരത്തു കിടക്കുന്നവൻ എങ്ങനെ മടങ്ങിവരാനാണ്? മടങ്ങി വന്ന നവോമിയെ നോക്കുമ്പോൾ കൂടെപ്പോയവർ എവിടെയെന്നൊരു ചോദ്യമുയരില്ലേ? എല്ലാവരും മടങ്ങിവന്നിട്ടില്ല എന്ന ഉത്തരം ഭീതിജനകമായി തോന്നുന്നു.
യുവത്വത്തിന്റെ പ്രസരിപ്പിൽ ചില വഴികളിലൂടെ സഞ്ചരിച്ചു മടങ്ങി എത്താമെന്ന് കരുതുന്ന വിരുതന്മാരെ, “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുത് പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിക്കാൻ തക്കവണ്ണം ഓടുവിൻ “(1 കൊരി 9:24).

സിനീഷ് സെബാസ്റ്റ്യൻ, അടിമാലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.