ചെറു ചിന്ത: നമ്മുടെ സമയം വരും

ജസ്റ്റിൻ കായംകുളം

ഭാവനാ സമ്പന്നമായിരുന്നു അവന്റെ ലോകം. ചെറുപ്പത്തിൽ എപ്പോഴോ വായിച്ചതിൽ നിന്നും കിട്ടിയ അക്ഷര മുത്തുകൾ കൂട്ടിച്ചേർത്തു സംഗീതം പകർന്നു പാടുകയായിരുന്നു അവന്റെ വിനോദം. കൂട്ടിനുണ്ടായിരുന്നത് കുറച്ചു മരങ്ങളും പുൽത്തകിടിയും കുറെ ആടുകളും. അവന്റെ ലോകം വിശാലമായിരുന്നു. മുകളിൽ ആകാശം താഴെ പരന്നു കിടക്കുന്ന കാട്.
വ്യത്യസ്ത സ്വഭാവത്തിലുള്ള ആടുകളെ താളാത്മകമായ പുല്ലാങ്കുഴൽ നാദത്തിലൂടെ, തന്ത്രികൾ ഒക്കെ മീട്ടി വശത്താക്കുവാനും അവയോട് സംസാരിക്കുവാനും അവനു കഴിയുമായിരുന്നു.

പക്ഷെ അകത്തളങ്ങളിൽ നീറിപ്പുകയുന്ന നൊമ്പരം ആരും അറിയുന്നില്ല. വനശീതളിമയിൽ മുഴങ്കാൽ മടക്കി പ്രാർത്ഥിക്കുമ്പോൾ അവൻ നെടുവീർപ്പിട്ടു. “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചു. എങ്കിലും എന്റെ ദൈവം എന്നെ ചേർത്ത് കൊള്ളും”. തൂക്കവും പൊക്കവും സൗന്ദര്യവും പണവും ഉള്ളവർക്ക് നടുവിൽ അവനെ എല്ലാവരും മാറ്റി നിർത്തി. കാട്ടിൽ അയച്ചാൽ ശല്യം തീരുമെന്ന് കരുതി. ഒറ്റപ്പെട്ടവന്റെ മനോവീര്യം വർദ്ധിക്കുമെന്ന് അവർ ചിന്തിച്ചില്ല. തള്ളപ്പെട്ടവന്റെ നെടുവീർപ്പുകൾ ദൈവസന്നിധിയിൽ ധൂപമാകും എന്നവർ കരുതിയില്ല.

ദൈവനിയോഗത്തിൽ അന്വേഷിച്ചു വന്ന പ്രവാചകന്റെ തൈലക്കൊമ്പ്‌ ആറടിപ്പൊക്കവും കനത്ത മടി ശീലയും ഉള്ളവർക്ക് നേരെ പൊങ്ങിയില്ല. കാട്ടിൽ കിടക്കുന്നവൻ നാട്ടിലെത്തണം. എങ്കിലേ ദർശനത്തിനു സമാപ്തി ഉണ്ടാവുകയുള്ളു.. ആട്ടിടയൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

നീയും ഞാനും കടന്നു പോകുന്ന അനുഭവങ്ങളിൽ നെടുവീർപ്പുകൾ, കണ്ണുനീർത്തുള്ളികൾ മറന്നു കളയാത്ത ദൈവമുണ്ട്. ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. മരങ്ങളുടെയും മൃഗങ്ങളുടെയും കൂട്ട് മാറും. രാജകൊട്ടാരത്തിന്റെ സമൃദ്ധി ഉണ്ടാകും. തളരരുത്, പതറിപ്പോകരുത് അവന്റെ സമയം ഉണ്ട് അന്ന് അഭിഷേകത്തിന്റെ കൊമ്പുമായി അരികിലേക്ക് ആള് വരും. കാത്തിരിക്കുക നിന്റെ സമയത്തിന് വേണ്ടി….

-ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.