ലേഖനം: യഹോവയുടെ കയ്യിലെ പാനപാത്രവും മദ്യപാന ശാസ്ത്രികളുടെ തെളിനീരും

പാസ്റ്റർ സജി നിലമ്പൂർ

സ്തോത്രം ചെയ്തു മദ്യം വിശുദ്ധമാക്കുന്ന ഗ്ലോറിയസ് തത്വക്കാരുടെ വേദിയിൽ സങ്കീർത്തനങ്ങൾ 75:8 വസ്തുതാ വിരുദ്ധമായി വ്യാഖ്യാനിച്ച സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു അച്ചൻ നടത്തിയ പ്രസ്താവന ഇപ്പോൾ വലിയ ചർച്ചയാണല്ലോ.
ജാതികൾ ക്രോധമദ്യം കുടിച്ചു… തെളിനീര് ആര് കുടിച്ചു എന്നതാണ് അച്ചന്റെ ചോദ്യം. പ്രസ്തുത പാനപാത്രത്തിന്റെ സ്വഭാവം അറിഞ്ഞിരുന്നെങ്കിൽ ഈ അബദ്ധചോദ്യം ജനിക്കുമായിരുന്നില്ല. ഈ പാനപാത്രം ദൈവത്തെ മറന്നു കളഞ്ഞു പരസംഗം ചെയ്തു പിന്മാറിപോയ യെരുശലേമിന് വേണ്ടി ദൈവം തന്റെ ക്രോധത്തിൽ കരുതുന്നതാണ്.

ഇതിന്റെ പ്രാരംഭ ഭാഗം കുടിക്കുന്നത് യെരുശലേമും… ശിഷ്ടഭാഗം കുടിക്കുന്നത് യെരുശലേമിനെ ക്ലേശിപ്പിച്ച ജാതികളും ആണ് (യെശയ്യാ 51:17)
യഹോവയുടെ കയ്യിൽനിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക; എഴുന്നേറ്റുനിൽക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.
യെശയ്യാ 51: 21-23 ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക. നിന്റെ കർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യിൽനിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല; നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും.
അവർ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ;.
യെരുശലേം ക്രോധത്തിന്റെ പാനപ്പത്രത്തിന്റെ ഓഹരിക്കാരായി മാറിയതിന്റെ കാരണവും ബൈബിൾ വ്യക്തമാക്കുന്നുണ്ട് (യേഹേസ്കേൽ 23:30 – 31)
നീ ജാതികളോടു ചേർന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും. ആരൊക്കെയാണ് ഇതു കുടിക്കേണ്ടി വരുന്നത് എന്നും ബൈബിൾ പറയുന്നുണ്ട്, (യിരേമ്യാവു 25:15 – 26)
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്ധ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക. അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.
അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കയ്യിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു. ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന്നു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും പ്രഭുക്കന്മാരെയും
മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും സകലപ്രജകളെയും സർവ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയുംഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകലസോർരാജാക്കന്മാരെയും സകലസീദോന്യരാജാക്കന്മാരെയും സമുദ്രത്തിന്നക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികുവടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും മരുവാസികളായ സമ്മിശ്രജാതിയുടെ സകല രാജാക്കന്മാരെയും സകലസിമ്രിരാജാക്കന്മാരെയും ഏലാമിലെ സകലരാജാക്കന്മാരെയും മേദ്യരുടെ സകലരാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന എല്ലാ വടക്കെരാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നേ; ശേശക്ക് രാജാവോ അവരുടെ ശേഷം കുടിക്കേണം.

യഹോവയുടെ ക്രോധമദ്യത്തിന്റെ വീര്യം ആനുകാലിക ശാസ്ത്രിമാരുടെ വിരുന്നുമേശയിലെ നുരയും പതയുമല്ല. മദ്യം വിശുദ്ധമാക്കുന്നവർക്ക് അതു വലിച്ചുകുടിക്കുവാൻ ആണ് വ്യഗ്രത എങ്കിൽ യഹോവയുടെ ക്രോധമദ്യം പകരുന്ന പാനപാത്രം വിഗ്രഹാരാധനയെന്ന പരസംഗം ചെയ്യുന്ന ഏവരും നിര്ബന്ധപൂര്വ്വം കുടിക്കേണ്ടി വരുന്നതാണ്.

മട്ടു നിങ്ങൾക്കും തെളിനീര് ഞങ്ങൾക്കും എന്ന ഭോഷത്വം ആലോചിക്കും മുൻപ് ക്രോധമദ്യം എന്താണെന്നും അതു പകരപ്പെടുന്ന ക്രോധ ദിവസം എപ്പോളാണെന്നും അന്ന് യെരുശലേമിനെ വേദന കൊണ്ട് പുളക്കുമാറാക്കുന്ന ക്രോധത്തിന്റെ വടി ആരാണെന്നും ഒക്കെ തിരിച്ചറിഞ്ഞാൽ തന്നെ ബൈബിളിൽ പറയുന്ന കാര്യങ്ങൾക്കു വില നൽകുന്ന ഏവരും മദ്യം അടക്കമുള്ള സകല ജഡീകതകളിൽ നിന്നും ഒഴിഞ്ഞിരിക്കും

ഇത്രയെങ്കിലും അറിയുക… ഭൂമിയിൽ യഹോവയുടെ ക്രോധദിവസത്തിൽ ക്രോധമദ്യം പകരപ്പെടുമ്പോൾ സഭ സ്വർഗ്ഗത്തിൽ മണവാളനൊപ്പം ആണ്. മട്ടും തെളിനീരും വീതം വെയ്ക്കുന്ന തിരക്കിൽ എതിർക്രിസ്തുവിന്റെ നുകത്തിൻ കീഴിൽ പെട്ടുപോകാതിരിക്കാൻ ജാതീയ ആചാരങ്ങളെ പിൻപറ്റുന്ന പാരമ്പര്യ ക്രിസ്ത്യാനികൾക്ക് ആവുമോ എന്നത് ഒരു ചോദ്യം ആണ്.

ക്രോധമദ്യത്തിന്റെ മട്ടോ… തെളിനീരോ… ഏതെങ്കിലും ഒരു അംശം പാനം ചെയ്യേണ്ടി വരുന്നെങ്കിൽ തീർച്ചയായും ഒന്നുറപ്പിക്കാം ആ വ്യക്തി ഒരുനാളും ദൈവസഭയിൽ ഉൾപെട്ടവൻ അല്ല. മദ്യപാനമടക്കമുള്ള ഏതെല്ലാം കാര്യങ്ങൾ ഒരുവനെ സ്വർഗ്ഗീയ നിത്യതയിൽ നിന്നു അകറ്റുമോ അവയെല്ലാം ക്രോധമദ്യത്തിന്റെ പകർച്ചയിലേക്കുള്ള തെളിഞ്ഞ വിശാല വീഥി കൂടിയാണെന്ന് മറന്നുപോകരുത്.
ആകയാൽ…

മദ്യപാനവും വിഗ്രഹാരാധനയും പോലെയുള്ള ജഡീകതകളെ താലോലിക്കുവാൻ നിൽക്കാതെ കർത്താവിന്റെ മുൻപാകെ നിർമ്മല കന്യകയായി നിൽക്കേണ്ടതിനു ഒരുങ്ങുകയാണ് നമുക്കാവശ്യം.

വേഗം വരുന്നവനായ യേശുക്രിസ്തു മുഖാന്തരം ഏവരും പ്രത്യാശ നിർഭരമായ വിശുദ്ധജീവിതത്തിനായി ധാരാളമായി ബലപ്പെടട്ടെ, അതിന്നായി പരിശുദ്ധാത്മാവ് നിങ്ങളെ ശക്തീകരിക്കട്ടെ.

പാസ്റ്റർ സജി നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.