ലേഖനം: രാക്ഷസൻ ഉണരുന്നു;ഭീതിയോടെ ലോകം| പാസ്റ്റർ സണ്ണി പി. സാമുവേൽ

നോക്കെത്താത്ത ദൂരത്തോളം മഞ്ഞുമൂടി കിടക്കുന്ന അന്റാർട്ടിക്കയെ ‘ഉറങ്ങുന്ന രാക്ഷസൻ’ എന്നാണ് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ക്രിസ് റാപ്ലെയ് വിശേഷിപ്പിച്ചത്. അവൻ ഉറക്കം വിട്ട് എഴുന്നേറ്റാൽ അതു ഈ ലോകത്തിന്റെ നിലനില്പിനു വലിയ ഭീഷണിയാകും എന്നധ്വനി ആ പ്രസ്താവനയിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ അതു സംഭവിച്ചു തുടങ്ങുന്നു. ആ രാക്ഷസഭീമൻ ഉറക്കം വിട്ട് എഴുന്നേല്കുന്നതിന്റെ മുന്നോടിയായി കൈകാലുകൾ അനക്കി തുടങ്ങി. കാലാവസ്ഥാ വ്യതിയാനം അന്റാർട്ടിക്കയിൽ വൻതോതിലുള്ള മഞ്ഞുരുകലിന് കാരണമാകുന്നു. കിഴക്കൻ അന്റാർട്ടിക്കയിലെ ‘ടോട്ടൻ ഗ്ലേസിയർ’ എന്നറിയപ്പെടുന്ന ഭാഗത്തു സംഭവിക്കുന്ന മഞ്ഞുരുകൽ പഠനവിഷയമാക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ആഗോളതാപമാനത്തിന്റെ ഫലമായി പടിഞ്ഞാറൻ അന്റാർട്ടിക്കയിൽ സമുദ്രജലം ക്രമാതീതമായി ചൂടുപിടിച്ച് അത് ഉഷ്ണജലപ്രവാഹമായി മാറുന്നു. അതിലൂടെ മഞ്ഞുപാളികളും മഞ്ഞുകട്ടകളും ഒഴുകി നടന്ന് അലിഞ്ഞ് ഇല്ലാതെയായി തീരുകയാണ്.
ലോകത്തിലെ മൊത്തം സമുദ്രജലനിരപ്പിനെ ഏകദേശം 200 അടി വരെ ഉയർത്താനുള്ള വെള്ളം അന്റാർട്ടിക്കയിലെ മഞ്ഞുമലകളിൽ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. 1990 നും 2017നും ഇടയിൽ 3.3 ലക്ഷം കോടി ടൺ മഞ്ഞ് അന്റാർട്ടിക്കയിൽ ഉരുകി സമുദ്രത്തിൽ ലയിച്ചു. തൽഫലമായി ആഗോളതലത്തിൽ സമുദ്രജലനിരപ്പ് എട്ടു മില്ലിമീറ്റർ ഉയർന്നു. ഈ കാലയളവിൽ പ്രതിവർഷം 84 ബില്യൻ ടൺ എന്നകണക്കിലായിരുന്നു മഞ്ഞുരുക്കം. എന്നാൽ 2012നു ശേഷം ഇത് വർദ്ധമാന തോതിൽ ആവുകയും പ്രതിവർഷം 240 ബില്യൻ ടൺ എന്ന തോതിലേക്ക് ഉയരുകയും ചെയ്തു. ഈനില തുടർന്നിൽ അന്റാർട്ടിക്കയിൽ അരുവികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. അതു കുടുതൽ മഞ്ഞു നഷ്ടത്തിനു കാരണമാകും.
രാജ്യാന്തരതലത്തിൽ നിന്നുള്ള 44 ശാസ്ത്രസംഘങ്ങളുടെ പഠനറിപ്പോർട്ടുകൾ ക്രോഡീകരിച്ച് ‘നേച്ചർ ജേണലാണ്’ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അന്റാർട്ടിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾക്കു സമാനമായ റിപ്പോർട്ടുകളാണ് മറ്റു മഞ്ഞുമേഖലയിൽ നിന്നും പുറത്തു വരുന്നത്. 2019- ജൂലായിൽ യൂറോപ്പിലുണ്ടായ താപതരംഗം (heat wave) ഗ്രീൻലാൻഡിൽ മഞ്ഞുരുക്കത്തിനു കാരണമായി – അതും അടുത്ത അമ്പതു വർഷങ്ങൾ കൊണ്ട് ഉരുകും എന്നു പ്രതീക്ഷിച്ച അത്രയും അളവിൽ! ജൂലൈ-ആഗസ്റ്റ് മാസത്തിലെ അഞ്ചു ദിവസങ്ങൾ കൊണ്ട് 55 ബില്ല്യൻ ടൺ ജലം ഗ്രീൻലാൻഡിലെ മഞ്ഞുരുകി സമുദ്രത്തിൽ എത്തിച്ചേർന്നു. ഫ്ലോറിഡ തീരത്ത് അഞ്ച് ഇഞ്ച് സമുദ്രനിരപ്പ് ഉയർത്താൻ മതിയായ ജലമാണ് ഇങ്ങനെ ഒഴുകി എത്തിയത്. ഈ നില തുടർന്നാൽ ലോകവ്യാപകമായി തീരപ്രദേശങ്ങൾ സമുദ്രത്തിൽ ആഴ്ന്നു പോകും. രാക്ഷസത്തിരകൾ രൂപപ്പെടും. അത് സൂനാമിക്കു കാരണമാകും. ആഗസ്റ്റ് ഒന്നാം തീയതി മാത്രം 12.5 ബില്യൻ ടൺ മഞ്ഞാണ് ഗ്രീൻലാൻഡിൽ വെള്ളമായത്. ഈ നില തുടർന്നാൽ താമസം വിനാ ഗ്രീൻലാൻഡിലെ മഞ്ഞു മുഴുവൻ അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നല്കുന്നു.

ഗ്രീൻലാൻഡിലെ കാട്ടുതീയും മഞ്ഞുരുക്കത്തിനു കാരണമാകുന്നു. അവിടെ Sisimiut എന്ന സ്ഥലത്തുണ്ടായ കാട്ടുതീ അന്തരീക്ഷോഷ്മാവ് 10° സെൽഷ്യസിൽ നിന്നും 20° സെൽഷ്യസായി ഉയർത്തി. അലാസ്കയിലും സൈബീരിയായിലും കാട്ടുതീ പടരുന്നു. 2019 ജൂണിൽ മാത്രം 50 മെഗാടൺ കാർബൺ ഡൈഓക്സൈഡാണ് ആർട്ടിക് മേഖലയിൽ കാട്ടുതീ നിമിത്തം അന്തരീക്ഷത്തിലേക്ക് പുറംതള്ളിയത്. ഈ കാട്ടുതീ കാരണം ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ പറന്നിറങ്ങിയ പുകപ്പൊടിയും കരിയും മഞ്ഞുപാളികളെ കറുപ്പിക്കുകയും തന്നിമിത്തം ചൂട് കൂടുതൽ ആഗീരണം ചെയ്യപ്പെടുകയും മഞ്ഞുരുകൽ വേഗത്തിലാവുകയും ചെയ്യുന്നു. ജൂലായിൽ മാത്രം 16,000 കോടി ടൺ മഞ്ഞുകട്ടകൾ ഉരുകി വെള്ളമായി മാറി. 3000 മീറ്റർ വരെ ഉയരമുള്ള മഞ്ഞുമലകൾ ഉൾപ്പെടെ ഇവിടെ 29 ലക്ഷം സ്ക്വയർ കിലോമീറ്റർ മഞ്ഞുനിക്ഷേപമാണുള്ളത്. ഈ നിക്ഷേപം നഷ്ടപ്പെട്ടാൽ മൂമിയുടെ ഗുരുത്വാകർഷണത്തെ അത് ബാധിക്കുകയും അന്റാർട്ടിക്കയിൽ വൻ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്യും.

ഈ വർഷത്തെ താപതരംഗം കാരണം സ്വിറ്റ്സർലാൻഡിൽ 800 ടൺ മഞ്ഞാണ് ഉരുകി ഒഴുകി കടലിലൽ പതിച്ചത്. ആഫ്രിക്കയിൽ നിന്നും മുതൽ വീശുന്ന ചൂടുകാറ്റു ഉത്തരധ്രുവത്തിലെ താപതരംഗത്തിനു കാരണമാകുന്നുണ്ട്. ഇപ്പോഴിതാ ‘ലോകത്തിന്റെ ശ്വാസകോശം’ എന്നു വിശേഷിക്കപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ അതിശക്തവും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും കാരണമാകുന്ന കാട്ടുതീ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. 2019 ആഗസ്റ്റ് 19 ന് ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോപോളോയിൽ ആകാശം കറുത്തിരുണ്ടു, വിമാനഗതാഗതം താറുമാറായി, ഒപ്പം ജനജീവിതവും. ആമസോൺ കാടുകളിൽ പുറംലോകവമായി യാതൊരു ബന്ധവുമുല്ലാതെ പാർക്കുന്ന തദ്ദേശീയരായ ജനതയുടെ നിലനില്പ് അപകടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019 ആഗസ്റ്റ് 25 ലെ കണക്കനുസരിച്ച് ബ്രസീൽ, ബൊളീവിയ, പെറു, പരാഗ്വേ എന്നി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകളിൽ പത്തു ലക്ഷം ഏക്കർ വനം പൂർണ്ണമായി കത്തി നശിച്ചു കഴിഞ്ഞു. തീ അണക്കുന്ന തീവ്രശ്രമത്തിന്റെ ഭാഗമായി ബ്രസീൽ ഗവൺമെന്റ് ടാങ്കർ വിമാനങ്ങളിൽ വെള്ളം പെയ്തിറക്കുന്നുണ്ട്. ശക്തമായ നടപടികൾസ്വീകരിക്കാത്തതിന്റെ പേരിൽ ലോകം മുഴുവൻ ബ്രസിലിനെ കുറ്റപ്പെടുത്തുകയാണ്. “ഇത് വെറും കാട്ടുതീ മാത്രമല്ല, ഇവിടം ശവപ്പറമ്പായി മാറുകയാണ്. കാരണം മുന്നിൽ കിണുന്നതു മുഴുവൻ മരണമാണ്.” ഗ്രീൻ പീസ് പ്രസ്ഥാനത്തിന്റെ റോസന്ന വില്ലർ പറയുന്നു. 43,000 പേർ അടങ്ങുന്ന വിവിധ ടീമുകളെ കാട്ടുതീ നിയന്ത്രണത്തിനായി നിയമിച്ചു കഴിഞ്ഞു. ഈ വർഷത്തെ അതികഠിന വരൾച്ചയും വരണ്ട കാലാവസ്ഥയുമാണ് തീ പടരുവിൻ കാരണമായതെന്നാണ് ബ്രസീലിയൻ പ്രസിഡന്റ് ജായിർ ബോൽസോനാറോ പറയുന്നത്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ജലശ്രോതസ്സാണ് ആമസോൺ മഴക്കാടുകൾ. അവ ഇല്ലാതെയായാൽ ഭൂഖണ്ഡത്തിലെ തെക്കൻ രാജ്യങ്ങളിൽ മഴ ഇല്ലാതെയാകും, ജലക്ഷാമം രൂക്ഷമാകും.

കേരളത്തിൽ രണ്ടു വർഷങ്ങളിലായി പെയ്ത മഴയുടെ അളവ് അസാധാരണമായിരുന്നു.2019 ൽ യു എ ഇ യിൽ പെയ്ത മഴയും അങ്ങനെ തന്നെ. ആഗോളതാപമാനം അതിനു കാരണമായി. മഴ പെയ്യുമ്പോൾ ശക്തമായ മഴ പെയ്യുക, മഴ മാറിയാൽ ജലക്ഷാമം രൂക്ഷമാവുക. പുതിയൊരു കാലാവസ്ഥാ പ്രതിഭാസം ആഗോളതലത്തിൽ രൂപപ്പെട്ടു വരികയാണ്. അതിതാപനം മണ്ണിലെ ജലാംശത്തെ വളരെ പെട്ടെന്ന് അന്തരീക്ഷത്തിലേക്ക് വലിച്ചെടുക്കുകയാണ്. ആഗോള താപനം കാരണം ഭൂഗർഭജലം തിളെക്കുന്നതായി സ്വിറ്റ്‌സർലാൻഡിലെ ജീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 60 വർഷമായി ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തൽ. ജേണൽ ഹൈഡ്രോളജി ആൻഡ് എർത്ത് സിസ്റ്റം സയൻസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

വർദ്ധിച്ചു വരുന്ന വാഹനങ്ങൾ, എയർ കണ്ടീഷനറുകൾ,വനനശീകരണം, ഓസോൺ വലയത്തിന്റെ നാശം, കാട്ടുതീ, കൃഷിയിടങ്ങൾ ഒരുക്കുവാനായി തീയിടൽ എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാൽ സംജാതമാകുന്ന ഹരിത കൂടാര പ്രഭാവം (Green House effect) ആഗോള താപനത്തിനു കാരണമാകുന്നു. ഇപ്പോഴിതാ ഭൂമിയിൽ സൂര്യനെ സൃഷ്ടിക്കാനുള്ളശ്രമത്തിലാണ് ശാസ്ത്രലോകം. 20 ബില്ല്യൻ യൂറോ ചെലവഴിച്ച് ഫ്രാൻസിൽ സൂര്യന്റെ കൊച്ചു പതിപ്പു നിർമ്മിക്കുന്നു. ആകെ ചെലവിന്റെ 10% ആയ 17500 കോടി രൂപ ഇതിലേക്കായി ഇൻഡ്യയും പങ്കളിത്ത നിക്ഷേപമായി മുടക്കുന്നു. 28,000 ടണ്ണായിരിക്കും കൃത്രിമ സൂര്യന്റെ ഭാരം. 150 ദശലക്ഷം സെൽഷ്യസ് വരെ ചൂടിൽ പരീക്ഷണം നടക്കും. 2025 ൽ പ്രവർത്തനം ആരംഭിച്ച് 2040 ഊർജ്ജം ഉല്പാദിപ്പിക്കാനാവുമെന്നു കരുതുന്നു.
“ഭൂവാസിയെ പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു. — ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു” (യെശയ്യാ 24:17,18).എത്ര കൃത്യമായ പ്രവചനം. ‘കുഴി’ എന്നത് ‘soil piping’ എന്നു വ്യാഖ്യാനിച്ചാൽ ആനുകാലികത വർദ്ധിക്കുന്നു. മടക്കി കൊണ്ടുവരാനാവാത്തവിധം പ്രകൃതി മാറിമറിഞ്ഞിരിക്കുന്നു. “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നുള്ള വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു ( റോമർ 8:20). അന്നേ ഈ ക്രമരാഹിത്യം ശരിയാവുകയുള്ളു. അതാണല്ലോ നമ്മുടെയും ഏകമാത്ര പ്രത്യാശ. അതിനായി ഒരുങ്ങാം. വീണ്ടെടുപ്പുകാരൻ അകലെയല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.