ലേഖനം: താലന്ത് പരിശോധനക്ക് മുമ്പ് ചില നിർദേശങ്ങൾ

ജസ്റ്റിൻ ജോർജ് കായംകുളം

താലന്ത് പരിശോധനയിലെ ഇതര വിഷയങ്ങളിൽ മുന്നേറാൻ ഉള്ള നിർദേശങ്ങൾ

താലന്ത് പരിശോധന ഇന്ന് പെന്തക്കോസ്ത് സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും കഴിവുകൾ പരിശോധിക്കുന്ന മത്സരസ്വഭാവമുള്ള താലന്ത് പരിശോധനകൾ കഴിവുകളെ പുറത്തു കൊണ്ടുവരുവാൻ സഹായിക്കുന്നതാണ്. താലന്ത് പരിശോധനയിൽ കൂടെ കഴിവുകൾ തെളിയിച്ച് അനേക പ്രിയപ്പെട്ടവർ ഇന്ന് സഭയ്ക്ക് അഭിമാനമായി നിലകൊള്ളുന്നു സംഗീത മേഖലയിൽ, എഴുത്തിൻറെ മേഖലയിൽ, വാദ്യോപകരണങ്ങളുടെ മേഖലകളിൽ, സംഗവേദികളിൽ ഒക്കെ താലന്ത് പരിശോധന സംഭാവന ചെയ്ത വ്യക്തികൾ അനവധിയാണ്.

അനേക താലന്ത് പരിശോധനാ വേദികളിൽ വിധികർത്താവായി പോയ അനുഭവത്തിൽ നിന്നും പ്രസംഗം,ഉപന്യാസം, കഥ, കവിത, ചിത്രരചന, ബൈബിൾ ക്വിസ് തുടങ്ങിയ മത്സരം വിഭാഗങ്ങളിൽ അല്പം കൂടി ശ്രദ്ധിച്ചാൽ സമ്മാനം കരസ്ഥമാക്കുവാൻ കഴിയുന്ന ചില നിർദേശങ്ങൾ നിങ്ങൾക്കായി നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു
ഒരിക്കലും സമ്മാനം ലഭിച്ചു എന്നുള്ളതല്ല ഒരു കഴിവിനെ അംഗീകരിക്കുന്നു എന്നതിനു തെളിവ്. തനിക്ക് ലഭിച്ച കഴിവിനെ നന്നായി മാറ്റ് നോക്കി വിനിയോഗിക്കുന്നു എന്നുള്ളതാണ് ഒരു വ്യക്തിയുടെ വിജയം എന്നത്. എങ്കിലും മത്സരസ്വഭാവമുള്ള പരിശോധനകളിൽ വിജയം ആഗ്രഹിക്കുന്നവർക്ക് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഉപന്യാസം

ഉപന്യാസത്തിനുള്ള വിഷയം ലഭിക്കുമ്പോൾ തന്നെ ആ വിഷയത്തെ നന്നായി മനസ്സിലാക്കുവാൻ ശ്രദ്ധിക്കുക. ലഭിച്ചിരിക്കുന്ന വിഷയത്തോട് എന്തുകൊണ്ട്? എങ്ങനെ? എന്തിന്?
സമൂഹത്തിൽ, സഭയിൽ, വ്യക്തിപരമായി ഉള്ള ബന്ധത്തിൽ വിദ്യാർഥി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം ആണ് ഒരു ഉപന്യാസം ആയി മാറുന്നത്.

ആമുഖം, വിഷയ പഠനം പോയിൻറ്കളും, ഉപ പോയിൻറ്കളും, ഉപസംഹാരം എന്നിവ വിലയിരുത്തപ്പെടും. വലിച്ചുവാരി എഴുതി എന്നതുകൊണ്ട് പേപ്പർ നിറച്ചത് കൊണ്ട് മാർക്ക് ലഭിക്കണമെന്നില്ല. നല്ല വാക്കുകൾ കൊണ്ട് നല്ല വാചകങ്ങൾ രൂപപ്പെടുത്തി അടിവരയിട്ട് വിഷയത്തെ അധികരിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും രേഖപ്പെടുത്തി സമ്മിശ്രമായ ഒരു പ്രതികരണം വിമർശനാത്മകമായ രീതിയിൽ നൽകുമ്പോഴാണ് ആ ഉപന്യാസത്തിന് വിധികർത്താവ് മാർക്ക് നൽകുന്നത്.

പ്രസംഗം

ഇന്ന് മിക്കവാറുമുള്ള എല്ലാ താലന്ത് പരിശോധന കളിലും വിഷയാധിഷ്ഠിത മായ പ്രസംഗമാണ് നടക്കുന്നത്. 5 മിനിറ്റ് മുമ്പ് വിഷയം നൽകും ആ വിഷയത്തെ പഠിച്ച് നന്നായി അവതരിപ്പിക്കുക എന്നുള്ളതാണ് വിദ്യാർത്ഥിയുടെ കടമ. ഒരു വിഷയം ലഭിക്കുമ്പോൾ വാക്യങ്ങൾ അന്വേഷിച്ച് ലഭിക്കാതെ വരുമ്പോൾ പ്രസംഗിക്കാതെ പിന്മാറുന്നവരെ കണ്ടിട്ടുണ്ട്. നിങ്ങൾക്ക് ലഭിച്ച വിഷയത്തെ മനസ്സിലാക്കി വന്ദനം ചെയ്ത്, എന്താണ് പ്രസംഗിക്കുവാൻ പോകുന്നത് എന്നുള്ള മുഖവുര നൽകി
ഒന്നോരണ്ടോ പോയിൻറ്കൾ ഉണ്ടാക്കി ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി നല്ല വാക്കുകൾ ഉപയോഗിച്ച് പ്രസംഗിക്കുക. ആശയം, അവതരണം,ശരീരഭാഷ വാക്കുകൾ, ഉപസംഹാരം ബൈബിൾ ഉദ്ധരണികൾ എന്നിവയ്ക്കനുസരിച്ച് ആയിരിക്കും നിങ്ങൾക്ക് മാർക്ക് ലഭിക്കുന്നത്. ആത്മ വിശ്വാസത്തോടെ വിധികർത്താക്കളുടെ മുഖത്തുനോക്കി വലിയ ഒരു സദസ്സിനെ അഭിമുഖീകരിക്കുന്നു എന്ന ചിന്തയിൽ നിങ്ങൾക്ക് കിട്ടിയ വിഷയത്തെ നന്നായി അവതരിപ്പിക്കുക. കടുകട്ടി വാക്കുകൾ കൊണ്ട് പ്രാസമൊപ്പിച്ചുള്ള വന്ദനം ചെയ്യൽ ഒന്നും ഗുണം ചെയ്യുകയില്ല.

കഥ രചന

താലന്ത് പരിശോധനയിൽ സർഗ്ഗാത്മകതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കഥാരചന നടക്കാറുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അപഗ്രഥിച്ച് ദൈവവചനത്തിലെ ചിന്തകളുമായി കോർത്തിണക്കി ഒരു വ്യക്തിയുടെ പ്രസിദ്ധിയോ കുപ്രസിദ്ധിയോ പ്രത്യേകമായി എടുത്തുകാട്ടി ചെറുകഥാ രൂപത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു ഗുണപാഠം നൽകുന്ന കഥകൾക്ക് സമ്മാനം ലഭിക്കും. കഥ എഴുതി തുടങ്ങുമ്പോൾ ഒരിടത്ത് ഒരിടത്ത്, പണ്ട് പണ്ട് എന്നൊക്കെ തുടങ്ങുന്നതിനു പകരം ഒരു ഓർമ്മ കൊണ്ടുവരുന്നത് പോലെയോ, രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണം രൂപെണയോ ഏതെങ്കിലും സംഭവത്തെ മൂന്നാമത് ഒരാൾ വരച്ചുകാട്ടുന്നതായോ ആ സംഭവത്തെ സാധൂകരിക്കുന്ന ഓർമ്മകളിലൂടെ അതിൻറെ ഉപസംഹാര ത്തിൽ എത്തുമ്പോഴാണ് ആ കഥയ്ക്ക് നല്ല മാർക്ക് ലഭിക്കുവാൻ കാരണമായിത്തീരുന്നത്.

കവിതാരചന

കവിതാ രചനയ്ക്കുള്ള വിഷയം കിട്ടുമ്പോൾ നമ്മുടെ ഹൃദയത്തിലെ വരികൾ ആയിരിക്കണം കവിതയായി രൂപം കൊള്ളേണ്ടത്.
കാല്പനികതയെ ആശയം ആക്കി അത് വാക്കുകളിൽ കൂടി രേഖപ്പെടുത്തി താളാത്മകമായി വായിക്കുമ്പോൾ ഒരു ഒഴുക്ക് ലഭിക്കുന്ന രീതിയിൽ നാലു വരികൾ വീതമുള്ള നാലോ അഞ്ചോ സെറ്റ് ഉണ്ടാക്കുക. അങ്ങേയറ്റം പോയാൽ 20 വരികൾ മാത്രമേ ഒരു കവിതയ്ക്ക് ഉണ്ടാകാവൂ. അത് വായിക്കുമ്പോൾ ആശയങ്ങൾ ലഭിക്കണം നല്ല പദങ്ങൾ സന്ദർഭത്തിനനുസരിച്ച് കൊണ്ടുവരാൻ ശ്രമിക്കുക.
അറിയാവുന്ന ക്രിസ്തീയ ഗാനങ്ങളുടെ വരികളോ സിനിമാഗാനങ്ങളുടെ വരികൾ എഴുതി വെച്ചാൽ വിധികർത്താക്കൾക്ക് അത് മനസ്സിലാകും എന്നുള്ള ബോധ്യത്തോടെ കവിത എഴുതുക.

ചിത്രരചന

ചിത്രരചന എപ്പോഴും വേദപുസ്തക അടിസ്ഥാനത്തിൽ ഉള്ള വിഷയങ്ങൾ ആയിരിക്കും ലഭിക്കുക. ഒരിക്കലും നന്നായി ചിത്രം വരച്ചത് കൊണ്ട് ആളുകളുടെ രൂപം,മൃഗങ്ങളുടെ രൂപം എല്ലാം നന്നായി വരച്ചു എന്നുള്ളതുകൊണ്ട് ആ ചിത്രത്തിനു സമ്മാനം ലഭിക്കുകയില്ല മറിച്ച് ആ വിഷയത്തിലെ ആശയങ്ങളും ആ സംഭവത്തിലെ യാഥാർത്ഥ്യ വിഷയങ്ങളും കൃത്യമായി ആ ചിത്രത്തിൽ വന്നിട്ടുണ്ട് എങ്കിൽ മാത്രമേ അതിനു മാർക്ക് തരികയുള്ളൂ. ഒരു വിഷയം തരുമ്പോൾ വിധി കർത്താവ് ആ സംഭവത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നന്നായി പഠിച്ച് ആയിരിക്കും തരുന്നത്.
അതുകൊണ്ട് ഒരിക്കലും നന്നായി വരച്ചു എന്നതുകൊണ്ട് മാത്രം സമ്മാനം ലഭിക്കണമെന്നില്ല കാളയെ യാഗം കഴിക്കേണ്ട സ്ഥലത്തു ആടിൻറെ പടം വരച്ചു വെച്ചാൽ എത്ര നന്നായി വരച്ചാലും സമ്മാനം ലഭിക്കില്ല.

താലന്ത് പരിശോധനയിൽ ചെറുപ്പത്തിൽ എനിക്ക് ലഭിച്ച ഒരു സമ്മാനമാണ് എന്നെ എഴുത്തിന്റെ മേഖലയിലേക്ക് കൊണ്ട് വന്നത്. നമ്മുടെ ഉള്ളിൽ കിടക്കുന്ന കഴിവുകളെ മിനുക്കിയെടുത്തു പുറത്തു കൊണ്ട് വരുവാൻ കഴിയണം. മത്സരത്തിനുപരി ദൈവനാമം മഹത്വപ്പെടേണ്ടതിനും,യുവജനങ്ങളുടെ വളർച്ചയിലും വലിയ പങ്ക് വഹിക്കുന്ന താലന്ത് പരിശോധനകൾ നല്ലത് തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.