- Advertisement -

ലേഖനം: ക്രിസ്തുവിനെ വിൽക്കുന്ന യൂദമാർ | സുവി. ജിനു തങ്കച്ചൻ, കട്ടപ്പന

ശാപയോഗ്യൻ, വഞ്ചകൻ, ഒറ്റുകാരൻ ഈ വിശേഷണങ്ങൾ ക്രിസ്തുവിന്റെ ശിഷ്യഗണത്തിലെ യൂദാ നേടിയ വിരുതുകളാണ്. ആരും ഓർക്കാൻ ആഗ്രഹിക്കാത്ത ദുരന്തകഥയിലെ നായകനായി അദ്ദേഹം മാറി. ഗോത്രപിതാക്കന്മാരിലൊരുവനായ യഹൂദയുടെ നാമം പേറി അതിനു തീരാ കളങ്കം വരുത്തിയവൻ.

Download Our Android App | iOS App

ശിഷ്യവൃന്ദത്തിലെ ഏക യഹൂദ ദേശക്കാരനായിരുന്നു യൂദാ. റോമൻ സാമ്രാജ്യത്തിന്റെ കിരാത ഭരണത്തിൽ വീർപ്പുമുട്ടിയ യഹൂദ ജനതയുടെ വിമോചനം ലക്ഷ്യമാക്കിയ വിപ്ലവ പ്രസ്ഥാനങ്ങളിലും അദ്ദേഹം അംഗമായിരുന്നു. ക്രിസ്തുവിലൂടെയും ഈ ഐഹിക രാജ്യത്തിന്റെ യഥാസ്ഥാനമാണ് ശിഷ്യ സംഘവും ആഗ്രഹിച്ചത്. യേശുക്രിസ്തുവിന്റെ സുവിശേഷ സംഘത്തിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമായി യൂദാ മാറിയത് അവരുടെ സാമ്പത്തിക നിർവ്വാഹകൻ ആയിട്ടാണ്. ധനസമാഹരണവും ധനവിനിയോഗവും വളരെ ചിട്ടയോടുകൂടെ ചെയ്യാൻ അദ്ദേഹം സമർത്ഥനായിരുന്നു. പണസഞ്ചി ഏല്പിക്കപ്പെടുവാൻ തക്കതായ സുതാര്യത ജീവിതത്തിൽ അദ്ദേഹം നിലനിർത്തിയിരുന്നു എന്നനുമാനിക്കാം. സ്ത്രീ തൈലഭരണി ഉടച്ച് ക്രിസ്തുവിനെ അഭിഷേകം ചെയ്യുമ്പോൾ അനാവശ്യ ചിലവായി അതിനെ മനസ്സിലാക്കിയ സാമ്പത്തിക നിരൂപകൻ കൂടിയായിരുന്നു അദ്ദേഹം.
post watermark60x60
പക്ഷേ കുഞ്ഞുണ്ണി മാഷിന്റെ വരികൾ പോലെ,
” യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം ” എന്ന നിലപാടിലേക്കുള്ള കൂറുമാറ്റം വേഗത്തിൽ സംഭവിച്ചു. പണസഞ്ചി കൈയിലേന്തിയ ഈ ശിഷ്യന്റെ മനോഭാവവും വേഗത്തിൽ പണത്തോട് ഇഴുകിച്ചേർന്നു. അധികാരത്തിന്റെ മത്തു പിടിച്ചതിനു തത്തുല്യമായ അനുഭവം. യേശുവിന്റെ ശൂശ്രൂഷകൾക്കായി പണം വിനിയോഗിക്കുവാൻ നിയമിക്കപ്പെട്ടവൻ ശൂശ്രൂഷകളെയും ക്രിസ്തുവിനെയും പണസമ്പാദനത്തിലുള്ള മാർഗമാക്കിത്തീർത്തു. ഒടുവിൽ അവൻ ക്രിസ്തുവിനെ തന്നെ വിറ്റു. അടിമയുടെ വിലയായ മുപ്പതു വെള്ളിക്കാശിനു ക്രിസ്തുവിനെ വിറ്റു. ഇന്നത്തെ സഭയുടെ ഭൂരിപക്ഷ അധികാര വർഗ്ഗത്തിന്റെയും നിലപാടും ഇതു തന്നെയല്ലേ. പണസഞ്ചിയെ സ്നേഹിച്ച് ക്രിസ്തുവിനെ കൈവിട്ട് കളഞ്ഞ അഭിനവ യൂദമാർ.
കേരളത്തിലും വടക്കേ ഇന്ത്യയിലും ക്രൈസ്തവ പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിക്കുന്നത് മലയാളികളാണെന്ന് അഭിമാനകരമാണ്. പക്ഷേ തല കുനിക്കേണ്ട ചില യഥാർത്ഥ്യങ്ങളും എന്റെ അനുവാചകർ മനസ്സിലാക്കണം. ഭാരതത്തിലെ സുവിശേഷീകരണത്തിന്റെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സ് വിദേശ ഇന്ത്യക്കാരിൽ നിന്നുമാണ്(NRI). മലയാളികളടക്കമുള്ള വിദേശ ഇന്ത്യക്കാരുടെ അധ്വാനമാണത്. സുവിശേഷ വേലക്കു ലഭിക്കുന്ന ഈ പണം അർഹരിൽ എത്തിച്ചേരുമ്പോൾ ഓട്ടക്കാലണ ആയിത്തീരുന്നു. നേതൃത്വം നൽകുന്ന പണസഞ്ചി വാഹകർ അർഹരായ ആളുകളെ അധികാരത്തിന്റെ ചെങ്കോൽ കൊണ്ട് അടിച്ചമർത്തുകയാണ്. സുവിശേഷ വേല ചെയ്യുന്ന ഭൂരിഭാഗമായ പാവപ്പെട്ട സുവിശേഷകരെ നിലനിർത്താൻ ലഭ്യമാകുന്ന ധനം അധികാരമുള്ള യൂദമാർ വെടക്കാക്കി തനിക്കാക്കുകയാണ്. ഭൂമിയിലെ അവകാശത്തിന്റെ അതിരു വിസ്താരമാക്കുവാനും ഗോപുര നിർമ്മിതിക്കുമായി വക മാറ്റി പണം ചിലവഴിക്കുകയാണ്. ഇവരല്ലാതെ മറ്റാരാണ് അഭിനവ യൂദമാർ. വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും എഴുത്തുകാരന്റ അനുഭവ പശ്ചാത്തലത്തിൽ ശക്തമായ ഒരു ആരോപണം ഉന്നയിക്കാനുണ്ട്. പ്രസ്ഥാനങ്ങളുടെ അധികാര വാഹകരിൽ ഭൂരിഭാഗവും യൂദയുടെ പരിവേഷമാണ്. ലഭിച്ച പണം കൊണ്ട് സ്വന്തം ജീവിതം ഭദ്രമാക്കുവാൻ ബദ്ധപ്പെടുന്നവർ. വടക്കേ ഇന്ത്യയിലും സമാന സാഹചര്യമാണ്. അധികാരം കൈയ്യാളുന്നവർ വീടും വിരുന്നുമായി കഴിയുമ്പോൾ, ചൊരിയുന്ന മേൽക്കൂരകൾക്കു കീഴെ മക്കളുടെ വിശപ്പടക്കാൻ പാടുപെടുകയാണ് സുവിശേഷകർ.
മുൾമുടി ധരിച്ചവന്റെ പേരിൽ പൊൻമുടി ചൂടുന്ന ഇവർ ക്രിസ്തുവിന്റെ പിൻഗാമികളോ അതോ യൂദയുടെ പിൻഗാമികളോ? ക്രിസ്തുവിനെ വിൽക്കുന്ന യൂദമാരെ എന്നും സഭ ചുമക്കണമോ? രാജക്കന്മാരെ വാഴിക്കകയും ഇറക്കുകയും ചെയ്യുന്ന സർവ്വശക്തൻ ഇടപെടട്ടെ. ഈ അഭിനവ യൂദമാരോട് ആഹ്വാനമായി പറയാൻ ഒന്നുമില്ല. പക്ഷേ ഒരു മുന്നറിയിപ്പുണ്ട്. ദൈവ കോപത്തിന്റെ കയറിൽ തൂങ്ങിയാടുന്നതിനു മുൻപ് കൈകളെ വെടിപ്പാക്കികൊൾക.

-ADVERTISEMENT-

You might also like
Comments
Loading...