ലേഖനം: പ്രസവിക്കാത്ത ഇടയന്മാർ അഥവാ ആത്മീയ ഷണ്ഡന്മാർ

സിനീഷ് സെബാസ്റ്റ്യൻ, അടിമാലി

വിശ്വാസീ സമൂഹത്തെ സുവിശേഷ വേലയ്ക്ക് സജ്ജമാക്കുവാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് “ഇടയന്മാർ അല്ല ആടുകൾ പ്രസവിച്ചാണ് ആട്ടിൻ കൂട്ടം വളരുന്നത്” എന്നത്. പ്രഥമദൃഷ്ട്യാ രസകരമെന്ന് തോന്നുമെങ്കിലും ഈ ആശയം അപകടകരമായ ഒരു തലത്തിലേക്കാണ് നമ്മെ എത്തിക്കുന്നത് എന്ന് പിന്നീടുള്ള പഠനത്തിൽ മനസിലാക്കുന്നു.
സഭാ വളർച്ച കേവലം വിശ്വാസികളുടെ മാത്രം ഉത്തരവാദിത്വമാണോ? ഇടയന്മാർ പരിപാലനത്തിൽ മാത്രം ശ്രദ്ധിക്കേണ്ടവർ ആണോ? സഭാ വളർച്ചക്ക് വേണ്ടി വിശ്വാസികളെ ഒരുക്കിയെടുക്കുക എന്നത് മാത്രമാണോ ഇടയന്മാരുടെ ശുശ്രൂഷ? അതിനു വേണ്ടിയാണോ മഹത്തായ വിളിയും നിയോഗവും തന്ന് ആത്മനാഥൻ ഇടയന്മാരെ ഇവിടെ ആക്കി വെച്ചിരിക്കുന്നത്?
‘പ്രസവിക്കുക’ എന്നതും ‘ജനിപ്പിക്കുക’ എന്നതും സാങ്കേതികമായി ഒരേ ആശയത്തെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീ ലിംഗ നാമങ്ങളോട് ചേർത്ത് പറയുമ്പോൾ പ്രസവിക്കുക എന്നും പുല്ലിംഗ നാമങ്ങളോട് ചേർത്ത് പറയുമ്പോൾ ജനിപ്പിക്കുക എന്നും ഉപയോഗിക്കുന്നു. രണ്ടും പ്രത്യുൽപ്പാദനം എന്ന പ്രക്രിയയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.

ഇടയൻ എന്നത് പുല്ലിംഗ ഏകവചനം ആയതുകൊണ്ട് മുകളിൽ കൊടുത്തിരിക്കുന്ന ജനിപ്പിക്കുക എന്ന പദമാണ് സഭാ വളർച്ചയോടുള്ള ബന്ധത്തിൽ അവർക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഫിലേ :1:10 ൽ തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകൻ എന്ന് ഒനേസിമൊസിനെ വിശേഷിപ്പിക്കുന്നതിലൂടെ ഭൗതിക ജനനത്തെ അല്ല വീണ്ടും ജനനത്തെ ആണ് സൂചിപ്പിക്കുന്നത്. വിശ്വാസത്തിൽ ‘നിജപുത്രൻ ‘ എന്ന് തിമോഥെയൊസിനെയും പൗലോസ് വിശേഷിപ്പിക്കുന്നു. 1 കൊരി :4:15 ലും സമാനമായ ഒരു ആശയം പങ്കുവെക്കുന്നു. ക്രിസ്തുവിൽ നിങ്ങൾക്ക് പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല. ക്രിസ്തു യേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്. ഈ വാക്യങ്ങൾ എല്ലാം നമ്മെ പഠിപ്പിക്കുന്നത് ഇടയന്മാർ ഇതിൽ നിന്ന് ഒഴിവുള്ളവർ അല്ല എന്ന് തന്നെയാണ്.

ഇടയന്മാർ എന്ന് സഭാ ശുശ്രൂഷകരെ വിളിക്കുന്നെങ്കിലും ഇടയശ്രേഷ്ഠന്റെ മുൻപിൽ അവരും ആടുകൾ ആണ് എന്നതും മറന്നു കൂടാ. എന്തൊക്കെ ഉത്തരവാദിത്വങ്ങളാണോ സാധാരണ വിശ്വാസികളാകുന്ന ആട്ടിൻകൂട്ടത്തിനു മേൽ ഏൽപ്പിച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നത് അവയൊക്കെ അതിനു മുൻപേ ഇടയന്മാർ പ്രാവർത്തികം ആക്കേണ്ടതുണ്ട്. ഇടവകകളുടെ മേൽ കർതൃത്വം നടത്തുകയല്ല ആട്ടിൻ കൂട്ടത്തിനു മാതൃക ആയിത്തീർന്ന് അധ്യക്ഷത ചെയ്യുക എന്നതാണ് ഇടയന്മാരുടെ നിയോഗം.
ആടുകൾ പ്രസവിച്ചു കൂട്ടം വളരുന്ന രീതി മാത്രമല്ല പുറത്തെ തൊഴുത്തുകളിൽ നിന്ന് വില കൊടുത്ത് ആടുകളെ വാങ്ങുന്ന രീതിയും ഉണ്ട്. അതൊരിക്കലും ആടുകളെക്കൊണ്ട് സാധ്യമാകുകയില്ല. അങ്ങനെ വില കൊടുക്കാനും അധ്വാനിക്കാനും മനസില്ലാത്തവർ ആണ് ആടുകൾ പ്രസവിച്ചു വളരുന്ന വളർച്ചയെ ആവശ്യമുള്ളൂ എന്ന നിഗമനത്തിൽ എത്തുന്നത്.

ഇടയൻ എന്നും സുവിശേഷകൻ എന്നും ഒക്കെയുള്ള അതിമഹത്തായ ഒരു പദവി ദൈവം നൽകിയത് അകത്തളങ്ങളിൽ ഒതുങ്ങാനല്ല. എത്ര രോഗികളെ സൗഖ്യമാക്കി എന്നോ എത്ര ഭൂതങ്ങളെ പുറത്താക്കി എന്നോ അല്ല പ്രതിഫല വിഭജനത്തിന്റെ അടിസ്ഥാന ചോദ്യങ്ങൾ. നീ സൗഖ്യമാക്കിയ, ഭൂതങ്ങളെ പുറത്താക്കിയ എത്ര പേർ നിത്യതയിൽ ഉണ്ട് എന്നതാണ് അവിടുത്തെ ചോദ്യം. കണ്ണുനീരോടെ വിതക്കുന്നവന് ആർപ്പിന്റെ ഒരു കൊയ്ത്ത് ദൈവം വെച്ചിട്ടുണ്ട്. സുവിശേഷീകരണത്തിനു വേണ്ടി മറ്റുള്ളവരെ ഒരുക്കി ഒരുക്കി ഒടുവിൽ അവരവരുടെ വിളിയും ദർശനവും മറന്ന് ആത്മീയ ഷണ്ഡത്വം ബാധിച്ച അവസ്ഥയിൽ എത്തിയാൽ ദുഷ്ടനും മടിയനുമായ ദാസനേ എന്ന വിളിയും ബന്ധിക്കപ്പെട്ട കൈകാലുകളോടെ ഇരുട്ടിലേക്കുള്ള വലിച്ചെറിയപ്പെടലും ആയിരിക്കും അന്ത്യം. അത് സംഭവിക്കാതെ ഇടയശ്രേഷ്ഠന്റെ പ്രത്യക്ഷതയിൽ തേജസിന്റെ വാടാത്ത കിരീടത്തിനു ഓഹരിക്കാരായി നമുക്ക് മാറാം….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.