ലേഖനം:ദയയും പരോപകാരവും ദൈവ ഭക്തന്റെ മുഖ മുദ്ര ആയിരിക്കട്ടെ | ഷാജി ആലുവിള

ആധ്യാത്മിക ജീവിതത്തിൽ ഒരു ക്രിസ്തീയ വിശ്വാസി ജഡത്തിന്റെ ഇച്ഛകളെ അതിജീവിച്ചു ആത്മാവിന്റെ ഫലങ്ങളിൽ നിലനിൽക്കണം എന്നു പൗലോസ് ശ്ലീഹ ഗലാത്യ ലേഖനം അഞ്ചാം ആധ്യായത്തിൽ വ്യക്തമായി പറയുന്നു. പുറജാതികളിൽ നിന്നു രക്ഷിക്കപ്പെട്ടു വരുന്നവർ ന്യായപ്രമാണ കൽപ്പനകൾ കൂടി ആചാരിക്കണമെന്നുള്ള ദുരൂപദേശത്തെ ഘണ്ണിക്കുകയും യേശുക്രിസ്തുവിലുള്ള സ്വാതിന്ത്രത്തിൽ വിശുദ്ധിയോടെ നിലനിൽക്കുവാൻ ആഹ്വാനം ചെയ്യുകയും ആണ് ഈ ലേഖനം. പ്രതിദിന ജീവിതത്തിൽ ദൈവീക സ്വാതന്ത്രവും ആത്മാവിന്റെ ഫലവും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്തെന്നും പൗലോസ് ശ്ലീഹ ഇവിടെ ഓർമിപ്പിക്കുന്നു.
അന്യരുടെ ക്ഷേമത്തിൽ ആത്മാർത്ഥമായ താത്‌പര്യം കാണിക്കുന്നത് ദയയുടെ ഒരു ഭാഗമാണ്. വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് ദയ പ്രകടമാക്കേണ്ടത്. ആഴമായ സ്നേഹവും സഹാനുഭൂതിയും ആണ് സഹ ജീവികളോട് ദയ കാണിക്കുവാൻ ഒരുവനെ പ്രേരിപ്പിക്കുന്നത്. സ്നേഹത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് ദയ ഭൂഷണം അല്ല. അനുകമ്പാ
പൂർവ്വം മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം എടുക്കുന്നതിനും സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നതിനും ആശ്വാസം പകരും വിധം സംസാരിക്കുന്നതും ദയയുടെ ഭാഗമാണ്. സ്നേഹനിർഭരമായ ദയയുള്ളവർ അന്യരോടുള്ള സ്നേഹത്തെ പ്രതി അവരുടേതായ ഈ ക്ഷേമത്തിൽ തത്പരരാകും. എന്തു തന്നെ സംഭവിച്ചാലും ഒരു സദുദ്ദേശം സാക്ഷാത്ക്കരിക്കും വരെ അതുമായി ബന്ധപ്പെട്ട വ്യക്തിയോട് സവിശ്വസ്‌തം പറ്റി നിന്ന്‌ പൂർണ്ണ മനസ്സോടെ കാണിക്കുന്ന സ്വഭാവം ആണ് സ്നേഹ നിർഭരമായ ദയ.
ഭക്തിയും പ്രസംഗവും പ്രകടനം ആയാൽ ദയയില്ലാത്ത സ്വാർഥന്മാരായിത്തീരും. അർദ്ധപ്രാണനായി വഴിയരികിൽ കിടന്ന പരദേശിയെ കണ്ട പുരോഹിതൻ ന്യായപ്രമാണ ചുരുൾ നോക്കി സ്ഥലം വിട്ടു. എന്നാൽ ആ നല്ല ശമര്യാക്കാരനിൽ ഉള്ള ദയ അപരന്റെ വേദനയെ ഉൾക്കൊണ്ടു. അവനെ കൈത്താങ്ങി ഉയർത്തി ആതുരശുശ്രൂഷ ചെയ്തു. സത്രത്തിൽ എത്തിച്ചു. അതാണ് ദയ അതാണ് യഥാർത്ഥ സേവനം. പ്രതിഫലം പ്രാപിക്കാതെ ചെയ്യുന്ന പ്രവർത്തിയാണ് സേവനം. ഇന്നായിരുന്നു എങ്കിൽ കൂടെയുള്ള പലരും നിരുത്സാഹപ്പെടുത്തുമായിരുന്നു. ദയ അപരിചിതരോടും കാണിക്കണം. 275 യാത്ര ക്കാർക്കൊപ്പം പൗലോസ് കപ്പൽകച്ചേതത്തിൽ അകപ്പെട്ടപ്പോൾ മാൾട്ട (മെലീത്ത) ദ്വീപികർക്ക് ഒട്ടും പരിചയം ഇല്ലാതിരുന്നിട്ടും അവർ അവരോടു ദയ കാണിച്ചു. ഈ ജലപ്രളയത്തിന്റെ കെടുതിയിൽ കഷ്ടം അനുഭവിക്കുന്ന നമ്മുടെ സഹജീവികൾക്ക് ഒരു കൈത്താങ്ങായി തീരുവാൻ നമുക്ക് ഇട ആയാൽ അതും ദയയുടെ ഭാഗമാണ്. നാം മറ്റുള്ളവരോട് ദയ കാണിക്കുമ്പോൾ ആണ് ദൈവവും നമ്മോട് കരുണ കാണിക്കുന്നത്.
ആത്മാഭിലാഷത്തിലെ ആറാമത്തെ ഫലമാണ് പരോപകാരം. ദയയും പരോപകാരവും തമ്മിൽ പിരിയാൻ പറ്റാത്ത ബന്ധം ഉണ്ട്. ദയ ഉള്ളവർക്കെ അന്യനു നന്മ ചെയ്യുവാൻ പറ്റു. അതിനെ ആണ് പരോപകാരം എന്നു പറയുന്നത്. പരോപദ്രവം ചെയ്യുന്ന ഉപദ്രവകാരികളും ചുറ്റുമുണ്ട്. അവരെയും നാം സൂക്ഷിക്കണം. നോവും നോമ്പരങ്ങളുമായി ജീവിതം തള്ളി നീക്കുന്ന ഒട്ടനവധിപ്പേർ നമുക്ക് ചുറ്റുമുണ്ട്. വൈരൂധ്യങ്ങൾ നിറഞ്ഞ ലോകത്തിൽ വ്യത്യസ്തരായ ജീവിതങ്ങളെയും നമുക്ക് കാണാം. ആ അപരിനിലേക്ക് ഒഴുക്കുന്ന ഉപകാരമാണ് ഇത്‌. കടമയും കർത്തവ്യവുമല്ല ഇത്. ഒരുവനിൽ നിന്നും മറ്റൊരുവനിലേക്ക് കൈമാറ്റപ്പെടേണ്ട സ്നേഹം ആണ് പരോപകാരം. പരോപകാരികൾ ആയിരിക്കുന്ന അനേകരെ ചൂഷണം ചെയ്യുന്ന കപട സ്നേഹികളെ സൂക്ഷിക്കുകയും വേണം.
പലപ്പോഴും പലരും ചിലരെ സഹായിച്ചിട്ടു അവർക്ക് ആ സഹായം അതേ സാഹചര്യത്തിൽ തിരികെ ലഭിച്ചില്ലെങ്കിൽ പരാതികളും പരിഭവങ്ങളും ആരംഭിക്കും. ഒരാൾക്ക് സഹായം ചെയ്തിട്ട് തിരികെ, അതേ സാഹചര്യത്തിൽ അതോ, അതിലധികമോ തിരികെ വാങ്ങുന്നത് പരോപകാരം അല്ല. ഉദാഹരണം വിവാഹം, ഭവന സമർപ്പണം, ജന്മദിന സംഭാവനകൾ. എന്നാൽ ചെയ്ത സഹായത്തിനു പ്രതിഫലം തിരികെ വാങ്ങാത്തതാണ് പരോപകാരം. മറ്റുള്ളതൊക്കെ ബാധ്യതകൾ അത്രേ. നിഷ്‌ക്കാമകർമ്മം ആയിരിക്കണം ഉപകാരം. ദൈവവും നമ്മെ കുറിച്ച് അതു തന്നെ അല്ലെ ആഗ്രഹിക്കുന്നത്. ജാതി മത വ്യവസ്ഥിതികൾ നോക്കാതെ വൃക്കയും, രക്തവും ദാനം ചെയ്യുന്നു ചിലർ. ചിലർ മരണാനന്തരം കണ്ണും കരളും കൂടി ദാനം ചെയ്യുന്നു. ഈ ദന കർമ്മങ്ങളൊക്കെ പരോപകാരം ആണ്. എന്നാൽ കൊടുക്കുവാൻ ഉണ്ടായിട്ടും ആർക്കും കൊടുക്കാതെ ചരിതിച്ചു വെക്കുന്ന വ്യക്തികളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ആവശ്യക്കാർക്ക് ആവശ്യം അറിഞ്ഞു ചെയ്യുന്ന നൻമ്മക്കു ദൈവം പ്രതിഫലം തരും എന്നുള്ള പ്രതീക്ഷ മാത്രമേ നാം വെക്കാവു. ജീവിതത്തിൽ നമുക്കുള്ള ലാഭം മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതാണ്. സ്വന്തമായി വിഷമം തോന്നാതെ സന്മനസോടെ അപരർക്ക് ചെയ്യുന്ന ദയയോട് കൂടിയ പരോപകാരം നമ്മിൽ വർധിക്കട്ടെ. വലിയ തിയോളജിയും ഉണർവ്വ് പ്രസംഗവും വലിയ ഉണർവ്വും കൈമുതലായുള്ള നാം പരോപകാരം ചെയ്യുന്നിത്തിൽ പുറകോട്ടു നിൽക്കരുത്. ആത്മാവിന്റെ ഫലങ്ങൾ ചുരുളുകളാക്കി ഉള്ളിൽ വെക്കാതെ, ഇല്ലാത്തവർക്ക് ധാന ദർമ്മം ആയി കൊടുത്താൽ അതാണ് ഉത്തമമായ സേവനം. ഉദാരസംഭാവനകളുടെ പ്രസിദ്ധിക്കായി ശിലകങ്ങളിൽ പേര്‌ കൊത്തി പ്രകടനം ആക്കുന്ന രീതിയും ദൈവം ഇഷ്ടപ്പെടുന്നില്ല.
ആത്മാവിന്റെ ഫലം നമ്മിൽ നിലനിൽക്കണം എങ്കിൽ ജഡത്തിന്റെ പ്രവർത്തികൾ മാറിപ്പോകണം. നൻമ്മ ചെയ്യുന്നതിൽ നിന്നും നമ്മെ പുറകോട്ടു മാറ്റുന്ന ഹൃദയം ദൈവീകമല്ല അതു സ്വാർത്ഥമായ ജഡീക സ്വഭാവം ആണ്. കഴിഞ്ഞ ജല പ്രളയത്തിൽ അനേക ഉപകാരം പ്രാപിച്ച പലരൊടും ഇപ്പോഴത്തെ ദുരുന്തത്തിൽ ഒരു ചെറു സഹായം ചെയ്യൂ എന്നു പറയുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് അന്ന് ചെയ്‌തോ എന്നുള്ള മറു ചോദ്യം ആണ് ചിലർ ചോദിക്കുന്നത്. പ്രിയരേ, ലോകത്തെ നേടുവാൻ ഇറങ്ങിയ നാം സാമൂഹിക പ്രതിബദ്ധതയോട് കൂടി പ്രവർത്തിച്ചില്ലങ്കിൽ വാതിലുകൾ നമ്മുടെ മുൻപിൽ അടയും എന്നു ഓർക്കുക. ചെയ്യുന്ന പ്രവർത്തിക്കു പ്രതിഫലം ഇച്ഛിക്കാതെയോ വാങ്ങാതെയോ ഉള്ള പ്രവർത്തിക്കാണ്‌ സേവനം എന്നു പറയുന്നത്.”ദയയും പരോപകാരവും ഒരു ദൈവ ഭക്തന്റെ മുഖ മുദ്ര ആയിരിക്കട്ടെ” അതാണ് ദൈവഭക്തിക്കും ക്രിസ്തീയജീവിതത്തിനും മാറ്റു കൂട്ടുന്നത്. ആകയാൽ “നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിനെന്നപോലെ മനസോടെ ചെയ്യുവീൻ”.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.