കവിത: നല്ല ഇടയൻ

ഷീന ടോമി

കാണാതെ പോയതിനെ തിരഞ്ഞു കണ്ടെത്തുവോൻ ,
ചിതറിപ്പോയവയെ വിടുവിച്ചു രക്ഷിക്കുവോൻ;
ജാതികൾ ,വംശങ്ങൾ ,ഗോത്രങ്ങൾ ,ഭാഷകൾ,
തൻ ചുടുനിണം ചിന്തി നേടിയെടുക്കുവോൻ…

ഓടിപ്പോയതിനെ തിരികെ വരുത്തുവോൻ,
ഒടിഞ്ഞുപോയതിനെ മുറിവ് കെട്ടുവോൻ,
ദീനം പിടിച്ചതിനെ ശക്തീകരിക്കുവോൻ,
സ്വച്ഛമാം വെള്ളം കോരികുടിപ്പിപ്പോൻ…

ചുട്ടുപൊള്ളും പ്രാണനെ തണുപ്പിപ്പോൻ,
നീതിപാതകളിൽ നന്നായ് നടത്തുവോൻ,
കൂരിരുൾ താഴ്വരയിൽ കൂടെ നടക്കുവോൻ,
ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കുവോൻ…

തിളകൊള്ളും തൈലത്താൽ അഭിഷേകം ചെയ്യുവോൻ ,
നിറപാനപാത്രം കവിയുമാറാക്കുവോൻ ..,
ഇവനെൻ പ്രാണപ്രിയൻ…എൻ ആത്മമണാളൻ ,
നൽ രക്ഷകൻ ….ഇവനെൻ നല്ല ഇടയൻ …!

-Advertisement-

You might also like
Comments
Loading...