ലേഖനം:നശ്വരമായ ലോകത്തിലെ അർഥവത്തായ ജീവിതം | ബിൻസൺ കെ ബാബു, കൊട്ടാരക്കര

ഇന്നത്തെ ലോകത്തിൽ വാർത്താമാധ്യമങ്ങളിൽ കൂടെയും അല്ലാതെയും എത്രയോ സംഭവവികാസങ്ങൾ നാം ഓരോ ദിവസവും കേട്ടുകൊണ്ടിരുന്നു. ഒരു മനുഷ്യഹൃദയത്തിൽ ചിന്തിക്കാൻ പറ്റാത്തരീതിലുള്ള ആകസ്മിക മരണങ്ങൾ, അപകടങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ നടന്നുകൊണ്ടിരിക്കുന്നു. എത്രയോ ചെറുപ്പക്കാർ അവരുടെ ആഗ്രഹങ്ങൾ ബാക്കിവച്ചു പൊലിഞ്ഞുപോകുന്നു.മനുഷ്യജീവിത്തിന്റെ ആയുസ്സ് ദൈവത്തിന്റെ കൈകളിൽ തന്നെയാണ്. നമ്മുടെ ആയുസ്സും, ആരോഗ്യവും ദൈവത്തിന്റെ പക്കൽ സുരക്ഷിതമാണ്. നാം ഈ ലോകത്തിൽ ഓരോ ദിവസവും, ഓരോ സെക്കന്റും ജീവിക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ ഒന്നു മാത്രം. ദൈവം അനുവദിക്കാതെ ഒരടിപോലും മുന്നോട്ടുപോകാൻ പറ്റില്ല. പലപ്പോഴും നാം മാനുഷിക രീതിയിൽ ചിന്തിക്കാറുണ്ട് എന്റെ പണം കൊണ്ടാണ്, ആരോഗ്യം കൊണ്ടാണ് അല്ലെങ്കിൽ വലിയ സ്വാധീനങ്ങൾ കൊണ്ടാണ് ജീവിക്കുന്നത് എന്ന്. ഒരിക്കലുമല്ല മറിച്ചു നാം നിൽക്കുന്നത് ദൈവകൃപ ഒന്നു മാത്രം.

പൗലോസ് അപ്പോസ്തലൻ 1കൊരിന്ത്യർ 15:10 ൽ പറയുന്നു “എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു”ദൈവകൃപ ഒന്നുമാത്രം ആണ് നമ്മെ നിർത്തുന്നതും നയിക്കുന്നതും. അഹങ്കാരത്തോടെ ഈ ലോകത്തിൽ ജീവിക്കാനല്ല ദൈവത്തിന്റെ വചനം പറയുന്നത് താഴ്മയോടും, വിശ്വസ്തതയോടും കൂടെ ഈ ലോകജീവിതം നയിക്കുവാനാണ് ദൈവം നമ്മെ ഓർപ്പിക്കുന്നതു. തീത്തോസ് 2:13 ൽ പറയുന്നു ദൈവഭക്തിയോടെ ജീവിക്കുക എന്ന്. നാം ഈ ലോകത്തിൽ ദൈവപൈതൽ ആയിരിക്കുമ്പോൾ മൂന്നു പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം

1.നന്ദിയുള്ളവരായിരിക്കണം

2.പ്രാർത്ഥനാജീവിതം ഉള്ളവരായിരിക്കണം

3.വിശുദ്ധിയുള്ളവരായിരിക്കുക

1.നന്ദിയുള്ളവരായിരിക്കണം.1തെസ്സലോനിക്യ 5:18 ൽ പറയുന്നു എല്ലാറ്റിനും സ്തോത്രം ചെയ്യ്വീൻ ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവഹിതം. നാം എപ്പോഴും നന്ദിയുള്ളവരായിരിക്കണം എന്ന് ദൈവത്തിന്റെ ഹിതം ആണ്. സ്തുതിക്കുന്നത് നേരുള്ളവർക്കു ഉചിതമെന്നു സങ്കീർത്തനങ്ങൾ 32:11ൽ പറയുന്നു. ഒരു ദൈവപൈതലിന് അത്യാവശ്യം വേണ്ടുന്നതാണ് നന്ദി പറയുക എന്നത്. നമ്മുടെ ജീവിതത്തിൽ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. ഓരോ സെക്കൻഡും നാം ശ്വാസം അകത്തോട്ടും പുറത്തോട്ടും എടുക്കുന്നുവെങ്കിൽ അത് ദൈവം അനുവദിച്ചിട്ടു മാത്രമാണ്. ദൈവീക നന്മകൾ തക്കസമയത്തു തരുന്നതും, പോറ്റിപുലർത്തുന്നതും ദൈവീക അത്ഭുതമാണ്. ഇതിനെല്ലാം നാം ദൈവത്തോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ദൈവസ്നേഹം പുറത്തുവരുമ്പോൾ അത് പാട്ടുകളായും, സാക്ഷ്യങ്ങളായും ദൈവത്തിന് നന്ദിപറയാറുണ്ട്.പ്രിയ കർത്താവിന്റെ ദാസൻ സി. ജെ. മനുവേൽ എഴുതിയ ഏറ്റവും അധികം ദൈവമക്കൾ പാടി ആരാധിക്കുന്ന “ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതുപോര, നാളിതുപോര ആയുസ്സും ഇതുപോര “എന്ന പാട്ട് ആദ്യം കേൾക്കുന്നത് ചെങ്കൽച്ചൂള ചർച്ചിലെ ദൈവമക്കൾ പാടുമ്പോൾ അവരുടെ ഹൃദയത്തിൽ നിന്ന് നന്ദി നിറഞ്ഞു പാടുമ്പോൾ അറിയാതെ ആരാധിച്ചുപോകും.. നമ്മുടെ ദൈവത്തോടുള്ള ആരാധനയും, നന്ദി പറച്ചിലും ഹൃദയത്തിൽ നിന്നാവട്ടെ. അതാണ് ദൈവം ആഗ്രഹിക്കുന്നത്..

2.പ്രാർത്ഥനാജീവിതം ഉള്ളവരായിരിക്കണം. സങ്കീർത്തനങ്ങൾ 55:17 ൽ പറയുന്നു, ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചക്കും സങ്കടം ബോധിപ്പിച്ചു കരയും :അവൻ എന്റെ പ്രാർത്ഥന കേൾക്കും. മൂന്നു നേരം പ്രാർത്ഥിക്കുന്ന പ്രാർത്ഥനാജീവിതം. എബ്രായർ 11:16 ൽ പറയുന്നു, അതുകൊണ്ട് കരുണ ലഭിക്കാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക. എന്ത് പ്രശ്നങ്ങൾ വന്നാലും ആര് എതിരെ വന്നാലും ആദ്യം എത്തേണ്ടത് ദൈവസന്നിധിയിൽ അത്രേ. പ്രാത്ഥന ആണ് ഏറ്റവും വലിയത്. ക്രിസ്തീയ ജീവിതത്തിൽ ഒരു ഭക്തനെ നിൽക്കുമാറാക്കുന്നതു പ്രാർത്ഥന അനുഭവം ആണ്. പ്രാർത്ഥനക്കു വേണ്ടി നാം സമയങ്ങൾ വേർതിരിക്കണം. നമ്മുടെ ജീവിതത്തിൽ ദൈവം എല്ലാം തരുമ്പോൾ നാം ദൈവത്തിനുവേണ്ടി എത്ര സമയം കൊടുക്കുന്നു? ഇന്ന് എല്ലാവരും തിരക്കാണ്. ശുശ്രൂഷയുടെ തിരക്കുകൾ, സ്റ്റേജുകൾ മാറി മാറി പ്രസംഗിക്കാനുള്ള ഓട്ടം, കസേരകളിൽ സ്ഥാനം പിടിക്കാൻ വെപ്രാളം പിടിക്കുന്നതിനുള്ള തിരക്കുകൾ, ജോലി തിരക്കുകൾ… ഈ താൽക്കാലിക കാര്യത്തിനുവേണ്ടി ഓടുമ്പോൾ പ്രാർത്ഥന, ദൈവസന്നിധി യിൽ ഇരിക്കാനുള്ള സമയം കിട്ടുന്നില്ല. ഓർക്കുക യേശുവിന്റെ ജീവിതം എത്ര തിരക്കുകൾ ആയാലും ഒറ്റക്കിരുന്നു മലമുകളിൽ മണിക്കൂറുകൾ പ്രാർത്ഥനക്കുവേണ്ടി സമയം വേർതിരിച്ചു. ജനക്കൂട്ടം കണ്ടു തൃപ്തി അടഞ്ഞില്ല, വിടുതൽ കൂടുതലായി നടന്നപ്പോൾ, ശ്രുശൂഷകൾ കൂടി വന്നപ്പോൾ അത് മാത്രം ലക്ഷ്യം വച്ചില്ല,പ്രശസ്തിയുടെ പിറകെപോയില്ല, പ്രാർത്ഥനക്കുവേണ്ടി സമയം വേർതിരിച്ചു. അവിടെയാണ് യേശുവിന്റെ ജീവിതം നമ്മുക്ക് മാതൃക ആകുന്നത്. ഒരു ദൈവപൈതൽ ദൈവത്തോട് എപ്പോഴും ബന്ധം പുലർത്തികൊണ്ടിരിക്കും. ഏതു തിരക്കിലും ദൈവമുഖം അന്വഷിക്കും. അതാണ് യഥാർത്ഥ ആത്മീകന്റെ സ്വഭാവം.

3.വിശുദ്ധിയുള്ളവരായിരിക്കുക.മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ (എഫെസ്യർ 4:22-24).ഒരു ദൈവപൈതലിനു അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജീവിതവിശുദ്ധി. ഒരു ദൈവപൈതലിന്റെ പ്രത്യാകത എന്നു പറയുന്നത് വിശുദ്ധി നിറഞ്ഞ ജീവിതം ആണ് .ദൈവാനുരൂപമായി മെനഞ്ഞ മനുഷ്യനെ ഈ ഭൂമിയിൽ ആക്കിയിരിക്കുന്നത് വിശുദ്ധിയോടെ ജീവിക്കാനാണ്. ഒരു ദൈവപൈതലിന്റെ ഏറ്റവും വലിയ പ്രത്യാശ നിത്യതയിൽ യേശുവിനോടുകൂടെ കാണുക എന്നതാണ്. ഈ ലോകത്തിൽ ഒരു ദൈവഭക്തൻ സകല പാപങ്ങളെയും വിട്ടൊഴിഞ്ഞു വിശുദ്ധിയോടും വേർപാടോടും ജീവിച്ചു മുന്നോട്ടുപോകുന്നത് മരണത്തിനപ്പുറം ക്രിസ്തുവിനോടുകൂടെ വാഴാനാണ്. ഈ ലോകസുഖങ്ങളെക്കാൾ,ലൗകീകനന്മകളേക്കാൾ ഏറ്റവും ശ്രെഷ്ഠമാണ് യേശുവിന്റെ കൂടെയുള്ള ജീവിതം. നമ്മുക്ക് നമ്മുടെ മരണം എപ്പോഴാണെന്ന് അറിയില്ല അതല്ല കർത്താവിന്റെ വരവ് എപ്പോഴാണെന്നും അറിയില്ല. ഏതു നിമിഷവും സംഭവിക്കാം. എന്നാൽ നമ്മുടെ ക്രിസ്തീയജീവിതത്തിൽ നമ്മുക്ക് വേണ്ടത് പ്രാർത്ഥനയും, വിശുദ്ധിയും ആണ്. സ്വർഗീയനാടിനെ കാണുവാനുള്ള ആഗ്രഹം ഓരോദിവസവും നമ്മിൽ വർദ്ധിക്കുകയും യേശുവിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്യാം.സ്വർഗീയസന്തോഷം ഒരു ദൈവഭക്തന്റെ ജീവിതം.

പ്രിയ സ്നേഹിതരെ, ഈ ലോക ജീവിതം താൽക്കാലികമാണ്. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നന്ദിയുള്ളവരായിരിക്കണം ദൈവത്തോടും മനുഷ്യരോടും. ദൈവസന്നിധിയിൽ ഏപ്പോഴും പ്രാർത്ഥിക്കുന്നവരായിരിക്കണം. വിശുദ്ധിയോടുള്ള ജീവിതം നയിക്കുന്നവരായിരിക്കണം. ദൈവീകഉദ്ധേശ്യം നിറവേറ്റുന്നവരായി നമ്മുക്ക് തീരാം അതിനുവേണ്ടി ജീവിതത്തെ സമർപ്പിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.