ലേഖനം:ഈ വാർത്ത ശരിയാണോ? | ധന്യ ഡാനിയേൽ

നവ മാധ്യമങ്ങളുടെ വരവോടുകൂടെ നാം പൊതുവെ കേൾക്കുന്ന ഒരു ചോദ്യമാണിത്! കാരണം ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ പതിയുന്ന വാർത്തകളിൽ എത്ര മാത്രം സത്യമുണ്ടെന്നുള്ള സംശയമാണതിന് കാരണം. മറ്റു മാധ്യമങ്ങളുടെയെല്ലാം അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് ആർക്കും എന്തും എപ്പോൾ വേണമെങ്കിലും വിളിച്ചു പറയാമെന്ന ഒരു ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ‘വിരൽ തുമ്പിലെ ലോകം’. തത്ഫലമായി
നിരവധി കുടുംബങ്ങൾ തകരുന്നു! കുട്ടികൾ അനാഥമാകുന്നു! വ്യത്യസ്ത നിലകളിലുള്ള ചതിക്കുഴികളിൽ അകപ്പെടുകയാണ് നിരപരാധികളായ ചില പെൺകുട്ടികളും!

മറ്റുള്ളവരെ ചൂഷണം ചെയ്യാനുള്ള വ്യഗ്രത ആധുനിക യുഗത്തിൽ വർദ്ധിച്ചിരിക്കുന്നു. ആത്മീയ ലോകവും അതിന്റെ കൈപ്പിടിയിൽ അമർന്നിരിക്കുകയാണ്!പിന്മാറ്റത്തിലേക്ക് പോകുന്ന ഒരുവന്റെ ജീവിതകഥ കൊട്ടിഘോഷിക്കുന്നത് തങ്ങളുടെ കുത്തകവകാശമായി കരുതിയിരിക്കുകയാണത്രേ നമ്മുടെ ചില ഡിജിറ്റൽ പത്രങ്ങൾ! വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും തീവ്രത പറയുന്ന നമുക്കതിന് എങ്ങനെയാണ് കഴിയുന്നത്?

ക്രിസ്തീയ പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയായിലൂടെയും നാം പ്രചരിപ്പിക്കുന്ന വാർത്തകൾ ഇതര മതസ്ഥർക്കു മുൻപിൽ എത്തുമ്പോൾ അവർക്കു അത് ആഘോഷത്തിനുള്ള കാരണമാകുകയാണ്! ഇത്തരം കഥകൾ വാട്ട്‌സ്ആപ്പിൽ ലഭിക്കുമ്പോൾ നാം അത് ഒന്നുമറിയാതെ വിവിധ ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്യുന്നു! നമ്മിലൂടെ എത്രയോ ആയിരങ്ങളാണ് ഈ വിവരം അറിയുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ചില സന്ദർഭങ്ങളിൽ, മനപ്പൂർവം അവഹേളിക്കുവാൻ ഫോർവേഡ് ചെയ്തതല്ല എന്നു വരുത്തിത്തീർക്കേണ്ടതിനു വേണ്ടി ചിലപ്പോൾ ഒരു ചോദ്യം കൂടെ നാം പോസ്റ്റ് ചെയ്തെന്നിരിക്കും:

“ഈ വാർത്ത ശരിയാണോ?”.

ഞാൻ ചോദിക്കട്ടെ, ഈ ചോദ്യം ഇങ്ങനെ പരസ്യമാക്കാതെ വ്യക്തിപരമായി ഏറ്റവും അടുത്ത ബന്ധം ഉള്ള ആരോടെങ്കിലും ഒന്നുചോദിച്ച്, വിഷയത്തെക്കുറിച്ചു അറിയുന്നതല്ലേ ഒരു ദൈവപൈതലിനു യോജിച്ചത്? അതല്ലേ അതിന്റെ മര്യാദ? നാം ഇങ്ങനെ പ്രചരിപ്പിക്കുന്ന കഥകൾ നിമിത്തം ഒരു കുടുംബം മുഴുവൻ ആയിരിക്കും ചിലപ്പോൾ തകർന്നു തരിപ്പണമാകുന്നത്!

ചിലഘട്ടങ്ങളിൽ വീഴ്ചകൾ ആർക്കു വേണമെങ്കിലും സംഭവിക്കാം! മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കാതെ, അവരുടെ മടങ്ങി വരവിനായി നമുക്ക് പ്രാർത്ഥിക്കുന്നവർ ആകാം. ഈ വാചകം നമ്മോടു തന്നെ ഇന്ന് സംസാരിക്കട്ടെ –

“ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” (1 കൊരി. 10:12) !

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.