ലേഖനം:ദൈവത്തിൻെറ മറെക്കപ്പെട്ട മുഖം | പാസ്റ്റർ സണ്ണി പി. സാമുവൽ. (റാസ് അൽ ഖൈമ, യു.എ.ഇ.)

സെമിനാരി വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ എന്നെ ഹഠാദാകർഷിച്ച ഒരു പഠനവിഷയമായിരുന്നു ‘ബൈബിൾ ആൻഡ് സയൻസ്’. ജബൽപൂർ യൂണിവേഴ്സിറ്റിയുടെ റീഡറായി വിരമിച്ച ഡോക്ടർ ഉമ്മച്ചനായിരുന്നു ഈ വിഷയം ഞങ്ങളെ പഠിപ്പിച്ചിരുന്നത്. തുടർന്ന് മൗണ്ട് സിയോൺ ബൈബിൾ സെമിനാരി,I.C.T.S. എന്നിവിടങ്ങളിലെ അധ്യാപകനായപ്പോൾ ഇഷ്ടവിഷയമായി പഠിപ്പിച്ചത് ‘ബൈബിൾ ആൻഡ് സയൻസ്,’ ആയിരുന്നു.

ശാസ്ത്രം അനുനിമിഷം വളരുകയും മാറുകയും ചെയ്യുകയാണ്. ഇന്നലെകളുടെ ടെക്നോളജി ഇന്നുകളിൽ കാലഹരണപ്പെടുകയും, നാളെ അവ മ്യൂസിയത്തിലേക്ക് മാറ്റപ്പെടുകയും ആണല്ലോ. എന്നാലും ശാസ്ത്രത്തിൻറെ അടിസ്ഥാന തത്വങ്ങൾക്ക് മാറ്റം വരുന്നില്ല.

പരിണാമസിദ്ധാന്തം, ‘ബിഗ് – ബാങ്, തിയറികൾ പ്രബലപ്പെട്ടപ്പോൾ ശാസ്ത്രവും ബൈബിളും തമ്മിൽ ഒരിക്കലും സമന്യയിപ്പിക്കുവാൻ കഴിയുകയില്ല എന്ന ചിന്ത വിശ്വാസികളുടെ ഇടയിൽ പരന്നു. ഭൗതികവാദികൾ ആയിരുന്ന കമ്മ്യൂണിസ്റ്റുകാർ മേല്പറഞ്ഞ സിദ്ധാന്തങ്ങളെ മാറോടണച്ചു ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വിശ്വാസീ സമൂഹത്തിന് ഉത്തരമില്ലായിരുന്നു. ഇപ്പോഴും ഈ കലഹം തുടരുന്നു എന്നതാണ് സത്യം. നമ്മുടെ മുൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ആയിരുന്ന സത് പാൽ സിങ്, പരിണാമ സിദ്ധാന്തത്തിനെതിരെ മുന്നോട്ട് വരികയും അത് ശാസ്ത്രീയമായി തെറ്റ് ആണെന്നും, സ്കൂളുകളിലും, കോളേജുകളിലും പഠിപ്പിക്കരുതെന്നും തുറന്നടിക്കുകയും ചെയ്തു. ശാസ്ത്രലോകം അദ്ദേഹത്തിതിനെതിരെ തിരിഞ്ഞു. 2018 ഫെബ്രുവരി മാസത്തെ ദർപ്പണം മാസികയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.

‘ബൈബിളും ശാസ്ത്രവും’ എന്ന വിഷയം വളരെ സൂക്ഷ്മമായി, ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. അത് പഠിപ്പിക്കുന്ന അദ്ധ്യാപകൻ ഞാണിന്മേൽ കളിക്കു തുല്യമായ ഏകാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഓരോ വർഷവും ക്ലാസ് ആരംഭിക്കുന്നതിനു മുമ്പ് ഞാൻ നോട്സ് റിവൈസ് ചെയ്യുമായിരുന്നു. അതിനായി കിട്ടാവുന്ന സയൻസ് ജേണലുകൾ സംഘടിപ്പിച്ചു വായിക്കുകയും; ആനുകാലിക ശാസ്ത്ര- സാങ്കേതിക വിവരങ്ങൾ വ്യഗ്രതയോടെ പഠിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെയുള്ള എൻെറ പഠനത്തിനിടയിലാണ് ഡോക്ടർ ജെറാൾഡ് ഷ്റോഡർ എന്ന ശാസ്ത്രജ്ഞനെ ക്കുറിച്ച് അറിവ് കിട്ടുന്നത്. The age of the universe – എന്ന അദ്ദേഹത്തിൻെറ ആർട്ടിക്കിളാണ് ആദ്യം ശ്രദ്ധയിൽ വരുന്നത്. അത് വായിച്ച് ഞാൻ സത്യത്തിൽ അത്ഭുതപരതന്ത്രനായിപ്പോയി. ശാസ്ത്രത്തെ ബൈബിളുമായി നന്നായി സമന്വയിപ്പിച്ചുള്ള ഒരു ലേഖനം – വിശ്വാസി സമൂഹം നേരിടുന്ന അനേകം ചോദ്യങ്ങൾക്ക് പ്രത്യേകിച്ച് ദൈവീക സൃഷ്ടിപ്പിനെക്കുറിച്ച് അതിൽ മറുപടി ഉണ്ടായിരുന്നു.

അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( M.I.T.) നിന്നും കെമിക്കൽ എൻജിനീയറിങിൽ B.Sc-യും, എർത് ആൻഡ് പ്ളാനെറ്ററി സയൻസിൽ M.Sc.- യും എർത് സയൻസ് ആൻഡ് ഫിസിക്സിൽ P.hD-യും കരസ്ഥമാക്കിയ അദ്ദേഹം M.I.T. യിൽ ഫിസിക്സ് അദ്ധ്യാപകനായി. അഞ്ചു വർഷത്തെ അദ്ധ്യാപനത്തിനു ശേഷം, ഒരു യഹൂദൻ ആയിരുന്നതിനാൽ, യിസ്രായേലിലേക്ക് കുടിയേറി. അവിടെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും, തുടർന്നു വോൾകാനിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ചേർന്നു. തൻെറ ജോലിയോടുള്ള ബന്ധത്തിൽ അനേകം അതിസാഹസിക സംഭവങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആറ് ആറ്റംബോംബുകൾ നിർവീര്യം ആക്കുന്ന പദ്ധതിയിൽ അദ്ദേഹം അംഗമായിരുന്നു. റേഡിയോ ആക്ടിവിറ്റി നിയന്ത്രണത്തിൻെറ ഭാഗമായി അമേരിക്കയിൽ അനേകം മീറ്റർ ആഴമുള്ള യുറേനിയം ഖനിയിൽ ജോലി ചെയ്തിട്ടുണ്ട്. അന്തരീക്ഷത്തിൽ പറക്കുന്ന ആൽഫ ബീറ്റ ഗാമ കിരണങ്ങളെ അളക്കുന്ന real time monitor ലോകചരിത്രത്തിൽ ആദ്യമായി കണ്ടുപിടിക്കുകയും patent ഏറ്റെടുക്കുകയും ചെയ്തു. ചൈനക്കു യിസ്രായേലുമായി ഒരു നയതന്ത്രബന്ധവും ഇല്ലാതിരുന്ന കാലത്തും അദ്ദേഹം ചൈനയ്ക്ക് ഇഷ്ടനായിരുന്നു. റേഡിയോ ആക്ടിവതയുള്ള വാതകമാണ് radon. ചന്ദ്രൻെറ അന്തരീക്ഷത്തിലുള്ള radon- നെ കുറിച്ചും മുലപ്പാലിലെ പോഷണപരിണാമ വിഷയത്തെ (Metabolism) കുറിച്ചും
വരെ അദ്ദേഹം ലേഖനങ്ങൾ എഴുതി.

ഇതിലെല്ലാം ഉപരി നീണ്ട15 വർഷങ്ങൾ അദ്ദേഹം ഒരു ബൈബിൾ വിദ്യാർത്ഥിയായിരുന്നു . ഹെർമ്മൻ പൊല്ലോക്, ചെം ബ്രോവേണ്ടെർ, നോഹ വെയ്ൻ ബർഗ് എന്നീ റബ്ബിമാരുടെ കീഴിൽ തീയോളജിക്കൽ വിദ്യാഭ്യാസം നേടിയ ഷ്റോഡർ ബൈബിൾ, തൽമൂദ്, കബാലിസ്റ്റ് വ്യാഖ്യാനം എന്നിവ അഭ്യസിച്ചു. 25 വർഷമായി അദ്ദേഹം എബ്രായ ബൈബിളിന്റെ പുരാതന കൈയ്യെഴുത്തു പ്രതികളെക്കുറിച്ച് പഠിക്കുകയും വിവർത്തനങ്ങളിലും പുതിയ കയ്യെഴുത്തു പ്രതികളിലും വന്നിട്ടുള്ള സ്ഖലിതങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. Genesis and Big bang, Science of God, The hidden face of God, God according to God എന്നീ പുസ്തകങ്ങൾ ശാസ്ത്രത്തെ ബൈബിളുമായി സമന്യയിപ്പിച്ചു എഴുതിയ കൃതികൾ ആണ്. ഈ പുസ്തകങ്ങൾ പത്ത് ഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പുരാതന ബൈബിൾ വ്യാഖ്യാനങ്ങൾ (Bible exegesis) എങ്ങനെ ആനുകാലിക ശാസ്ത്രീയ സത്യങ്ങളുമായി സംഗമിക്കുന്നു എന്ന് Aish HaTorah College of Jewish Studies ൽ അദ്ദേഹം പഠിപ്പിക്കുകയും ഒപ്പം ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നു. ഉല്പത്തി ഒന്നാം അധ്യായം രണ്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ഇരുളും മിസ്രയീമിൽ വെളിപ്പെട്ട കൂരിരുട്ടും തമോഗർത്തത്തിൻെറ (black energy or blackfire) വ്യത്യസ്ത ഭേദങ്ങളായിരുന്നു എന്ന് അദ്ദേഹം തെളിയിച്ചു.

ധവളോർജ്ജത്തിൻെറ (White energy) പശ്ചാത്തലത്തിൽ തമോർജ്ജം (Black energy) കൊണ്ട് എഴുതി കാണിച്ചാണ് ദൈവം പഞ്ചഗ്രന്ഥ വെളിപ്പാട് മോശെക്കു നല്കിയതെന്നും അദ്ദേഹം പഠിപ്പിക്കുന്നു.

ഷ്റോഡർ എന്ന വ്യക്തിയെ കുറിച്ച് എഴുതുവാനല്ല ഈ ലേഖനം. അദ്ദേഹം വിശ്വസിക്കുന്ന – ബൈബിൾ വെളിപ്പെടുത്തുന്ന- ദൈവത്തിൻെറ മഹത്വത്തെക്കുറിച്ച് എഴുതുവാനാണ്. ഇത്ര ഉന്നതൻ ആയിരുന്നിട്ടും താൻ ദൈവവിശ്വാസി ആണെന്ന് സൂചപ്പിക്കുവാനാണ്.

മോശെ ദൈവത്തിൻെറ മറെയ്ക്കപ്പെട്ട തേജസ്സ് കണ്ടു. അവൻ കടന്നു പോയപ്പോൾ അവൻ ദൈവത്തിൻെറ പിൻഭാഗം കണ്ടു (പുറപ്പാട് 31ന് 17 മുതൽ 23 വരെ). വസ്ത്രം ധരിക്കുമ്പോലെ തേജസ് വാരി ചുറ്റിയിരിക്കുന്ന (സങ്കീർത്തനം 104 : 2), ദൈവത്തിന് മുൻഭാഗവും പിൻഭാഗവും ഉണ്ടോ? “നിഴൽ വീഴ്ത്താത്ത വെളിച്ചമാണ് ദൈവം,” എന്ന് യാക്കോബ് തന്റെ ലേഖനത്തിൽ (1:17) പറയുന്നു. പിൻഭാഗം എന്നതിൻെറ അർത്ഥം എന്താണ്? അത് after effect നെ കുറിക്കുന്നു. ദൈവം കടന്നു പോയാൽ അതിന് ഒരു result ഉണ്ടായിരിക്കും. അവൻ പ്രവർത്തിച്ചാൽ അതിനു ശേഷം പിമ്പിൽ ചില തിരിച്ചറിയത്തക്ക പരിണതഫലം ഉണ്ടായിരിക്കും. ദൈവം ഈ പ്രപഞ്ചത്തിലുടെ കടന്നു പോയി. അതിൻെറ ആഫ്റ്റർ എഫക്ട് ആണ് ശാസ്ത്രം. അതു ചൂണ്ടിക്കാട്ടി ഷ്റോഡർ പറയുന്നു, ഇതാ, “ദൈവത്തിൻെറ മറയ്ക്കപ്പെട്ട മുഖം.” (Behold the after effect of the hidden face if God).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.