ലേഖനം: മാറുന്ന സംവത്സരം മാറാത്ത ദൈവം

ജോസ് പ്രകാശ്

രദേശ പ്രയാണത്തിലെ ഒരു സംവത്സരം കൂടെ അതിവേഗം നമ്മോട് വിട ചൊല്ലി. ഇന്നലെക്കാൾ നാം പ്രിയന്റെ വരവിനോട് ഏറ്റവും അടുത്തു കഴിഞ്ഞു. ദൈവം നമ്മെ പരിപാലിച്ച, കരുതിയ, പുലർത്തിയ വിധങ്ങൾക്ക് അധികമായി നന്ദിയേകുവാൻ പലപ്പോഴും വർഷാവസാനം വരെ നാം കാത്തിരിക്കാറുണ്ട്. എന്നാൽ നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമന്ന ദൈവത്തെ നാൾതോറും നന്ദിയോടെ ഓർക്കുവാനും, സ്തുതിക്കുവാനും നമുക്ക് സാധിക്കണം.

ജനിച്ച നാൾമുതൽ ഇന്നുവരെ പുലർത്തിയ, സകല ദോഷങ്ങളിൽ നിന്നും വിടുവിച്ച ദൈവത്തെ നാൾതോറും ആരാധിച്ചും, സേവിച്ചും, മാനിച്ചും, സ്നേഹിച്ചും ജീവിക്കുന്നവർ പിന്നിട്ട നാളുകളിലെ ദൈവീക സംരക്ഷണം ഓർത്താൽ അറിയാതെ ആനന്ദത്തിൻ അശ്രുപൊഴിയും, നടത്തിയ വിധങ്ങൾക്കായി നന്ദി ചൊല്ലും.

വർഷാരംഭം മുതൽ അവസാന നിമിഷങ്ങൾ വരെ നാഥൻ നടത്തിയ വഴികൾ ഓർത്തിടുമ്പോൾ ഓരോന്നോരോന്നായി വർണ്ണിച്ചീടാൻ വാക്കുകൾ പോരാ.
പ്രാണനെ മരണത്തിൽ നിന്നും കണ്ണിനെ കണ്ണുനീരിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും രക്ഷിച്ച ദൈവത്തിന്റെ സകല ഉപകാരങ്ങൾക്കും നാം എന്തു പകരം കൊടുക്കും?
നമ്മുടെ പ്രാർത്ഥനയും യാചനകളും കേട്ട് ഉത്തരമരുളിയ ജീവിക്കുന്ന മഹാദൈവത്തെ നന്ദിയോടെ സ്തുതിക്കാം. എൻ മനമേ, യഹോവയെ വാഴ്ത്തുക; ദൈവം ചെയ്ത ഉപകാരങ്ങൾ ഒന്നും മറക്കരുതു.

നാം ഇന്നുവരെ നിലനിന്നത് ദൈവത്തിന്റെ കരുണയാലാണ്. ദൈവം നമ്മുടെ പക്ഷത്തും പാളയത്തിലും ഉണ്ടായിരുന്നു സ്തോത്രം. പുതിയ നിയമ യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ ; മനുഷ്യർ നമ്മെ തകർക്കുമായിരുന്നു, വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു. എന്നാൽ വെള്ളത്തിൽകൂടി കടന്നപ്പോൾ നാം യേശുവിൻ കരങ്ങളിലായിരുന്നു. എരിതീയുടെയും അഗ്നിജ്വാലയുടെയും അനുഭവങ്ങളിൽ കർത്തൻ രണ്ടാമനായി കൂടെ ഉണ്ടായിരുന്നു.

സകലവിധത്തിലും കഷ്ടം സഹിച്ചെങ്കിലും നുറുങ്ങിപ്പോകാതിരുന്നത്; ബുദ്ധിമുട്ടിയപ്പോൾ നിരാശപ്പെടാത്തത്,
ഉപദ്രവം അനുഭവിച്ചെങ്കിലും ഉപേക്ഷിക്കപ്പെടാതിരുന്നത്; വീണു പോയെങ്കിലും നശിച്ചുപോകാത്തത് ഉടയോന്റെ സംരക്ഷണം ഒന്നു കൊണ്ട് മാത്രം.

സാഹചര്യങ്ങൾ പലതും മാറി, എന്നാൽ ദൈവം മാറിയില്ല അതുകൊണ്ടാണ് നാം നശിച്ചു പോകാത്തത്. നാം മുടിഞ്ഞു പോകാത്തത് ദൈവത്തിന്റെ ദയ ആകുന്നു. തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ ദൃഷ്ടി ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ എപ്പോഴും നമ്മുടെമേൽ ഉണ്ടായിരുന്നു (വിലാപ 3:22; മലാഖി 3:6).

വൈഷമ്യ മേടുകളിൽ കരം പിടിച്ചു നടത്തിയ ദൈവം നമ്മുടെ കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായിരുന്നു. ബലഹീന വേളകളിൽ ദൈവകൃപ നമ്മെ താങ്ങി. നാം അവിശ്വസ്തരായി തീർന്ന സമയങ്ങളിൽ ദൈവം വിശ്വസ്തനായിരുന്നു.

കഴിഞ്ഞു പോയ സംവത്സരത്തെ നന്മ കൊണ്ട് അലങ്കരിച്ച ദൈവം, നാം നേരോടെ നടക്കുമെങ്കിൽ നവവർഷത്തിലും ഒരു നന്മയും മുടക്കുകയില്ല. നമുക്കായി ചെയ്ത വലിയ നന്മയെ ഓർത്തു ദൈവത്തെ ബഹുമാനിക്കാം. പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടും കൂടെ സേവിക്കാം. പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.

ക്ഷണികമായ എഴുപതോ, എൺപതോ സംവത്സരം മാത്രം ദൈർഘ്യമുള്ള ഈ ആയുഷ്കാലം വേഗം തീരും. മർത്യരെ ദൈവം തിരികെ വിളിക്കും. കാഹളം ധ്വനിക്കുന്ന മാത്രയിൽ മരിച്ചവർ അക്ഷയരായി ഉയിർക്കും. നാം രൂപാന്തരപ്പെട്ടു പറന്നു പോകേണ്ട ആ നല്ല നാഴികക്കായി പ്രത്യാശയോടെ കാത്തിരിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.