ലേഖനം :മാധ്യമ വിചാരണ അതിരുകവിഞ്ഞാൽ | ഷാജി ആലുവിള

ഒരു വാർത്ത, പത്ര മാധ്യമങ്ങളിലൂടെ മറുലോകം അറിഞ്ഞിരുന്നത് പലപ്പോഴും വൈകിതന്നെ ആയിരുന്നു വർഷങ്ങൾക്ക് മുമ്പ്. വിവിധ നിലകളിലുള്ള വാർത്താവിനിമയങ്ങൾ രംഗ പ്രവേശനം ചെയ്തതോടുകൂടി വാർത്തക്കുള്ള വേഗവും ചൂടും കൂടി. ഏതൊരു സംഭവത്തിനും മാധ്യമങ്ങൾ കൊടുക്കുന്ന പ്രാധാന്യതയാണ് അത് വലിയ വാർത്തകളാക്കി മാറ്റുന്നത്. ആ പ്രാധാന്യത ചില ദിവസങ്ങൾക്കുള്ളിൽ പിന്തള്ളപ്പെട്ടിട്ട്, ആ വാർത്ത മനുഷ്യ മനസിൽ നിന്നും മായിച്ചു കളയതക്ക നിലയിൽ മറ്റൊരു വാർത്താ മാധ്യമങ്ങളിൽ ഇടം നേടുന്നു. വിചാരണ നേരിട്ട് ചില കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചിലർ രക്ഷപെടുകയും ചെയ്യുന്നു. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്ത വാക്യം പറയുന്നത്. അതു അങ്ങനെ തന്നെ ആയിരിക്കട്ടെ ഇന്നും എന്നും. ആദ്യാക്ഷരം കുറിക്കുന്നതു മുതൽ ചരമ കോളം വരെയുള്ള എല്ലാ സംഭവങ്ങൾക്കും ഇപ്പോൾ മുഖ്യധാര മാധ്യമങ്ങൾ മുൻപിൽതന്നെയാണ്. അതുപോലെ തന്നെ വിചാരണക്കും അവർ പുറകോട്ടല്ല.
കേരളത്തിൽ എന്നല്ല ലോക വാർത്തകളിൽ ഇടം നേടിയ കൂടത്തായി കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം മാധ്യമ വിചാരണകൾ ആണ് നടക്കുന്നത്. അതിനെ കൂട്ടി ഇണക്കി ഒരു ചലചിത്രവും പുറത്തിറങ്ങുവാൻ തയ്യാറാകുന്നു. ചില ദിവസങ്ങൾക്കു മുൻപ് ഡൽഹി സെന്റ്‌’സ്റ്റീഫൻ കോളേജ് അധ്യാപകൻ ആയിരുന്ന അലൻ സ്റ്റീഫന്റെ മരണവും തന്റെ അമ്മയുടെ മരണവും സംശയമാം വിധം സമൂഹം പറയുന്നത് കൂടാത്തായി സംഭവത്തിനു തുല്യമായ മാധ്യമ വിചാരണയാണ് എന്നാണ്. വിധവ ആയിരുന്ന മാതാവിനുവേണ്ടി ഇരുപത്തിഏഴു വയസുള്ള മകൻ അലൻ പുനർവിവാഹം നിർബന്ധിപ്പിച്ചു നടത്തികൊടുക്കുന്നു. ഇവരുടെ ജീവിതത്തെ കൂടത്തായിക്കു താരതമ്യം ചെയ്ത് ഏതോ മാധ്യമങ്ങൾ വാർത്ത ആക്കിയ വിഷമം അലൻ തന്റെ സഹപ്രവർത്തകരോട് അറിയിക്കുകയും ചെയ്തു. അതിൽ മനം നൊന്തു താൻ എന്തെങ്കിലും കടുംകൈ ചൈയ്യുമെന്നും അലൻ പറഞ്ഞിരുന്നു. അതിനു ശേഷം ആണ് ഡൽഹിയിലുള്ള വീട്ടിൽ’അമ്മ മരിച്ചു തൂങ്ങി കിടക്കുന്നതും അലൻ ഡൽഹി നിസാമുദീൻ റെയിൽവേ പാളത്തിൽ ശരീരം ചിതറപ്പെട്ട നിലയിൽ മരിച്ചു കിടന്നതും വാർത്ത വന്നത്. ദേശീയ പോലീസ് ഉദ്യോഗസ്ഥർ അനുമാനിക്കുന്നു ഇതു മാധ്യമ വിചാരണയുടെ ഫലമായി സംഭവിച്ചതാകാം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ചില വാർത്ത . അലൻ എന്നു പറയുന്ന ബുദ്ധി ജീവി നമ്മുടേ രാജ്യത്തിന്റെ ഭാവി പ്രതീക്ഷ ആയിരുന്നു. ഒരു പൊതു സ്വത്തായി മാറേണ്ട ആ യുവാവിനെ ആരാണ് കൊലക്ക് കൊടുത്തത്? ആ ‘അമ്മയോ? മാധ്യമങ്ങളോ? അതോ മറ്റെന്തെങ്കിലുമോ? മരണപ്പെട്ട ആ അമ്മയുടെ 547 ദിവസത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ രണ്ടാമത്തെ കുടുംബജീവിതവും എന്തുകൊണ്ട് തകർന്നു എന്നും അവ്യക്തതയോടെ ലോകം വീക്ഷിക്കുന്നു. അതെല്ലാം ഇനി കോടതി തെളിയിക്കും.
ഒരിക്കലും കുറ്റവാളിയെ അല്ല അറസ്റ്റ് ചെയ്യുന്നത്. കുറ്റവാളി എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ മാത്രം ആണ്. സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, കേസിന്റെ പശ്ചാത്തലവും പഠിച്ചു ബഹുമാനപ്പെട്ട കോടതി ആണ് കുറ്റവാളി ആണോ അല്ലയോ എന്ന് അന്ത്യ വിധി പറയുന്നത്. അതുവരെ കേസിന്റെ നാൾവഴികൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുമ്പോൾ കുറ്റവാളി രക്ഷപ്പെടുവാനുള്ള സാധ്യതകളും അവർക്ക് കിട്ടിയെന്നും വരാം. നടന്ന കൃത്യത്തിന്റെ തെളിവെടുപ്പുകൾ അധികാരികൾ എടുക്കുമ്പോൾ കുറ്റകൃത്യം നടത്തിയതുപോലെ കുറ്റവാളി കാണിക്കുന്നു. അതു മാധ്യമങ്ങൾ വഴി പ്രചരിക്കുമ്പോൾ അതു കണ്ട് മറ്റൊരു കുറ്റവാളി ജനിക്കുന്നു. നിയമ പാലകർ നടത്തുന്ന തെളിവെടുപ്പുകൾ പുറലോകം അറിയാതെ വിധി വരെ സൂക്ഷിച്ചാൽ മാധ്യമ വിചാരണ മരണങ്ങൾ ഇല്ലാതെ ആകും. ഒപ്പം കുറ്റകൃത്യ രീതി മറ്റൊരാൾ പഠിക്കയും ഇല്ല.
ഇതു പോലെ തന്നെയാണ് ഓൺ ലൈൻ വിചാരണകളും. എടുത്തു പറയേണ്ടത് ക്രിസ്തീയ ഓൺ ലൈൻ ഗ്രൂപ്പുകളുടെ അതിപ്രചാരണം അതീവ ഗുരുതരമായി പോകുന്നു എന്നുള്ളത് ഖേദകരമാണ്.

ഈ അടുത്ത സമയത്തു പ്രവചനത്തെ ഇളിഭ്യമാക്കി ചിത്രീകരിച്ച് ഒരു പെന്തകോസ്ത് വിശ്വാസി പുറത്തുവിട്ട ഒരു വോയ്സ് ക്ലിപ്പ് അതിവേഗത്തിൽ പ്രചരിക്കുവാൻ ഇടയായി. അതു ഗുണത്തെക്കാൾ ഏറെ മൂല്യച്യുതി വരുത്തുകയാണ് നമ്മുടെ ഇടയിൽ. അതുപോലെ എത്ര എത്ര വോയ്സ് ക്ലിപ്പുകളും പോസ്റ്റുകളും ആത്മീയ ലോകത്തെ കളങ്കപ്പെടുത്തുന്നു. ചിലരുടെ പോസ്റ്റുകളും അഭിപ്രായങ്ങളും ഒരു കോപ്പ്രായമായി മാറുകയാണ്. ദൈവ വിശ്വാസികൾ നയിക്കുന്ന ഗ്രൂപ്പുകളിൽ എന്തൊക്കെ പോസ്റ്റ് ചെയ്യണമെന്ന്‌ ആർക്കും അറിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. ഒരു വ്യക്തി അനേക ഗ്രൂപ്പിൽ അംഗം ആണെങ്കിൽ ഒരു പോസ്റ്റ് തന്നെ അതിലെല്ലാം അയക്കുകയും കിട്ടുകയും ചെയ്യുന്നത് അസഹ്യമായ പ്രവണത എന്നു അനേകർ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ഒരു വ്യക്തിക്ക് എന്തു പ്രചരിപ്പിക്കണമെങ്കിലും ആകാം എന്നുള്ള രീതി വർധിച്ചുവരികയാണ്. വിശ്വാസികളും ശുശ്രൂഷകൻ മാരും ശ്രദ്ധിക്കണ്ട കാര്യം ട്രോളുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും മോശമായ ഇടപെടലുകൾ ഉണ്ടാക്കരുത്. ക്രിയാത്മകമായ വിമർശങ്ങൾ നല്ലതാണ്‌. അതു അനേകരെ വളർത്തിയിട്ടുണ്ട്, നന്നാക്കിയിട്ടുണ്ട്. ദൈവത്തെക്കാൾ ഇപ്പോൾ പല മാധ്യമങ്ങളെയും അനേകർ ഭയക്കുന്നു കാരണം സത്യം അവർ പുറത്തു വിടുന്നു. ആ മാധ്യമങ്ങളെ അഭിനന്ദിക്കുക തന്നെ വേണം. ആ വിചാരണയും അതിരു കടക്കാതെ സൂക്ഷിക്കുന്നതും നല്ലതു തന്നെ. മാധ്യമങ്ങൾ എന്നും സത്യത്തിനു വേണ്ടി സത്യത്തിന്റെ പക്ഷത്തായിരിക്കണം.

ആത്മീയതയുടെ കാപട്യം ഒപ്പിയെടുത്ത് സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്തിൽ സെക്കുലർ മീഡിയകൾ മുമ്പിൽ ആണ്. ആ നല്ല ബോധ്യം നമ്മളിൽ നിലനിർത്തി വേണം സമൂഹത്തിൽ ഇടപെടണ്ടത്. ദൈവം തന്ന ശുശ്രൂഷ മാധ്യമ വിചാരണക്ക് വിധേയമാക്കിയാൽ നാം ഉൾക്കൊണ്ടുനിൽക്കുന്ന ആത്മീയ സമൂഹം അധഃപതിനത്തിലേക്കു പോകും. ഒരു സഭയുടെ കുമ്പസാര രംഗം അപഹാസ്യമായി ഒരു ചാനൽ ഹാസ്യ പ്രക്ഷേപണം ചെയ്‌തപ്പോൾ ആ സഭാ സമൂഹം ശക്തമായ എതിർപ്പുമായി മാധ്യമ രംഗത്തു വന്നു. നമ്മുടെ ഇടയിൽ സഭാ ഇലക്ഷൻ ഉൾപ്പടെയുള്ള എത്രയോ വിഷയങ്ങൾ നമ്മൾ തന്നെ ഓൺ ലൈൽ മാധ്യമങ്ങളിലൂടെ ജന സമക്ഷത്ത് എത്തിച്ചു അപഹാസ്യരായി തീരുന്നു. അതിനെ അനേകർ പ്രോത്സാഹിപ്പിക്കുന്നു. ഒരു വശത്ത് ഉപദേശ വിഷയങ്ങൾ എങ്കിൽ മറുവശത്ത്‌ അപകീർത്തി, മറ്റൊരിടത്ത് സഭാ രാഷ്ട്രീയം, വേറൊരിടത്തു പകയും വൈരാഗ്യവും തീർക്കുന്ന പ്രചരണങ്ങൾ. പക്ഷം പിടിച്ചുകൊണ്ടുള്ള ഈ കുപ്രചരണങ്ങൾ കഴിവതും ഓൺ ലൈൻ മാധ്യമങ്ങൾ ഒഴിവാക്കുന്നത് വരും തലമുറയ്ക്ക് അനുഗ്രഹം ആയി തീരും. ഒരു സഭയെയോ, മതത്തെയോ അവരുടെ ഉപദേശത്തെയോ വിമർശിച്ച് വിരോധം ഉണ്ടാക്കുന്ന വാദ പ്രതിവാദങ്ങൾക്ക് ഫെയ്സ് ബുക്കിലോ വാട്സപ്പ് ഗ്രൂപ്പുകളിൽ ഉള്ളവരോ മുതിരരുത്. അതു മത സ്പർദ വളർത്തുകയെ ഉള്ളൂ. മറ്റു മതങ്ങളെ ഉപദേശിക്കും മുമ്പ് നമ്മെ തന്നെ ഒന്ന് ഉപദേശിക്കുന്നതാണ് ഏറെ നല്ലതാണ്‌. കാരണം നാം ഇനിയും ധാരാളം നന്നാകേണ്ടിയിരിക്കുന്നു. മാധ്യമ വിചാരണയിലൂടെ ഒരു ജീവനും കൊഴിഞ്ഞു പോകാൻ ഇനി ഇടയാകരുത്. ആത്മീയതയിലോ ശുശ്രൂഷയിലോ ഒരുവനെ പിൻതള്ളിപ്പിക്കുന്ന പ്രചാരണങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കയും വേണം. സത്യത്തിന്റെ കാവൽക്കാരായി നീതിക്കുവേണ്ടി സമൂഹത്തിന്റെ കാവലാളായി തീരണം ഓരോ മാധ്യമങ്ങളും. മത്സര ബുദ്ധിയോടെ ചൂടുള്ള വാർത്തക്കുവേണ്ടി മാത്രമല്ല സാമൂഹിക നന്മക്കും നീതിക്കും സത്യത്തിനുമൊപ്പം നിലനിൽക്കണം എല്ലാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും. മനുഷ്യ നിൽ നല്ല മാറ്റങ്ങൾ വരുത്തുന്ന ആശയങ്ങളും വാർത്തകളും ആത്മീയ മുന്നേറ്റത്തിന് ഉതകുന്ന ആശയങ്ങളും തമ്മിൽ തമ്മിൽ കൈമാറുവാൻ ഇടയായി തീരണം നമ്മുടെ എല്ലാ ഗ്രൂപ്പുകളും, അതായിരിക്കട്ടെ നമ്മുടെ അഭിനിവേശവും ധാർമ്മികതയും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.