ഒരു പുതു വർഷത്തിലേക്കു കൂടി പ്രവേശിക്കാൻ ദൈവം നമുക്കു ഭാഗ്യം നൽകി. നമ്മേക്കാൾ ആരോഗ്യപരമായി ശക്തരായവർ എന്ന് തോന്നിയ പലരും ഭൂമിയിൽ ഇല്ല. ദൈവകരുണയുടെ ആധിക്യം നിമിത്തം ഇന്ന് നാം ഭൂമിയിൽ ഉണ്ട്. ആണ്ടറുതി യോഗത്തിൽ മാത്രം നന്ദി പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഓരോ ശ്വാസത്തിലും നാം നന്ദി പറയാൻ പഠിക്കണം. കാരണം രോഗങ്ങൾ വർദ്ധിക്കുന്നു അതോടൊപ്പം ആശുപത്രികളും. ആധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രികളൂടെ മുൻപിലൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ഹൃദയത്തിൽ പ്രർത്ഥിക്കാറുണ്ട്, കർത്താവേ ഇവിടെ കയറാൻ ഇട വരല്ലേ എന്ന്. പണം എത്രയുണ്ടെങ്കിലുംജീവിതസൗകര്യങ്ങൾ എത്ര അധികം ഉണ്ടെങ്കിലും ആരോഗ്യത്തോടെ, ലഭിയ്ക്കുന്ന ഭക്ഷണം രുചിയോടെ കഴിച്ച്, സുഖമായി ഉറങ്ങാൻ കഴിയുന്ന ഭക്തൻ ഭാഗ്യവാൻ. പലരുടെയും ദുരവസ്ഥ കണ്ട് മനസ്സ് നീറുന്നു. നന്ദി പറയാൻ മടിക്കല്ലേ………..
ഇന്നു പലരും സമ്പാദിച്ചത് പോരാ എന്ന നിലയിൽ ഓടുകയാണു. ഒരു ചാൺ വയറു നിറയ്ക്കാൻ, അല്ല ഒരു നേരം ഒരു വസ്ത്രം ധരിയ്ക്കാൻ, ഒന്നു കയറിക്കിടക്കാൻ ഒരു ചെറിയ കൂരയ്ക്കുവേണ്ടി ഇത്രയും തത്രപ്പാടോ?. ദൈവം പോലും ചിലരുടെ ഓട്ടം കണ്ട് ചിരിക്കുന്നുണ്ടാകും. പുതു വർഷത്തിൽ നമുക്ക് ഒന്നു ശാന്തമായി ചിന്തിക്കാൻ പറ്റുമോ?. വേദപുസ്തകം പറയുന്നു, സംവത്സരത്തെ ദൈവം നന്മ കൊണ്ട് അലങ്കരിയ്ക്കുന്നു (സങ്കീ65:11)അലങ്കരിക്കാൻ ദൈവം ഒരുങ്ങിയിരിക്കുന്നു, നമ്മൾ തിരക്ക് കൂട്ടണോ?. നാം വിനയത്തോടെ ദൈവത്തെ കാത്തിരിക്കാൻ തയ്യാറായാൽ ദൈവം നമ്മെ നാം പ്രതീക്ഷിക്കാത്തതും നമ്മെക്കൊണ്ട് നേടുവാൻ അസാദ്ധ്യമായതുമായ നന്മകൾ കൊണ്ട് അലങ്കരിക്ക മാത്രമല്ല നാം മറ്റുള്ളവരുടെ മുൻപിൽ അത്ഭുതം ആകയും ചെയ്യും. ദൈവം തരുന്ന നന്മകൾ നാം പ്രതീക്ഷിക്കുന്നതുപോലെ ആകണം എന്നില്ല.
ചിലതെല്ലാം ആരംഭത്തിൽ തിന്മ എന്ന് തോന്നാവുന്നതും ദൈവത്തിന്റെ പദ്ധതിയിൽ ഉണ്ടാകും. അത് മനസ്സോടെ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ മാത്രമേ ദൈവം അടുത്ത പടിയിലേക്കു നമ്മെ നടത്തുകയുള്ളൂ. ദൈവം ചെയ്യുന്ന നന്മകൾ വർഷം മുഴുവൻ മാത്രമല്ല, ജീവിതം മുഴുവൻ നമ്മെ ബലപ്പെടുന്നതായിരിക്കും. ഈ ദിനങ്ങളിൽ ദൈവത്തെ കഴിഞ്ഞ കാലങ്ങളിലെ നന്മയായി കൂടി വ്യാപരിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ, കൂടുതൽ വിശ്വസിക്കാനും കാത്തിരിക്കാനും കഴിയുമോ?. എങ്കിൽ ദൈവത്തോട് മനസ്സു തുറന്നു സമ്മതിക്കുക, നീ ചെയ്യുന്നത് നന്മയായാലും തിന്മ എന്നെനിക്കു തോന്നിയാലും ഞാൻ നിന്നെ തെറ്റിദ്ധരിക്കില്ല തള്ളിപ്പറയില്ല. ഇത് ദൈവം കേട്ടുകഴിയുമ്പോൾ ദൈവം നമുക്കു വേണ്ടിയുള്ള അവന്റെ പദ്ധതികൾ ആരഭിച്ച് നമ്മുടെ വരും കാലങ്ങളിലെ അനുഭവങ്ങൾനന്മകൊണ്ട് അലങ്കരിച്ച് നമ്മെ ജയത്തോടെ വഴിനടത്തും. അതിനു ദൈവം സഹായിക്കട്ടെ..
എല്ലാ ക്രൈസ്തവ എഴുത്തു പുര കുടുംബാംഗങ്ങൾക്കും വായനക്കാർക്കും നന്മയുടെയും സ്നേഹത്തിന്റെയും പുതുവത്സരാശംസകൾ നേരുന്നു.
– ഷീലാ ദാസ്, കീഴൂർ.