പാസ്റ്റർ ആനന്ദപ്പള്ളി ജോർജിനെ ആദരിച്ചു

ഷാജി ആലുവിള

 

അടൂർ: പത്തനംതിട്ട ജില്ലയിൽ അടൂരിനടുത്തുള്ള ആനന്ദപ്പള്ളി മുണ്ടുതറയിൽ വീട്ടിൽ പാസ്റ്റർ ജോർജ്ജ് എന്ന ആനന്ദപ്പള്ളി ജോർജ്ജച്ചായനെ തന്റെ മികവുറ്റ സാമൂഹിക പ്രതിബദ്ധതയോടുകൂടിയ സുവിശേഷ പ്രവർത്തനത്തിനുള്ള സമർപ്പണത്തെ അംഗീകരിച്ച് ആത്മീയ സാമൂഹിക സാംസ്‌കാരിക സഘടനകൾ ആദരിച്ചു. നാൽപ്പതാം വയസ്സിൽ കർതൃശുശ്രൂഷയിൽ വ്യാപൃതനായ പാസ്റ്റർ ആനന്ദപ്പള്ളി ജോർജ്ജിന് അമ്പതു വർഷത്തെ പ്രവർത്താനാനുഭവങ്ങളെ അയവിറക്കുപ്പോൾ ഇപ്പോൾ വയസ്സ് 90 കഴിഞ്ഞു. ഒരു പുരുഷായുസിന്റെ സിംഹഭാഗവും പിന്നിടുമ്പോൾ കുടുംബ ജീവിതത്തിലെ സന്തോഷവും, എല്ലാ മക്കളും തലമുറകളും തന്നെപ്പോലെ കർതൃവേലയിൽ ലോകത്തിന് അനുരൂപപ്പെടാതെ ജീവിതത്തിൽ മുന്നേറുന്നു എന്നുള്ളത് അഭിമാനകരമായ സാക്ഷ്യം എന്ന് അദ്ദേഹത്തോടൊപ്പം സമൂഹവും ഒരുപോലെ പറയുന്നു. പ്രസംഗം മാത്രമല്ല സുവിശേഷ വേല, ആതുര സേവനത്തോടൊപ്പം, നിർദ്ധരരെ കൈതാങ്ങി ആശ്വസിപിക്കുന്നതും കൂടി ആണെന്ന് പാസ്റ്റർ ജോർജ്ജ് മറ്റുള്ളവരെ തന്റെ പ്രവർത്തിയിലൂടെ പഠിപ്പിക്കുന്നു. ആനന്ദപ്പള്ളി മുണ്ടുതറയിൽ നൈനാൻ മത്തായി അന്നമ്മ ദമ്പതിമാരുടെ ആറുമക്കളിൽ ഇളയ മകൻ ആയി ജോർജ്ജ് 1929 ൽ ജനിച്ചു. പിതാവായ നൈനനിൽ നിന്നും മാതൃകാപരമായ ജീവിതവും സുവിശേഷത്തിന്റെ മാഹാത്മ്യവും അനുഭവപാഠങ്ങളാക്കി. പിതാവിൽ നിന്നും അനുഭവിച്ചറിഞ്ഞ സുവിശേഷ സത്യങ്ങൾ ഹൃദയത്തിൽ മനപ്പാടമാക്കി വചനത്തിന്റെ ശോഭ ഒട്ടും കുറയ്ക്കാതെ ഹൃദയത്തിൽ കാത്തു സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് അതു പകർന്നു നൽകി. ജീവിത വഴി യാത്രയിൽ പ്രതികൂലം ശക്തമായി ഉയർന്നപ്പോഴും അടിപതറാതെ കപടമുഖം ഇല്ലാത്ത ആധ്യാത്മിക ജീവിതം നയിച്ചു. തലമുറകൾക്കും സമൂഹത്തിനും മാതൃകാപരമായ ജീവിതത്തിലൂടെ ജീവിത സാക്ഷ്യം തെളിയിച്ച് തൊണ്ണൂറു വയസ്സ് പിന്നിടുമ്പോൾ അനുഭവങ്ങളുടെ ഒരു വലിയ കലവറ തന്നെ അദ്ദേഹത്തിൽ സൂക്ഷിച്ചിരിക്കുന്നു. തന്റെ ശുശ്രൂഷാ ജീവിതത്തിന്റെ താളുകളിൽ വിജയത്തിന്റെ അധ്യായം എഴുതി ചേർക്കുമ്പോൾ അതിന്റെ പിന്നിൽ കൈത്താങ്ങായി നിന്നതു തന്റെ സഹധർമ്മിണി ശോശാമ്മ ജോർജ്ജാണ്. എല്ലാ അനുഭവങ്ങളെയും കർത്താവിന്റെ പാന പാത്രമായി കണ്ടുകൊണ്ട് സന്തോഷത്തോടെ അനേകർക്ക് കൈത്തങ്ങാകാൻ പ്രോത്സാഹനം ഏകിയതും ശോശാമ്മ ജോർജ്ജു തന്നെ. അടുരും, അങ്ങാടിക്കലും, കുന്നുതറയിലും, കൊടുമണ്ണിലും തുടങ്ങി മാറ്റനേക സ്ഥലങ്ങളിലും സുവിശേഷ പ്രവർത്തനങ്ങൾ നടത്തി സഭകൾ സ്ഥാപിതമാക്കുന്നതിനു ആത്മാർത്ഥത കാണിച്ചു. വയസ് 90 കഴിഞ്ഞിട്ടും സുവിശേഷ ഘോഷണത്തിൽ ഈ വയോധികൻ പിന്നോട്ടല്ല. ചുറുചുറുക്കോടെ സുവിശേഷ ധ്വനി ഉയർത്തുന്നു. സുവിശേഷ വേലാക്കാരെ സഹായിക്കുവാൻ, നിർധരരായ പെൺകുട്ടികൾക്ക് വിവാഹ സഹായം ചെയ്യുവാൻ, ഭവന നിർമ്മാണ സഹായം ചെയ്യുവാൻ മാത്രമല്ല ഒരു സഹായത്തിനു കയറി വരുന്ന ആരെയും ആനന്ദപ്പള്ളി ജോർജ്ജ് അപ്പച്ചൻ തന്റെ വീട്ടിൽ നിന്നും വെറും കൈയ്യോടെ ഇറക്കി വിട്ടിട്ടില്ല. ആ സത്കർമ്മത്തിന്റെ പാത സാമൂഹിക പ്രതിബദ്ധതയോടെ തന്റെ മക്കളായ റവ. ഡോ. രാജൻ ജോർജ്ജ്, ഡോ. എ.കെ.ജോർജ്ജ്, ജെയിംസ്. കെ. ജോർജ്ജ്, സജി മോൻ ജോർജ്ജ്, സിസിലി ഡാനിയേൽ, നാൻസി സാമുവേൽ എന്നിവർ അതുപോലെ തന്നെ ചെയ്തു വരുന്നു. പ്രശസ്ത സുവിശേഷ പ്രാസിംഗിക പരേതയായ മേരി കോവൂരിന്റെ മകൾ സാറ കോവൂർ (ഡോ. ജോർജ്ജ് കോവൂരിന്റെ സഹോദരി) ഡോ. എ.കെ. ജോർജിന്റെ (ജോർജപ്പച്ചന്റെ മൂന്നാമത്തെ മകൻ) സഹധർമ്മിണി ആണ്‌. മൂന്നു വർഷങ്ങൾക്കു മുമ്പ് മക്കളിൽ രണ്ടാമനായ ഇവാ. സൈമൺ ജോർജ്ജിന്റെ ദേഹവിയോഗം ദുഃഖത്തിനു കാരണം ആയെങ്കിലും അതിൽ തളരാതെ എല്ലാം ദൈവ ഇഷ്ടം എന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കയും ചെയ്തു താൻ ഉൾക്കരുത്ത് പ്രാപിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലകളിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഒട്ടനവധി സഭകൾക്ക് സ്ഥലം വാങ്ങി ദൈവാലയങ്ങൾ പണിയുവാൻ സന്മനസോടെ സഹായിച്ചിട്ടുണ്ട്.
പാസ്റ്റർ ജോർജ്ജ് ആനന്ദപ്പള്ളിയുടെ ആതുര സേവനങ്ങളെ മാനിച്ച് അസംബ്ലീസ് ഓഫ് ഗോഡ്അടൂർ സെക്ഷനും അസംബ്ലീസ് ഓഫ് ഗോഡ് ആനന്ദപ്പള്ളി സഭയും, രാജൻ ബാംഗ്ലാവും ചേർന്ന് ആഗസ്റ്റ് 10 നു അടൂർ കണ്ണംകോട് സെന്റ് തോമസ് പാരിഷ് ഹോളിൽ വെച്ചു നടന്ന സമ്മേളത്തിൽ അദ്ദേഹത്തെ ആദരിച്ചു. റവ. ഡോ. രാജൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ്, മുൻ സൂപ്രണ്ട് റവ. ടി.ജെ. സാമുവേൽ എന്നിവർ മുഖ്യ സന്ദേശം നൽകി. ജീവിത യാത്രയിലെ അനുഭവങ്ങളെ അയവിറക്കികൊണ്ടുള്ള “കതിർ” എന്ന ചരിത്ര പുസ്തകം റവ. ഡോ. പി.എസ്. ഫിലിപ്പ് , മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി ടി. വി. പൗലോസിന് പ്രഥമ കോപ്പി നൽകി കൊണ്ട് പ്രകാശനം ചെയ്തു. മലയാളം ഡിസ്ട്രിക്ട് ന്റെ സ്നേഹോപഹാരം ഡിസ്ട്രിക്ട് സൂപ്രണ്ടും, അടൂർ സെക്ഷന്റെ സ്നേഹോപകാരം സെക്ഷൻ പ്രീസ്‌ബിറ്റർ റവ. ജോസ്. ടി. ജോർജ്ജും പാസ്റ്റർ ജോർജ്ജ് ആനന്ദപ്പള്ളിക്ക് കൈമാറി ആശംസകൾ അറിയിച്ചു. മധ്യമേഖല ഡയറക്ടർ റവ. വി.ജെ. ജോസുകുട്ടി, പത്തനത്തിട്ട എം.പി. ആന്റോ ആന്റണി, എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു. പ്രസിബിറ്റർമാർ, ശുശ്രൂഷൻമാർ, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ പ്രമുഖൻമ്മാർ സമ്മേളനത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. സമ്മേളനത്തിൽ വിദ്യാഭ്യാസ സഹായ വിതരണം, എം.പി. ശ്രീ . ആന്റോ ആന്റണി, റവ. പി.എസ്. ഫിലിപ്പ്, റവ ടി.ജെ. സാമുവൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
സുവിശേഷ വേലയിലൂടെ സാമൂഹിക പ്രതിബദ്ധത എങ്ങനെ ചെയ്യാം എന്നുള്ളത് സമൂഹത്തിൽ മാതൃകാപരമായി പ്രവർത്തിച്ചു കാണിക്കുന്ന ജോർജപ്പച്ചൻ സമൂഹത്തിനും പെന്തകോസ്ത് സഭക്കും ഉത്തമ മാതൃക തന്നെ ആണ്. അപ്പച്ചൻ പറയുന്നു ഇനിയും ധാരാളം ചെയ്യുവാൻ ഉണ്ട് ആയുസ്സ് അസ്തമിക്കും മുൻപ് ഏൽപ്പിച്ചവന്റെ വേല വിശ്വസ്തതയോടെ ചെയ്തു തീർക്കാൻ ഇനിയും ബാക്കിയുണ്ട്. ഏത് നന്മയും ദൈവ നാമ മഹത്വത്തിനായി ചെയ്യുവാൻ തുറന്ന മനസുള്ള പാസ്റ്റർ ജോർജ്ജിന്റെ മാതൃസഭ ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ആണ്. ഏ.ജി. എന്നു മാത്രമല്ല ജാതി മത വ്യത്യാസമില്ലാതെ സഹായം അന്വേഷിച്ചു വരുന്ന ഏത് വ്യക്തിക്കും ഉദാരമായി സഹായത്തിൻ കൈ തുറക്കുന്ന മഹാമനസ്ക്കാൻ ആണ് ആനന്ദപ്പള്ളി ജോർജ്ജ് അപ്പച്ചൻ. ദേശത്തു പാർത്തു വിശ്വസ്തത കാണിക്കുന്ന വിശുദ്ധൻ. അപകീർത്തിക്കൊ, അപസ്വരത്തിനോ, ആശുദ്ധിക്കോ തന്നെ കളങ്കപ്പെടുത്തുവാനോ തകർക്കുവാനോ സാധിക്കാത്ത ഒരു ഭക്തൻ ആണ് പ്രിയ അപ്പച്ചൻ. കാലവും ആയുസും മുന്നോട്ടുപോകുമ്പോൾ തന്റെ തലമുറക്ക് കൈ മാറുന്ന ശുശ്രൂഷ പാഠവം വിശ്വസ്തതയോടെ അവർ വ്യാപാരം ചെയ്തു ലോകത്തിൽ മാതൃക ആകും എന്ന് ഈ പിതാവ് വിശ്വാസ കണ്ണാൽ കാണുന്നു, അതു ഓർത്തു താൻ സന്തോഷിക്കുന്നു. ഇനിയും ഓടട്ടെ ഈ പിതാമഹൻ ഒരു കുലപതിയായി… യോദ്ധാവായി… ധീരതയോടെ മുന്നോട്ട്…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.