ലേഖനം: ഇടിച്ചു കളവാൻ ഒരു കാലം

ജോസ് പ്രകാശ്

എല്ലാറ്റിനും ഒരു സമയവും; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലവും ഉണ്ട് അതിൽ ”ഇടിച്ചുകളവാൻ ഒരു കാലവും, പണിവാൻ ഒരു കാലവും” ഉൾപ്പെടുന്നു (സഭാപ്രസംഗി 3:3).

ലോത്തിന്റെ കാലത്തെ പ്രത്യേകതകളിൽ ഒന്നായിരുന്നു ”എല്ലാവരും തിന്നും കുടിച്ചും, വിറ്റും നട്ടും, പണിതും” ജീവിച്ചത്. ഇന്നും പലരും പലവിധ നിർമ്മാണത്തിൽ വ്യാപൃതരായിരിക്കുന്നു. അങ്ങനെ ഇടിച്ചു കളയേണ്ടവയെ വിസ്മരിക്കുന്നു. അക്ഷരീക പണികൾ തകൃതിയായി നടക്കുന്നുണ്ട്, എന്നാൽ ആത്മീകമായി പണിയപ്പെടുവാനും ജഡാഭിലാഷത്തെ ഇടിച്ചു കളയുവാനും ഭൂരിഭാഗം പേർക്കും താല്പര്യം തീരെ കുറവായിരിക്കുന്നു.

ആത്മീക, ഭൗതിക ജീവിതത്തിലെ ആവശ്യമില്ലാത്തവയെ ഇടിച്ചു കളഞ്ഞെങ്കിൽ മാത്രമേ ദൈവം നമ്മെ പണിയുകയുള്ളൂ.
സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും നാം ഇടിച്ചുകളയേണം.

മുമ്പെ പ്രകൃതിയാൽ ജാതികളും, ക്രിസ്തുവിനെ കൂടാതെയുള്ളവരും, അന്യരും പ്രത്യാശയില്ലാത്തവരും ആയിരുന്ന നമ്മെ ദൈവമക്കളാക്കുവാൻ വേണ്ടി തടസ്സമായിരുന്ന നടുച്ചുവരുകളെ ക്രിസ്തു ഇടിച്ചു കളഞ്ഞു. ദൂരസ്ഥർ ആയിരുന്ന നമ്മെ സമീപസ്ഥരാക്കുവാൻ വേണ്ടി സ്വജീവൻ നല്കി. എന്നാൽ ഇന്ന് പക്ഷം തിരിഞ്ഞ് ചുമരുകൾ വീണ്ടും പണിയുന്നത് ഖേദകരമല്ലേ…?

സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ദൈവസഭയിലെ അംഗങ്ങളെ ജാതിയും നിറവും നിലവാരവും നോക്കി വേർപെടുത്തുവാൻ ശ്രമിക്കുന്നത് അപകടമല്ലേ…?
മേൽപ്പറഞ്ഞ പലതും ഇടിച്ചു കളയുവാൻ വൈകുന്തോറും ആദ്യനൂറ്റാണ്ടിലെ അനുഭവം വിട്ടു സഭകൾ ജഡീകരുടെ ഉല്ലാസ കേന്ദ്രമാകും.

ആദിമസഭയിൽ ഇല്ലാതിരുന്നതും, ആത്മാവിന്റെ ഫലങ്ങൾ അല്ലാത്തതുമായ സകലത്തേയും വേരോടെ പിഴുതെറിയുവാൻ തയ്യാറാകണം. അല്ലെങ്കിൽ കൈപ്പുള്ള വേരുകൾ മുളെക്കും, കലക്കമുണ്ടാകും, അനേകർ അതിനാൽ മലിനപ്പെടും. ആയതിനാൽ വിളക്ക് കത്തിച്ച് ഒരു ക്രമീകരണം ആവശ്യമാണ്. ഇന്നത്തെ ശുദ്ധീകരണമാണ് നാളത്തെ അത്ഭുതത്തിന് വഴിതെളിക്കുന്നത്.
മാനത്തോടിരിക്കേണ്ട നാം വിവേകഹീനരായാൽ തിരിച്ചറിയാത്ത മൃഗങ്ങളെപ്പോലെ ലജ്ജയായതിൽ അഭിമാനം കൊള്ളുന്നവരാകും.
ഉല്പത്തി മുതൽ വെളിപ്പാടു വരെയുള്ള ഭാഗങ്ങളിൽ നിന്ന് എടുത്ത പേരുകൾ തീർന്ന് ഇപ്പോൾ സ്വന്തം പേരിൽ സംഘടനകളും മിനിസ്ട്രിയും വരെ എത്തിനിൽക്കുന്നു.

യേശുവിനോട് ചേരുവാൻ സ്നാനം ഏല്ക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും; എന്നാൽ അതിൽ തൃപ്തരാകാതെ അത് ഫോട്ടോയെടുത്തു മാസികയിൽ പ്രസിദ്ധീകരിക്കുന്നതും, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ യൂട്യൂബിലൂടെ അത് പരസ്യമാക്കുന്നതും ഇനി എന്നാണ് ഇടിച്ചുകളയുന്നത്.

വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു എന്ന ഗുരുനാഥന്റെ മൊഴികൾ മറന്നു സുവിശേഷീകരണത്തിന് വേണ്ടി ചെയ്യുന്ന ചെറിയ സഹായങ്ങൾ പോലും വലിയ കാഹളമൂതി പ്രസിദ്ധമാക്കുന്നത് ഇടിച്ചു കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ലഘുലേഖകൾ പ്രസിദ്ധീകരിക്കുവാൻ നിർവാഹം ഇല്ലാതെ സാധു സുവിശേഷകർ ആത്മഭാരത്താൽ ജീവിക്കുന്ന നാട്ടിൽ; അല്പദിവസത്തെ ഉപയോഗത്തിന് വേണ്ടി പടുകൂറ്റൻ ഫ്ലക്സുകളും, സിനിമാ പോസ്റ്ററുകളെ വെല്ലുന്ന വിധത്തിലുള്ള കൺവെൻഷൻ നോട്ടീസുകളും അച്ചടിച്ചു സുവിശേഷീകരണത്തിനുള്ള ധനം പാഴാക്കുന്നത് ഇനി എന്നാണ് അവസാനിപ്പിക്കുന്നത്.

നിർമ്മല സുവിശേഷവും കാതലായ ഉപദേശങ്ങളും പ്രാർത്ഥനാ അപേക്ഷകളും കൊണ്ട് നിറയപ്പെടേണ്ട ക്രൈസ്തവ മാസികകളെ പരസ്യത്തിനായും അന്യോന്യം പോരിനു വിളിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്നത് നിർത്തുമോ.

ദൈവത്തിന്റെ ഏറ്റവും മഹത്തായ തിരഞ്ഞെടുപ്പിനെ അവഗണിച്ചുകൊണ്ട് കാശു കൊടുത്തും മോശം വാക്കുകളിലൂടെയും ആവേശത്തോടെ നടത്തുന്ന ലജ്ജിപ്പിക്കുന്ന പരിപാടികൾ ഇടിച്ചുകളയുമോ…?

ദൈവം പ്രസാദിക്കാത്ത ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ഉപയോഗിച്ചതും, ഉപയോഗിക്കുന്നതും നിങ്ങളുടെ പണമായിരിക്കാം. എന്നാൽ ഈ ഭൂമിയും അതിന്റെ പൂർണതയും ദൈവത്തിന്റേതാണ് എന്ന കാര്യം മറന്നുപോകരുത്.

ആകയാൽ നമ്മുടെ പ്രയത്നഫലം നഷ്ടമാകാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിനു പ്രയോജനമില്ലാത്തവ എല്ലാം ഇടിച്ചുകളയാം. വെന്തു പോകേണ്ട ഈ ഭൂമിയിൽ മണലിന്മേൽ പണിയാതെ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കാം.

ക്രിസ്തുവിൽ,
ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.