ലേഖനം: ദൗത്യം മറന്ന സഭ

ബിജു പി. സാമുവൽ

രിക്കൽ ബംഗാളിലെ ഒരു ഗ്രാമത്തിൽ ഭവന സന്ദർശനം നടത്തി നടത്തി അനന്തൊയുടെ ഭവനത്തിൽ എത്തി. 38 വയസ്സുള്ള പ്രായമുള്ള താൻ രണ്ടു വർഷമായി ഒരേ കിടപ്പിലാണ്. 200 കിലോമീറ്റർ ദൂരം അപ്പുറമുള്ള കൽക്കട്ടയിൽ ആണ് ഭാര്യ ജോലി ചെയ്യുന്നത്. ആറിലും നാലിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങൾ . അനന്തോയുടെ മുഖത്ത് ഒരു പുഞ്ചിരിയോ ആദ്യമായി ഞങ്ങൾ ഭവനത്തിൽ എത്തിയതിന്റെ സന്തോഷമോ ഇല്ല. തീർത്തും നിരാശ നിഴലിക്കുന്ന മുഖം. അനന്തൊ കിടക്കുന്ന ആ പായയിൽ ഞങ്ങൾ ഇരുന്നു. സൗഖ്യദായകനായ യേശുവിനെപ്പറ്റി ഒരു സന്ദേശം പറയാൻ ആഗ്രഹിച്ചിരുന്നെങ്കിലും യേശുവിലൂടെയുള്ള പാപക്ഷമയും നിത്യജീവനും ആണ് ഞാൻ അവിടെ പങ്കു വച്ചത്. നന്നായി ഹിന്ദി അറിയാമായിരുന്ന
അനന്തൊ വളരെ ശ്രദ്ധാപൂർവം അതെല്ലാം കേട്ടിരുന്നു.

സന്ദേശത്തിന് ഇടയിൽ അനന്തോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഇനി എന്റെ
മുറി ഹിന്ദി കേൾക്കേണ്ടി വന്നതിലുള്ള സങ്കടം കൊണ്ടും എന്നോടുള്ള സഹതാപം കൊണ്ടുമാണോ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്”.

“അല്ലല്ല, അനന്തോയുടെ ഹൃദയത്തിൽ എവിടെയോ ദൈവവചനത്തിന്റെ വിത്തുകൾ വീണിരിക്കുന്നു”.

മീറ്റിങ്ങിന്റെ അവസാനം ഞങ്ങൾ അനന്തോയ്ക്കായി പ്രാർത്ഥിച്ചു. ഒരു പുതിയ ജീവിതം നയിക്കുമെന്നും ബൈബിൾ വായിക്കുമെന്നും താൻ തീരുമാനമെടുത്തു.

“മരണത്തിനപ്പുറം” എന്ന ട്രാക്ടിനൊപ്പം ഒരു ബംഗാളി പുതിയനിയമവും കുറെ ബംഗാളി ലഘുലേഖകളും ഞങ്ങൾ അയാൾക്ക് നൽകി.

ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ അനന്തോ പറഞ്ഞത് ഞങ്ങളെ കൂടുതൽ ചിന്തിപ്പിച്ചു.
“ഇവിടെ ധാരാളം ആളുകൾ വരുന്നു. പക്ഷേ നിങ്ങൾ മാത്രം എന്റെ പേര് ചോദിച്ചു, എന്നോടൊപ്പം ഇരുന്നു, എന്റെ കുഞ്ഞുങ്ങളെ അടുത്തു വിളിച്ച് അവരെ തലോടി”.

അനന്തോയുടെ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം. ഇനിയും വരണം എന്ന ആഹ്വാനത്തോടെ താൻ ഞങ്ങളെ യാത്രയാക്കി.

നാല് ദിവസം കഴിഞ്ഞുള്ള ഒരു ചൊവ്വാഴ്ച ഞങ്ങൾ അനന്തോയെ കാണാൻ വീണ്ടും ചെന്നു.
വാതിൽക്കൽ തന്നെ തന്റെ സഹോദരൻ നിൽപ്പുണ്ട്. വിവരം അറിയാനുള്ള തീവ്രമായ ആഗ്രഹത്തോടെ ഞങ്ങൾ ചോദിച്ചു.
“എങ്ങനെയുണ്ട് അനന്തോയ്ക്ക്?”

“അത്… അത്…”
തന്റെ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു.

“നിങ്ങൾ വന്ന് പ്രാർത്ഥിച്ചു പോയതിന്റെ രണ്ടാം ദിവസം അനന്തോ മരിച്ചുപോയി”.

“ഓ…മൈ ഗോഡ്..”
എന്തൊരു വാർത്തയാണിത്.

ഉടനെ അനന്തോയുടെ പിതാവ് ഇറങ്ങി വന്നു പറഞ്ഞു.
“മരിക്കുന്നതിനു തൊട്ടു മുമ്പും നിങ്ങളുടെ കാര്യം അവൻ അന്വേഷിച്ചിരുന്നു”.
വലിയ സങ്കടം മനസ്സിനെ നിറച്ചെങ്കിലും അതിനെ കവിയുന്ന ഒരു ആശ്വാസ സന്ദേശം ഹൃദയത്തെ തലോടി.

“അനന്തോയോട് നിങ്ങൾ സുവിശേഷം പങ്കു വെച്ചില്ലായിരുന്നെങ്കിൽ നിത്യജീവനെപ്പറ്റി കേൾക്കാതെ താൻ മരിക്കുമായിരുന്നു”.

മരിക്കുന്നതിന് രണ്ടു ദിവസം മുമ്പെങ്കിലും തന്റെ അടുത്ത് സുവിശേഷം എത്തിക്കാൻ ആയല്ലോ എന്ന ഒരു ആശ്വാസം.

അനന്തോ കർതൃ സന്നിധിയിൽ എത്തിക്കാണുമോ?..
അറിയില്ല.. പക്ഷേ ആ പ്രാർത്ഥന കഴിഞ്ഞപ്പോൾ തന്നെ താൻ സന്തോഷ ഭരിതനായിരുന്നു. സുവിശേഷം കേൾക്കാനുള്ള അവർണ്ണനീയമായ ഭാഗ്യം തനിക്ക് ഉണ്ടായി. പക്ഷേ അതില്ലാതെ എത്രയോ പേർ അനുദിനം നിത്യ മരണത്തിലേക്ക് വീഴുന്നു. സുവിശേഷവുമായി അവരെ സന്ധിക്കാൻ ഉള്ള ദൗത്യത്തിൽ നിന്ന് നമുക്കാർക്കും ഒഴിഞ്ഞു നിൽക്കാൻ ആവില്ല.

ഇന്ത്യയിൽ ഏറ്റവുമധികം സുവിശേഷ വേലയ്ക്ക് സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ.
9 കോടിയിലധികമുള്ള ഈ ജനതതിയെ യേശുവിലേക്ക് നയിക്കാൻ പക്ഷേ വളരെ ചെറിയ ശ്രമങ്ങൾ ആണ് ഇന്നുമുള്ളത്.
വില്യം കേറിയെപ്പോലുള്ള മഹാരഥന്മാർ ഇവിടെ പ്രവർത്തിച്ചിണ്ടെങ്കിലും ആ ദീപശിഖ ഏറ്റുവാങ്ങി അടുത്ത തലമുറയിലേക്ക് പകരുവാൻ നിയോഗം ഏറ്റെടുത്തവർ വളരെ കുറവാണ്. ബംഗാളിലെ നിരവധി ഗ്രാമങ്ങൾ ഇന്നും സുവിശേഷം സ്വീകരിക്കാൻ ഏറ്റവും പാകമായി ഇരിക്കുകയാണ്. പക്ഷേ പോകുവാൻ ആളില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.

നൂറു കണക്കിന് ബൈബിൾ സ്കൂളുകൾ കേരളത്തിൽ ഉണ്ടെങ്കിലും സുവിശേഷം എത്തിപ്പെടാതെ
എന്തേ ഇന്ത്യൻ ഗ്രാമങ്ങൾ ഇന്നും
ഒറ്റപ്പെട്ടിരിക്കുന്നു?. ബൈബിൾ സ്കൂളുകളുടെ ലക്ഷ്യം ഭാരത സുവിശേഷീകരണം തന്നെയാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

പഠനശേഷം
അങ്ങനെയുള്ള ഗ്രാമങ്ങളിൽ ഒരു വർഷമെങ്കിലും പ്രവർത്തിക്കാനുള്ള ദർശനം ലഭിക്കാത്തവർക്ക് വിദേശ ദർശനം ലഭിക്കുന്നതിന്റെ രഹസ്യം എന്തായിരിക്കും?

പത്ത് സുവിശേഷ പ്രതികളും 2 പുതിയ നിയമവുമായി തൊട്ടടുത്തുള്ള വീടുകളിൽ പോലും കയറിയിറങ്ങുവാൻ മടിയുള്ള യുവജനങ്ങൾ ആവേശത്തോടെ
നേതാക്കൾക്ക് വേണ്ടി വോട്ടു തേടി വീടുകൾ തോറും കയറിയിറങ്ങുന്നത് എങ്ങനെ നീതീകരിക്കാനാവും? യൗവനോർജ്ജം യേശുവിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതല്ലേ ശ്രേഷ്ഠം.

സഭ എന്ന പേരിൽ വലിയ മണിമാളികകൾ പണിത് അതിൽ കുറെ
വിശ്വാസികളുമായി മതിമറന്ന് ഇരുന്ന് ആരാധിക്കുകയാണ് നാം. നഷ്ടമാകുന്ന ജനതയെ പറ്റി നമുക്ക് കടമയൊന്നും ഇല്ലെന്നാണോ നാം ധരിച്ചിരിക്കുന്നത്?.

ഇന്ത്യ എന്റെ രാജ്യമാണ് എന്നത് സ്കൂൾ അസംബ്ലിയിൽ അറ്റൻഷൻ നിന്ന് പറയേണ്ട ഒരു പ്രതിജ്ഞ മാത്രമല്ല. ഭാരതത്തോട് നമുക്ക് കടപ്പാടുണ്ട്.
ഇന്ത്യയുടെ പ്രകാശഗോപുരമായി ദൈവം ആഗ്രഹിച്ച ദൈവസഭ പണാധിപത്യത്തിന് പിന്നാലെ പായുന്നത് എത്ര ശോചനീയമാണ്.
ദൈവം സൗധങ്ങളിൽ വസിക്കുന്നില്ല എന്ന് പ്രസംഗിക്കുന്ന നാം എത്ര കോടികളാണ് സഭാ പണി എന്ന പേരിൽ മണ്ണിൽ കുഴിച്ചിടുന്നത്.

സഭാ ഫണ്ടിൽ കുമിഞ്ഞു കൂടുന്ന തുക ചെലവഴിക്കാൻ മാർഗം അറിയാതെ ഫലരഹിത പ്രോജക്ടുകൾ സങ്കൽപ്പിക്കുന്നവർ…
പത്തു വർഷം മുമ്പ് മനോഹരമായി പണിത സഭാ ഹാളിന്റെ ഫാഷൻ പുതുതലമുറയ്ക്ക് പിടിക്കുന്നില്ലത്രേ.
ഭംഗി പോരാ എന്ന ഒറ്റ കാരണത്താൽ ഇട്ട ടൈലുകൾ ഇളക്കി പുതിയവ പ്രതിഷ്ഠിക്കുന്നവർ… സെമിത്തേരിയെ പുണ്യഭൂമി ആക്കാൻ ശ്രമിക്കുന്നവർ…
കയറിക്കിടക്കാനുള്ള ഒരു വീടിനു വേണ്ടി കോടികൾ ചിലവാക്കുന്നവർ… ആസ്ഥാന മന്ദിരങ്ങൾ പണിയാനും ഉള്ളത് മോടി പിടിപ്പിക്കാനും കോടികൾ മുടക്കുന്നവർ…അങ്ങനെ… അങ്ങനെ… ആകാശത്തോളം എത്തുന്ന ഗോപുരം പണിയാൻ ശ്രമിച്ച ബാബേലിനെ ഇടയ്ക്കൊക്കെ നാം ഓർക്കുന്നത് നന്നായിരിക്കും.

വെറും 30 പൈസ വിലയുള്ള ഒരു ബംഗാളി ലഘുലേഖക്കും രണ്ടു രൂപ വിലയുള്ള ഒരു യോഹന്നാന്റെ സുവിശേഷത്തിനുമായി ജനങ്ങൾ കൊതിക്കുമ്പോൾ, കോടികൾ മുടക്കി ഇലക്ഷൻ മാമാങ്കം നടത്തുന്ന ഭക്തർക്കായി ദൈവമുമ്പിൽ കാത്തിരിക്കുന്നത് വലിയ നന്മ ആയിരിക്കും..അല്ലേ?

മിഷ്ണറി പ്രവർത്തനങ്ങൾക്കായി കൊടുക്കുന്നതിനെക്കാൾ അധികം തുക പട്ടിക്ക് തീറ്റ കൊടുക്കാൻ ചിലവഴിക്കുന്നവർ ഉണ്ടെന്ന് വായിച്ചിട്ടുണ്ട്. കുമ്പനാട്-തിരുവല്ല ഭാഗങ്ങളിൽ 480 കോടി രൂപ അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ കിടപ്പുണ്ടെന്ന് ഒരു പത്ര വാർത്ത വന്നതും ഇതിനോട് ചേർത്തു ചിന്തിക്കുക.

എസ്ഥേറിനെപ്പോലെ കൊട്ടാര ജീവിതം നയിക്കുന്ന ഉപദേശിമാരും വിശ്വാസികളുമുണ്ട്. ദൈവം ഉയർത്തിയതിന്റെ മേന്മ പറഞ്ഞിരിക്കാതെ ഭൗതിക നന്മകൾ ഭാരത സുവിശേഷികരണത്തിന് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

നിങ്ങളുടെ അയൽക്കാരൻ ആഹാരമില്ലാതെ മരിക്കുമ്പോൾ നിങ്ങൾ സ്വഭവനത്തിൽ വിഭവസമൃദ്ധമായ ആഹാരം ദൈവം തന്നതാണെന്ന് പറഞ്ഞ് പങ്കു വെക്കാതെ കഴിക്കുമ്പോൾ നിങ്ങളെ ചൊല്ലി ദൈവം സന്തോഷിക്കുമെന്നാണോ കരുതുന്നത്?

ഇന്ത്യയിലെ എല്ലാ പിൻകോഡുകളിലും സഭ സ്ഥാപിക്കാൻ ദർശനവുമായി മുന്നിട്ടിറങ്ങിയ എത്രയോ കേരളസഭകൾ ഉണ്ട്.
കേരളത്തിലെ പെന്തെക്കോസ്തു സഭകളെല്ലാം കൂടിയാലോചിച്ച് ഇന്ത്യയിലെ എല്ലാ പിൻകോഡുകളിലും വേണ്ട, എല്ലാ ജില്ലകളിലെങ്കിലും ഒരു സുവിശേഷകനെ വീതം അയക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എത്ര ഉന്നതമാകുമായിരുന്നു..

ബൈബിൾ സ്കൂൾ പഠനം പൂർത്തീകരിച്ചവർ സുവിശേഷം ഇതുവരെയും എത്താത്ത ഗ്രാമങ്ങളിൽ ഒരു മാസമെങ്കിലും പ്രവർത്തിക്കുവാൻ എത്തിയിരുന്നെങ്കിൽ എത്ര വലിയ മാറ്റം ഉണ്ടാകുമായിരുന്നു?.

ഇപ്പോഴെങ്കിലും അല്ലെങ്കിൽ ഇനി എപ്പോഴാണത് നടത്തുക?

മറക്കരുത്…..
അനന്തോമാർ നിങ്ങളെ കാത്തിരിക്കുന്നു…..

ബിജു പി. സാമുവൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.