ലേഖനം:ഭക്തന്മാരുടെ ഉത്തമ ആഗ്രഹങ്ങൾ | ജോസ് പ്രകാശ്, കാട്ടാക്കട

ആഗ്രഹങ്ങളില്ലാത്തവർ ആരും അവനിയിൽ ഉണ്ടാകില്ല. പലവിധത്തിലുള്ള ആഗ്രഹങ്ങൾക്ക് അടിമകളാണ് മാനവർ. എന്നാൽ ദൈമക്കളെ സംബന്ധിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവത്തെയല്ലാതെ മറ്റൊന്നും അവർക്ക് ആഗ്രഹിക്കുവാനില്ല. ആത്മസ്വഭാവമുള്ളവരായി , ആത്മാവിനുള്ളതു ചിന്തിക്കുന്നവർക്കേ ദൈവവുമായി ആത്മബന്ധം പുലർത്തുവാൻ കഴിയുകയുള്ളൂ.

ഐഹിക ആഗ്രഹങ്ങളേക്കാൾ ദൈവീക സാന്നിദ്ധ്യത്തിന് നാം ജീവിതത്തിൽ പ്രഥമസ്ഥാനം നല്കേണം. നശിച്ചു പോകുന്നവയിൽ ആശ വെക്കാതെ നിലനിൽക്കുന്നവയെ ആഗ്രഹിച്ചു അതിനായി പ്രത്യാശയോടെ ജീവിച്ച ഭക്തന്മാരെ നാം മാതൃകയാക്കേണം.

ദൈവീക കൂട്ടായ്മ നിരസിച്ച കോരഹിനെയും കൂട്ടരെയും ഭൂമി വായ് തുറന്നു വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി, നശിച്ചുപോയി. എന്നാൽ കോരഹിന്റെ പുത്രന്മാർ ദൈവത്തെ ബഹുമാനിക്കുന്നതിൽ മുൻകൈയെടുത്തു. ദൈവസന്നിധിയിലേക്ക് പോകുവാനും, ദൈവസാന്നിധ്യം അനുഭവിപ്പാനും അവർക്ക് അടങ്ങാത്ത ദാഹം ഉണ്ടായിരുന്നു. നീർത്തോട് ലക്ഷ്യമാക്കി ഓടുന്ന മാനിനെപ്പോലെ അവർ ജീവനുള്ള ദൈവത്തോട് ചേർന്ന് വസിക്കുവാൻ വെമ്പലോടെ കാത്തിരുന്നു (സങ്കീർ 42:1,2).

ജീവനുള്ള ദൈവത്തിന്റെ സാമിപ്യത്തിനായ് ആത്മാർത്ഥമായി ആഗ്രഹിച്ച അവർ, തിരുനിവാസത്തിന്റെ മനോഹാരിത കണ്ടു. അങ്ങനെ അനുഭത്തിൽ നിന്നും ദൃഢനിശ്ചയത്തോടെ അവർ പറഞ്ഞു : ” ദൈവത്തിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമം ആകുന്നു; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരായിരിക്കുന്നതാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം (സങ്കീർ 84:10).

ദൈവ സന്നിധിയിൽ വസിക്കുന്ന, പ്രാർത്ഥിക്കുന്ന, ആരാധിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമാണെന്ന് സാരം.

മറ്റുള്ളവരുടെ കൂടാരങ്ങളിലും, ഭവനങ്ങളിലും ഇരുന്ന് വെറുതെ വ്യർത്ഥകാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതിനെക്കാൾ സ്വർഗ്ഗീയ കാര്യങ്ങളിൽ വ്യാപൃതരാകുവാനും, ദൈവാലയം വിട്ടു പിരിയാതിരിക്കുവാനും ആയിരുന്നു അവരുടെ ആഗ്രഹം.

നമുക്ക് ഇത്തരത്തിലുള്ള ദൈവം പ്രസാദിക്കുന്ന ആഗ്രഹങ്ങൾ ജീവിതത്തിൽ ഉണ്ടോയെന്ന് സ്വയം ശോധന ചെയ്യാം. പ്രിയരേ, നമ്മുടെ ജീവിതത്തിൽ വേറെ ആയിരം ദിവസങ്ങൾ നാം ചെയ്യുന്ന കാര്യങ്ങളെക്കാളും ദൈവപാദപീഠത്തിൽ ചിലവിടുന്ന ഒരു ദിവസത്തിനായിരിക്കട്ടെ പ്രാധാന്യത. നമ്മുടെ ആഗ്രഹങ്ങൾ ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹത്തോട് യോജിക്കുന്നതാണെങ്കിൽ നിച്ഛയമായും നമുക്ക് ദൈവപ്രസാദം ലഭിക്കുക തന്നെ ചെയ്യും.

നമ്മുടെ ജീവിതത്തിലും ആത്മീക കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുവാൻ കഴിയേണം. എപ്പോൾ എനിക്ക് ദൈവത്തെ ആരാധിക്കുവാൻ കഴിയും, ഒന്നു ശാന്തമായി ദൈവസന്നിധിയിൽ മുട്ടുമടക്കി പ്രാർത്ഥിക്കുവാനും, ഏകാഗ്രതയോടെ വചനം ധ്യാനിക്കുവാനും കഴിയും എന്നുള്ള അടങ്ങാത്ത വാഞ്ഛ അനുദിനം ഉണ്ടായിരിക്കട്ടെ.

ഭക്തനായ ദാവീദിന്റെ ആഗ്രഹം ദൈവത്തിന്റെ മനോഹരത്വം കാണ്മാനും ദൈവമന്ദിരത്തിൽ ധ്യാനിപ്പാനും തന്റെ ആയുഷ്കാലമൊക്കെയും ദൈവാലയത്തിൽ പാർക്കുവാനുമായിരുന്നു. മറ്റുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അധികമായി ദൈവമുഖത്തെ താൻ അന്വേഷിച്ചു. നമുക്കും ഇപ്രകാരം ഉറച്ച തീരുമാനത്തോടെ ദൈവം നൽകുന്ന നന്മകളെക്കാളുപരി എല്ലാ നല്ല ദാനങ്ങളുടെയും ദാതാവായ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതിനായി ആഗ്രഹിക്കാം (സങ്കീർ 27:4).

ഇടയനായ ദൈവത്തിന്റെ ഇഷ്ടം നിർവ്വഹിച്ച് ഇണങ്ങിയ ഒരു ആടായി ദൈവാലയത്തിൽ ദീർഘകാലം വസിക്കുമെന്നതും തന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു (സങ്കീർ 23).

യെഹൂദാ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയുടെ പ്രതിസന്ധിയിലും അതിരാവിലെ തിരുസന്നിധിയിൽ മുട്ടുമടക്കുവാനും, ദൈവമുഖം അന്വേഷിക്കുവാനും താൻ സമയം കണ്ടെത്തിയിരുന്നു. ഉള്ളത്തിന്റെ ദാഹം വെള്ളത്തിനായിരുന്നില്ല; ജീവനുള്ള ദൈവത്തോടായിരുന്നു. മരുഭൂമിയെ മലർവാടി ആക്കുന്ന മന്നവന്റെ ബലവും മഹത്വവും കാണേണ്ടതിന്നു താൻ നോക്കിയത് തിരു മുഖത്തേക്കായിരുന്നു (സങ്കീർ – 63).

ഇത്ര നല്ലവനാം ദൈവത്തെ ഇദ്ധരയിൽ രുചിച്ചറിവാൻ ഇടയായതിനാൽ ഒടുവിൽ വരെയും ആ പ്രാണപ്രിയനായ യേശുവിനെ മാത്രം ആഗ്രഹിക്കാം , ആരാധിക്കാം, അനുഗമിക്കാം. അതിനായി തന്റെ ഭക്തന്മാരുടെ ഉത്തമ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന നല്ല ദൈവം നമ്മുടെ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ നമുക്കേവർക്കും നല്കുമാറാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.