ലേഖനം:മാധ്യമങ്ങളുടെ ഒറ്റമൂലി സുവിശേഷ വേലക്കു തടസ്സമല്ല | ഷാജി ആലുവിള

ചന്ദ്രൻ ഉദിച്ച ദിക്കിനെ നോക്കി ചെന്നായ ഓരിയിട്ടു. ഒന്നല്ല പല ചെന്നായി കൂട്ടമായി പിന്നീടു ഓരിയിടീൽ തുടങ്ങി. ഇതൊന്നും കേൾക്കാതെ ചന്ദ്രൻ, ഇരുട്ടിനെ- വെളിച്ചം കൊണ്ട് പുളകം കൊള്ളിച്ചു ആകാശവിതാനത്തിൽ ഉയർന്നുകൊണ്ടേ ഇരുന്നു. ഇരുട്ട് എത്ര കനമായാലും കാർമേഘം എത്ര മറ പിടിച്ചാലും ചന്ദ്രനും സൂര്യനും അതതിന്റെ പ്രവർത്തി പഥം അലംകൃതമാക്കുന്നു. ആർക്കും അതിനെ തടയുവാൻ പറ്റുന്നില്ല താനും. ഇതുപോലെ ആണ് സുവിശേഷ പ്രവർത്തനം എന്ന്‌ ചില മത സംഘടനകളും അതിന്റെ തണലിൽ നിൽക്കുന്ന ചില ഓൺ ലൈൻ മാധ്യമങ്ങളും മനസിലാക്കണം.
രണ്ടാമതും ഇതേ സർക്കാർ കേന്ദ്ര ഭരണത്തിൽ വന്നതോടുകൂടി ക്രിസ്തീയ സഭകളെയും പ്രവർത്തനങ്ങളേയും ആക്ഷേപസ്വരത്തിൽ അടച്ചാക്ഷേപിക്കുന്നത് സർവ്വ സാധാരണമായിരിക്കുകയാണ് ചില ഒൺ ലൈൻ മാധ്യമങ്ങൾ അതിനു മുൻപന്തിയിൽ നിൽക്കുന്ന ഒരു ഓൺ ലൈൻ മാധ്യമം ആണ് മറുനാടൻ ടി.വി. എന്തിന് ഏറെ പറയണം, ശവത്തോട് പോലും നീതി പുലർത്തണ്ട ശവ സംസ്ക്കാരം നടത്തുവാൻ തടസ്സപ്പെടുത്തി ഭീഷണി അല്ലെ ഇപ്പോൾ പല സ്ഥലങ്ങളിലും ക്രിസ്ത്യാനികൾക്കെതിരെ ഉയർത്തുന്നത്. അതു വളരെ നീചവും ബാലിശവും അത്രേ. വിദേശ പണം കുറഞ്ഞതുകൊണ്ട് പാസ്റ്റർമാർ വേറെ പണി തേടി പോകുന്നു എന്ന് ചില ഓൺ ലൈൻ ചാനലുകാർ ടെലികാസ്റ് ചെയ്തു. ഈ പെത്തക്കോസ്തു കാരോട് മാത്രം എന്താ ഇത്ര അമർഷം നിങ്ങൾക്ക്? നിങ്ങൾ കൊടുക്കുന്ന വാർത്തകൾ കൊണ്ട് നിന്നുപോകുന്നതല്ല ഈ സുവിശേഷ പ്രവർത്തനം. ക്രൈസ്തവ സമൂഹം ലോകം മുഴുവൻ വളർന്നത് അടിച്ചമർത്തലുകൾ നേരിട്ടനുഭവിച്ചു കൊണ്ട് തന്നെയാണ്. ഒരു സമൂഹവും ഇത്രയും പീഡനം അനുഭവിച്ചിട്ടില്ല, അനേക രക്തസാക്ഷികൾക്കു ജന്മം കൊടുത്ത ഒരു മത പ്രസ്ഥാനവും ലോകത്തിൽ വേറെ ഇല്ല. തിരിച്ചു പ്രതികരിക്കാത്ത ഒരു പ്രസ്ഥാനം ഉണ്ടങ്കിൽ അതു ക്രൈസ്താവ സഭ മാത്രമേയുള്ളൂ. ഒന്നു കൂടി പറഞ്ഞാൽ സഹനത്തിന്റെ മാർഗം ആണ് ഇത്. അതു തന്നെയാണ് ഇതിന്റെ വളർച്ചയുടെ രഹസ്യവും. മുന്തിയ കാറും വീടും ശമ്പളവും പാസറ്റർമാർക്ക് മാത്രമല്ല എന്നു മാധ്യമങ്ങൾ മനസിലാക്കണം. എല്ലാ മത പുരോഹിതന്മാരും അവരവരുടെ നിലയും സ്ഥാനവും കഴിവും അനുസരിച്ച് ജീവിത ശൈലി സുഗമം ആക്കാറുണ്ട് എന്നും നിങ്ങൾ മനസിലാക്കണം. യൂറോപ്പൃൻ രാജ്യങ്ങളിൽ നിന്നും മറ്റ്‌ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും പെന്തകോസ്ത് കാർക്ക് വരുന്നതിനെക്കാൾ വിദേശ വരുമാനും മറ്റു മത സംഘടനകൾക്കും ആശ്രമങ്ങൾക്കും വരുന്നില്ലേ? ഇവിടെ ഇന്ത്യൻ പ്രസിഡണ്ടുമുതൽ എല്ലാ മന്ത്രി മാർ ,എം.പി. മാർ , സംസ്ഥാന മന്ത്രിമാർ, എം.എൽ. എ മാർ, എന്നിവരുടെ ശമ്പളം ഒന്നു പരിശോധിച്ചു നോക്കു. അതു മാത്രമോ വിദേശ യാത്രകൾ ഉൾപ്പെടെയുള്ള യാത്രകൾക്ക് യാത്രാ ബദ്ധ എത്ര കോടികൾ ആണ് അവർക്കുവേണ്ടി ചെലവിടുന്നത്. അങ്ങനെയുള്ള ധൂർത്തുകൾ നിങ്ങൾ കാണുന്നില്ലേ? അത് നമ്മുടെ നാടിന്റെ നന്മയ്ക്കാണന്നു നിങ്ങൾ പറഞ്ഞേക്കാം. പാസ്റ്റർമാർ പലരും വളരെ ത്യാഗത്തോടെ കഷ്ടം സഹിച്ചാണ് സുവിശേഷ പ്രവർത്തനം നടത്തുന്നത്. വിദേശ വരുമാനം നിന്നാൽ സുവിശേഷ പ്രവർത്തനം നിൽക്കുമെന്ന് ആരും ചിന്തിക്കേണ്ട. യേശുവിലേക്ക് വന്ന യഥാർത്ത വിശ്വാസി ഒരിക്കലും പിന്മാറിപോകില്ല. ജോലി ചെയ്തുകൊണ്ട് സുവിശേഷ വേല ചെയ്യുന്നതും നല്ല മാർഗ്ഗം തന്നെ ആണ്. പട്ടിണിയും പ്രയാസവുമുള്ള കാലത്തും സന്മനസോടെ സുവിശേഷീകരണം നടത്തിയ അനേക പാസ്റ്റർമാരുടെ സംഭാവനകൾ അത്രേ ഇന്നത്തെ വളർച്ചക്കും ഒരു വിധത്തിൽ കാരണമായത്.
നിലവിലുണ്ടായിരുന്ന വ്യവസ്ഥിതികളിൽ നിന്നും വ്യത്യസ്തമായ ഒരു സാമൂഹിക വീക്ഷണം ആയിരുന്നു ക്രൈസ്തവ സഭയുടേത്. ജാതി, വർഗീയ ചിന്തകളും, സ്വാർതഥതാത്പര്യങ്ങളും, അധികാര മോഹവും, സമ്പത്തിന്റെ പ്രതാപവും, അക്രമം ഉപയോഗിച്ച് സമ്പത്തും അധികാരവും കൈക്കലാക്കലും, ചൂഷണവും, അടിമത്വവും നിലനിന്ന കാലഘട്ടത്തിൽ വ്യത്യസ്തമായ ഒരു സാമൂഹിക വീക്ഷണം ക്രൈസ്തവ സഭ യാഥാർത്ഥൃമാക്കി. ജീവിത മൂല്യങ്ങളെക്കുറിച്ചു ബോധമുള്ള, മൂല്യങ്ങളിൽ അധിഷ്ഠിതമായ, സമൂഹത്തിന്റെ നന്മയും, സാമൂഹിക നീതിയും ആഗ്രഹിക്കുന്ന , വ്യക്തിത്വത്തെ ആദരിക്കയും, മനുഷ്യർക്ക്‌ തമ്മിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന സ്നേഹസാമ്പ്രാജ്യം ആണ് ക്രൈസ്തവ സഭ.
അവർക്ക് സ്വകാര്യ സമ്പത്തുണ്ടായിരുന്നില്ല. ഉള്ളത് മറ്റുള്ളവരുമായി പങ്കുവെക്കുന്ന മനോഭാവം. ത്യാഗത്തിലധിഷ്ഠതമായിരിക്കുന്ന സ്നേഹം മറ്റുള്ളവർക്കുവേണ്ടി കരുതുകയും മറ്റുള്ളവരുടെ നൻമ ആഗ്രഹിക്കുകയും ആരുടെയും നീതി നിഷേധിക്കാതിരിക്കയും ചെയ്യുന്ന സുവിശേഷമാണ് യേശുക്രിസ്തുവിന്റേത്. അതായിരുന്നു ഈ സമൂഹത്തിന്റെ സാമ്പത്തിക തത്വശാസ്ത്രം. സമത്വം യാഥാർഥമാക്കി നീതിയും സാഹോദര്യവും നില നിൽക്കുന്ന സ്നേഹ സമൂഹമാണ് ആദിമ സഭ. ഇത് ഏത് പ്രത്യാ ശാസ്ത്രത്തിനു സങ്കല്പിക്കുവാൻ കഴിയും. ഭൗതീക സമൃദ്ധി ദൈവാനുഗ്രഹത്തിന് തെളിവായി പരിഗണിച്ചിരുന്ന ഒരു സമൂഹത്തിൽ ആണ്, സ്വയവർജനത്തിന്റെ മാർഗ്ഗത്തിലൂടെ സമർദ്ധി മറ്റുള്ളവർക്കും പങ്കു വെച്ച് സാധുക്കൾക്കൊപ്പം ചേർന്ന് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാനും ക്രൈസ്തവ സഭ തയ്യാറായത്, ഒപ്പം സുവിശേഷ പ്രവർത്തകരായ പാസ്റ്റർമാരും. അത് ആളിനെ കൂട്ടി പെന്തകോസ്ത് വളർത്താൻ അല്ലായിരുന്നു. പെന്തകോസ്ത് വളർന്നതും വളരുന്നതും പണവും പൊടിയും കൊടുത്തല്ല. ദൈവത്തിന്റെ സഭയെ വളർത്തുന്നത് പരിശുദ്ധാത്മാവ് ആണ്. പലരും നേട്ടങ്ങൾ പലതും വലിച്ചെറിഞ്ഞിട്ടാണ് ക്രൂശിന്റെ സാക്ഷികൾ ആയതെന്നു സുഹൃത്തുക്കളെ നിങ്ങൾ അറിയണം. പാസ്റ്റർമാർ പലരും ശമ്പളം നോക്കാതെ ആണ് ഈ പ്രവർത്തനം നടത്തുന്നത്. ശമ്പളം വാങ്ങാൻ ആയിരുന്നു എങ്കിൽ ഉന്നത ബിരുദ ധാരികളായ പാസ്റ്റർ മാർ ആ ശമ്പളം വേണ്ടന്നു വെച്ചാണ് ഈ ഞെരുക്കത്തിന്റെ മാർഗം തെരഞ്ഞെടുത്തത്. വിദേശത്തു നിന്നും വന്നിട്ടുള്ള ഫണ്ടുകൾ വകമാറ്റി ചിലവാക്കി എങ്കിൽ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കും. അത് അന്യായവും അനീതിയും ആണ്. അങ്ങനെ ആരെങ്കിലും ചെയ്താൽ പാസ്റ്റർമാരെല്ലാം തെറ്റുകാരണന്നു മുൻ വിധി നടത്തുന്നതും ശരി അല്ല.
ക്രൈസ്തവ സഭ ക്രിസ്തുവിൽനിന്നും പകർത്തിയ ശുശ്രൂഷാ ശൈലി സുവിശേഷ വേലയുടെ സാമൂഹിക പ്രതിബദ്ധതയായി ഏറ്റെടുത്തതുകൊണ്ടാണ് മറ്റുള്ള നിർദ്ധനരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. ആരു തടഞ്ഞാലും സുവിശേഷ പ്രവർത്തനം ഇനിയും നടക്കും, പാപികൾ മാനസാന്തരപ്പെടും, സമാധാനത്തിന്റെ സുവിശേഷ സന്ദേശം ഇനിയും വിളംബരം ചെയ്യും, ആരുടെയും ദുഷ്പ്രചാരണം യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന നല്ലവാർത്തക്ക് തടസം അല്ല. ഇനിയും പ്രചരിക്കപ്പെടും ലോകം ഉള്ള കാലത്തോളം ഈ സത്യ സുവിശേഷം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.