അബ്രഹാം ലിങ്കന്റെ ബൈബിള്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശിപ്പിക്കുന്നു

വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍ നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശിപ്പിക്കുന്നു. 5 ബൈബിളുകള്‍ സ്വന്തമായുണ്ടായിരുന്ന ലിങ്കന് അദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷം 1864-ലാണ് ആറാമത്തെ ബൈബിള്‍ സമ്മാനമായി ലഭിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഫിലാഡെല്‍ഫിയായില്‍ സൈനികരെ ശുശ്രൂഷിക്കുന്ന ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ലിങ്കന് സമ്മാനിച്ചതാണ്‌ ഈ ബൈബിള്‍.

“അമേരിക്കന്‍ പ്രസിഡന്‍റിന് ദി ലേഡീസ് ഓഫ് ദി സിറ്റിസന്‍സ് വോളണ്ടീര്‍ ഹോസ്പിറ്റല്‍ ഫിലാഡല്‍ഫിയ സമ്മാനിക്കുന്നത്” എന്നാണ് ഈ ബൈബിളിന്റെ പുറം ചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. വിശ്വാസം, പ്രതീക്ഷ, കാരുണ്യം എന്നീ വാക്കുകളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ എക്കാലത്തേയും മഹാനായ പ്രസിഡന്റിന്റെ ശക്തമായ ദൈവവിശ്വാസം വെളിപ്പെടുത്തുന്നതാണ് പുതിയ ബൈബിളിന്റെ കണ്ടെത്തലെന്ന് ലിങ്കന്‍ മ്യൂസിയത്തിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ പറഞ്ഞു.

ലിങ്കന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വിധവയായ ഭാര്യ മേരി ടോഡ്‌ ലിങ്കന്‍, ഈ ബൈബിള്‍ തന്റെ കുടുംബസുഹൃത്തും, അയല്‍ക്കാരനും ബാപ്റ്റിസ്റ്റ് മിനിസ്റ്ററുമായ റവ. നോയെസ് മൈനറിന് സമ്മാനമായി നല്‍കുകയാണുണ്ടായത്. ഇതുവരെ ഈ ബൈബിള്‍ രഹസ്യമായി സൂക്ഷിച്ച മൈനര്‍ കുടുംബം ഈ അടുത്തകാലത്താണ് ഇത് എബ്രഹാം ലിങ്കന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി മ്യൂസിയത്തിനു സമ്മാനമായി നല്‍കുവാന്‍ തീരുമാനിച്ചത്. ദൈവപുത്രന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ള ജെറുസലേം സന്ദര്‍ശിക്കുവാന്‍ ലിങ്കന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രഥമ വനിത തന്നോട് പറഞ്ഞിട്ടുള്ളതായി മൈനര്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്.

post watermark60x60

എബ്രഹാം ലിങ്കന്റെ ദൈവവിശ്വാസത്തെപ്പറ്റി പല വാദങ്ങളും നിലവിലുണ്ടായിരുന്നു. യുവത്വത്തില്‍ അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നെന്നും, സുവിശേഷങ്ങളിലെ സത്യത്തെ ലിങ്കന്‍ ചോദ്യം ചെയ്യുക പോലുമുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ 1862-ന് ശേഷം തന്റെ മകന്റെ മരണം ഉള്‍പ്പെടെയുള്ള ചില ദൗര്‍ഭാഗ്യ സംഭവങ്ങളെ തുടര്‍ന്നാണ് ലിങ്കന്‍ ദൈവവിശ്വാസിയായി മാറുന്നത്. “എനിക്ക് മറ്റെങ്ങും പോകുവാനില്ല എന്ന ബോധ്യം എന്നെ ദൈവത്തിന്റെ മുന്നില്‍ മുട്ടിന്മേല്‍ എത്തിച്ചിരിക്കുന്നു” എന്നാണ് ഇതേക്കുറിച്ച് ലിങ്കന്‍ തന്റെ സുഹൃത്തിന് എഴുതിയത്. തന്റെ പ്രസംഗങ്ങളില്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുന്നതു ലിങ്കന്‍റെ പതിവായിരിന്നു. ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും മഹത്തായ സമ്മാനമാണ് ബൈബിളെന്നും ലിങ്കന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ട്രംപ്, സത്യപ്രതിജ്ഞക്കായി ലിങ്കന്‍ ഉപയോഗിച്ചിരുന്ന ബൈബിള്‍ ഉപയോഗിച്ചിരിന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like