ചെറുകഥ:ഒരു അവധി ദിനം | റ്റോബി തോമസ്, ഇടുക്കി

റൂമിൽ ഒപ്പം താമസിക്കുന്ന കശ്‍മീരി ഡ്രൈവർ ഫൈസൽ വാതിൽ തുറന്നു അകത്തേക്ക് വരുന്ന ശബ്ദം കേട്ടുകൊണ്ടാണ് രാവിലെ ഞെട്ടി ഉണർന്നത്. തലേന്ന് രാത്രി കോമൺ വർഷിപ് ആയിരുന്നതിനാൽ ഏറെ വൈകിയാണ് കിടന്നത്. ചുമരിൽ നിലയ്ക്കാതെ ചലിക്കുന്ന ഘടികാരത്തിന്റെ ഭാഗത്തേക്ക് അലക്ഷ്യമായി കണ്ണുകൾ ഓടിച്ചു. സമയം പത്തുമണിയോട് അടുത്തിരിക്കുന്നു..! യു.എ.ഇ യിൽ പൊതു അവധി ആയിരുന്നതിനാൽ ഒപ്പം താമസിക്കുന്ന രവിയേട്ടനും,മലപ്പുറംകാരൻ നസീറിക്കയും നല്ല ഉറക്കത്തിൽ തന്നെ ആണ്.
ദയിറാ സ്ട്രീറ്റിന്റെ കാഴ്ചയിലേക്ക് തുറക്കുന്ന ബാൽക്കണിയിലേക്കു കടന്നു നിൽക്കുമ്പോൾ ഉഷ്ണക്കാറ്റ് നന്നായി വീശി അടിക്കുന്നുണ്ടായിരുന്നു. തലേന്ന് തിമിർത്തു പെയ്ത മഴയുടെ നേർത്ത കണം പോലും ശേഷിപ്പിക്കാതെ പ്രഭാത സൂര്യൻ അവയെ കവർന്നിരുന്നു. നാട്ടിലിപ്പോൾ കാലവർഷം തിമിർത്തു പെയ്യുന്നുണ്ടാകാം..പുതുമഴയിൽ കുതിർന്ന മണ്ണിന്റെ ഗന്ധം കലർന്ന മഴയോർമ്മകൾക്കു മൂന്നു പതിറ്റാണ്ടോടടുക്കുന്ന പ്രവാസത്തിന്റെ ജരാനരകൾ ബാധിച്ചു തുടങ്ങിയിരിക്കുന്നു.. ഇന്നിപ്പോൾ വല്ലപ്പോഴും എത്തുന്ന വിരുന്നുകാരനായി മഴ..
പാടത്തും,പുഴയിലും ചൂണ്ടയിട്ടും,നീന്തിത്തിമിർത്തും നടന്നിരുന്ന കൗമാരക്കാരനെ ഈന്തപ്പനകൾ കായ്ക്കുന്ന നാടിനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ചർച്ചിൽ ലീവിനെത്തിയ ഷാർജാക്കാരൻ മാത്തുകുട്ടിച്ചായന്റെ അത്തർ പൂശിയ മണവും, ചോക്ലേറ്റിന്റെ രുചിയും ആയിരുന്നു..
എല്ലാം പെട്ടന്നായിരുന്നു,,ഗൾഫിൽ നിന്നും മാത്യുച്ചായൻ അയച്ച വിസയുമായി കടൽ കടക്കുമ്പോൾ അറബിനാട്ടിൽ നിന്നും പെട്ടെന്ന് സമ്പാദിച്ചു നാട്ടിൽ തിരികെയെത്താമെന്ന മോഹമായിരുന്നു മനസുനിറയെ. അറബിപ്പൊന്ന് തേടിയുള്ള ആ യാത്രക്കു മുൻപായി ഒരു ജീവിതം മുഴുവൻ ജീവിച്ചു തീർത്താലും മതിവരാത്ത ഓർമ്മകൾ മനസ്സിന്റെ കോണിൽ താഴിട്ടു പൂട്ടി സൂക്ഷിച്ചിരുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും,നൈർമ്മല്യവും നിറം ചാർത്തിയ ഓർമ്മകൾ..
പ്രവാസത്തിന്റെ കുതിപ്പും കിതപ്പും അറിഞ്ഞുള്ള യാത്രയിൽ പ്രത്യാശാകിരണമായി പെന്തക്കോസ്തു സത്യങ്ങൾ ഉള്ളിൽ വഹിച്ച ഒരുകൂട്ടം ആത്മീയ സഹോദരങ്ങൾ തനിക്കു കൂട്ടായി ഉണ്ടായിരുന്നു. ഈന്തപനന്തോപ്പിലും ,ലേബർ ക്യാമ്പിലുമായി മരുഭൂമിയിലെ ഏകാന്തതയുടെ നൊമ്പരങ്ങൾ മറന്ന് ഒന്നിച്ചു കൂടിയ ചെറിയ കൂട്ടായ്മകളിൽ നിന്നും, ശീതികരിച്ച ആരാധനയാലങ്ങളിലേക്കുള്ള യു.എ.ഇ യിലെ പെന്തക്കോസ്തു മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാനും പോയകാലമിടയായി..പിന്തിരിഞ്ഞു നോക്കുമ്പോൾ ഉറ്റവരെ പിരിഞ്ഞുള്ള വേർപാടിന്റെയും,ഒറ്റപെടലിന്റെയും ദൈന്യതയിൽ നിന്നും,ക്രിസ്തുവിന്റെ ആഴമേറിയ സ്നേഹത്തിന്റെ തീരത്തേക്ക് അനേകരെ കൈപിടിച്ചു ആനയിക്കാൻ കഴിഞ്ഞതാകാം തന്റെ മറ്റു സമ്പാദ്യങ്ങളെക്കാളും വലുത്..എങ്കിലും ഇടക്കെപ്പോഴോ തന്റെ മനസ്സും മടുക്കുന്നുണ്ടോ..? ഭാര്യയും,കുട്ടികളും ഒപ്പം തന്റെ സ്വപ്നം ആയിരുന്ന മനോഹര ഭവനവും മറ്റെല്ലാ സന്തോഷങ്ങളും നൽകിയ ദൈവത്തോട് ഉള്ളിൽ നന്ദിവാക്കുകൾക്കുപരിയായി പരാതികളും പരിഭവങ്ങളും നിറയാറില്ലേ?..
ഓരോ ചിന്തകളിൽ മുഴുകി നിൽക്കുമ്പോളാണ് പിന്നിൽ നിന്നും ഫൈസലിന്റെ വിളി എത്തുന്നത്. ”ഭായി.. ആപ്കാ മൊബൈൽ മേ ബാലൻസ് ഹേ ക്യാ..? മേ തുരന്ത് അപ്നാ ഘർ കൊ കാൾ കർനാ ചാഹ്താ ഹും ”..തലേന്ന് രാത്രി നാട്ടിലേക്കു വിളിച്ചതിനാൽ ഫോണിൽ ബാലൻസ് കുറവായിരിക്കുമെന്നു എനിക്കറിയാമായിരുന്നു. ”മേരെ പാസ് ബാലൻസ് കം ഹേ..ഇസലിയെ ജെൽദി രൂകനാ ചാഹിയെ..” ദൈന്യത നിറഞ്ഞ അവന്റെ മുഖത്തേക്ക് നോക്കി ഇല്ല എന്ന് പറയാൻ തന്റെ മനസ് അനുവദിച്ചില്ല..
അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം കശ്മീരിലും, ശ്രീനഗറിലും ഫോൺ സേവനങ്ങൾ സർക്കാർ നിർത്തിവച്ചതായി രവിയേട്ടൻ പറഞ്ഞു അറിഞ്ഞിരുന്നു..തിടുക്കത്തിൽ നമ്പറുകൾ മാറി മാറി കുത്തുന്ന അവന്റെ മുഖത്തുനിന്നും ഫോൺ കണക്ട് ചെയ്യാൻ കഴിയാത്ത നിരാശ കലർന്ന രോഷം വായിച്ചെടുക്കാമായിരുന്നു. കശ്മീരിലെ ബകർവാൽ ഗോത്രത്തിൽ പെടുന്നതാണ് തൻെറ കുടുംബം എന്ന് തന്നോടൊരിക്കൽ അവൻ പറഞ്ഞിരുന്നു. നാടോടി ജീവിതം നയിക്കുന്ന ആട്ടിടയർ. താഴ്‌വരയിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലേക്കും അവിടെനിന്നു തിരിച്ചും മഞ്ഞു കാലത്തിനനുസരിച്ചു പാലായനം ചെയ്തു ജീവിക്കുന്ന സാധുമനുഷ്യർ .സൈനിക ട്രക്കിന്റെ മുരൾച്ചയും,നിലയ്ക്കാതെയുള്ള വെടിയൊച്ചകളുടെ ശബ്ദവും നിറഞ്ഞ അരക്ഷിതാവസ്ഥക്കു നടുവിൽ വളർന്ന ജീവിതങ്ങളിൽ പലരും കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന വിഘടനവാദികളുടെ വാക്കുകളിൽ വീണ് സൈന്യത്തിനു നേരെയുള്ള കലാപത്തിൽ പങ്കാളികളായി. തനിക്കു കിട്ടുന്ന ചെറിയ സമ്പാദ്യത്തിൽ നിന്നും ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെയായിരുന്നു കഴിഞ്ഞ വാരം നാട്ടിൽനിന്നും ആ ഫാക്സ് എത്തുന്നത്. പെല്ലറ്റു ഗൺ തറച്ചു ഉപ്പയുടെ കാഴ്ച പകുതി നഷ്ടപ്പെട്ടിരിക്കുന്നു. റൂമിൽ തങ്ങളോടിത് പറയുമ്പോൾ തനിക്കവനോട് ദേഷ്യം തോന്നിയിരുന്നു. ചെറുപ്പം മുതൽ വീരനായകരായി മനസ്സിൽ താലോലിച്ചിരുന്ന സൈനികർക്കു നേരെ കല്ലുകളും ഗ്രെനേഡുകളും എറിയുന്ന കശ്‍മീരികളോട് തനിക്കപ്പോൾ മനസിൽ വെറുപ്പായിരുന്നു. “മരണത്തിനുശേഷം ലഭിക്കുന്ന, ജിഹാദികൾ പഠിപ്പിക്കുന്ന സ്വർഗം അവർ സ്വപ്നം കാണുന്നത് നരകതുല്യമായ അവിടുത്തെ ജീവിതം കാരണമാകാം..! ’’ രവിയേട്ടന്റെ വാക്കുകൾക്ക് മുമ്പിൽ തങ്ങൾക്കു അപ്പോൾ ഉത്തരം ഉണ്ടായിരുന്നില്ല.. കഴിഞ്ഞ നാളുകളിൽ താൻ പരിചയിച്ചും അടുത്തറിഞ്ഞതുമായ ജീവിതങ്ങളിൽ നിന്നും ഫൈസലിന്റെ കഥ തനിക്കു പുത്തൻ അനുഭവം ആയിരുന്നു. അവയ്ക്കുമുമ്പിൽ തന്റെ പരാതിയും പരിഭവങ്ങളും ഒന്നുമല്ലാതായി തീരുന്നു.. ” ചിന്ത മത്കരോ ഫൈസൽ..മേരാ ഈശ്വർ തുമഹാരീ സഹായത കരേഗ..” ബാൽക്കെണിയിൽ ശൂന്യതയിലേക്കു നോക്കി നിസ്സഹായതയോടെ നിൽക്കുന്ന ഫൈസലിനെ തന്നോടണക്കുമ്പോൾ അവന്റെ വിടർന്ന കണ്ണുകളിൽ ഈറൻ അണിയുന്നത് തനിക്കു കാണാമായിരുന്നു..
പുറത്തു ഷെയ്ക് സയ്യിദ് റോഡിൽ വാഹനങ്ങളുടെ തിരക്കേറിവരുന്നു. അവധി ദിവസം ആയിരുന്നതിനാൽ സ്ട്രീറ്റിന്റെ ഇരുപുറവും പാകിസ്ഥാൻ പഠാൻമാരുടെയും, ബംഗാളികളുടെയും വലിയ കൂട്ടങ്ങൾ കാണാം. വേനൽ കാലത്തിന്റെ വരവറിയിച്ചു സൂര്യൻ മാനത്തു കത്തിജ്വലിച്ചു നിന്നു..വീശിയടിച്ചു കൊണ്ടിരുന്ന പൊടിക്കാറ്റിന്റെ ഉപ്പുരസം ഇടക്കെപ്പോഴോ നാവിൽ പറ്റിപിടിച്ചു..ഫൈസലിനെ പോലുള്ള അനേകരായ പ്രവാസികളുടെ കണ്ണീരും,വിയർപ്പും ഖരീഭവിച്ച ഉപ്പുരസം..

-ADVERTISEMENT-

-ADVERTISEMENT-

You might also like