വീക്ഷണം: ഇറങ്ങിച്ചെന്നു തഴുകി

ബ്ലെസ്സൺ ബാബു, കൊട്ടാരക്കര

വർഷാവസാനത്തിന് അല്പ ദിനങ്ങൾ കൂടി ശേഷിക്കുന്നു. പെന്തക്കോസ്തു സഭകളുടെ കൺവെൻഷനുകൾ ആരംഭിക്കാറായി..
ചെറിയ ചെറിയ സുവിശേഷ യോഗങ്ങൾ നടന്നിരുന്ന കാലം വിസ്‌മൃതിയിലായി. ഇപ്പോൾ വർഷന്തോറുമുള്ള മെഗാ ക്രൂസേഡുകൾ, സെന്റർ കൺവെൻഷനുകൾ,
ജനറൽ കൺവെൻഷനുകൾ മാത്രമായി തീർന്നു. നടത്തിപ്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ തിരഞ്ഞെടുക്കപെടുന്നു. തകൃതിയിലായി കാര്യങ്ങൾ നടക്കുന്നു
ദൈവ നാമ മഹത്വത്തിനെന്നു കൊട്ടി ഘോഷിക്കപ്പെടുന്നു, എങ്കിലും ആരൊക്കെയോ മഹത്വം പങ്കിട്ടെടുക്കുന്നു. മേള പകിട്ടാർന്ന സംഗീത ഗ്രൂപ്പും ആളെ കൂട്ടാൻ
പരസ്യങ്ങളും, മുകളിൽ വെള്ള വിരിച്ച വിശാലമായ പന്തലും, ലക്ഷങ്ങൾ ചിലവിടുന്ന ഒരുക്കങ്ങൾ അങ്ങനെ ഒരുങ്ങുകയായി. കേൾവിക്കാർ പതിവ് വിശ്വാസികളും
സ്റ്റേജിൽ നിറയെ പാസ്റ്റർമാരും തന്നെ. അവരിങ്ങോട്ടും ഇവരങ്ങോട്ടും അങ്ങനെ പന്തലും സ്റ്റേജും നിറയുന്ന കാഴ്ച മനോഹരം. വാടകക്കെടുത്ത കസേര മുഴുവൻ
നിരത്തി ആൾ നിറഞ്ഞ പന്തലും, അടിപൊളി പാട്ടും ആകർഷകമായ ശബ്ദത്തിൽ ആവർത്തിച്ചാവർത്തിച്ചു പ്രസംഗിച്ചു പ്രകമ്പനം മുഴക്കുന്ന പ്രഭാഷകരും മഴ പെയ്യാതിരുന്നതും എല്ലാമാണ് ഇന്ന് അനുഗ്രഹം.

പണ്ടത്തെ നാളുകളെ ഓർക്കുന്നു. ഐക്യതയും പരസ്പര വിശ്വാസവും, സ്നേഹവും, താഴ്മയും നിലനിന്നിരുന്ന കാലം. വിശ്വാസികളിൽ നിന്നും കർത്തൃദാസന്മാരിൽ നിന്നും പ്രാർത്ഥനയാൽ ജനത്തിന് ലഭിച്ചിരുന്ന ആശ്വാസവും, സഹായവും അവരെ കർത്താവിന്റെ സന്നിധിയിലേക്ക് ആകർഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഓല പന്തലും പായ വിരിച്ച ഇരിപ്പിടവും, തമ്പേറിന്റെ താളവും, കൈയടിച്ചു ആത്മാവിൽ പാടുന്ന പാട്ടും, ആരാധനയും പരിഛേദം അന്യം നിന്നുപോയി. ആധുനിക സൗകര്യങ്ങൾ അവയെ എല്ലാം കീഴടക്കി. സഭ പ്രസ്ഥാനമായി തീർന്നു. പ്രസ്ഥാനത്തെ നയിക്കാൻ നേതാക്കന്മാർ ആവശ്യമായി വന്നു. സഭയെ നടത്തിയത് ആത്മ നിറവും, ആത്മീക അധികാരവുമുള്ള കർത്തൃദാസന്മാർ. അവരുടെ വാക്കുകൾക്കു ജനം കാതോർത്തു. അവർ പറഞ്ഞത് അംഗീകരിച്ചു, അനുസരിച്ചു. അങ്ങനെ വളർന്നു വന്നതാണ് ദൈവസഭ.

‘ഇറങ്ങിച്ചെന്നു തഴുകി’- പൗലോസ് ത്രോവാസിൽ നിന്ന് പുറപ്പെടുന്നതിനു മുൻപ് അപ്പം നുറുക്കാൻ അവർ കൂടിയ രാത്രിയിൽ പ്രസംഗം നീണ്ടുപോയി. അവിടെ വളരെ വിളക്കുണ്ടായിരുന്നു. യുത്തിക്കോസ് കിളിവാതിൽക്കൽ നിന്ന് വീണു. മരിച്ചവനായി എടുത്തു കൊണ്ടുവന്ന യൗവനക്കാരന്റെമേൽ പൗലോസ് ഇറങ്ങിച്ചെന്നു വീണു തഴുകി. അവന്റെ പ്രാണൻ അവനിലുണ്ട്, പിന്നെ അവനെ ജീവനോടെ കണ്ടു. വളരെ വിളക്കുള്ള പന്തലുകൾ ഉയർന്നു. നീട്ടിയ പ്രസംഗം കരഘോഷങ്ങളുടെ അകമ്പടി യോടെ അരങ്ങു തകർക്കുന്നു. പക്ഷെ യൗവനക്കാർ ആത്മീകമായി മരിച്ചുകൊണ്ടിരുന്നു. അവർ വാതിൽക്കലാണ്. അകത്തുമല്ല പുറത്തുമല്ല. കാരണം പുറത്തു എല്ലാം യോഗ്യമായതല്ലെന്ന് അവരുടെ മനഃസാക്ഷി പറയുന്നു. എന്നാൽ അകത്തു അംഗീകരിക്കാൻ, അനുകരിക്കാൻ കഴിയാത്ത അനുഭവങ്ങൾ ആക കൊണ്ട് അകത്തുമല്ല പുറത്തുമല്ലാതെ യൗവനക്കാർ നിരവധി. അവർ ആത്മീകമായി മരിച്ചുകൊണ്ടിരിക്കുന്നു. പ്രാണൻ അവരിൽ ഉണ്ടെന്നു പൗലോസ് പറയുംപോലെ ജീവൻ ഉണ്ട്. പക്ഷെ ആത്മീയമായി അർദ്ധപ്രാണവസ്ഥ. അനാത്മീകർ എന്ന് മുദ്ര കുത്താൻ എളുപ്പമാണ്. എന്നാൽ കാരണക്കാർ ആരാണ് ?

ചെയ്‌യേണ്ടത്, പൗലോസുമാരേ, പ്രൗഡിയോടെ പ്രസംഗിച്ചു ജീവിക്കുന്ന പ്രാസംഗികരേ ,നമ്മൾ ഇറങ്ങി ചെല്ലണം, ജനത്തിലേക്കു, യൗവനക്കാരിലേക്കു , മാതൃകയാക്കാൻ കൊള്ളാവുന്ന ആത്മീയ അനുഭവങ്ങളോടെ താഴ്മയോടെ, സ്നേഹത്തോടെ ഇറങ്ങിച്ചെല്ലണം. വീണു തഴുകണം ,അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായ ആത്മീയ കൈത്താങ്ങലും പ്രാർത്ഥനയുംകൊണ്ട് അവരെ തഴുകണം. അവരെ ജീവനോടെ കാണാൻ കഴിയും, നശിച്ചുപോകയില്ല. തീർച്ചയായും. എന്നാൽ ഇപ്പോൾ ഇറങ്ങിച്ചെന്നു തഴുകുന്നത് വോട്ടു ചോദിക്കാനും, പ്രസ്ഥാനത്തിന്റെ നേതാവാകാനും മാത്രം. ഹോ! എന്തൊരു സ്നേഹപ്രകടനം. ബ്രദറെ, പാസ്റ്ററെ എന്ന് വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചു തഴുകുകയാണ്. ഈ തഴുകലുകൾ കാണുമ്പോൾ ജനത്തിനറിയാം എന്തിനാണെന്ന്. നേതൃ നിരയിൽ നയിക്കാൻ യോഗ്യരായവരെ ദൈവം ആക്കട്ടെ. കഴിവും താല്പര്യവുമുള്ളവർക്ക് എല്ലാം സ്ഥാനാർത്ഥിയായി നിൽക്കാം അത് ആവശ്യവുമാണ്. എന്നാൽ ഈ പരസ്പര പഴിചാരലും,”ഈ നില്കുന്ന ചുങ്കക്കാരനെപോലെ ഞാൻ അല്ലായ്കയാൽ” എന്ന പരീശ പരിവേദനങ്ങളും കൊണ്ട് ഇറങ്ങി നടന്ന് വീണു തഴുകുന്ന പ്രിയപെട്ടവരെ, സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നില്ലയോ?

ദീർഘവീക്ഷണവും, ആത്മഭാരവും, സഭകളെക്കുറിച്ചു എരിവുമുള്ള ദൈവഭൃത്യന്മാർ നേതൃത്വത്തിൽ വരട്ടെ ! ധന സമ്പാദ്യത്തിനും, മുതൽ കൂട്ടാനും, ആഡംബര ജീവിതം നയിക്കാനുമല്ല, മാതൃകയാക്കാൻ കൊള്ളാവുന്ന നേതൃനിര സഭയുടെ തലപ്പത്തു വരട്ടെ. പ്രാണൻ അവനിൽ ഉണ്ട് എന്നപോലെ ആത്മീയ ജീവനുള്ള യുവതീയുവാക്കൾ അവിടവിടെ ഉണ്ട്. പരിച്ഛേദം ഇല്ലാതാകുന്നതിനു മുൻപ് മാളിക മുറി വിട്ട് ഇറങ്ങിച്ചെന്നു വീണ് തഴുകാം. യൗവനക്കാർ ആത്മീയ ജീവനിലേക്കു മടങ്ങി വരട്ടെ. നാം പുറപ്പെടാനുള്ള പ്രഭാതം പൊട്ടിവിടരാറായി. അതുവരെ അപ്പം നുറുക്കിയും, സംഭാഷിച്ചും അതായതു നാം ആരാധിച്ചും, പ്രാർത്ഥിച്ചും, പ്രസംഗിച്ചും മുൻപോട്ടു പോകാം. നേരം പുലരാറായാലോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.