ലേഖനം:രേഖകളെ തിരുത്തി എഴുതിപ്പിച്ച പ്രാർത്ഥന | ജോസ് പ്രകാശ്

മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു. പതിവ് പോലെ ഭക്തനായ ദാനിയേൽ മുട്ടുകുത്തി രഹസ്യത്തിൽ കാണുന്ന തന്റെ സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിൽ ഹൃദയം പകർന്നു, പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. പക്ഷെ പതിവിനു വിപരീതമായ ഒരു അശുഭ സന്ദേശം ആ ദിനം തന്റെ കാതിൽ പ്രതിധ്വനിച്ചു. “ദാര്യാവേശ് രാജാവു തനിക്കെതിരായി രേഖയും വിരോധകല്പനയും എഴുതിയിരിക്കുന്നു.”

വിധി കേട്ട മാത്രയിലും, വ്യാജ കുറ്റം ചുമത്തി സിംഹക്കുഴിയിൽ ഇടുവാൻ ശത്രു ബദ്ധപ്പെട്ടപ്പോഴും പതിവ് പോലെ ദാനിയേൽ പ്രാർത്ഥിച്ചു. രക്ഷപ്പെടാനുള്ള എളുപ്പ മാർഗങ്ങൾ തേടുന്നതിന് പകരം മടുത്തു പോകാതെ പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു. തന്റെ ഭക്തന്മാരുടെ നിലവിളി (പ്രാർത്ഥന) കേൾക്കുന്ന ദൈവം ഉച്ചയ്ക്കും രാവിലെയും സന്ധ്യക്കും പ്രാർത്ഥിച്ച ദാനിയേലിനെ ഉടനടി കടാക്ഷിച്ചു.

മടുത്തു പോകാതെ പതിവായി പ്രാർത്ഥിക്കുന്നവർക്കും പ്രശ്നങ്ങൾ നേരിടുക പതിവാണ്. എന്നാൽ അസംഖ്യമാകുന്ന അനർത്ഥങ്ങൾ എല്ലാറ്റിൽ നിന്നും നീതിമാന്മാരെ വിടുവിക്കുന്ന ദൈവം നിശ്ചയമായും അവർക്കായി പ്രതിക്രിയ നടത്തിയിരിക്കും.

ഭക്തനായ ദാനിയേലിന്റെ നിരപരാധിത്വം സിംഹത്തിന് അറിയില്ലായിരുന്നു. എന്നാൽ സർവ്വവ്യാപിയായ ദൈവം അറിഞ്ഞു. ദാനിയേൽ ചെയ്ത രാജ്യ സേവനങ്ങൾ രാജ്യദ്രോഹികൾ മറന്നു, എന്നാൽ ദൈവം മറന്നില്ല.

വിവാദങ്ങൾ പെരുകുമ്പോഴും അപവാദങ്ങൾ പ്രതിയോഗികൾ നമുക്കെതിരെ പറഞ്ഞു പരത്തുമ്പോഴും നാം പ്രാർത്ഥനയിൽ ജാഗരിക്കേണം. ഭക്തിയോടെ ജീവിക്കുന്നവർക്കാണ് ശക്തമായ ശത്രുത ഏറുന്നത്. ഭീഷണി എത്ര തന്നെ ഉയർന്നു വന്നാലും പ്രാർത്ഥന അതിനു മുകളിൽ ഉയരേണം.

ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിച്ച ദാനിയേൽ; മടക്കുന്ന മുട്ടുകൾക്ക് ഒരിക്കലും മുടക്കം വരികയില്ല എന്ന് തെളിയിച്ചു. നാം ദൈവത്തിന്റെ മുന്നിൽ മുട്ടുമടക്കിയാൽ ലോകത്തിന്റെ മുന്നിൽ മുട്ടുമടക്കേണ്ടി വരികയില്ല.

ശ്രദ്ധയോടെയുള്ള പ്രാർത്ഥന രേഖകളെ തിരുത്തി എഴുതിപ്പിക്കും, മുദ്രകളെ പൊട്ടിക്കും, ശത്രുക്കളെ ചിതറിക്കും. പ്രാർത്ഥന നമുക്കും പ്രതികാരം ദൈവത്തിനും ആയിരിക്കട്ടെ.

ദുഷ്ടന്മാരും വഞ്ചകന്മാരും തന്നെ വളഞ്ഞപ്പോഴും ദാനിയേൽ പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു. പ്രാർത്ഥനയാൽ അത്യുന്നതന്റെ മറവിൽ വസിച്ച ദാനിയേൽ ”സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും” എന്ന വചനത്തെ അന്വർഥമാക്കി.
ദൈവത്തോടു പറ്റിയിരുന്നതാൽ ദൈവം തന്നെ വിടുവിച്ചു; ദൈവത്തിന്റെ നാമത്തെ അറിഞ്ഞതാൽ ദൈവം ദാനിയേലിനെ ഉയർത്തി. ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ ഉത്തരം ലഭിച്ചു; കഷ്ടകാലത്തു ദൈവം കൂടെ ഇരുന്നു വിടുവിച്ചു.
ദീർഘായുസ്സു കൊണ്ടു തൃപ്തിവരുത്തി; ദൈവം ഒരുക്കിയ രക്ഷ ദാനിയേൽ സ്വന്ത കണ്ണുകളാൽ കണ്ടു.

ഭക്തനു വിരോധമായി ഉണ്ടാക്കിയ ആയുധം ഫലിക്കാത്തതിനു കാരണം മടുത്തുപോകാതെയുള്ള പതിവ് പ്രാർത്ഥനയായിരുന്നു. ദുഷ്ടന്റെ തീയമ്പുകളെ കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച ധരിച്ചു കൊണ്ട് ഇടവിടാതെ ആത്മാവിൽ പ്രാർത്ഥിച്ചും, അതിന്നായി ജാഗരിച്ചും കൊണ്ടു പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിച്ചാൽ നമുക്ക് എതിരായി വരുന്ന ആയുധങ്ങൾ ഒരിക്കലും ഫലിക്കയില്ല.

അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടന്ന പ്രതിയോഗിയായ പിശാചിന്, ആത്മീക ജീവിതത്തിൽ ഉണർന്നും സാമൂഹിക ജീവിതത്തിൽ നിർമ്മദനുമായിരുന്ന ദാനിയേലിനെ തൊടുവാൻ കഴിഞ്ഞില്ല. ദൂതന്മാർ ഭക്തനായ ദാനിയേലിന്റെ ചുറ്റും പാളയമിറങ്ങി കാവൽ നിന്നതിനാൽ സിംഹത്തെ പോലെ ചുറ്റിനടന്ന പിശാചിനും സാക്ഷാൽ സിംഹത്തിനും ഭക്തനെ തൊടുവാൻ സാധിച്ചില്ല. നീതിമാന്മാരുടെ പ്രാർത്ഥനെക്കു കാതോർത്തിരുന്ന ദൈവം; ദോഷത്തിന്നു പകരം ദോഷവും ശകാരത്തിന്നു പകരം ശകാരവും ചെയ്യാതെ ന്യായമായി വിധിക്കുന്ന ദൈവത്തിങ്കൽ പ്രാർത്ഥനയോടെ തന്റെ കാര്യം ഭരമേല്പിച്ച ഭക്തനെ വിടുവിച്ചു.

ദൈവത്തിൽ ആഴമായി വിശ്വസിച്ചിരുന്നത് കൊണ്ട് തനിക്ക് യാതൊരു കേടും പറ്റിയില്ല; വിശ്വാസത്താലും പ്രാർത്ഥനയാലും സിംഹങ്ങളുടെ വായ് അടച്ച ഭക്തനത്രെ ദാനിയേൽ. താൻ ഇടവിടാതെ ജീവനുള്ള ദൈവത്തെ സേവിച്ചതിനാൽ നാട്ടിലെ രാജാവിന്റെ കയ്യിൽ നിന്നും, കാട്ടിലെ രാജാവിന്റെ വായിൽ നിന്നും ദൈവം തന്നെ വിടുവിച്ചു.
സിംഹത്തിന്റെ വായിൽ നിന്ന് മാത്രമല്ല, പല്ലുകൾ കുന്തങ്ങളായുള്ള മനുഷ്യരുടെ കയ്യിൽ നിന്നും ദൈവം ദാനിയേലിനെ വിടുവിച്ചു. ശത്രു സിംഹം ആയാലും അണലി ആയാലും നേരോടെ ജീവിക്കുന്ന ഭക്തന് ഹാനി സംഭവിക്കയില്ല.

ദൈവീക പ്രമാണങ്ങളെ വിട്ടുമാറാതെ, നിഷ്കളങ്കനായി അകൃത്യം ചെയ്യാതെ തന്നെത്താൻ കാത്ത ഭക്തന്, ദൈവമുമ്പാകെയുള്ള തന്റെ നീതിക്കും കൈകളുടെ വെടിപ്പിനും തക്കവണ്ണം ദൈവം പകരം നൽകി.
കുറ്റമില്ലാത്ത രക്തത്തെ ശിക്ഷെക്കു വിധിച്ചവരെ യഹോവയുടെ ദൂതൻ സംഹരിച്ചു.
ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ തെല്ലും ഭയപ്പെടാതെ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ അധികാരമുള്ള ദൈവത്തെ ദാനിയേൽ ഭയപ്പെട്ടു. മനുഷ്യരേക്കാൾ താൻ ദൈവത്തെ അനുസരിച്ചു.

തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായടപ്പിച്ച ദൈവം ഇന്നും നമുക്കായി ജീവിക്കുന്നു. നമുക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ബലമുള്ള ശത്രുവിന്റെ കയ്യിൽ നിന്നും നമ്മെ പകെക്കുന്നവരുടെ പക്കൽ നിന്നും നമ്മെ വിടുവിക്കുവാൻ ദൈവം ഇന്നും ശക്തനത്രെ. മടുത്തു പോകാതെ വിശ്വാസത്തോടെ നമുക്കും പതിവായി പ്രാർത്ഥിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.