- Advertisement -

ലേഖനം: യഥാർത്ഥ ക്രിസ്മസ്

ഡെല്ല ജോൺ

നുനനുത്ത മഞ്ഞുകണങ്ങളുടെ നേർത്ത കുളിര് മനസ്സിലും പ്രകൃതിയിലും നിറച്ചു കൊണ്ടാണ് ഡിസംബർ പുലരുന്നത്. ക്രിസ്മസ് എന്നു കേൾക്കുമ്പോൾ ക്രിസ്ത്യാനിയുടെ ഉള്ളിൽ അറിയാതെ നിറയുന്ന ഒരു ആഹ്ലാദമുണ്ട്. എന്തു കൊണ്ടാണ് ക്രിസ്തുവിന്റെ ജനനം നമ്മിൽ ഇത്ര സന്തോഷമുണർത്തുന്നത്?? സകല ജനത്തിന്റെയും മഹാസന്തോഷമായാണ് അവിടുന്ന് ഈ ഭൂമിയിൽ അവതരിച്ചത്.

Download Our Android App | iOS App

ഇതാ സർവജനത്തിനും ഉണ്ടാവാനുള്ള മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് ദൂതൻ ഇടയൻമാരോട് ഉദ്ഘോഷിച്ചത്.
രണ്ടായിരം വർഷങ്ങൾക്കു മുൻപ് ബേത്ലേഹേമിൽ പ്രഘോഷിക്കപ്പെട്ട ആ മഹാസന്തോഷത്തിന്റെ സദ്വർത്തമാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയുമ്പോഴാണ് യഥാർത്ഥത്തിൽ ക്രിസ്മസ്ന്റെ സന്തോഷം പൂർണമാകുന്നത്.
ചുറ്റുപാടുകളിൽ തെളിയുന്ന നക്ഷത്രവിളക്കുകളുടെ അലൌകികപ്രഭ നമ്മെ ഓർമിപ്പിക്കുന്ന ഒരു നിശബ്ദസാക്ഷ്യമുണ്ട്.. ക്രിസ്തു യാക്കോബിൽ നിന്ന് ഉദിച്ച നക്ഷത്രമാണ്.. ഒരു സാധാരണ നക്ഷത്രമല്ല ശുഭ്രമായ ഉദയനക്ഷത്രം !!ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്ക്.. ഈ ഉദയ നക്ഷത്രം ശോഭ പരത്തേണ്ടത് നമ്മുടെ ഉള്ളിലാണ്.. യേശുവാകുന്ന രക്ഷിതാവ് നമ്മിൽ ഉദയം ചെയ്യുമ്പോൾ നാം ദൈവപ്രസാദമുള്ളവരായി തീരുന്നു.ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് സമാധാനം ലഭ്യമാകുന്നു.. അന്ധതയും നിരാശയും നിറഞ്ഞ ജീവിതം പ്രകാശപൂരിതവും നന്മയുടെ വിളനിലവുമായി മാറുന്നു.
ദൈവത്തോടു കൂട്ടിയിണക്കപ്പെടാത്ത വർ ക്രിസ്മസ് ആഘോഷിക്കുന്നതിൽ ഔചിത്യമില്ല.. ആർഭാടത്തിന്റെ വർണപൊലിമകൾ ചാലിച്ചെടുത്ത ആഘോഷസന്ധ്യകളെക്കാൾ നിങ്ങൾക്കു വേണ്ടി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു എന്ന സന്ദേശം ഹൃദയത്തിൽ ഏറ്റെടുക്കാൻ കഴിഞ്ഞാൽ ഈ ക്രിസ്മസ് അർത്ഥപൂർണമാവും..

post watermark60x60

സന്തോഷവും സമാധാനവും മാത്രമല്ല ക്രിസ്മസിന്റെ സന്ദേശം. അത് ആത്മ സമർപ്പണത്തിന്റെയും കൂടിയാണ്.സ്വയം ത്യജിക്കലിന്റെയാണ്.

അമേരിക്കൻ ചെറുകഥാകൃത്ത് O Henri, The gift of the Magi എന്ന തലക്കെട്ടിൽ എഴുതിയ ഹൃദയസ്പർശിയായ ഒരു കഥയുണ്ട്.വളരെ ദരിദ്രരും എന്നാൽ സ്നേഹസമ്പന്നരും ആയ യുവദമ്പതികളാണ് ജിമ്മും ഡെല്ലയും. ക്രിസ്മസിന് പ്രിയതമന് ഒരു സമ്മാനം കൊടുക്കാൻ വേണ്ടി ഡെല്ല , അവൾ ഏറെ സ്നേഹിക്കുന്ന, എല്ലാമെല്ലാമായ നീണ്ട കേശഭാരം മുറിച്ചു വിറ്റു. ഭർത്താവിന്റെ വാച്ചിന്റെ പഴകി പിഞ്ഞിയ തുകൽ സ്ട്രാപ്പിന് പകരം പുത്തൻ പ്ലാറ്റിനം സ്ട്രാപ്പ് വാങ്ങുന്നു. ജിം ആകട്ടെ അവന്റെ വാച്ച് വിറ്റ് ഡെല്ലയ്ക്കു അവളുടെ നീണ്ട മുടിയിൽ അണിയുവാൻ ഒരു ജോഡി വിലകൂടിയ രത്നം പതിച്ച ക്ലിപ്പുകൾ വാങ്ങുന്നു. ക്രിസ്മസ് സന്ധ്യയിൽ പരസ്പരം സമ്മാനം കൈമാറുമ്പോഴാണ് അവർ ആ വസ്തുത അറിഞ്ഞത്. പ്ലാറ്റിനം ചെയിൻ ഇടുവാൻ ജിം ന് വാച്ച് ഇല്ല. രത്നക്ലിപ്പ് അണിയുവാൻ ഡെല്ലയ്ക്കു മുടിയും ഇല്ല.
നോക്കൂ… ഏറ്റവും പ്രിയമായതിനെ മറ്റൊരാൾക്കു വേണ്ടി ത്യജിക്കുവാൻ തയ്യാറായ ഈ ദമ്പതികൾ നൽകുന്ന ആത്മ സമർപ്പണത്തിന്റെ, ത്യാഗത്തിന്റെ പാഠം ചെറുതല്ല.ഇതു തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം.
സ്വർലോക മഹിമകളെ വെടിഞ്ഞു, താണ ഭൂമിയിൽ ജനിച്ച്, വേഷത്തിൽ മനുഷ്യനായി വിളങ്ങിയ ക്രിസ്തുവിന്റെ സ്നേഹമാണ് ക്രിസ്മസിന്റെ കാതൽ.

ആ നിസ്തുല്യസ്നേഹം, അതുല്യസ്നേഹം തിരിച്ചറിയാൻ കഴിഞ്ഞാൽ ഈ ക്രിസ്മസ് ധന്യമായി!!!!

മനുഷ്യകുലത്തിന്റെ സ്വസ്ഥത നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യനന്മയ്ക്കും ശാശ്വത ശാന്തിയ്ക്കും വേണ്ടി കാലങ്ങൾക്കു മുൻപേ അത്ഭുതകരമായ വഴികളിലൂടെ ഉദയം ചെയ്ത ഈ ശുഭ്രനക്ഷത്രം നമ്മുടെ ജീവിതത്തിലും ഉദിച്ചുയർന്നു ദിവ്യപ്രഭ വിതറി ക്രിസ്മസിന്റെ സന്തോഷം ഓരോരുത്തരിലും അന്വർത്ഥമാകട്ടെ !!

ഡെല്ല ജോൺ

-ADVERTISEMENT-

You might also like
Comments
Loading...