ഖത്തറിന്റെ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി

ദോഹ : ഖത്തറിന്റെ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി. ഗതാഗത രംഗത്തെ ലോകത്തെ ഏറ്റവും നൂതനമായ ഈ സംവിധാനം ആദ്യം അവതരിപ്പിക്കുന്നത് ഖത്തറിലാണെന്നതും ശ്രദ്ധേയമാണ്. ഖത്തറിന്‍റെ ഗതാഗത രംഗത്ത് വന്‍ കുതിപ്പാകുന്ന അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി. ഖത്തര്‍ പ്രധാനമന്ത്രിയുടേയും ഗതാഗത മന്ത്രിയുടെയും സാനിധ്യത്തിലായിരുന്നു പരീക്ഷണയോട്ടം. ആര്‍ട്ട് എന്ന ചുരുക്കപ്പേരുള്ള ‘ഓട്ടോമാറ്റിക് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം’ അഥവാ അതിവേഗ ഓട്ടോമാറ്റിക് ഇലക്ട്രിക് ബസ് സര്‍വീസാണ് ഇന്ന് പരീക്ഷണയോട്ടം നടത്തിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ സാനിധ്യത്തിലാണ് ദോഹ അല്‍ഖോര്‍ അതിവേഗ പാതയിലൂടെ ബസ് പരീക്ഷണയോട്ടം ന‍ടത്തിയത്. ഗതാഗത മന്ത്രി ശൈഖ് ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും ബസിലുണ്ടായിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ള പരിസ്ഥിതി സൌഹൃദ യാത്രാ സംവിധാനമാണ് ആര്‍ട്ട്. ഒറ്റ നോട്ടത്തില്‍ മെട്രോ ട്രെയിന്‍ പോലെ തോന്നിക്കുന്ന ഈ നീളന്‍ ബസ്സിന്‍റെ പ്രവര്‍ത്തനമെല്ലാം മെട്രോ ട്രാം പോലെയാണ്. ഇലക്ട്രിക് ചാര്‍ജ്ജ് വഴിയാണ് പ്രവര്‍ത്തനമെന്നതിനാല്‍ വായു മലിനീകരണവുമുണ്ടാകില്ല. രണ്ട് വശങ്ങളിലും സ്ഥാപിച്ച ഡ്രൈവിങ് സൌകര്യമാണ് മറ്റൊരു പ്രത്യേകത. സാധാരണ ബസിന്‍റെ വീതിയുള്ള ഈ വാഹനത്തിന്‍റെ നീളം പക്ഷെ 32 മീറ്ററാണ്. 307 യാത്രക്കാരെ ഒറ്റ ട്രിപ്പില്‍ വഹിക്കാനുള്ള ശേഷി ആര്‍ട്ടിനുണ്ട്. മണിക്കൂറില്‍ എഴുപത് കിലോമീറ്ററാണ് വേഗത. പത്ത് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ വരെ ബസ്സിന് ഓടാനാകും. മെട്രോ റെയില്‍ ഇല്ലാത്ത നഗരഭാഗങ്ങളിലൂടെയാണ് ആര്‍ട്ട് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ദോഹ അല്‍ഖോര്‍ റൂട്ടില്‍ മാത്രമായിരിക്കും ആര്‍ട്ട് യാത്ര നടത്തുക. ഗതാഗത രംഗത്തെ ലോകത്തെ ഏറ്റവും നൂതനമായ ഈ സംവിധാനം ആദ്യം അവതരിപ്പിക്കുന്നത് ഖത്തറിലാണെന്നതും ശ്രദ്ധേയമാണ്. ലോകകപ്പ് ഫുട്ബോളിനെത്തുന്ന കായിക പ്രേമികള്‍ക്ക് പുതുമയാര്‍ന്ന യാത്രാനുഭവമായിരിക്കും ആര്‍ട്ട് നല്‍കുകയെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്‍റെ ഭാഗമായാണ് ഈ വാഹന സംവിധാനം സാധ്യമാക്കുന്നത്. എല്ലാ തരം നിരീക്ഷണങ്ങള്‍ക്കും ശേഷം ഉടന്‍ തന്നെ ആര്‍ട്ട് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like