സംസ്ഥാനത്ത്‌ മൂന്നാം ദിനവും കനത്ത നാശം വിതച്ച് മഴ; തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 32 പേരാണ് മരിച്ചത്. 7 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിവിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുതുതുമലയിലും കവളപ്പാറയിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നില്‍ തിരച്ചില്‍ ഇന്നും തുടരും. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

താമരശ്ശേരി ചുരത്തില്‍ ഭാരവാഹന ഗതാഗതം നിരോധിച്ചു. രാത്രി 12 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല. കോഴിക്കോട് കണ്ണാടിക്കല്‍, തടമ്പാട്ട് താഴം, മാനാരി, തിരുവണ്ണൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങളിലും വെള്ളം കയറി. ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് തുറക്കും. സമീപത്തുള്ളവര്‍ രാവിലെ 7:30ന് മുമ്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദേശം. സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാംപുകളില്‍ 23,891 കുടുംബങ്ങളില്‍നിന്നായി 93,088 പേരാണ് കഴിയുന്നത്.

post watermark60x60

ആവശ്യമെങ്കില്‍ ഇനിയും ക്യാംപുകള്‍ തുറക്കാനുള്ള സജ്ജീകരണത്തിലാണ് അധികൃതര്‍. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂനിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം- 2, വയനാട്- 3, പത്തനംതിട്ട- 1, തൃശ്ശൂര്‍- 1, കോഴിക്കോട്- 1, ഇടുക്കി- 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ആര്‍മി യൂനിറ്റുകളെ വിന്യസിച്ചിരിക്കുകയാണ്.

തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് 15 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 14ന് മഴ കാണാത്തതോടെയാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്. ഇത്തവണയും അതെ തീയതി മുന്നറിയിപ്പ് വന്നതിനാല്‍ കേരളം വീണ്ടും പ്രളയഭീതിയിലാണ്.

13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടെ ആ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

15ന് വരാന്‍ പോകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാ വകുപ്പ് പറഞ്ഞിട്ടില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like