ലേഖനം:കീറിയ വേദപുസ്തകമോ അതോ ജീവനുള്ള വചനമോ? | ഗ്ലോറി സാം

ചില ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണല്ലോ മുഖം തുടക്കുവാനായി ബൈബിൾ താളുകൾ ഉപയോഗിക്കുന്നു എന്നത്.പിന്നീട് ആ സംഭവത്തിന്റെ യാഥാർത്ഥ്യം പുറത്തു വരികയും അതു മനപ്പൂർവമായി നടന്ന ഒന്നല്ല എന്നുള്ള വാർത്തകളും നമ്മൾ കണ്ടു. എന്നാൽ കീറിയ ബൈബിളിന്റെ ചിത്രത്തോടൊപ്പം വരുന്ന എഴുത്തുകൾ കണ്ടാൽ കേരളത്തിൽ ആദ്യമായാണ് വേദപുസ്തകം നശിപ്പിക്കപ്പെടുന്നത് എന്ന് തോന്നിപ്പോകും. ചില നാളുകൾക്ക് മുമ്പ് സുവിശേഷകരെ തടഞ്ഞുനിർത്തി സുവിശേഷ പ്രതികൾ കീറിക്കളഞ്ഞ വാർത്തകളും ഇതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ വേദപുസ്തകം നശിപ്പിക്കപ്പെട്ട അനവധി സംഭവങ്ങൾ നമുക്ക് കാണുവാൻ കഴിയും. നമ്മുടെ ഈ ചെറിയ കേരളത്തിൽ പോലും വേദപുസ്തകങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എത്രയോ സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ വളരെ പ്രസിദ്ധമായ ഒന്നാണ് പൊയ്കയിൽ യോഹന്നാൻ അഥവാ കുമാര ഗുരുദേവൻ വേദപുസ്തകം കത്തിച്ച സംഭവം. ഈ സംഭവത്തെ കെ. വി. സൈമൺ തന്റെ പുസ്തകത്തിൽ സാധൂകരിച്ച് പരാമർശിക്കുന്നുമുണ്ട്. ക്രൈസ്തവ ചരിത്രകാരന്മാരുടെയും അക്കാദമിക് ചരിത്രകാരന്മാരുടെയും ഇടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്നും തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പിആർഡിഎസ് വിശ്വാസികൾ പൊയ്കയിൽ യോഹന്നാൻ വേദപുസ്തകം കത്തിച്ചു എന്ന സംഭവത്തെ വിശ്വസിച്ചു വരികയും തങ്ങളുടെ ഇടയിൽ പഠിപ്പിച്ചു വരികയും ചെയ്യുന്നു. മുകളിൽ പറഞ്ഞതുപോലെ വേദപുസ്തകം നശിപ്പിക്കുക എന്നത് കേരളത്തിൽ ഒരു അപൂർവ സംഭവമല്ല.

വേദപുസ്തകത്തെ ഒരു മതഗ്രന്ഥമായി പരിഗണിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളിൽ ഇങ്ങനെ വികാരപരമായി സമീപിക്കുവാൻ തോന്നുന്നത്. മനുഷ്യരിൽ പരിവർത്തനം വരുത്തുന്നത് കേവലം പ്രിൻറ് ചെയ്യപ്പെട്ട പുസ്തകമല്ല, മനുഷ്യ ഹൃദയത്തിൽ പരിശുദ്ധാത്മാവിനാൽ എഴുതപ്പെടുന്ന ജീവനുള്ള വചനത്തിനാണ് മനുഷ്യമനസ്സുകളെ മാറ്റത്തിന് വിധേയമാക്കുവാൻ കഴിയുന്നത്. ബൈബിൾ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വികാര പരവേശരായി പോകുന്നവർ ഓർക്കുക, എത്രയോ പഴയ ബൈബിളുകൾ ഫാക്ടറികളിൽ റീസൈക്കിലിനു വിധേയമായി പുതിയ പേപ്പറുകൾ ആയി മാറ്റപ്പെട്ടിട്ടുണ്ടാകും. കത്തോലിക്കാ സഭാ വിശ്വാസികൾ ബൈബിളിനെ സമീപിക്കുന്ന രീതിയിലല്ല നമ്മൾ വേദപുസ്തകത്തെ കാണുന്നത്. കത്തോലിക്കാ സഭ പുസ്തകരൂപത്തിലുള്ള ദൈവവചനത്തെ വിശുദ്ധമായി കാണുകയും അത്തരത്തിൽ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അച്ചടിച്ച വേദപുസ്തകം എത്ര നശിപ്പിക്കപ്പെട്ടാലും ദൈവത്തിന്റെ വചനത്തിനോ അതിന്റെ ശക്തിക്കോ മാറ്റം വരികയില്ല. അതുകൊണ്ടുതന്നെ ബൈബിൾ കീറുന്നവർ ഇനിയും കീറട്ടെ.. നശിപ്പിക്കുന്നവർ ഇനിയും നശിപ്പിക്കട്ടെ.. പക്ഷേ ജീവനുള്ള വചനം ഇനിയും ഹൃദയങ്ങളെ രൂപാന്തരം വരുത്തുകയും, വചനം രോഗികൾക്ക് സൗഖ്യം നൽകുകയും ചെയ്യും.

ഈ ലേഖനത്തിന് ആധാരമായ സംഭവത്തെ പ്രതിപാദിച്ചിട്ടുള്ള വാർത്തകളിൽ എല്ലാം ഒരേ സ്വരത്തിൽ കണ്ട കാര്യം ലേഖകയെ ചിരിപ്പിച്ചു. കാരണം ഈ പ്രവർത്തി ചെയ്ത ആൾ രക്ഷിക്കപ്പെടും.. വേദപുസ്തകം വഹിച്ചു കൊണ്ട് നടക്കും.. എന്നിങ്ങനെയായിരുന്നു. എന്നാൽ ഓർക്കുക, വേദപുസ്തകം കീറിയതിന്റെ പേരിൽ ആരും ഇവിടെ രക്ഷിക്കപ്പെട്ടിട്ടില്ല.. ആരും ഇവിടെ ക്രിസ്ത്യാനി ആയിട്ടുമില്ല..അങ്ങനെ ആയിരുന്നു എങ്കിൽ പി. ആർ. ഡി. എസ്. ഇന്ന് ഒരു ക്രിസ്തീയ സഭ ആകുമായിരുന്നു. ഒരു മതത്തിന്റെ അനുയായികൾക്ക് തങ്ങളുടെ മതഗ്രന്ഥം നശിപ്പിക്കപ്പെട്ടാൽ പ്രതിഷേധം ഉണ്ടാകും. എന്നാൽ വേദപുസ്തകം ഒരു മതഗ്രന്ഥമല്ല. ജീവനുള്ള വചനം കേവലം അച്ചടിക്കപ്പെട്ട പുസ്തകവുമല്ല.
വൽകഷ്ണം : മലയാളി അച്ചടിക്കപ്പെട്ട വേദപുസ്തകത്തെ സമീപിച്ചിരുന്ന വിധം അറിയണമെങ്കിൽ എസ് ജോസഫിന്റെ മൈ സിസ്റ്റേഴ്സ് ബൈബിൾ എന്ന കവിത വായിച്ചാൽ മതിയാകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.