ഐ.പി.സി. ഡൽഹി സ്റ്റേറ്റ് രജത ജൂബിലി സമ്മേളനങ്ങൾക്ക് തിരശ്ശീല ഉയർന്നു

ന്യൂഡല്‍ഹി: സുവിശേഷരണാങ്കണത്തിലെ 25 വര്‍ഷത്തെ പ്രവര്‍ത്തനമികവോടെ ഐ. പി. സി ഡല്‍ഹി സ്റ്റേറ്റ് രജത ജൂബിലിയുടെ നിറവില്‍. ജൂബിലി സമ്മേളനങ്ങള്‍ ഇന്ന്(06/12/19) മുതല്‍ ഡല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഐ. പി. സി ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ എം തോമസ് ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ 2 കൊരിന്ത്യര്‍ 2 :14 വാക്യത്തെ ആസ്പദമാക്കി, ഡല്‍ഹി സ്റ്റേറ്റിലുള്ള വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് സൗരഭ്യവാസന പരത്തേണ്ടവരാണെന്നും അതുമൂലം അനേകര്‍ കര്‍ത്താവിലേക്ക് ആകര്‍ഷിക്കപ്പെടേണം എന്നും അദ്ദേഹം തന്റെ  ഉദ്ഘാടന സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ കെ. പി ജോസ് എന്നീ കർത്തൃദാസന്മാര്‍ ദൈവവചനപ്രഘോഷണം നടത്തി. പാസ്റ്റര്‍ എം ജെ ഡൊമിനിക് (അബുദാബി), പാസ്റ്റര്‍ സാമുവേല്‍ എം തോമസ്സ്, പാസ്റ്റര്‍ കെ ജോയി എന്നീ അനുഗ്രഹീതരായ ദൈവദാസന്മാരും തുടര്‍ന്നുള്ള മീറ്റിംഗുകളില്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും.
ഉച്ചക്ക് നടന്ന സഹോദരീ സമാജ മീറ്റിംഗില്‍ സിസ്റ്റര്‍ മിനി ജോസ് (ഷാര്‍ജ) വചന ശുശ്രൂഷ നടത്തി. തുടർന്ന് പെനിയേല്‍ ബൈബിള്‍ ട്രെയിനിംഗ് സെന്‍ററില്‍ വിജയകരമായി വചന പഠനം പൂര്‍ത്തിയാക്കിയ 9 പേര്‍  ഗ്രാഡുവേഷനില്‍ പങ്കെടുത്തു പ്രസിഡന്‍റില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു. തുടര്‍മാനമായി നടക്കുന്ന യോഗങ്ങളില്‍ പി. വൈ. പി. എ, സണ്‍ഡേ സ്കൂള്‍ എന്നീ പുത്രികാസംഘടനകളുടെ പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും.

അനുഗ്രഹീത ക്രൈസ്തവ ഗായകന്‍ ഇമ്മാനുവേല്‍ ഹെന്‍ട്രിയോടൊപ്പം അന്‍പതില്‍പരം ഗായകരടങ്ങുന്ന ഐ പി സി ഡല്‍ഹി സ്റ്റേറ്റ് ക്വയര്‍ ഈ മീറ്റിംഗുകളില്‍ ഗാനശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നത് ഈ വര്‍ഷത്തെ സമ്മേളനങ്ങളുടെ മാറ്റുകൂട്ടും. കഴിഞ്ഞ 25 വര്‍ഷം ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍മാനമായി പങ്കാളികളായ ശുശ്രൂഷകന്മാരെയും വിശ്വാസികളേയും രജത ജൂബിലി സമ്മേളനത്തില്‍ പ്രത്യേകം ആദരിക്കുന്നതാണ്.
ഐ പി സി ഡല്‍ഹി സ്റ്റേറ്റിലെ വിവിധ ഡിസ്ട്രിക്റ്റിലുളള ദൈവദാസന്മാരും വിശ്വാസികളും ഉള്‍പ്പെടുന്ന വലിയൊരു ജനാവലി പ്രസ്തുത യോഗങ്ങളില്‍ ആദി മുതല്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. 8-ാം തിയതി രാവിലെ നടക്കുന്ന സംയുക്തആരാധനയില്‍ പാസ്റ്റര്‍ സാം ജോര്‍ജ്ജ് (ഐ.പി.സി ജനറല്‍ സെക്രട്ടറി), ഐ.പി.സി ജനറല്‍ വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് എന്നീ ദൈവദാസന്മാര്‍ പ്രത്യേക ക്ഷണിതാക്കളായി വചന ശുശ്രൂഷ നടത്തും. പാസ്റ്റര്‍ കെ. ജോയിയുടെ (പേട്രണ്‍, ഐ. പി. സി ഡല്‍ഹി സ്റ്റേറ്റ്) നേതൃത്വത്തില്‍ നടക്കുന്ന തിരുവത്താഴ ശുശ്രൂഷയിലും ആയിരങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരിക്കും.
1993 ല്‍ രൂപീകൃതമായ ഐ. പി .സി ചഇഞ, അതേത്തുടര്‍ന്ന് ഐ. പി. സി ഡല്‍ഹി സ്റ്റേറ്റ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്നയോളം നടത്തിയ ദൈവത്തിന് നന്ദി കരേറ്റുന്നതിനായി 8-ാം തിയതി വൈകുന്നേരം 4.30 മുതല്‍ രജത ജൂബിലി നന്ദി പ്രകാശന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കേജരിവാള്‍, ശ്രീ. ആന്‍റോ ആന്‍റണി എം.പി എന്നീ വിശിഷ്ട അതിഥികളോടൊപ്പം ഡല്‍ഹിയിലെ ഇതരപ്രമുഖരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഐ. പി. സി ഡല്‍ഹി സ്റ്റേറ്റിന്റെ നാളിതുവരെയുളള പ്രവര്‍ത്തനങ്ങളെക്കുറിക്കുന്ന സില്‍വര്‍ ജൂബിലി സുവനിയറും പ്രസ്തുത മീറ്റിംഗില്‍ പ്രകാശനം ചെയ്യും. കണ്‍വന്‍ഷന്‍ വേദിക്കരികില്‍ 12 മണിക്കൂറും സജ്ജമായ പ്രാര്‍ത്ഥനാമുറിയും ഈ ദിവസങ്ങളില്‍ ക്രമീകരിച്ചുണ്ട്. ഈ മഹാസമ്മേളനത്തിന്‍െറ വിജയത്തിനും അനുഗ്രഹത്തിനുമായി ഐ.പി.സി ഡല്‍ഹി സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു. 8-ാം തിയതി രാത്രി നടക്കുന്ന രജത ജൂബിലി നന്ദിപ്രകാശന മീറ്റിംഗോടുകൂടെ സമ്മേളനങ്ങള്‍ക്ക് അവസാനമാകും.  ക്രൈസ്തവ എഴുത്തുപുരയോടൊപ്പം  ഹാര്‍വെസ്റ്റ് റ്റി.വി, അഡോണായി മീഡിയ എന്നി മീഡിയകൾ  പ്രസ്തുത സമ്മേളനങ്ങളുടെ ഒഫീഷ്യല്‍ മീഡീയാ സഹകാരികളായി പ്രവര്‍ത്തിച്ചുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.