ലേഖനം: ഇന്നത്തെ സഭാ ഇലക്ഷൻ ദൈവ വചനവിരുദ്ധം; ബൈബിളിലെ പത്ത് കാരണങ്ങൾ

പാസ്റ്റർ ബൈജു സാം

വളരെ മാതൃകാപരമായി സമൂഹത്തിന്റെ മുമ്പിൽ ജീവതം നയിക്കേണ്ടവരാണ് വേർപ്പെട്ട ദൈവമക്കൾ. ലോകത്തിന്റെ ഉപ്പും വെളിച്ചവും ഒക്കെയാണ് ദൈവ മക്കൾ എന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നു. അവർ വിശുദ്ധന്മാരും ക്രൈസ്തവ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരുമാണ്. എന്നാൽ അതിന് പാടേ വിരുദ്ധമായ പ്രവണതകൾ വേർപ്പെട്ട സമൂഹത്തിൽ അരങ്ങേറുന്നത് കാണുമ്പോൾ ഈ സമൂഹം ആത്മീയ അപചയത്തിന്റെ പടുക്കുഴിയിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് മനസ്സിലാകും.

വേർപ്പെട്ട ദൈവമക്കൾ സമൂഹത്തിന്റെ ഭാഗമാണ്. അവർ ഒരു രാജ്യത്ത് ജീവിക്കുമ്പോൾ സംഘടനകളും, സംഘട്ടനാ നേതൃത്വവും ആവശ്യമാണ്. അതിനുവേണ്ടി നേതൃത്വ നിരയെ തിരഞ്ഞേടുക്കണ്ടേതിന് അവലംബിക്കേണ്ട മാർഗ്ഗം വചനാനുസരണം ആയിരിക്കണം.

സഭാ ഇലക്ഷൻ ആണ് വളരെയധികം നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവണതയായി വേർപ്പെട്ട സഭകളിൽ ചേക്കേറിയ സാത്താന്റെ തന്ത്രം. ഇന്ന് നടത്തപ്പെടുന്ന സഭാ ഇലക്ഷനും അനുബന്ധ കാര്യങ്ങളും തിരുവെഴുത്തിന് എതിരും സാത്താന്യ ഇഷ്ടങ്ങൾക്കനുസൃതവുമാണ്. സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുളള സംഘട്ടനകൾ അതിന്റെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിൽ ആയിരിക്കണം. പക്ഷേ അതിന് അവലംബിക്കേണ്ട രീതി തികച്ചും ദൈവ വചനാനുസൃതമല്ലെങ്കിൽ അവിടെ സാത്താന്യ ആധിപത്യം ആണ് സ്വാഭാവികമായും നടത്തപ്പെടുക.

ഇന്ന് നടത്തപ്പെടുന്ന സഭാ ഇലക്ഷൻ അതിന്റെ രീതികൾ സ്വഭാവം എല്ലാം ക്രിസ്തീയ മൂല്യങ്ങൾക്കും പെന്തക്കോസ്തൽ വീക്ഷണങ്ങൾക്കും എതിരാണ്.
അധികാരത്തിനും, സ്ഥാനമാനങ്ങൾക്കും പദവികൾക്കു വേണ്ടിയുള്ള പെന്തക്കോസ്തു നേതാക്കന്മാരുടെയും അവരുടെ അനുബന്ധ ശിൽബന്തികളുടെയും പരക്കം പാച്ചിൽ കാണുമ്പോൾ സെക്കുലർ നേതാക്കന്മാരുടെ കൊച്ചനുജന്മാരാണോ ഇവർ എന്ന് തോന്നി പോകുന്നു.

പാനൽ ഉണ്ടാക്കുക, പക്ഷം ചേരുക, വോട്ട് വിഹിതം ഒരോ സ്ഥലത്തെ പല വിധ മാർഗ്ഗങ്ങളിലൂടെ ഉറപ്പാക്കുക, പണം വാരിയെറിഞ്ഞ് ആളുകളെ സ്വാധീനിക്കുക,മറ്റുള്ളവരുടെ കുറ്റം പറയുക, തേജോവധം നടത്തുക, അപവാദം പറഞ്ഞു പ്രചരിപ്പിക്കുക, കാല് വാരുക, അങ്ങനെ പോകുന്നു… ഇവയൊക്കെയല്ലേ ഇന്നത്തെ സഭാ ഇലക്ഷനിൽ നടക്കുന്നത്. ഇവിടെ പിശാച് കയറി നൃത്തം ചവിട്ടുകയല്ലെ വാസ്തവത്തിൽ? ഒരേ അപ്പത്തിന്റെ അംശികളും ഒരേ പാന പാത്രത്തിന്റെ ഓഹരിക്കാരുമായ ദൈവക്കൾ കീരിയും പാമ്പും പോലെ സ്ഥാന ലബ്ദിക്കുവേണ്ടി വെപ്രാളം കാണിക്കുമ്പോൾ നഷ്ടം വരുന്നത് ആത്മീയ മൂല്യങ്ങളും ക്രിസ്തു നാഥൻ കാണിച്ചു തന്ന മാതൃകയുമാണ്.

വേദ പുസ്തക പഠിപ്പിക്കലുകൾക്കെതിരായ ഇലക്ഷൻ പ്രവണതകളും രീതികളും തളളിക്കളയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ബൈബിളിലെ പത്ത് വീക്ഷണങ്ങളാൽ ഇപ്പോഴത്തെ സഭാ ഇലക്ഷൻ വചന വിരുദ്ധം എന്ന് നിസംശയം പറയാം.

1.മത്സര മനോഭാവം: ഇന്നത്തെ സഭാ ഇലക്ഷനിൽ നടക്കുന്നത് തനി മൽസരമാണ്. മത്സരികൾ വരണ്ട ദേശത്ത് പാർക്കുമെന്നു എന്ന് വചനം പറയുന്നു. മത്സരം ആഭിചാര ദോഷം പോലെയും ശാഠ്യം മിഥ്യാ പൂജപോലെയും ആണെന്ന് ശമുവേൽ പറഞ്ഞത് ഇത്തരുണത്തിൽ വളരെ ശ്രദ്ധേയമാണ്. മത്സരവും ദോഷവുമുളള ജനത്തിന്റെ ദൈവ നിക്ഷേധ പ്രവർത്തനങ്ങളെ പ്രവാചകന്മാർ ശക്തമായി എതിർത്തിട്ടുണ്ട്. മൽസരികളോട് ദൈവത്തിന് യാതൊരു വിധ ധാക്ഷ്യണ്യവും ഇല്ല എന്ന് സ്ഥാനാർഥിയായി നിൽക്കുന്നവർ അറിഞ്ഞാൽ നന്ന്. ആഭിചാര സ്വഭാവം ഉള്ള, ദൈവം വെറുക്കുന്ന സ്വഭാവത്തിന് അടിമപ്പെടാൻ ഉതകുന്നതുമായ ഇത്തരം ഇലക്ഷൻ പ്രചരണങ്ങളിൽ സാത്താന്റെ കൈയ്യൊപ്പ് ഉണ്ടെന്ന് നിംസംശയം പറയാം.

2.ലൂസിഫറിന്റെ ആത്മാവ്:
ഞാൻ അത്യുന്നതന് മുകളിൽ കയറും, എന്റെ ഇരിപ്പിടം അവിടെ ഉറപ്പിക്കും എന്ന് ആദ്യം പറഞ്ഞ ആള് ലൂസിഫർ ആണ്. ആദ്യത്തെ അധികാര മോഹിയും സ്ഥാന മോഹിയും ലൂസിഫർ തന്നെയാണ്. ഇന്നും അത്തരത്തിലുള്ള ഒരു ലൂസഫറിന്റെ ആത്മാവ് ആത്മീകർ എന്ന് പറയുന്ന ആളുകളിൽ വിശേഷാൽ സഭാ നേതാക്കന്മാരിൽ വ്യപരിക്കുന്നു എന്ന കാര്യം നാം മറക്കണ്ട. പരിശുദ്ധത്മാവ് ഇതെല്ലാം കണ്ടു ദുഖിക്കുന്ന അവസ്ഥയാണ് ഉള്ളത്.

3.ക്രിസ്തീയ സ്വഭാവം വാശി വൈരാഗ്യം, പക എന്നിവയ്ക്ക് വഴി മാറുന്നു: ഏത് വിധേനയും എതിരാളിയെ പരാജയപ്പെടുത്തണം എന്ന ചിന്ത മനസ്സിൽ കയറുമ്പോൾ തന്നെ ഒരു കുട്ടി പിശാച് ഇത്തരക്കാരുടെ ഉള്ളിൽ കയറും. പിന്നെ ഏത് ഹീന മാർഗ്ഗത്തിലൂടെയും അത് നടപ്പാക്കാനുളള ശ്രമമായി, അങ്ങനെ വരുമ്പോൾ സ്വഭാവികമായും ദേഷ്യം, വൈരാഗ്യം എന്നിവ ഉടലെടുക്കുന്നു. കാണുമ്പോൾ ഒരു ഒണക്ക പുഞ്ചിരി മുഖത്ത് വാരിതേച്ച് ഉള്ളിന്റെ ഉള്ളിൽ വിദ്വേഷത്തിന്റെ വിത്ത് മുളപ്പിക്കുന്നവർ ദൈവ കോടതിയുടെ മുന്നിൽ നിൽക്കേണ്ടി വരും എന്നകാര്യം വിസ്മരിക്കണ്ട.

സഹോദരനെ നിസ്സാര എന്ന് വെച്ചാൽ അഗ്നി നരകത്തിന് യോഗ്യനാകുമെന്നും, മൂഢാ എന്ന് പറഞ്ഞാലോ ന്യായാധിപ സംഘത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരുമെന്ന് അരുമ നാഥൻ പറഞ്ഞ വാക്കുകളെ തളളിക്കളയുന്നവർക്ക് വചനം പ്രസംഗിക്കാനോ, സഭാ നേതൃത്വത്തിലേക്ക് കടന്നു വരാനോ യോഗ്യത ഇല്ല എന്ന് മനസ്സിലാക്കട്ടെ.

4.ഒരോരുത്തൻ മറ്റോരുത്തനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണണം എന്ന് വചനം പഠിക്കുമ്പോൾ. ഞാൻ അവനെക്കാൾ കേമൻ എന്ന ചിന്ത ക്രിസ്തീയ കാഴ്ചപാടിന് എതിരായി. പ്രത്യേകിച്ചും അത്തരം നല്ല സ്വഭാവം പ്രചരിപ്പിച്ച് അതിന്റെ വക്താക്കളാകേണ്ട ആളുകൾ അതിനെ ഹനിക്കുന്നത് കാണുമ്പോൾ വേലി തന്നെ വിളവു തിന്നുന്ന സാഹചര്യം ഉണ്ടാകുന്നു.
അപരനെ പല ഉദ്യമങ്ങളിലൂടെ തരം താഴ്ത്തി, ഞാൻ അവനെക്കാട്ടിലും മഹാൻ എന്ന് തോന്നിപ്പിക്കുന്നത് സത്താന്റെ വേലത്തരമാണെന്ന് ഇത്തരക്കാർ മറന്നു പോകുന്നു. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവർ ദാസനായിരിക്കണം എന്നാണ് യേശു പഠിപ്പിച്ചത്. പക്ഷെ ദാസനായിരിക്കേണ്ട പലരും ഇന്ന് ഒന്നാമനാകാനുള്ള തന്ത്രപ്പാടിലാണ്.

5.യഹോവായുടെ നാമം വൃഥാ എടുക്കരുത് എന്നാണ് പ്രമാണം: ദൈവവചന വിരുദ്ധമായ പ്രവണതകളിലൂടെ ആളുകളുടെ ഔദാര്യം കൊണ്ട് ലഭ്യമായ സ്ഥാനത്ത് വന്നാൽ പറയുന്ന വാചകമാണ്. “കർത്താവാണ് എന്നെ ഈ സ്ഥാനത്ത് കൊണ്ട് വന്നതെന്നാണ്”. വാസ്തവത്തിൽ വിശുദ്ധിയിൽ പൂർണ്ണനായ ദൈവത്തിന്റെ നാമം വൃഥാ എടുക്കുകയാണ് ചെയ്യുന്നത്. വചന വിരുദ്ധമായ പ്രവണതകൾക്ക് വിധേയപ്പെടുന്നവർ തീർച്ചയായും പിശാചിന്റെ ആധിപത്യത്തിൽ കീഴിലാണ്. എന്നിട്ട് മഹാനായ ദൈവത്തെ കൂട്ട് പിടിക്കുന്നത് ദൈവ കോപം ജ്വലിക്കുന്നതിനേ കാരണമാക്കൂ.
6. സ്വർഗ്ഗീയ സ്ഥാന മാനങ്ങൾ ഉപേക്ഷിച്ച് താണ ഭൂമിയിലേക്ക് വന്ന മഹാ ദൈവമായ നസ്രയാന്റെ പിൻഗാമികളാണ് ലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ കസേര ഇട്ടിരിക്കുന്ന മരീചിക സ്വപ്നം കണ്ട് നടക്കുന്നത്. വാസ്തവത്തിൽ ഇവരൊന്നും യേശുവിനെ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞവരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കർത്താവ് ഉയരത്തിൽ നിന്ന് താണു വന്നു. എന്നാൽ ഇന്ന് താണ് നിൽക്കുന്നവർ ഏത് മാർഗ്ഗത്തിലൂടെയും ഉയരത്തിൽ കയറാനാണ് ശ്രമം നടത്തുന്നത്.

7. പക്ഷം പിടിക്കുക: സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണുന്നതും പീന്നീട് സ്ഥിരമായി നിലകൊള്ളുന്നതുമായ പ്രവണതയാണ് പക്ഷം ചേരുക. അതിനെ പാനൽ എന്ന ആധുനിക നാമം ഇട്ട് അലങ്കരിച്ചെന്ന് മാത്രം. എത്ര എത്ര പാനലുകൾ ആണ് ഓരോ വർഷം പീന്നീടുംതോറും കൂടി വരുന്നത്. പക്ഷം ചേരുന്നതിനെയും ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെയൊക്കെ പരിശുദ്ധാത്മാവ് ശക്തമായി ശാസിച്ചിട്ടുണ്ട്. കൊരിന്ത്യ സഭയിലെ അപ്പല്ലോസ്, കേഫാ പൗലോസ് തുടങ്ങിയ ആളുകളുടെ പക്ഷം പിടിച്ച് ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ പൗലോസ് ശക്തമായി എതിർത്തിരുന്നു. തന്റെ പക്ഷം നിന്നവരെ പോലും പൗലോസ് വെറുതെ വിട്ടില്ല. ചേരി തിരിഞ്ഞുളള ഇത്തരം ജഡ വാസനകൾ ഭിന്നിപ്പിനും കലഹത്തിനും കാരണമാകുന്നു അത് തന്നെയാണ് സഭാ തിരഞ്ഞെടുപ്പിൽ കണ്ടു വരുന്നത്. ഇതിൽ ദൈവത്തിനോ തന്റെ പരിശുദ്ധാത്മാവിനോ യാതൊരു പങ്കുമില്ല എന്ന് ദൈവ മക്കൾ മനസ്സിലാക്കണം.ഇവിടെ വ്യാപരിക്കപ്പെടുന്ന അന്യായാത്മാവിനെ വീണ്ടും ജനിച്ച ദൈവ മക്കൾ വിവേചിച്ചറിയണം.

8. ജ്ഞാനവും, ആത്മാവു നല്ല സാക്ഷ്യമുള്ളവരെ ഒക്കെ ആണ് യെരൂശലേമിലെ സഭയിൽ ശുശ്രൂഷ പരമായ കാര്യങ്ങൾക്ക് തിരഞ്ഞെടുത്തത്. ഇന്ന് ജ്ഞാനം ഉള്ളവന് ആത്മാവില്ല, ആത്മാവു ഉള്ളവന് ജ്ഞാനം ഇല്ല, ഇത് രണ്ടും ഉള്ളവന് നല്ല സാക്ഷ്യവും ഇല്ല. ഇതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കോടതിയും, വഴക്കും ,നിയമ യുദ്ധങ്ങളുമായി ഒരേ സഭയിൽപ്പെട്ടവർ മുന്നോട്ട് നീങ്ങുമ്പോൾ, അങ്ങനെ ഉള്ളവർക്കൊന്നും സഭാ നേതൃത്വ നിരയിൽ കടന്നു വരാൻ യോഗ്യത ഇല്ലെന്നു നാം തിരിച്ചറിയണം. എന്നാലും നേതൃത്വ സ്ഥാനത്ത് വരാൻ ധൃതി കൂട്ടന്നവർ ആരായാലും ദൈവത്തിന്റെ മുൻമ്പാകെ കണക്ക് പറയാനും തയ്യാറായി ഇരുന്നു കൊളളണം. നല്ല സാക്ഷ്യം ഇല്ലാത്തവരും ആത്മ നിറവ് ഇല്ലാത്തവരും സഭാപരമായ സംഘടനയുടെ ചുക്കാൻ പിടിക്കാൻ രംഗത്ത് വരുന്നത് കാണുമ്പോൾ വായിക്കുന്നവർ ഗ്രഹിക്കട്ടെ. ഇത് ഇരുളിന്റെ പ്രവൃത്തിയും സാത്താന്റ ആധിപത്യവുമാണെന്ന്.

9.ക്രിസ്തീയ ധർമ്മ ശാസ്ത്രവും, ക്രിസ്തീയ പുതിയ നിയമ പ്രമാണവും നിലകൊള്ളുന്നത് സ്നേഹത്തിലാണ്. ന്യായപ്രമാണവും തിരുവെഴുത്ത് മുഴുവനും കാച്ചി കുറുക്കി എടുത്താൽ കിട്ടുന്ന പ്രധാന ഗുണ വിശേഷമാണ് സ്നേഹം. കൂട്ടുകാരനെ നിന്നെ പോലെ സ്നേഹിക്കണം എന്ന് പറയുന്ന വചനം കൈയിൽ ഉള്ളവരാണ് കൂട്ടുകാരന്റെ കാല് വാരുന്നതും, കൂട്ടുകാരനെ അപകീർത്തിപ്പെടുത്തുന്നതും. ഇവിടെ എവിടെയാണ് ദൈവ സ്നേഹം? സ്നേഹം എല്ലാം പൊറുക്കുന്നു, സ്നേഹം എല്ലാം സഹിക്കുന്നു, ദോഷം കണക്കിടുന്നില്ല. ഇത് പ്രസംഗിക്കുന്ന അജപാലകരെങ്കിലും ജീവിതത്തിൽ കൊണ്ട് വരാൻ ശ്രമം നടത്തണ്ടേ? സ്നേഹമാകുന്ന ദൈവത്തിന്റെ ആത്യന്തിക സ്വഭാവത്തെ ഹനിക്കുന്ന തിന്മയുടെ വ്യാപാരമാണ് സഭാ തിരഞ്ഞെടുപ്പിൽ നടത്തപ്പെടുന്നത് എന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും.

10. സെക്കുലർ രാഷ്ട്രീയ രീതി: ഇലക്ഷൻ പ്രചരണാർഥം പെന്തക്കോസ്തു നേതാക്കന്മാരടക്കം ഉള്ളവരുടെ പാനലുകൾ എത്രയോ ലക്ഷങ്ങൾ ആണ് വാരിയെറിയുന്നത്. മൾട്ടി കളർ പോസ്റ്ററുകളും,മറ്റിതര പരസ്യങ്ങൾക്കുമായി യാതൊരു സങ്കോചവും കൂടാതെ ലക്ഷ കണക്കിന് പണം ധൂർത്തടിക്കുന്നു. ഇത് യാതൊരു വിധത്തിലും നീതികരിക്കാനാവത്തതാണ്.

ഗൾഫ്,യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ വിസിറ്റ് ചെയ്ത് ദൈവ മക്കൾ ദൈവ നാമത്തെ പ്രതി കൊടുക്കുന്ന പണം ആണ് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് എന്ന് നാം തിരിച്ചറിയണം. ചോര നീരാക്കിയും,രക്തം വിയർത്തു പകലന്തിയോളം ജോലി ചെയ്യുന്നതിന്റെ ഒരു വിഹിതമാണ് ഈ പാസ്റ്റർമാർക്ക് നൽകുന്നത് അവർ അത് കൊണ്ട് പോയി ഇലക്ഷൻ പരിപാടി നടത്തുമ്പോൾ ഓർക്കുക നിങ്ങൾ ചെയ്യുന്നത് അനീതിയാണ്.

നിരവധി ഗ്രാമങ്ങൾ സുവിശേഷീകരിക്കാൻ കിടക്കുന്നു, അനേക വേലക്കാർ ജീവിത സന്ധാരണത്തിനായി കഷ്ട്ടപ്പെടുമ്പോൾ ആണ് നേതാക്കന്മാരുൾപ്പെടെയുള്ള ആളുകൾ ഈ ധുർവ്യയം കാണിക്കുന്നത്. ഇതൊന്നും ശരിയായ ആത്മാവിന്റെ പ്രവൃത്തി അല്ല എന്ന് ദൈവ മക്കൾ തിരിച്ചറിയണം.
അവസാനമായി ഇപ്പോഴുളള സഭാ തിരഞ്ഞെടുപ്പിലൂടെ രംഗത്ത് വരുന്നവർ ഭൂരിഭാഗവും മേൽ വിവരിച്ച പ്രകാരമാണ്. അങ്ങനെയുളള നേതാക്കന്മാരെ ഒരു മീറ്റിംഗിനും ,ഒരു കാര്യത്തിനും വിളിക്കാതിരിക്കുക. കാശ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമായും നേതൃത്വം പലരും സ്ഥാനമാനങ്ങളെ കാണുന്നു. അതുകൊണ്ടാണ് അവരിൽ പലരും വചന വിരുദ്ധ പ്രവണതകൾക്ക് വശംവദരാകുന്നത്. അവരൊക്കെ സ്ഥാനം കിട്ടി അവിടെ ഇരിക്കട്ടെ. ഇങ്ങനെ ഉള്ളവരെ ഒന്നും ഭരിക്കുന്നത് ശരിയായ ആത്മാവ് അല്ലെന്നും ദൈവ മക്കൾ തിരിച്ചറിയണം..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.