39-മത് നവാപ്പൂർ കൺവെൻഷന് അനുഗ്രഹ സമാപ്‌തി

ജോസഫ് തോമസ്‌, വടശ്ശേരിക്കര

നവാപ്പൂർ: ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 39-മത് ജനറൽ കൺവെൻഷൻ ഇന്നലെ ഞായറാഴ്ച രാവിലെ നടന്ന പൊതുയോഗത്തോടുകൂടി സമാപിച്ചു. നവംബർ 5 ചൊവ്വാ മുതൽ മഹാരാഷ്ട്രയിലെ നവാപ്പൂരിന് സമീപമുള്ള കരഞ്ചി കുർദ് ഗ്രാമത്തിലെ ഫിലഡൽഫിയ സ്റ്റേഡിയത്തിൽ ആരംഭിച്ച വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ മഹാസമ്മേളനം, ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന യോഗങ്ങളിലെ വിവിധ സെഷനുകളിൽ പാസ്റ്റർ കെ ജെ മാത്യൂസ് (കേരളം), നൂറുദ്ദിൻ മുല്ല (കർണ്ണാടകം), പാസ്റ്റർ ഷിബു തോമസ്‌ (അറ്റ്ലാന്റാ), റവ. ഡോ. എം എസ് സാമുവേൽ (യു എസ് എ), റവ. ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്‌പൂർ), റവ. ഡോ. പോൾ മാത്യൂസ് (ഉദയ്പൂർ), സിസ്റ്റർ മേരി മാത്യൂസ് (ഉദയ്‌പൂർ) എന്നിവർ ദൈവവചന പ്രഘോഷണം നടത്തി.

ഫിലഡൽഫിയ ബൈബിൾ കോളേജിൽ നിന്നും ബിരുദം നേടിയ വിവിധ സംസ്ഥാനക്കാരായ 25 പേരുടെ ബിരുദദാനം, ശുശ്രൂഷക സമ്മേളനം, സോദരീ സമ്മേളനം, യുവജന സമ്മേളനം എന്നിവയും കൺവെൻഷനോടനുബന്ധിച്ചു അനുഗ്രഹമായി നടന്നു. എഫ് എഫ് സി ഐ യുടെ ഇന്ത്യയിലുള്ള 1500-ൽ പരം പ്രാദേശിക സഭകളിൽ നിന്നും നാല്പത്തിനായിരത്തിൽ അധികം ആളുകൾ പങ്കെടുത്തു. വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത മഴയുടെ പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് ജനങ്ങൾ കർത്താവിനെ ആരാധിച്ചത്‌ ഒരു ആത്മമാരിക്കും പുത്തൻ ഉണർവ്വിനും ഹേതുവായി. സമാപന യോഗത്തിൽ എഫ് എഫ് സി ഐ യുടെ ദേശീയാദ്ധ്യക്ഷൻ റവ. ഡോ. പോൾ മാത്യൂസ് മുഖ്യ പ്രഭാഷകൻ ആയിരുന്നു. കർത്തൃമേശ ശുശ്രൂഷയ്ക്ക് സീനിയർ മിനിസ്റ്ററിൽമാരിൽ ഒരാളായ പാസ്റ്റർ കെ ഒ വർഗ്ഗീസ് നേതൃത്വം നൽകി. പാസ്റ്റർ വികാൾസന്റെ (ജനറൽ സെക്രട്ടറി) നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് കൺവെൻഷൻ ക്രമീകരണങ്ങൾ നടത്തിയത്. പാസ്റ്റർ റെജി തോമസ്‌, പാസ്റ്റർ അനിൽ മാത്യു എന്നിവർ കോ- ഓർഡിനേറ്റർസ് ആയി പ്രവർത്തിച്ചു.
വടക്കെ ഇന്ത്യയുടെ അപ്പോസ്തോലന്മാരിൽ അഗ്രഗണ്യനായിരുന്ന, ഇപ്പോൾ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ്‌ മാത്യൂസ്, രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമാക്കി 1981-ൽ ആരംഭിച്ച ഒരു ചെറിയ ആത്‌മീയപ്രസ്ഥാനം ആണ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യ. ഇന്ന്‌ അതൊരു ഒരു വടവൃക്ഷം പോലെ ഇന്ത്യക്ക് അകത്തും പുറത്തും വളർന്ന് പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. റവ. ഡോ. പോൾ മാത്യൂസ് എഫ് എഫ് സി ഐ യുടെ ദേശീയ അദ്ധ്യക്ഷനായി അമരത്തു പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.