ലേഖനം: ക്രിസ്തുമസും ദൈവത്തിന്റെ പുതിയ പുറപ്പാടും

സാധാരണക്കാരിലൂടെയുള്ള ദൈവീക പദ്ധതിയുടെ ആവിഷ്കാരം.(ലൂക്കോ 1:26-38)ഒരു പഠനം

ഡോ. ബിജു ചാക്കോ

ന്ന്‌ ഡിസംബർ 25, മാനവചരിത്രത്തിലുള്ള ദൈവത്തിന്റെ പരമ പ്രധാനമായ ഇടപെടലിന്റെ ആഘോഷവും അയവിറക്കലുമാണ് ക്രിസ്തുമസ്. ലോക സ്ഥാപനത്തിന് മുമ്പേ സർവ്വജ്ഞാനിയായ ദൈവത്തിന്റെ രക്ഷാ പദ്ധതിയിലുണ്ടായിരുന്നതും, കാലസമ്പൂർണതയിൽ വെളിപ്പെട്ടുവന്നതുമായ നിർണായക സംഭവമാണ് ക്രിസ്തുമസ്. യേശുക്രിസ്തുവിന്റെ ജനനം എന്നത് ദൈവത്തിന്റെ പുതിയ പുറപ്പാടും(Exodus)നിർണായക സന്ദർശനുവുമാണ്‌. സമാന്തര സുവിശേഷകരിൽ(synoptic evangelist)രണ്ട് പേർ യേശുവിന്റെ ജനനത്തെയും സാധാരണക്കാരിലൂടെ വെളിപ്പെട്ട ദൈവീക പദ്ധതികളെയും വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ നിത്യ രക്ഷാ പദ്ധതിയുടെ ആവിഷ്ക്കാരം സാധാരണക്കാരിലൂടെ നടന്നു എന്നത്, ദൈവത്തിന്റെ കൃപയുടെ വലിപ്പവും ആഴവുമാണ്. ദൈവകൃപ സാധാരണക്കാരിലൂടെ പ്രാന്തവൽക്കരിക്കപ്പെടുന്നതിലൂടെ, അശരണരായവരിലൂടെ വർഷിക്കപെടുന്ന ഈ സംഭവം ലൂക്കോസ് സുവിശേഷകനാണ് അതീവ പ്രാധാന്യത്തോടെ രേഖപെടുത്തിയിട്ടുള്ളത്. ആയതിനാൽ ലൂക്കോസിന്റെ സുവിശേഷത്തിലെ 1:26-38 വരെയുള്ള ഭാഗങ്ങൾ പഠന വിധേയമാക്കി, ദൈവത്തിന്റെ പുതിയ പുറപ്പാടായ ക്രിസ്തുമസ്സിൽ, മാനവ ചരിത്രത്തിലുള്ള ദൈവത്തിന്റെ നിർണായകമായ ഇടപെടലിൽ സാധാരണക്കാരെയും പ്രാന്തവൽക്കരിക്കപ്പെട്ടവരെയും എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിവരിക്കുകയായാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ലൂക്കോസിന്റെ സുവിശേഷം, പണ്ഡിതന്മാരുടെ അഭിപ്രായ സമന്വയ പ്രകാരം, യഹൂദേതര സമൂഹങ്ങളിലുളള ക്രിസ്തീയ ഭൗത്യത്തിന്റെ പച്ഛാത്തലത്തിൽ(70 കളുടെ അവസാനത്തിലോ, 80 കളുടെ ആദ്യ വർഷങ്ങളിലോ)രചിക്കപ്പെട്ടു എന്ന് അഭിപ്രായപ്പെടുന്നു. ഇതര സുവിശേഷങ്ങളിൽ നിന്നും വ്യത്യസ്തമായി, മനോഹരമായ ഗ്രീക്ക് ഭാഷയിലുള്ള ആഖ്യാനം, ലേഖകന്റെ മാതൃഭാഷ ഗ്രീക്കായിരുന്നു എന്ന് വെളിപ്പെടുത്തുന്നു.
ലൂക്കോസ് സുവിശേഷകൻ യേശുക്രിസ്തുവിന്റെ ഐഹിക ശുശ്രൂഷയുടെ ദൃക്‌സാക്ഷി ആയിരുന്നില്ല. അതുകൊണ്ട് വ്യക്തമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ, വരമൊഴിയായും വാമൊഴിയായും ലഭ്യമായ എല്ലാ ഉറവിടങ്ങളും സൂക്ഷ്മ വിശകലനം ചെയ്ത്, ഒരുപക്ഷെ പലരിൽ നിന്നും വ്യക്തമായി പലയാവർത്തി മുഖാമുഖം വിവരങ്ങൾ ശേഖരിച്ചിട്ടാകണം സുവിശേഷമെഴുതിയത് (ലൂക്കോ 1:1-4). ലൂക്കോസിന്റെ ക്രിസ്തുമസ് വിവരണം സാധാരണക്കാരിലൂടെയുള്ള ദൈവീക പദ്ധതിയുടെ ആവിഷ്കാരത്തിന്റെ വിവരണമാണ്. റോമൻ സാമ്രാജ്യത്തിലെ പ്രസിദ്ധമായ ഗലീലി പട്ടണത്തിലെ കൊച്ചു ഗ്രാമമായ നസ്രത്തിൽ നിന്നുള്ള മറിയയാണ് ഈ വിവരണത്തിലെ പ്രധാന പങ്ക് നിർവഹിക്കുന്നത്. നഗരത്തിന് വെളിയിലുള്ള ആട്ടിടയന്മാരാണ് ആദ്യമായി ഈ സന്ദേശം ഉൾക്കൊള്ളുന്നത്. പ്രാന്തവൽക്കരിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ആളുകളിൽ ദൈവീക പുറപ്പാടിന്റെ പുത്തൻ ആവിഷ്കാരമായ ക്രിസ്തുമസിന്റെ വെളിപ്പാടിൽ സന്തോഷാതിരേകത്താൽ സംഗീതാത്മകമായ ചലനം ഉളവാക്കുന്നു. പക്ഷെ അധികാരവർഗങ്ങളിൽ അത് പുതിയ ഭയങ്ങളും വിഭ്രമങ്ങളും ജനിപ്പിക്കുന്നു. ലൂക്കോസ് 1:26-38വരെയുള്ള ഭാഗങ്ങൾ മറിയ എന്ന കൗമാരക്കാരിയെ ദൈവീക പദ്ധതിയുടെ ആവിഷ്കാരത്തിനായി, ദൈവവത്തിന്റെ പുതിയ പുറപ്പാടിനായി ദൈവമെങ്ങനെ ചാലകമാക്കി എന്ന് വിവരിക്കുകയാണ്. ആയതിനാൽ ദൈവത്തിന്റെ പുതിയ പുറപ്പാടിന്റെ ചാലകങ്ങളായി, ഉപകരണങ്ങളായി എല്ലാവർക്കും മാറുവാൻ കഴിയുമെന്നാണ് ഇതിന്റെ സാരം. ഇതെങ്ങനെ സാധിക്കും?അല്പ്പം വിശദീകരിക്കാം..

ഒന്നാമതായി ക്രിസ്തുമസ് സാധാരണക്കാരിലൂടെ പകരപെട്ട ദൈവീക കൃപയുടെ ചരിത്രമാണ്.
ലൂക്കോസ് 1:26-38 വരെയുള്ള ഭാഗങ്ങൾ യേശുവിന്റെ ജനനത്തെ കുറിച്ചുള്ള വിളംബരമാണ്. ഒന്നാം അധ്യായത്തിന്റെ ആദ്യ ഭാഗങ്ങളിൽ സ്നാപക യോഹന്നാന്റെ ജനനത്തിന്റെ വിളംബരം സെഖര്യാവ് എന്ന വൃദ്ധനായ പുരോഹിതന് ലഭിക്കുന്നു. വളരെ പ്രാർത്ഥനകളുടെ ഉത്തരമെന്നോണമാണ് ഈ ജനനത്തെ കുറിച്ചുള്ള പ്രവചന വിളംബരം നടക്കുന്നത്.എന്നാൽ യേശുവിന്റെ ജനനത്തെ ക്കുറിച്ചുള്ള ഈ വിളംബരം തികച്ചും അപ്രതീക്ഷിതമാണ്. ഇത് മറിയ എന്ന കൗമാരക്കാരിക്കാണ് ലഭിക്കുന്നത്. തച്ചനായ ജോസഫിന് വിവാഹനിച്ഛയം ചെയ്തവളാണ് മറിയ. പെൺക്കുട്ടികൾക്ക് 12 മുതൽ 13 വയസ്സാകുമ്പോഴാണ് വിവാഹനിച്ഛയം നടത്തുന്നത്. മറിയ ജീവിച്ചിരുന്നത് നസ്രേത്ത്‌ എന്ന കൊച്ചു ഗ്രാമത്തിലാണ്. ഇത് ഗലീലയുടെ ഭാഗമെന്നത് ഈ പ്രദേശത്തിന്റെ അവഗണയുടെ വിവരണമാണ്. ഗലീലി ഇരുട്ടിന്റെയും അന്ധതമസ്സിന്റെയും പ്രദേശമായും ജാതികളുടെ പ്രദേശവുമായാണ്(മത്തായി 4:16)അറിയപ്പെട്ടിരുന്നത്. വിശേഷിച്ച് നസ്രേത്തിൽ നിന്ന് നന്മയെന്തെങ്കിലും വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല(യോഹന്നാൻ 1:46). ഇങ്ങനെയുള്ള പ്രദേശത്ത്‌ താമസിച്ചിരുന്ന സാധാരണക്കാരിയായ ഒരു കൗമാരക്കാരിയുടെ അടുക്കലേക്ക് ദൈവത്തിന്റെ പുത്തൻ പുറപ്പാടിന്റെ നിർണായകമായ വിമോചനത്തിന്റെ ദൂതുമായി ദൈവം തന്റെ ദൂതനെ അയക്കുന്നു. ദൈവത്തിന്റെ കൃപയെക്കുറിച്ച്‌ അവളോട്‌ അറിയിച്ചു. ‘കൃപാലഭിച്ചവളെ’ എന്ന സംബോധന, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പായ പ്രഖ്യാപനം മുതലായവ ഹന്നയ്ക്ക് ലഭിച്ച നിയോഗത്തെയും ശാമുവേൽ എന്ന പ്രവാചകന്റെ ജനനത്തെയും പ്രതിബിബിക്കുന്നതാണ്. ആയതിനാൽ പ്രത്യേക നിയോഗത്തിനായുള്ള “കൃപാമാരിയായി” ഇതിനെ കണക്കാക്കാം.

മറിയ ഈ വന്ദനത്തിൽ സംഭ്രമവും ചിന്തയക്കുഴപ്പങ്ങളും ഉള്ളവളായി. കാരണം അപ്രതീക്ഷതമായ സംഭവങ്ങളിലൂടെയാണ് യഹൂദ രാജ്യം ഇപ്പോൾ കടന്നുപോയ്കൊണ്ടിരിക്കുന്നത്. വടക്കേ രാജ്യമായും(ഇസ്രായേൽ) തെക്കേ രാജ്യമായും(യഹൂദാ) രണ്ടായി വിഭജിക്കപ്പെടുന്നനന്തരം നൂറ്റാണ്ടുകളായി ഈ പ്രദേശം അധിനിവേശ സാമ്രാജ്യങ്ങളുടെ അടിമത്തത്തിൽ ആയിരുന്നു. മഹാനായ അലക്‌സാണ്ടറുടെ മുന്നേറ്റമാണ് യഹൂദാ ദേശതിന്റെ പില്ക്കാല ചരിത്രത്തിൽ നിർണായകമായത്. അലക്‌സാണ്ടറുടെ മരണശേഷം വിശാലമായ യവനായ(ഗ്രീക്ക്)സാമ്രാജ്യം കസാന്റർ, ലിസിമാക്ക്സ്‌, ടോളമി, സെലൂക്കാസ്‌ എന്നീ നാല് പട്ടാള മേധാവികളുടെ കീഴിൽ വിഭജിക്കപ്പെട്ടു. ഇതിൽ യെഹൂദയുൾപ്പെടുന്ന പലസ്തീൻ ആദ്യ നൂറ് വർഷക്കാലം ടോളമിയും(ഈജിപ്ഷ്യൻ) പിന്നീടുള്ള വർഷങ്ങളിൽ സെലുക്കസ് വംശവും(syrian) നിയന്ത്രണത്തിലാക്കി. അന്തിയോക്കസ് നാലാമന്റെ(Antiochaus IV Epiphanus) കാലത്ത് ഗ്രീക്ക് ദേവനായ സെയൂസിന്റെ(Zeus) വിഗ്രഹം ദേവാലയത്തിൽ സ്ഥാപിച്ച് പന്നികളെ യാഗമർപ്പിച്ചു. ഇത് മക്കബിയ വിപ്ലവത്തിന് വഴി തെളിച്ചു. തുടർന്ന് മറ്റത്ഥ്യസും പുത്രന്മാരും യെഹൂദ്യയെ സ്വാതന്ത്രമാകുകയും ആലയം ശുദ്ധീകരിക്കുകയും ചെയ്തു. അവരുടെ പിന്തുടർച്ചക്കാരായ ഹിർക്കനസും അരിസ്റ്റോബുലസും തമ്മിലുള്ള അധികാര വടംവലി റോമാ സാമ്രാജ്യത്തിന്റെ ആഗമനത്തിന് വഴിയൊരുക്കി.

ഈ അവടംവലിയിൽ ഹിർക്കാനസിന് ഇദുമ്യനായ(Idumean) ആന്റിപാറ്റേറിന്റെ ഉപദേശവും സഹായവും ലഭിച്ചു.ആന്റിപാറ്റേറിന് രണ്ട് മക്കൾ ഉണ്ടായിരുന്നു: ഫസായേലും ഹെരോദാവും. അരിസ്റ്റോബുലസിന്റെ മകൻ പിൽക്കാലത്ത്‌ യഹൂദയിലെ ഭരണത്തിനെതിരെ നടത്തിയ യുദ്ധത്തിൽ ഹിർകാനസും ആന്റിപാറ്റെറും ഫസായേലും കൊല്ലപ്പെട്ടു. ഹെരോദാവു രക്ഷപെടുകയും റോമിലേക്ക് ഓടിപോകുകയും ചെയ്തു.റോമിൽ ആഭ്യന്തര കലഹം നടക്കുന്ന സമയത്തു ഹെരോദാവ് വളരെ തന്ത്രപരമായി തന്റെ നിലപാടുകൾ മാറ്റികൊണ്ടിരിന്നു. അങ്ങനെ ഒക്‌ടേവിയൻ റോമിന്റെ ഭരണം ഏറ്റെടുത്തപ്പോൾ തന്റെ സുഹൃത്തായിരുന്ന ഹെരോദാവിനെ യെഹൂദയുടെ രാജാവായി നിയമിച്ചു. എന്നാൽ ഇദുമ്യ വംശ ജനായ ഹെരോദാവിനെ യെഹൂദന്മാർ അംഗീകരിച്ചില്ല. അവരുടെ അംഗീകാരം ഉറപ്പിക്കുവാൻ ഹാസ്മോണിയൻ പുരോഹിത കുടുംബത്തിൽ നിന്നും മറിയാമ്‌നയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടു ആൺമക്കൾ ഉണ്ടായി. യെഹൂദന്മാർ തങ്ങൾക്കു ലഭിക്കുവാനുള്ള മശിഹ (വിമോചകൻ ) ഇങ്ങനെ യായിരിക്കാം വരുന്നതെന്ന് വിശ്വസിക്കുവാൻ തുടങ്ങി. എന്നാൽ അധികാര ഭ്രാന്തനായിരുന്ന ഹെരോദാവ് മറിയാമ്‌നയെയും കുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു.

യെഹൂദമലനാട്ടിലുള്ളവർ ഇതിനെതിരെ നടത്തിയ പ്രതിഷേധം വളരെ രസകരമാണ്. പിന്നീട് പിറന്നുവീണ സകല പെൺ കുഞ്ഞു ങ്ങൾക്കും അവർ മറിയ എന്ന പേര് നൽകി. അവരുടെ വിശ്വാസം ഇങ്ങനെ ആയിരുന്നിരിക്കണം. “ഹെരോദാവേ, ഒരു മറി യാംനയെയും കുഞ്ഞുങ്ങളെയും നീ അവസാനിപ്പിച്ചു എങ്കിലും ഇനിയും പിറന്നു വീഴുന്ന ഈ പിഞ്ചു പൈതങ്ങളിൽ ഏതെങ്കിലും ഒരു മറി യയിലൂടെ ഞങ്ങൾക്കൊരു രക്ഷകനെ തരാൻ ദൈവത്തിനു കഴിയും”. അവരുടെ ലളിതവും രൂഢവുമായ വിശ്വാസത്തെ ദൈവം മാനിചെന്ന് വേണം ചിന്തിക്കുവാൻ നസ്രേത്തിലെ മറിയയ്ക്കു ദൈവ ദുതൻ പ്രത്യക്ഷനായി. ഏത് പ്രതിസന്ധിയുടെ നടുവിലും, പ്രതീക്ഷകൾ അസ്തമിചാലും ദൈവത്തിന്റെ പദ്ധതികൾ തകർക്കുവാൻ ആർക്കും സാധ്യമല്ല എന്നപ്രഖ്യാപനമാണീ സന്ദർശനം നൽകുന്നത്.

മറിയയോട് ദൈവദുതൻ ഭയപ്പെടേണ്ട എന്ന സന്ദേശവും ദൈവത്തിന്റെ കൃപ പ്രത്യേകമായി അവളിൽ ചൊരിഞ്ഞിരിക്കുന്നു എന്നും അറിയിച്ചു. ദൈവദൂതൻ അവളെ ദൈവപ്രവർത്തി തിരിച്ചറിയാൻ, സൂക്ഷിച്ചു നോക്കുവാൻ ക്ഷണിക്കുന്നു (behold ). ഒരു രക്ഷകന് ജന്മം നൽകുവാൻ, ദൈവത്തിന്റെ രക്ഷ പദ്ധതിയും പുത്തൻ പുറപ്പാടുമായ ക്രിസ്തുവിനെ ലോകത്തിലേക്ക് അയയ്ക്കുന്ന ഭൗത്യത്തിൽ ഭാഗമാക്കു വാനായിരിന്നു മറിയയുടെ മേൽ ദൈവം പ്രത്യേക കൃപ പകർന്നതു. പ്രാന്ത വത്കരിക്കപ്പെട്ടവരോട് പ്രത്യേകമായും ദൈവത്തിന്റെ പ്രത്യേക രക്ഷാ പദ്ധതി കൺ‌തുറന്നു കാണുവാൻ ആണ് ക്രിസ്മസിലെ നിയോഗം.

ഇതു മാത്രമല്ല, “അവനു യേശു എന്ന പേർ വിളിക്കേണം ” എന്ന പ്രയോഗം അന്നത്തെ പുരുഷ മേൽക്കോയ്മ സംമ്പ്രദായങ്ങൾക്കു ബദലാണ്. സാധാരണമായി പുരുഷൻ മാരാണ് പേര് നൽകുന്നത്. എന്നാൽ പ്രത്യേകമായി ദൈവ കൃപ ലഭിച്ച വേദ പുസ്തക വനിതകൾ അങ്ങനെ പേര് നൽകിയിട്ടുണ്ട്.ക്രിസ്തുമസ് എന്നത് ചരിത്രത്തിന്റെ പ്രക്ഷുബ്ധമായ ഗതി വിഗതികൾക്ക് നടുവിലുമുള്ള ദൈവീക പദ്ധതികളുടെ ആവിഷ്‌കാരമാണ്.ദൈവം ചുരുളഴിച്ചു നൽകുന്ന രക്ഷണ്യ പദ്ധതി ശ്രെദ്ധയോടെ വീക്ഷിക്കുവാനാണ് കൃപാലഭിച്ചവരുടെ മേലുള്ള നിയോഗം.

ഇത് മാത്രമല്ല, ദൈവത്തിന്റെ മാറ്റമില്ലാത്ത രക്ഷാ പദ്ധതിയിൽ ഭാഗമാകുവാനുള്ള ആമന്ത്രണമാണ് ക്രിസ്തുമസ്.തങ്ങൾക്ക് ദൈവകൃപയാൽ ലഭിക്കുന്ന റോളുകൾ ഭംഗിയായി നിവർത്തിക്കുവാനാണ് ഈ നിയോഗം.മറിയ ഈ പുത്തൻ പുറപ്പാടിൽ ഒരു മാതാവിന്റെ, ശിശുവിനെ ഗർഭം ധരിച്ച് ജന്മം നൽകുന്ന അമ്മയുടെ പങ്ക് വഹിക്കുവാനുള്ള നിയോഗം ഏറ്റെടുക്കാൻ നിയോഗിക്കപ്പെടുന്നു.ഇതാണ് ദൈവത്തിന്റെ കൃപ. സാധാരണക്കാരെ സർവ്വശക്തനായ ദൈവത്തിന്റെ രക്ഷാ പദ്ധതിയുടെ ഭാഗമാക്കുന്നു.യോഗ്യത കൊണ്ടല്ല, കൃപയാൽ മാത്രം രക്ഷകനെ ലോകത്തിന് കാണിച്ചു കൊടുക്കുവാനുള്ള ഈ പദ്ധതിയിൽ നമുക്കും ഭാഗമാകാം അതിനായിട്ടാണ് നമ്മുടെ മേൽ കൃപ പകർന്നിരിക്കുന്നത്.

രണ്ടാമതായി “ഇതെങ്ങനെ സംഭവിക്കും? “എന്ന സാധാരണമായ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ക്രിസ്തുമസ്.

ക്രിസ്തുമസിന്റെ തത്വശാസ്ത്രം, ആദർശപരമായ അടിത്തറ എന്നത് “ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലലോ” എന്ന ദൂതന്റെ പ്രഖ്യാപനമാണ്.ദൈവീക രക്ഷാപദ്ധതി കണ്ട്, പേരിട്ട്, അതിന്റെ ഭാഗമാകുവാൻ(behold it, name it and be part of it) മറിയയെ നിയോഗിച്ചപ്പോൾ, ന്യായമായുള്ള ചോദ്യം ഇതെങ്ങനെ സംഭവിക്കുമെന്നായിരുന്നു.

ഇത് മനുഷ്യന്റെ യുക്തി ചിന്തകൾക്കും പ്രകൃതിയുടെ നിയമങ്ങൾക്കും അതീതമാണ്.
ദൂതന്റെ ഉത്തരം ഇത് ആത്മാവിനാൽ സംഭവിക്കുമെന്നുള്ളതാണ്. “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും”എന്നത് ലൂക്കോസിന്റെ എഴുത്തുകളിൽ ഏഴ് തവണ ആവർത്തിച്ച് ഉപയോഗിച്ചിട്ടുള്ള പദമാണ്. പഴയനിയമത്തിലെ യെശയ്യാവ്‌ 32:15;1 ശമുവേൽ 16:13 തുടങ്ങിയ വാക്യങ്ങളുടെ പ്രതിധ്വനിയാണ് ഈ പ്രയോഗം. ആയതിനാൽ തന്നെ ലൈംഗീക ബന്ധമെന്ന അർഥം(sexual) ഈ പ്രയോഗത്തിന് നൽകുവാനാകില്ല. അതോടു ചേർന്നുള്ള പ്രയോഗം “അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും” എന്ന വാചകം സൃഷ്‌ടിയുടെ വിവരണത്തിന്റെ മാറ്റൊലിയാണ്. “ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല”എന്നതിനാൽ ഇതും സംഭവ്യമാണ്. ഒന്നുമില്ലാഴ്മയിൽ നിന്ന് സകലത്തെയും സൃഷ്‌ടിച്ച ദൈവത്തിന്, യേശുവിലൂടെ സകലത്തെയും പുതു സൃഷ്ടിയാക്കുവാനും കഴിയും. അതിനുദാഹരണമാണ് യോഹന്നാൻ സ്നാപകന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പ്. മച്ചിയായവൾക്കു ഗർഭധാരണം ഉണ്ടായി ശിശുവിന് ജന്മം നൽകുന്നു, കന്യക ഗർഭിണിയാകുന്നു. ഒരു ശിശുവായി രക്ഷകൻ ചരിത്രത്തിലവതരിക്കുന്നു, കല്ലറകൾ തുറന്ന് പുനരുത്ഥനത്തിന്റെ ശക്തി വെളിപ്പെടുന്നു, സഭകളെ, സാധാരണക്കാരെ ഈ ഭൗത്യത്തിന്റെ ഭാഗമാക്കുന്നു. സാധാരണക്കാരായ മുക്കുവർ അസാധാരണമായി ഉപയോഗിക്കപ്പെടുന്നു. ഇതെങ്ങനെ സംഭവിക്കും? പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, കാരണം ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ. ലോകത്ത് സംഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്. ദൈവം മനുഷ്യനായി ലോകത്തെ സന്ദർശിച്ചത്. “ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ”എന്ന
ഈ പദപ്രയോഗം ഭാവികാലത്തേക്കുള്ള പ്രവചനമാണ്. ആയതിനാൽ ഇത് മനുഷ്യന്റെ സാധാരണ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. മനുഷ്യന് ദൈവത്തെ അറിയുവാൻ കഴിയുമോ? ദൈവത്തിന്റെ മക്കളാകുവാൻ കഴിയുമോ? ഇതെങ്ങനെ സാധിക്കും? ഇതിന്റെ ഉത്തരമാണ് ക്രിസ്തുമസ്.

മൂന്നാമതായി ക്രിസ്തുമസ് സാധാരണക്കാരുടെ സമർപ്പണത്തിന്റെ മകുടോദാഹരണമാണ്.

മറിയ അനുസരണത്തിന്റെ ആൾ രൂപമായി മാറുകയാണ് സുവിശേഷത്തിന്റെ വിവരണത്തിലൂടെ. ക്രിസ്തുമസിന്റെ മഹത്വവും ഇതിലൂടെയാണ് വെളിവാകുന്നത്. ദൈവകൃപയാൽ ലഭിക്കുന്ന നിയോഗങ്ങൾ ‘ചോദ്യം ചെയ്യാതെ’ ഇതാ ഞാൻ നിന്റെ ദാസി, നിന്റെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞ മറിയെ പോലുള്ള മനുഷ്യരുടെ സമർപ്പണത്തിന്റെ സാക്ഷ്യം. ആയതിനാൽ ദൈവം മറിയയെ നിർബന്ധിതമായി ഏല്പിക്കുകയല്ല, ബലപ്രയോഗത്തിലൂടെ പദ്ധതികൾ ആവിഷ്കരിക്കുയല്ല, പങ്കാളിത്തത്തിലൂടെ സഹകരണത്തിലൂടെ, സമർപ്പണത്തിലൂടെ സ്വയം ദൈവീക നിയോഗത്തിന്റെ ഭാഗമാകുകയാണ്. അവൾ കർത്താവിനെ ഉദരത്തിൽ വഹിക്കുന്നവളായി. ക്രിസ്‌തുമസ്‌ നമുക്കും നൽകുന്ന വെല്ലുവിളി ദൈവീക പദ്ധതികൾക്കായുള്ള സമർപ്പണമാണ്. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.
യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ പുതിയ പുറപ്പാടിനെ സകല മനുഷ്യരിലേക്കും എത്തിക്കുവാനുള്ള ഉപകരണങ്ങളായി നമുക്ക് മാറാം. എല്ലാ വായനക്കാർക്കും നന്മയുടെയും, സമാധാനത്തിന്റെയും,ദൈവകൃപയുടെയും ക്രിസ്‌തുമസ്‌ ആശംസകൾ നേരുന്നു.

ഡോ. ബിജു ചാക്കോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.