ലേഖനം: സഭാ നൗകയുടെ അതുല്യത | ഷൈൻ ഷാജി, ഡെറാഡൂൺ

ഉന്നതനായ ദൈവത്തിന്റെ ഉന്നതമായ ചിന്താസാഗരത്തിൽ കാലപിറവിക്കു മുൻപേ ഗുപ്തമായിരുന്ന മാർമ്മിക സത്യമായിരുന്നു സഭ. അഖിലാണ്ഡ അധിപന്റെ മനസ്സിൽ ഒളിഞ്ഞു കിടന്ന പുണ്യ കൂടാരം. ആ മഹാസൗധം മനോഹര വർണ്ണകൾക്കതീതമാണ്. അനന്തതയിൽ ആധിപരാശക്തിയായ് വിരാജിച്ചവന്റെ ഉളിൽ അനാധി കാലങ്ങൾക്കു മുമ്പേ മറഞ്ഞു കിടക്കുന്ന തങ്കസൗധമാണ് ദൈവസഭ. പൗരാണിക കാലം മുതൽ നൂറ്റാണ്ടുകൾ പിന്നിട്ട മഹാസൗധങ്ങൾ പലതും കാലയവനികയിൽ മാറി മറഞ്ഞിട്ടും കാലത്തിന്റെ പ്രയാണത്തിൽ അവഗണനയുടെ പാത്രങ്ങളായി തീർന്ന അല്പമതികളായ മുക്കുവന്മാരാൽ പണിതുയർത്താൻ കനിവുതോന്നിയ കരുണാമയന്റെ കരുത്തുറ്റ കരത്തിൽ സൂക്ഷിക്കപെട്ട സഭ അനന്യമായി ജൈത്രയാത്ര തുടരുന്നു. എന്നാൽ സഭ നൗകയുടെ യാത്ര കൊടുംങ്കാറ്റുകൾ നിറഞ്ഞ (ദുരുപദേശത്തിന്റെ വിവിധ കാറ്റുകൾ ആഞ്ഞടിക്കുന്ന)സമുദ്രത്തിലൂടെയാണ്. സംഘർഷ ഭരിതമായ അന്തരീക്ഷത്തിലും അനാദിയും ശാശ്വതവാനുമായ സർവ്വേശ്വരന്റെ ജീവൻ വ്യാപരിക്കുന്ന ജീവദ്ഘടകമായ സഭ അന്ധകാര ശക്തികളുടെ കൊടുംങ്കാറ്റുകളെ അതിജീവിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്നു.സർവ്വത്തിനും മീതെ ദൈവമായി എന്നന്നേക്കും വാഴ്ത്തപ്പെട്ടവന്റെ ശബ്ദമായിരുന്നു, “ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല “എന്നത്. ചരിത്രാതീതയിൽ നിന്നും ചരിത്രത്തിലേക്ക് ഇറങ്ങിവന്ന ചരിത്രപരന്റെ ശബ്ദമായിരുന്നു അത്. ക്രിസ്തുവിന്റെ മാർമ്മിക ശരീരമാണ് ദൈവസഭ. ഈ മാർമ്മിക ശരീരത്തിലെ അവയവങ്ങൾക്കു വിഭജനവും, അനൈക്യതയും,പോരായ്മയും സംഭവിക്കുവാൻ സഭയുടെ നാഥൻ അനുവദിക്കുകയില്ല. പിതാവേ നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണം എന്ന് പ്രാർത്ഥിക്കാൻ പഠിപ്പിച്ചവൻ തന്റെ രക്തം കൊടുത്തു വിലക്കു വാങ്ങിയ സഭയിൽ വിഭജനവാദം അനുവദിക്കികയില്ല. അനന്തതയിൽ നിന്നും സാന്തതയിലേക്കു ഇറങ്ങിവന്ന സനാതനനായവന്റെ കളങ്കമില്ലാത്ത രക്തത്തിന്റെ ഫലമാണ് പരിശുദ്ധ സഭ. ആ സഭയുടെ അംഗമാകുവാൻ കൃപ ലഭിച്ചവരെ നിങ്ങൾ ഒരുനാളും ലജ്ജിക്കേണ്ടിവരില്ല. കാരണം നിങ്ങളുടെ പ്രിയൻ നിങ്ങൾക്കായി വാനിൽ വെളിപെടുവാൻ പോകുന്നു. ഇതിന്റെ ശേഷം സകല ജാതികളിലും, ഗോത്രങ്ങളിലും, വംശങ്ങളിലും,ഭാഷകളിലും നിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നത് ഞാൻ കണ്ടു. ഇവർ മഹാകഷ്ടത്തിൽ നിന്നു വന്നവർ ;കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളിപ്പിച്ചിരിക്കുന്നു. സിംഹാസനത്തിന്റെ മധ്യേ ഉള്ള കുഞ്ഞാട് അവരെ മേയിച്ചു ജീവജലത്തിന്റെ ഉറവകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചു കളയുകയും ചെയ്യും (വെളിപ്പാട് 7:9, 14, 17)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.