ലേഖനം: അടിസ്ഥാനം മറിഞ്ഞുപോയാല്‍

ഷാജി ആലുവിള

ടിസ്ഥാനപരമായ വ്യവസ്ഥിതികളാൽ ചിട്ടപ്പെടുത്തിയ ഒരു ഭരണ സവിധാനത്താൽ നയിക്കപ്പെടേണ്ടതാണ് എല്ലാ രാജ്യവും അങ്ങനെ ആണ് ഇന്ത്യൻ ഭരണഘടനാ നിയമവും. ലോകത്തിലെ പ്രശസ്ഥമായ എഴുതപ്പെട്ട ഭരണ നിയമം തന്നെ ആണ് ഭാരതത്തിന്റെത്. അതുപോലെ തന്നെ ആണ് ഏത് പ്രസ്ഥാനത്തിനും അവരുടേത് എന്നു പറയുന്ന ഒരു നിയമ സംവിധാനം ഉണ്ട്, ചട്ടങ്ങളുണ്ട്. നിയമങ്ങൾ ആരിലും അടിച്ചേല്പിക്കണ്ടതല്ല. ഒരു ഭാരത പൗരനെന്ന നിലക്ക് ഏതൊരു വ്യക്തിയും നമ്മുടെ ഭരണ ഘടനകളെ ക്കുറിച്ചും ഭരണ സംവിധാനത്തെ ക്കുറിച്ചും സാമാന്യ അറിവ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഭരണകർത്താക്കളും നേതൃത്വങ്ങളും അതുപോലെ നിയമത്തിനു കീഴ്പ്പെട്ടുവേണം സമൂഹത്തെ നായിക്കേണ്ടതും.

ഇവിടെ പ്രസ്താവ്യ വിഷയം അടിസ്ഥാനം ഇളകി പോയാൽ നീതിമാൻ എന്തു ചെയ്യും എന്നതാണ്. സത്യത്തിൽ നീതിമാൻ എന്നു പറയാൻ പറ്റിയത് ഇവിടെ ആരാണ് ഉള്ളത്? നീതി മാൻ ആരുമില്ല ഒരുത്തൻ പോലും ഇല്ല എന്ന് വിശുദ്ധ ബൈബിൾ പറയുന്നു. എന്നാൽ നാം നീതിമാൻമാർ ആയിരിക്കേണം എന്നും ബൈബിൾ പഠിപ്പിക്കുന്നു. ഇപ്പോൾ നോക്കിയാൽ നവ ജാത ശിശു അല്ലാതെ പൂർണ്ണ നീതിമാൻ വേറെ ആരും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ആത്മീയ പ്രസ്ഥാനങ്ങളിലെ കടുത്ത രാഷ്ട്രീയവും അണികളുടെ രാഷ്ട്രീയ ഇടപെടലും അപഥ ഗമനവും, ആത്മീയച്യുതിയും വർദ്ധിപ്പിക്കുന്ന വിനാശത്തിന്റെ കാലത്ത്‌ ആണ് ഇപ്പോൾ മിക്ക ക്രിസ്തീയ പ്രസ്ഥാനങ്ങളും എത്തി നിൽക്കുന്നത്. സത്യത്തിൽ നമ്മുടെ ഭരണ നിയമ സംവിധാനങ്ങളിൽ ഈ രീതികൾ പറഞ്ഞിട്ടും ഇല്ല.

നേതൃത്വ പാഠവം ഉള്ള ആത്മീയ നേതാക്കൻ മാരെ വെട്ടി വീഴ്ത്തി ഭക്തിയുടെ വേഷഭൂഷാദികളോടെ രാഷ്ട്രീയക്കാരായി നമ്മൾ ഭരണതലത്തിൽ എന്നുമുതൽ വന്നുവോ അന്നുമുതൽ അടിസ്ഥാനങ്ങൾ ഇളകുവാൻ തുടങ്ങി. സഭാരാഷ്ട്രീയം പല പ്രാദേശിക സഭയുടെയും ഭിന്നിപ്പിനു കാരണമായി. അതുതന്നെ ആണ് അനേക സ്വതന്ത്ര പ്രസ്ഥാനങ്ങൾ ഉടലെടുക്കുവാൻ കാരണം ആയതും. സ്വാർഥതക്കും നേതൃത്വ സ്ഥാനത്തിനും വേണ്ടി പടല പിണക്കത്തോടെ പിരിഞ്ഞു മറ്റു സംഘടനകൾക്ക് രൂപം കൊടുത്തു ലീഡർമാരായി തീർന്നു പലരും. ഇതു മുഖാന്തരം സമൂഹത്തിൽ നാം അപഹാസ്യപ്പെടുകയല്ലേ. ഉപദേശ പിശകുകൊണ്ട് വിട്ടുപോയവരും ഇതിനിടയിൽ ഉണ്ട് അതിനും രാഷ്ട്രീയ പകപോക്കലിന്റെ കാരണമായിട്ടുണ്ടോ എന്നുകൂടി ചിന്തിക്കണം.
ഒരുവൻ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അസൂയാലുക്കളായി അദ്ദേഹത്തെ ഉയരാതിരിക്കത്തക്ക നിലയിൽ അപകീർത്തിപ്പെടുത്തി ഒതുക്കി കളയുന്ന കാരണത്താൽ അനേകരുടെ വളർച്ച മുരടിച്ചു പോകുന്നു. പ്രായം കൊണ്ടും പക്വതകൊണ്ടും ജീവിത വിശുദ്ധികൊണ്ടും നേതൃത്വ പാഠവം കൊണ്ടും വ്യക്തിത്വം തെളിയിച്ചു ദൈവീക ശുശ്രൂഷയിൽ ഉത്തരവാദിത്വബോധത്തോടെ മുന്നേറിയ പലരുടെയും ആദർശത്തിന്റെ അടിസ്ഥാനം ഇളകുവാൻ കാരണവും സഭാരാഷ്ട്രീയ പോരുകളല്ലേ എന്ന്‌ ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ദൈവീക ശുശ്രൂഷയിൽ ഉത്തരാവദിത്വ ബോധം നാൾക്കു നാൾ കുറഞ്ഞു വരുന്ന വ്യസനകരമായ പ്രവണതയാണ് ഇന്ന് സർവ്വത്ര കണ്ടു വരുന്നത്. സുവിശേഷ ശുശ്രൂഷ അത് അർഹിക്കുന്ന ഗൗരവത്തോടും, ഘനത്തോടും നിർവ്വഹിച്ചു പോന്നവർ പ്രവർത്തന നൈർമ്മല്യതയും ലക്ഷ്യബോധവും കൈവെടിഞ്ഞ് അവഥഗമനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച ആരെയും വേദനിപ്പിക്കും. ലോകമയത്വത്തിന്റെയും, അനാത്മിയതയുടെയും അതിപ്രസരം നിഴലിച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ സുവിശേഷ വേല നിർവിഘ്‌നം നിർവ്വഹിക്കേണം. പ്രത്യേകിച്ച്‌ സഹാകാരികളിൽ നിന്ന് സഹാനുഭൂതിയോ സഹകരണമോ അഭിനന്ദനങ്ങളോ പ്രതീക്ഷിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ സ്വർഗീയ ദർശനത്തിന് മങ്ങൽ ഏൽക്കാതെ ആദർശങ്ങൾക്കു ക്ഷതം സംഭവിക്കാതെ കർത്താവ് തന്ന ശുശ്രൂഷ തികക്കുവാൻ ശ്രമിക്കണം. നമ്മെ ശക്തിപ്പെടുത്തുന്ന ദൈവ കൃപയിൽ ആശ്രയിച്ചും നമ്മിൽ ബലത്തോടെ വ്യാപരിക്കുന്ന പരിശുദ്ധാത്മാവിനാലും അതു കഴിയണം.

നിരന്തര എതിർപ്പുകളിലും, പ്രതികൂലങ്ങളിലും ക്ഷീണിക്കുമെങ്കിലും അടിസ്ഥാനം ഇളകി പോകാതെ നമ്മൾ ദൈവം വിളിച്ചാക്കിയ ശുശ്രൂഷയിൽ വിപരീതാനുഭവങ്ങളുടെ മധ്യേ പിന്തിരിയരുത്. ആത്മീയ ആദർശ ജീവിതത്തിന് കോട്ടം സംഭവിക്കുവാൻ സാധ്യത ഏറിയാൽ മാലിന്യം ഏൽക്കാതെ ഒരുവൻ നിൽക്കുന്നിടത്തു നിന്നും ഒഴിഞ്ഞു മാറിയാൽ അതിൽ തെറ്റുപറയാനും പറ്റില്ല. വെല്ലുവിളികൾ സുധീരം നേരിടുവാനും, സ്വസ്ഥാനങ്ങളിൽ ഉറച്ചുനിൽപ്പനും പ്രാപ്തരായി വേണം മുന്നേറുവാൻ.

കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കി, ദൈവത്തിന്റെ വിളിയിൽ ഉറച്ചു നിൽപ്പാൻ ദൈവത്താൽ നാം ശക്തിപ്പെട്ടില്ലങ്കിൽ ഇന്നയുടെ നട്ടെല്ലായ യുവജനങ്ങളും നാളെയുടെ വാഗ്ദാനങ്ങളുമാകുന്ന ബാല്യവും നമുക്ക് സഭകളിൽ നഷ്ടം ആകും. മുൻനിര പെന്തകോസ്ത് പ്രസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് സംവിധാനം മാറ്റപ്പെട്ടില്ലങ്കിൽ രാഷ്ട്രീയ അഭിനിവേശം നമ്മുടേ വംശനാശത്തിന് കാരണമായി എന്നു വരാം. ജനാധിപത്യ വ്യവസ്ഥിതികളാൽ നടത്തപ്പെടുന്ന ക്രിസ്തീയ പ്രസ്ഥാനങ്ങൾ ദൈവീക പദ്ധതി വിട്ടു പോകുമ്പോൾ കോടതികൾ കയറി ഇറങ്ങി നടു റോഡിൽ പോരടിക്കുന്ന വിചിത്ര രംഗം നമുക്ക് മുന്നിൽ കാണുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി. ദൈവ ദുതന്മാർക്കു പകരം മാനുഷിക കാവലാൾ ദൈവാലയങ്ങൾക്കു കാവൽക്കാരായി. അതോടെ ആലയങ്ങളിൽ ദൈവം ഇല്ലാതെയും ആകുന്നു. സ്ഥാന മാനങ്ങൾക്ക് വേണ്ടി ചഢുല ചിന്താഗതികളെ മാറ്റി നാം നീതിമാൻമാരാകണം.

ക്ഷിപ്രമാത്രയിൽ മനോവേദിയിൽ ഉദിച്ചുയർന്ന കപട കഥയുമായി നയമാന്റെ സമീപം ഓടിയെത്തുന്ന ഗേഹസിയെ പോലെ തൽക്കാലം തന്ത്രം ഫലച്ചു എന്നു വരാം പിന്നെത്തേതിൽ കഥ ദൈവം മാറ്റി മറിക്കും. നിൽക്കുന്നു എന്നു തോന്നുന്ന നീതിമാൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊണ്ട് തലകളെ ഉയർത്തി യേശുക്രിസ്തുവിന്റെ വരവിനായി വീക്ഷിക്കാം. അടിസ്ഥാനം ഇളക്കുവാൻ ലോകത്തിന്റെ പ്രഭു നോക്കിയാലും ക്രിസ്തു ആകുന്ന പാറമേൽ പണിത സഭ ഒരിക്കലും തകരില്ല….നാം അതു തകർക്കരുത് അതിൽ ഉള്ള ആരെയും താഴ്ത്തരുത് തളർത്തരുത്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.